[1] നിങ്ങൾ ദൈവത്തിന്റെ പ്രിയമക്കൾ ആയിരിക്കുന്നതുകൊണ്ട് ദൈവത്തെ എല്ലാ കാര്യങ്ങളിലും അനുകരിക്കുക:
[2] സ്നേഹം നിറഞ്ഞവരായി ജീവിക്കുക. ക്രിസ്തു നമ്മോടുള്ള സ്നേഹംനിമിത്തം നമുക്കുവേണ്ടി സൗരഭ്യമായ അർപ്പണവും യാഗവുമായി സ്വയം ദൈവത്തിന് സമർപ്പിച്ചതാണ് നമ്മുടെ മാതൃക.
[3] നിങ്ങളുടെമധ്യേ ലൈംഗിക അധാർമികത, ഒരുതരത്തിലുമുള്ള അശുദ്ധി, ദുരാഗ്രഹം ഇവയുടെ പേരുപോലും കേൾക്കാൻ ഇടയാകരുത്; കാരണം ഇവ ദൈവത്തിന്റെ വിശുദ്ധജനത്തിന് ഭൂഷണമല്ല.
[4] അശ്ലീലം, നിരർഥക സംഭാഷണം, അശ്ലീലഫലിതം ഇങ്ങനെ അയോഗ്യമായവയൊന്നും പാടുള്ളതല്ല; പകരം സ്തോത്രശബ്ദമാണ് ഉയരേണ്ടത്.
[5] ദുർവൃത്തർ, അശുദ്ധർ, ദുരാഗ്രഹികൾ—ഇങ്ങനെയുള്ളവർ വിഗ്രഹാരാധകർ—ഇവർക്ക് ആർക്കും ക്രിസ്തുവിന്റെയും ദൈവത്തിന്റെയും രാജ്യത്തിൽ യാതൊരു അവകാശവുമില്ല എന്നു നിങ്ങൾക്കറിയാമല്ലോ.
[6] അർഥശൂന്യമായ വാക്കുകളാൽ ആരും നിങ്ങളെ വഞ്ചിക്കരുത്. ഇവയാലാണ് അനുസരണഹീനർ ദൈവക്രോധത്തിനു പാത്രമായിത്തീരുന്നത്.
[7] അതുകൊണ്ട് നിങ്ങൾ അവരുടെ സഹകാരികളാകരുത്.
[8] മുമ്പ് നിങ്ങൾ അന്ധകാരമായിരുന്നു; ഇപ്പോഴോ കർത്താവിൽ പ്രകാശമാകുന്നു; അതുകൊണ്ട് പ്രകാശത്തിന്റെ മക്കളായി ജീവിക്കുക.
[9] പ്രകാശത്തിന്റെ പരിണതഫലം സർവനന്മയും നീതിയും സത്യവുമാണ്.
[10] അതുകൊണ്ട് കർത്താവിനു പ്രസാദകരമായത് എന്തെന്ന് അന്വേഷിച്ചുകൊണ്ട് പ്രകാശത്തിന്റെ മക്കളായി നടക്കുക.
[11] അന്ധകാരത്തിന്റെ പ്രവൃത്തികൾ ഫലശൂന്യമാണ്, അവയോട് യാതൊരു സഹകരണവും പാടില്ലെന്നുമാത്രമല്ല, അവയെ വെളിച്ചത്ത് കൊണ്ടുവരികയുമാണ് ചെയ്യേണ്ടത്.
[12] പറയാൻപോലും ലജ്ജാവഹമായവയാണ് അനുസരണഹീനർ രഹസ്യമായി പ്രവർത്തിക്കുന്നത്.
[13] എന്നാൽ, പ്രകാശത്താൽ എല്ലാം വെളിപ്പെടുകയും ദൃശ്യമായിത്തീരുകയുംചെയ്യും—പ്രകാശം പതിക്കുന്നവയോരോന്നും ഓരോ പ്രകാശമായിമാറും.
[14] അതിനാൽ ഇപ്രകാരം പറഞ്ഞിരിക്കുന്നു, “ഉറങ്ങുന്നവരേ, ഉണരൂ, മരിച്ചവരുടെ മധ്യേനിന്ന് എഴുന്നേൽക്കൂ, അപ്പോൾ ക്രിസ്തു നിന്റെമേൽ പ്രശോഭിക്കും.”
[15] അതുകൊണ്ട് നിങ്ങൾ എങ്ങനെ ജീവിക്കുന്നു എന്ന് സൂക്ഷിക്കുക—അവിവേകികളായിട്ടല്ല, വിവേകികളായിത്തന്നെ ജീവിക്കുക.
[16] ഇത് വഷളത്തം വർധിതമായ കാലമാണ്; അതുകൊണ്ട്, ലഭിക്കുന്ന അവസരങ്ങളൊന്നും പാഴാക്കാതെ പരമാവധി പ്രയോജനപ്പെടുത്തുക.
[17] അജ്ഞാനികളാകരുത്; പിന്നെയോ കർത്താവിന്റെ അഭീഷ്ടം എന്തെന്ന് ഗ്രഹിക്കുന്നവരാകുക.
[18] മദ്യപിച്ച് മദോന്മത്തരാകരുത്; അത് വഴിപിഴച്ച ജീവിതത്തിലേക്കു നയിക്കും. നിങ്ങളോ, ദൈവാത്മാവിനാൽ നിയന്ത്രിക്കപ്പെട്ടവരായി
[19] സങ്കീർത്തനങ്ങൾ, സ്തുതിഗീതങ്ങൾ, ആത്മികഗാനങ്ങൾ എന്നിവയാൽ പരസ്പരം പ്രബോധിപ്പിക്കുകയും
[20] നിങ്ങളുടെ ഹൃദയങ്ങളിൽ കർത്താവിന് കീർത്തനങ്ങൾ ആലപിക്കുകയും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ പിതാവായ ദൈവത്തിന് സർവകാര്യങ്ങൾക്കായും എപ്പോഴും സ്തോത്രം അർപ്പിക്കുകയുംചെയ്യുക.
[21] ക്രിസ്തുവിനോടുള്ള ഭയഭക്തിയിൽ പരസ്പരവിധേയത്വം പുലർത്തുക.
[22] ഭാര്യമാരേ, നിങ്ങൾ കർത്താവിന് വിധേയപ്പെടുന്നതുപോലെ സ്വന്തം ഭർത്താക്കന്മാർക്കും വിധേയരാകുക.
[23] കാരണം, ക്രിസ്തു തന്റെ ശരീരമാകുന്ന സഭയുടെ ശിരസ്സും അതിന്റെ രക്ഷകനുമായിരിക്കുന്നതുപോലെ ഭർത്താവ് ഭാര്യയുടെ ശിരസ്സാകുന്നു.
[24] സഭ ക്രിസ്തുവിനു വിധേയപ്പെട്ടിരിക്കുന്നതുപോലെ ഭാര്യമാരും തങ്ങളുടെ ഭർത്താക്കന്മാർക്കു സകലത്തിലും വിധേയപ്പെട്ടിരിക്കട്ടെ.
[25] ഭർത്താക്കന്മാരേ, ക്രിസ്തു സ്വന്തം ജീവൻ നൽകി സഭയെ സ്നേഹിച്ചതുപോലെ നിങ്ങളും നിങ്ങളുടെ ഭാര്യമാരെ സ്നേഹിക്കണം.
[26] ക്രിസ്തു അവിടത്തെ സഭയെ വചനത്താൽ പ്രക്ഷാളനം നടത്തി നിർമലീകരിച്ച് വിശുദ്ധീകരിക്കേണ്ടതിനും
[27] കറ, ചുളുക്കം, മാലിന്യം എന്നിവ അശേഷം ഇല്ലാതെ വിശുദ്ധയും നിഷ്കളങ്കയുമായി തേജസ്സോടെ തനിക്കായി നിർത്തേണ്ടതിനുമാണ് അപ്രകാരം ചെയ്തത്.
[28] ഇതുപോലെതന്നെ ഭർത്താക്കന്മാരും തങ്ങളുടെ ഭാര്യമാരെ സ്വന്തം ശരീരങ്ങളെ സ്നേഹിക്കുന്നതുപോലെതന്നെ സ്നേഹിക്കേണ്ടതാകുന്നു. ഭാര്യയെ സ്നേഹിക്കുന്നവൻ യഥാർഥത്തിൽ തന്നെത്തന്നെയാണ് സ്നേഹിക്കുന്നത്.
[29] ആരും ഒരിക്കലും സ്വന്തം ശരീരത്തെ വെറുക്കുന്നില്ല, സഭയെ ക്രിസ്തു പരിപോഷിപ്പിക്കുന്നതുപോലെ അതിനെ പരിപോഷിപ്പിക്കുകയാണ് ചെയ്യുന്നത്.
[30] നാം എല്ലാവരും ക്രിസ്തുവിന്റെ ശരീരത്തിന്റെ അവയവങ്ങൾ ആണല്ലോ.
[31] തിരുവെഴുത്തിൽ ഇങ്ങനെയാണല്ലോ വായിക്കുന്നത്, “ഈ കാരണത്താൽ ഒരു പുരുഷൻ തന്റെ മാതാപിതാക്കളെ വിട്ടുപിരിഞ്ഞ് ഭാര്യയോട് സംയോജിക്കും, അവരിരുവരും ഏകശരീരമായിത്തീരും.”
[32] ഇത് മഹത്തായ ഒരു രഹസ്യം. ഞാൻ ക്രിസ്തുവിനെയും സഭയെയുംകുറിച്ചാണ് സംസാരിക്കുന്നത്.
[33] ചുരുക്കിപ്പറഞ്ഞാൽ, നിങ്ങളിൽ ഓരോരുത്തരും സ്വന്തം ഭാര്യയെ തന്നെപ്പോലെതന്നെ സ്നേഹിക്കണം; ഭാര്യ ഭർത്താവിനെ ബഹുമാനിക്കേണ്ടതുമാണ്.