Skip to content
Opens in a new window
Listen to this chapter • 5:03

[1] കർത്താവ് നിമിത്തം കാരാഗൃഹത്തിൽ കഴിയുന്ന ഞാൻ നിങ്ങൾക്കു നൽകുന്ന പ്രചോദനം, നിങ്ങളെ വിളിച്ചിരിക്കുന്ന വിളിക്കു യോഗ്യമായി ജീവിക്കുക എന്നതാണ്.

[2] സമ്പൂർണവിനയവും സൗമ്യതയും ക്ഷമാശീലവും ഉള്ളവരായി സ്നേഹത്തിൽ പരസ്പരം സഹിഷ്ണുത കാട്ടുക.

[3] സമാധാനത്താൽ ബന്ധിക്കപ്പെട്ടവരായി ആത്മാവിലുള്ള ഐക്യം നിലനിർത്താൻ ഉത്സുകരാകുക.

[4] ഏകശരീരമേയുള്ളു; ഒരേ ആത്മാവും. നിങ്ങൾ വിളിക്കപ്പെട്ടതും ഒരേയൊരു പ്രത്യാശയ്ക്കായാണ്,

[5] ഒരേകർത്താവും ഒരേവിശ്വാസവും ഒരേസ്നാനവും

[6] എല്ലാവർക്കും മീതേയും എല്ലാവരിലൂടെയും എല്ലാവരുടെയുള്ളിലും വസിക്കുന്ന ദൈവവും പിതാവും ഏകൻതന്നെ.

[7] എന്നാൽ, നമ്മിൽ ഓരോരുത്തർക്കും ക്രിസ്തു കൃപ ദാനമായി അളന്നുനൽകിയതനുസരിച്ച് ലഭിച്ചിരിക്കുന്നു.

[8] “അവിടന്ന് ബന്ധനസ്ഥരെ പിടിച്ചുകൊണ്ടുപോയി ഉയരത്തിൽ കയറി മനുഷ്യർക്കു കൃപാദാനങ്ങൾ കൊടുത്തു” എന്ന് എഴുതിയിരിക്കുന്നത് അതിനാലാണല്ലോ.

[9] “അവിടന്ന് ഉയരത്തിൽ കയറി” എന്നതുകൊണ്ട്, മുമ്പേ ഭൂമിയുടെ അധോഭാഗങ്ങളിലേക്ക് ഇറങ്ങി എന്ന് അർഥമാകുന്നില്ലേ?

[10] ഈ ഇറങ്ങിയ ആൾ സർവപ്രപഞ്ചത്തെയും നിറയ്ക്കേണ്ടതിന് സ്വർഗാധിസ്വർഗങ്ങൾക്കും മീതേ കയറിയ വ്യക്തിയാണ്.

[11] ക്രിസ്തുവിന്റെ ശരീരത്തെ പണിതുയർത്തുന്ന ശുശ്രൂഷയ്ക്കായി വിശുദ്ധരെ സജ്ജരാക്കുന്നതിനുവേണ്ടി, അവിടന്നുതന്നെ ചിലരെ അപ്പൊസ്തലന്മാരായും ചിലരെ പ്രവാചകന്മാരായും ചിലരെ സുവിശേഷകന്മാരായും ചിലരെ ഇടയന്മാരായും ഉപദേഷ്ടാക്കന്മാരായും നിയോഗിച്ചിരിക്കുന്നു.

[13] ഇങ്ങനെ നാം എല്ലാവരും വിശ്വാസത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പരിജ്ഞാനത്തിലും പക്വതയുള്ളവരായി ഐക്യത്തിലെത്തിച്ചേർന്ന്, ക്രിസ്തുവിന്റെ പരിപൂർണതയുടെ സമ്പൂർണ അളവ് സാക്ഷാൽക്കരിക്കുന്നതുവരെ വളരുകതന്നെ ചെയ്യും.

[14] തൽഫലമായി, നാം ഇനിമേൽ, മനുഷ്യരുടെ വഞ്ചനാത്മകമായ ഗൂഢാലോചനകളുടെ കൗശലങ്ങളിലും തന്ത്രങ്ങളിലും കുടുങ്ങി അവരുടെ ദുരുപദേശങ്ങളുടെ കാറ്റിൽ ആടിയുലയുകയും ഓളങ്ങളിൽ ചാഞ്ചാടുകയുംചെയ്യുന്ന ശിശുക്കളല്ല;

[15] മറിച്ച്, സ്നേഹത്തിൽ സത്യം സംസാരിച്ചുകൊണ്ട് എല്ലാക്കാര്യങ്ങളിലും ക്രിസ്തു എന്ന ശിരസ്സുവരെ വളരുന്നവരാകും.

[16] അങ്ങനെ ഓരോ അവയവവും അതതിന്റെ ധർമം നിർവഹിച്ചുകൊണ്ട്, സകലസന്ധിബന്ധങ്ങളും സംയോജിതമായി, സ്നേഹത്തിൽ മുഴുവൻ ശരീരവും സ്വയം പടുത്തുയർത്തപ്പെട്ട് ക്രിസ്തുവിനാൽ വളർച്ച പ്രാപിക്കുന്നു.

[17] ആകയാൽ, തങ്ങളുടെ നിരർഥകബുദ്ധിക്ക് അനുസൃതമായി ജീവിക്കുന്ന യെഹൂദേതരരെപ്പോലെ ഇനിമേലാൽ ജീവിക്കരുതെന്ന് ഞാൻ നിങ്ങളോടു കർത്താവിന്റെ നാമത്തിൽ നിർബന്ധിക്കുകയാണ്.

[18] അവരുടെ ഹൃദയം കഠിനമായിത്തീർന്നതിനാൽ സംജാതമായ അജ്ഞത, ഗ്രഹണശക്തി ഇരുളടഞ്ഞതാക്കി, ദൈവികജീവനിൽനിന്ന് അകറ്റുകയും ചെയ്തിരിക്കുന്നു.

[19] അവർ എല്ലാ സംവേദനക്ഷമതയും നഷ്ടപ്പെട്ട്, വിഷയാസക്തിക്ക് തങ്ങളെത്തന്നെ ഏൽപ്പിച്ച് എല്ലാത്തരം അശുദ്ധിയിലും അഭിരമിച്ച് അത്യാർത്തി പൂണ്ടവരായിരിക്കുന്നു.

[20] യേശുവിലുള്ള സത്യത്തിനനുസൃതമായി നിങ്ങൾക്ക് ഉപദേശം ലഭിക്കുകയും ക്രിസ്തുവിനെക്കുറിച്ച് നിങ്ങൾ കേൾക്കുകയും ചെയ്തതിനെത്തുടർന്ന് നിങ്ങൾ പരിശീലിച്ച ജീവിതശൈലി ഇങ്ങനെയുള്ളതല്ലല്ലോ.

[22] നിങ്ങളുടെ മുൻകാല ജീവിതരീതി വഞ്ചനാപരമായ ആഗ്രഹങ്ങളാൽ മലിനനായിത്തീർന്ന പഴയ മനുഷ്യനെപ്പോലെ ആയിരുന്നു. അത് ഉരിഞ്ഞുകളഞ്ഞിട്ട്

[23] നിങ്ങളുടെ ഉള്ളിൽ വസിക്കുന്ന ആത്മാവിനാൽ മനോഭാവങ്ങൾ നവീകരിക്കപ്പെട്ട്,

[24] യഥാർഥ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട നവമാനവനെ ധരിക്കുക.

[25] അതിനാൽ, വ്യാജം ഉപേക്ഷിച്ച് ഓരോരുത്തനും അവരവരുടെ അയൽക്കാരോട് സത്യം സംസാരിക്കണം; നാം ഒരേ ശരീരത്തിന്റെ അവയവങ്ങളാണല്ലോ.

[26] “കോപിച്ചു, എന്നാലും പാപംചെയ്യരുത്;” നിങ്ങൾ കോപിച്ചിരിക്കെത്തന്നെ സൂര്യൻ അസ്തമിക്കാൻ ഇടനൽകരുത്;

[27] പിശാചിന് അവസരം കൊടുക്കരുത്.

[28] മോഷ്ടിക്കുന്നവൻ ഇനിമേൽ മോഷ്ടിക്കരുത്; ബുദ്ധിമുട്ടിലായിരിക്കുന്നവർക്കുകൂടെ പങ്കുവെക്കാൻ അവസരം ലഭിക്കേണ്ടതിന് സ്വന്തം കൈകൾകൊണ്ട് പ്രയോജനപ്രദമായി അധ്വാനിക്കുകയാണു വേണ്ടത്.

[29] കേൾക്കുന്നവർക്കു പ്രയോജനം ലഭിക്കുന്ന, ആത്മികവർധനയ്ക്കു സഹായകമാകുന്ന നല്ല വാക്കുകളല്ലാതെ സഭ്യമല്ലാത്തതൊന്നും നിങ്ങളുടെ അധരങ്ങളിൽനിന്ന് വരരുത്.

[30] നിങ്ങൾക്ക് ലഭിച്ച രക്ഷ വീണ്ടെടുപ്പുനാളിൽ പൂർത്തീകരിക്കപ്പെടും എന്നതിന് നിങ്ങളിൽ ഇട്ടിരിക്കുന്ന മുദ്ര ദൈവത്തിന്റെ പരിശുദ്ധാത്മാവാണല്ലോ; ആ ആത്മാവിനെ നിങ്ങൾ ദുഃഖിപ്പിക്കരുത്.

[31] എല്ലാ വിദ്വേഷവും കോപവും ക്രോധവും കലഹവും ദൂഷണവും ഇങ്ങനെയുള്ള എല്ലാ ദുർഗുണങ്ങളും നിങ്ങൾ ഉപേക്ഷിക്കുക.

[32] പരസ്പരം ദയയും കരുണയും ഉള്ളവരായി, ദൈവം ക്രിസ്തുവിൽ നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും അന്യോന്യം ക്ഷമിക്കുക.

എഫേസ്യർക്ക് എഴുതിയ ലേഖനം — Chapters