Skip to content
Opens in a new window

[1] പ്രവാചകഗണത്തിലെ ഒരുവന്റെ വിധവ എലീശയുടെ അടുക്കൽവന്നു ബോധിപ്പിച്ചത്: “യജമാനനേ! അങ്ങയുടെ ദാസനായ എന്റെ ഭർത്താവ് മരിച്ചുപോയി. അദ്ദേഹം യഹോവാഭക്തനായിരുന്നെന്ന് അങ്ങേക്കറിയാമല്ലോ. എന്നാൽ, അദ്ദേഹത്തിനു പണം കടംകൊടുത്ത ആൾ എന്റെ രണ്ട് ആൺമക്കളെയും ഇപ്പോൾത്തന്നെ അടിമകളാക്കാൻ ശ്രമിക്കുന്നു.”

[2] എലീശ അവളോട്: “നിനക്കുവേണ്ടി ഞാൻ എന്തു ചെയ്യേണം? പറയൂ, നിന്റെ വീട്ടിൽ എന്തുണ്ട്?” എന്നു ചോദിച്ചു. “ഒരു കുപ്പി ഒലിവെണ്ണയല്ലാതെ അവിടത്തെ ദാസിയുടെ ഭവനത്തിൽ മറ്റു യാതൊന്നുമില്ല,” എന്ന് അവൾ മറുപടി പറഞ്ഞു.

[3] എലീശാ പറഞ്ഞു: “നിന്റെ അയൽക്കാരുടെ അടുക്കൽപോയി കഴിയുന്നത്രയും ഒഴിഞ്ഞ പാത്രങ്ങൾ കടംവാങ്ങുക; പാത്രങ്ങൾ കുറവായിപ്പോകരുത്.

[4] പിന്നെ, നീയും മക്കളും അകത്തു പ്രവേശിച്ച് വാതിലടയ്ക്കുക; അതിനുശേഷം, ഓരോ പാത്രത്തിലേക്കും കുപ്പിയിലുള്ള ഒലിവെണ്ണ പകരുക; ഓരോന്നും നിറയുമ്പോൾ അവ ഒരു ഭാഗത്തേക്ക് മാറ്റിവെക്കുക.”

[5] അവൾ അദ്ദേഹത്തിന്റെ അടുത്തുനിന്നു പോയി, മക്കളെയുംകൂട്ടി അകത്തുകടന്നു വാതിലടച്ചു. കുട്ടികൾ പാത്രങ്ങൾ എടുത്തുകൊടുത്തുകൊണ്ടും അവൾ എണ്ണ പകർന്നുകൊണ്ടുമിരുന്നു.

[6] പാത്രങ്ങളെല്ലാം നിറഞ്ഞപ്പോൾ “വേറെ ഒരെണ്ണംകൂടി കൊണ്ടുവരിക,” എന്ന് അവൾ തന്റെ മകനോടു പറഞ്ഞു. “ഇനിയും ഒരുപാത്രംപോലുമില്ല,” എന്ന് അവൻ മറുപടി പറഞ്ഞു. അപ്പോൾ എണ്ണയുടെ പ്രവാഹവും നിലച്ചു.

[7] അവൾ ചെന്ന് ദൈവപുരുഷനോടു വിവരം പറഞ്ഞു. “പോയി എണ്ണ വിറ്റ് നിന്റെ കടങ്ങൾവീട്ടുക. ശേഷിക്കുന്നതുകൊണ്ട് നിനക്കും മക്കൾക്കും ഉപജീവനം കഴിക്കാം,” എന്ന് അദ്ദേഹം പറഞ്ഞു.

[8] ഒരിക്കൽ എലീശ ശൂനേമിലേക്കു പോയി. അവിടെ ധനികയായൊരു സ്ത്രീ ഉണ്ടായിരുന്നു; അവൾ അദ്ദേഹത്തെ ഒരുനേരത്തെ ഭക്ഷണത്തിനു തന്റെ വീട്ടിൽ ചെല്ലാൻ നിർബന്ധിച്ചു. പിന്നീട് അദ്ദേഹം അതുവഴി പോകുമ്പോഴൊക്കെ ഭക്ഷണത്തിനായി അവരുടെ ഭവനത്തിൽ കയറുമായിരുന്നു.

[9] അവൾ തന്റെ ഭർത്താവിനോട്: “ഇതുവഴിയായി കൂടെക്കൂടെ വരുന്ന ഇദ്ദേഹം വിശുദ്ധനായ ഒരു ദൈവപുരുഷനാണെന്നു ഞാൻ മനസ്സിലാക്കുന്നു.

[10] നമുക്ക് നമ്മുടെ മട്ടുപ്പാവിൽ ഒരു ചെറിയ മുറി ഉണ്ടാക്കി അതിൽ ഒരു കട്ടിലും ഒരു മേശയും ഒരു കസേരയും ഒരു നിലവിളക്കും വെക്കാം. അപ്പോൾ അദ്ദേഹത്തിനു നമ്മുടെ അടുത്തു വരുമ്പോഴൊക്കെ അവിടെ പാർക്കാമല്ലോ” എന്നു പറഞ്ഞു.

[11] ഒരു ദിവസം എലീശാ വന്നപ്പോൾ അദ്ദേഹം മുകളിൽ തന്റെ മുറിയിൽ പോയി അവിടെ കിടന്നു.

[12] അദ്ദേഹം തന്റെ ഭൃത്യനായ ഗേഹസിയോട്, “ശൂനേംകാരിയെ വിളിക്കുക” എന്നു പറഞ്ഞു. അയാൾ അവളെ വിളിച്ചു; അവൾ വന്ന് എലീശായുടെമുമ്പാകെ നിന്നു.

[13] എലീശാ തന്റെ ഭൃത്യനോട്, “ ‘നീ ഞങ്ങൾക്കുവേണ്ടി ഇത്രമാത്രം ബുദ്ധിമുട്ടു സഹിക്കുന്നല്ലോ! ഞങ്ങൾ നിനക്ക് എന്തു ചെയ്തുതരണം? ഞങ്ങൾ നിനക്കുവേണ്ടി രാജാവിനോടോ സേനാധിപതിയോടോ സംസാരിക്കേണ്ടതുണ്ടോ?’ എന്നു ചോദിക്കുക” എന്നു പറഞ്ഞു. “അടിയൻ സ്വജനങ്ങൾക്കിടയിൽ പാർക്കുന്നു,” എന്ന് അവൾ മറുപടി പറഞ്ഞു.

[14] “അവൾക്കുവേണ്ടി എന്തുചെയ്യാൻ കഴിയും?” എന്ന് എലീശാ വീണ്ടും ചോദിച്ചു. “അവൾക്ക് മകനില്ല; അവളുടെ ഭർത്താവ് വൃദ്ധനുമാണ്,” എന്ന് ഗേഹസി മറുപടി പറഞ്ഞു.

[15] അപ്പോൾ എലീശാ, “അവളെ വിളിക്കുക” എന്നു കൽപ്പിച്ചു. ഗേഹസി അവളെ വിളിച്ചു; അവൾ വന്നു വാതിൽക്കൽ നിന്നു.

[16] എലീശാ അവളോടു പറഞ്ഞു: “അടുത്തവർഷം ഈ സമയമാകുമ്പോഴേക്കും നിനക്ക് മാറോടണച്ച് ഓമനിക്കാൻ ഒരു മകൻ ഉണ്ടായിരിക്കും.” “അരുതേ! ദൈവപുരുഷനായ എന്റെ യജമാനനേ, അവിടത്തെ ദാസിയോടു വ്യാജം സംസാരിക്കരുതേ!” എന്ന് അവൾ പറഞ്ഞു.

[17] എന്നാൽ ആ സ്ത്രീ ഗർഭിണിയായി. എലീശ പറഞ്ഞതുപോലെ, പിറ്റേവർഷം ആ സമയം ആയപ്പോൾ അവൾ ഒരു മകനെ പ്രസവിച്ചു.

[18] ബാലൻ വളർന്നുവന്നു. ഒരു ദിവസം അവൻ വയലിൽ കൊയ്ത്തുകാരോടുകൂടെ ആയിരുന്ന തന്റെ പിതാവിന്റെ അടുത്തേക്കുചെന്നു.

[19] “എന്റെ തല! എന്റെ തല!” എന്ന് അവൻ പിതാവിനോടു നിലവിളിച്ചു പറഞ്ഞു. അവന്റെ പിതാവ് ഒരു ഭൃത്യനെ വിളിച്ച്, “ഇവനെ അമ്മയുടെ അടുത്തേക്ക് കൊണ്ടുപോകുക” എന്നു പറഞ്ഞു.

[20] ഭൃത്യൻ ബാലനെ എടുത്ത് അമ്മയുടെ അടുക്കൽ കൊണ്ടുചെന്ന് ആക്കിയതിനുശേഷം ഉച്ചവരെ അവൻ അമ്മയുടെ മടിയിൽ ഇരുന്നു; പിന്നെ മരിച്ചുപോയി.

[21] അവൾ ബാലനെ മുകളിൽ കൊണ്ടുപോയി ദൈവപുരുഷന്റെ കിടക്കയിൽ കിടത്തി. പിന്നെ അവൾ വാതിലടച്ചു വെളിയിൽ വന്നു.

[22] അവൾ തന്റെ ഭർത്താവിനെ വിളിച്ച്, “എനിക്കു വേഗത്തിൽ ദൈവപുരുഷന്റെ അടുക്കൽ ചെന്നിട്ടു മടങ്ങിവരേണ്ടതിനു ഭൃത്യന്മാരിൽ ഒരുവനെയും ഒരു കഴുതയെയും അയച്ചുതന്നാലും!” എന്നു പറഞ്ഞു.

[23] “നീ ഇന്ന് അദ്ദേഹത്തിന്റെ അടുത്തേക്ക് എന്തിനു പോകുന്നു? ഇന്ന് അമാവാസിയോ ശബ്ബത്തോ അല്ലല്ലോ,” എന്ന് അയാൾ പറഞ്ഞു. “അതിൽ കുഴപ്പമില്ല,” എന്ന് അവൾ പറഞ്ഞു.

[24] അവൾ കഴുതയ്ക്കു കോപ്പിട്ട് തന്റെ ഭൃത്യനോട്, “തെളിച്ചു വിട്ടുകൊള്ളൂ. ഞാൻ പറയാതെ വേഗം കുറയ്ക്കരുത്” എന്നു പറഞ്ഞു.

[25] അങ്ങനെ അവൾ പുറപ്പെട്ടു കർമേൽമലയിൽ ദൈവപുരുഷന്റെ അടുക്കലെത്തി. അവളെ ദൂരത്തു കണ്ടപ്പോൾ ദൈവപുരുഷൻ തന്റെ ഭൃത്യനായ ഗേഹസിയോട്: “നോക്കൂ! അതാ, ശൂനേംകാരി!

[26] ഓടിച്ചെന്ന് അവളെക്കണ്ട്, ‘നിനക്കു ക്ഷേമംതന്നെയോ? നിന്റെ ഭർത്താവ് സുഖമായിരിക്കുന്നോ? നിന്റെ കുഞ്ഞും സുഖമായിരിക്കുന്നോ?’ എന്നു ചോദിക്കുക” എന്നു പറഞ്ഞു. “എല്ലാവർക്കും സുഖംതന്നെ,” എന്ന് അവൾ മറുപടി പറഞ്ഞു.

[27] അവൾ പർവതത്തിൽ ദൈവപുരുഷന്റെ അടുക്കലെത്തിയപ്പോൾ അദ്ദേഹത്തിന്റെ പാദങ്ങളിൽ കെട്ടിപ്പിടിച്ചു. അവളെ പിടിച്ചുമാറ്റുന്നതിനായി ഗേഹസി വന്നു. അപ്പോൾ ദൈവപുരുഷൻ: “അവളെ വിടുക! അവൾക്കു കഠിനമായ ദുഃഖമുണ്ട്. എന്നാൽ യഹോവ അത് എന്നെ അറിയിക്കാതെ മറച്ചുവെച്ചിരിക്കുന്നു” എന്നു പറഞ്ഞു.

[28] “ഞാൻ അങ്ങയോട് ഒരു മകനെ ചോദിച്ചിരുന്നോ? എന്നെ ചതിക്കരുതേ എന്നു ഞാൻ പറഞ്ഞിരുന്നില്ലേ?” എന്ന് അവൾ പറഞ്ഞു.

[29] എലീശാ ഗേഹസിയോട്: “നിന്റെ അര മുറുക്കി എന്റെ വടിയും കൈയിലെടുത്തു കൊണ്ടുപോകുക. നീ ആരെയെങ്കിലും കണ്ടാൽ അഭിവാദനം ചെയ്യരുത്, ആരെങ്കിലും നിന്നെ അഭിവാദനം ചെയ്താൽ പ്രത്യഭിവാദനം ചെയ്യുകയുമരുത്. എന്റെ വടി ബാലന്റെ മുഖത്ത് വെക്കുക” എന്നു പറഞ്ഞു.

[30] എന്നാൽ കുട്ടിയുടെ അമ്മ അദ്ദേഹത്തോട്: “യഹോവയാണെ, അങ്ങയുടെ ജീവനാണെ, ഞാൻ അങ്ങയെ വിടുകയില്ല” എന്നു പറഞ്ഞു. അതിനാൽ എലീശാ എഴുന്നേറ്റ് അവളോടുകൂടെ പോയി.

[31] ഗേഹസി മുമ്പേപോയി, വടി ബാലന്റെ മുഖത്തു വെച്ചു. എന്നാൽ യാതൊരു ശബ്ദമോ പ്രതികരണമോ ഉണ്ടായില്ല. അതിനാൽ അയാൾ എലീശയെക്കണ്ട്, “ബാലൻ ഉണർന്നിട്ടില്ല” എന്നവിവരം പറയുന്നതിനായി മടങ്ങി.

[32] എലീശാ ആ ഭവനത്തിൽ എത്തിയപ്പോൾ തന്റെ കിടക്കയിൽ ബാലൻ മരിച്ചുകിടക്കുകയായിരുന്നു.

[33] അദ്ദേഹം മുറിയിൽക്കടന്ന് വാതിലടച്ചു. താനും ബാലനുംമാത്രം മുറിക്കുള്ളിലായിരുന്നു. അദ്ദേഹം യഹോവയോടു പ്രാർഥിച്ചു.

[34] പിന്നെ അദ്ദേഹം കിടക്കയിൽക്കയറി ബാലന്റെമേൽ കിടന്നു—മുഖത്തോടു മുഖവും കണ്ണോടു കണ്ണും കൈയോടു കൈയും ചേർത്ത് അദ്ദേഹം ബാലന്റെമേൽ കമിഴ്ന്നുകിടന്നപ്പോൾ ബാലന്റെ ദേഹത്തിനു ചൂടുപിടിച്ചു.

[35] എലീശാ ഇറങ്ങി മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. അദ്ദേഹം വീണ്ടും ബാലന്റെമേൽ കമിഴ്ന്നുകിടന്നു. ബാലൻ ഏഴുപ്രാവശ്യം തുമ്മി കണ്ണുതുറന്നു.

[36] എലീശാ ഗേഹസിയെ വിളിച്ച്, “ശൂനേംകാരിയെ വിളിക്കുക” എന്നു കൽപ്പിച്ചു. അയാൾ അപ്രകാരംചെയ്തു. അവൾ വന്നപ്പോൾ അദ്ദേഹം: “നിന്റെ മകനെ ഏറ്റുവാങ്ങിക്കൊൾക” എന്നു പറഞ്ഞു.

[37] അവൾ അകത്തുവന്ന് അദ്ദേഹത്തിന്റെ പാദത്തിൽ വീണ് സാഷ്ടാംഗം നമസ്കരിച്ചു. പിന്നെ അവൾ തന്റെ മകനെയും എടുത്തുകൊണ്ടുപോയി.

[38] എലീശാ ഗിൽഗാലിലേക്കു മടങ്ങി. അക്കാലത്ത് അവിടെ ഒരു ക്ഷാമമുണ്ടായി. പ്രവാചകശിഷ്യന്മാർ അദ്ദേഹത്തിന്റെമുമ്പിൽ ഇരിക്കുമ്പോൾ അദ്ദേഹം തന്റെ ഭൃത്യനോട്: “വലിയ കലം അടുപ്പത്തുവെച്ച് പ്രവാചകശിഷ്യന്മാർക്കു പായസം ഉണ്ടാക്കുക” എന്നു പറഞ്ഞു.

[39] ഭൃത്യന്മാരിലൊരാൾ ചീര പറിക്കാൻ വയലിലേക്കുപോയി. അയാൾ ഒരു കാട്ടുവള്ളി കണ്ടു; അതിന്റെ കായ്കൾ മടി നിറയെ പറിച്ചുകൊണ്ടുവന്നു. അയാൾ മടങ്ങിവന്ന് ആ കായ്കൾ അരിഞ്ഞ് കലത്തിലെ പായസത്തിലിട്ടു. അതെന്താണെന്ന് ആർക്കും അറിഞ്ഞുകൂടായിരുന്നു.

[40] അവർ അത് ആളുകൾക്കു വിളമ്പി. അവർ പായസം കുടിച്ചുതുടങ്ങിയപ്പോൾ “ദൈവപുരുഷാ, കലത്തിൽ മരണം!” എന്നു പറഞ്ഞ് നിലവിളിച്ചു. അതു കുടിക്കാൻ അവർക്കു കഴിഞ്ഞില്ല.

[41] “കുറച്ച് മാവ് കൊണ്ടുവരിക,” എന്ന് എലീശാ പറഞ്ഞു. അദ്ദേഹം അതു കലത്തിലിട്ടു. “ഇനി ഇത് ആളുകൾക്കു വിളമ്പിക്കൊടുക്കുക,” എന്നു പറഞ്ഞു. പിന്നെ ഹാനികരമായ യാതൊന്നും കലത്തിൽ ഉണ്ടായിരുന്നില്ല.

[42] ബാൽ-ശാലീശയിൽനിന്ന് ഒരു മനുഷ്യൻ എലീശയുടെ അടുക്കൽവന്നു. അയാൾ തന്റെ ആദ്യവിളവായ ധാന്യംകൊണ്ട് ഇരുപതു യവത്തപ്പവും കുറച്ചു മലരും ദൈവപുരുഷനു കാഴ്ചയായി കൊണ്ടുവന്നിരുന്നു. “ഇതു ജനങ്ങൾക്കു തിന്മാൻ കൊടുക്കുക!” എന്ന് എലീശാ കൽപ്പിച്ചു.

[43] “ഞാനിതെങ്ങനെ നൂറുപേർക്കു വിളമ്പും?” എന്ന് അദ്ദേഹത്തിന്റെ ഭൃത്യൻ ചോദിച്ചു. എലീശാ പിന്നെയും: “ഇതു ജനങ്ങൾക്കു തിന്മാൻ കൊടുക്കുക; ‘അവർ തിന്നുകയും ശേഷിപ്പിക്കുകയും ചെയ്യും’ എന്ന് യഹോവ അരുളിച്ചെയ്യുന്നു” എന്നു പറഞ്ഞു.

[44] അതിനുശേഷം അയാൾ അത് അവർക്കു വിളമ്പിക്കൊടുത്തു; യഹോവയുടെ അരുളപ്പാടുപ്രകാരം അവർ തിന്നുകയും ശേഷിപ്പിക്കുകയും ചെയ്തു.

രാജാക്കന്മാരുടെ രണ്ടാംപുസ്തകം — Chapters