Skip to content
Opens in a new window

[1] മനശ്ശെ രാജാവായപ്പോൾ അദ്ദേഹത്തിനു പന്ത്രണ്ടുവയസ്സായിരുന്നു. അദ്ദേഹം ജെറുശലേമിൽ അൻപത്തിയഞ്ചു വർഷം വാണു. അദ്ദേഹത്തിന്റെ അമ്മയുടെ പേര് ഹെഫ്സീബാ എന്നായിരുന്നു.

[2] ഇസ്രായേലിന്റെ മുമ്പിൽനിന്ന് യഹോവ നീക്കിക്കളഞ്ഞ അന്യരാഷ്ട്രങ്ങളുടെ മ്ലേച്ഛാചാരങ്ങളെ പിൻതുടർന്ന് അദ്ദേഹം യഹോവയുടെ ദൃഷ്ടിയിൽ അറപ്പുളവാക്കുന്നതു പ്രവർത്തിച്ചു.

[3] തന്റെ പിതാവായ ഹിസ്കിയാവ് നശിപ്പിച്ചുകളഞ്ഞ ക്ഷേത്രങ്ങൾ അദ്ദേഹം പുനർനിർമിച്ചു; ഇസ്രായേൽരാജാവായ ആഹാബു ചെയ്തതുപോലെ അദ്ദേഹം ബാലിനു ബലിപീഠങ്ങൾ പണിയുകയും ഒരു അശേരാപ്രതിഷ്ഠ സ്ഥാപിക്കുകയും ചെയ്തു. അദ്ദേഹം എല്ലാ ആകാശസൈന്യങ്ങളെയും വണങ്ങുകയും ആരാധിക്കുകയും ചെയ്തു.

[4] “ജെറുശലേമിൽ ഞാൻ എന്റെ നാമം സ്ഥാപിക്കും,” എന്ന് ഏതൊരാലയത്തെക്കുറിച്ച് യഹോവ കൽപ്പിച്ചിരുന്നോ, ആ ആലയത്തിൽത്തന്നെ അദ്ദേഹം ബലിപീഠങ്ങൾ നിർമിച്ചു.

[5] യഹോവയുടെ ആലയത്തിന്റെ രണ്ട് അങ്കണങ്ങളിലും അദ്ദേഹം സകല ആകാശസൈന്യങ്ങൾക്കുമുള്ള ബലിപീഠങ്ങൾ നിർമിച്ചു.

[6] അദ്ദേഹം സ്വന്തം മകനെ അഗ്നിയിൽ ഹോമിച്ചു, ദേവപ്രശ്നംവെക്കുക, ശകുനംനോക്കുക, വെളിച്ചപ്പാടുകളോടും ഭൂതസേവക്കാരോടും ആലോചന ചോദിക്കുക ഇവയെല്ലാം ചെയ്തു. ഇങ്ങനെ യഹോവയുടെ ദൃഷ്ടിയിൽ ഏറ്റവും തിന്മയായതു പ്രവർത്തിച്ച് അവിടത്തെ പ്രകോപിപ്പിച്ചു.

[7] “ഇസ്രായേലിന്റെ സകലഗോത്രങ്ങളിൽനിന്നുമായി ഞാൻ തെരഞ്ഞെടുത്ത ഈ ജെറുശലേമിലും ഈ ആലയത്തിലും ഞാൻ എന്നെന്നേക്കുമായി എന്റെ നാമം സ്ഥാപിക്കും,” എന്ന് യഹോവ ദാവീദിനോടും അദ്ദേഹത്തിന്റെ പുത്രനായ ശലോമോനോടും കൽപ്പിച്ച അതേ ആലയത്തിൽ, മനശ്ശെ താൻ കൊത്തിയുണ്ടാക്കിയ അശേരാപ്രതിഷ്ഠ സ്ഥാപിച്ചു.

[8] “ഞാൻ അവരോടു കൽപ്പിച്ചിട്ടുള്ള സകലകാര്യങ്ങളും അനുഷ്ഠിക്കുന്നതിലും എന്റെ ദാസനായ മോശ അവർക്കു നൽകിയിട്ടുള്ള ന്യായപ്രമാണം അനുസരിക്കുന്നതിലും അവർ ശ്രദ്ധയുള്ളവരായിരുന്നാൽമാത്രം മതി, എങ്കിൽ അവരുടെ പിതാക്കന്മാർക്കു ഞാൻ കൊടുത്തിരിക്കുന്ന ഈ ദേശംവിട്ട് ഇസ്രായേല്യരുടെ പാദങ്ങൾ അലയുന്നതിന് ഇനിയും ഒരിക്കലും ഞാൻ ഇടവരുത്തുകയില്ല,” എന്നും യഹോവ കൽപ്പിച്ചിരുന്നു.

[9] എന്നാൽ ജനം അതു ചെവിക്കൊണ്ടില്ല; യഹോവ ഇസ്രായേൽജനതയുടെമുമ്പിൽനിന്നു നശിപ്പിച്ചുകളഞ്ഞ അന്യരാഷ്ട്രങ്ങൾ ചെയ്തതിനെക്കാൾ അധികം വഷളത്തം പ്രവർത്തിക്കത്തക്കവണ്ണം മനശ്ശെ അവരെ പിഴച്ച വഴികളിലേക്കു നയിച്ചു.

[10] അതിനാൽ യഹോവ തന്റെ ദാസന്മാരായ പ്രവാചകന്മാർമുഖേന ഇപ്രകാരം അരുളിച്ചെയ്തു:

[11] “യെഹൂദാരാജാവായ മനശ്ശെ ഈ മ്ലേച്ഛപാപങ്ങൾ ചെയ്തിരിക്കുന്നു. അദ്ദേഹം തനിക്കുമുമ്പേ ഇവിടെ ഉണ്ടായിരുന്ന അമോര്യരെക്കാളും അധികം തിന്മ പ്രവർത്തിക്കുകയും തന്റെ ബിംബങ്ങളെക്കൊണ്ട് യെഹൂദയെ പാപത്തിലേക്കു നയിക്കുകയും ചെയ്തിരിക്കുന്നു.

[12] അതിനാൽ ഇസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അതിനെപ്പറ്റി കേൾക്കുന്ന ഏതൊരുവന്റെയും കാതുകൾ നടുങ്ങിപ്പോകത്തക്കവണ്ണമുള്ള നാശം ഞാൻ ജെറുശലേമിന്മേലും യെഹൂദയുടെമേലും വരുത്താൻപോകുന്നു.

[13] ശമര്യയ്ക്കെതിരേ ഉപയോഗിച്ച അളവുനൂലും ആഹാബുഗൃഹത്തിനെതിരേ ഉപയോഗിച്ച തൂക്കുകട്ടയുംകൊണ്ട് ഞാൻ ജെറുശലേമിനെ അളന്നുതൂക്കും. ഒരുവൻ ഒരു തളിക തുടച്ച് കമിഴ്ത്തിവെക്കുന്നതുപോലെ ഞാൻ ജെറുശലേമിനെ തുടച്ചുകളയും.

[14] ഞാൻ എന്റെ അവകാശത്തിലെ ശേഷിപ്പിനെ ഉപേക്ഷിച്ചുകളയുകയും അവരെ അവരുടെ ശത്രുക്കളുടെകൈയിൽ ഏൽപ്പിച്ചുകൊടുക്കുകയും ചെയ്യും. സകലശത്രുക്കളും അവരെ കൊള്ളയിടുകയും കവർച്ചനടത്തുകയും ചെയ്യും.

[15] കാരണം അവരുടെ പൂർവികർ ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടനാൾമുതൽ ഇന്നുവരെയും അവർ എന്റെ ദൃഷ്ടിയിൽ തിന്മ പ്രവർത്തിച്ച് എന്നെ പ്രകോപിപ്പിച്ചിരിക്കുന്നു.”

[16] യെഹൂദാ യഹോവയുടെമുമ്പാകെ തിന്മ പ്രവർത്തിക്കാൻതക്കവണ്ണം അവരെക്കൊണ്ടു പാപം ചെയ്യിച്ചതുമാത്രവുമല്ല, ജെറുശലേമിനെ ഒരറ്റംമുതൽ മറ്റേ അറ്റംവരെ നിറയ്ക്കാൻ മതിയാകുംവരെ നിഷ്കളങ്കരക്തം ചൊരിയുകകൂടെ മനശ്ശെ ചെയ്തിരിക്കുന്നു.

[17] മനശ്ശെയുടെ ഭരണത്തിലെ ഇതര സംഭവങ്ങളും അദ്ദേഹം ചെയ്ത പാപങ്ങൾ ഉൾപ്പെടെയുള്ള സകലപ്രവൃത്തികളും യെഹൂദാരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ?

[18] മനശ്ശെ നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു; അദ്ദേഹത്തിന്റെ കൊട്ടാര ഉദ്യാനത്തിൽ ഉസ്സയുടെ തോട്ടത്തിൽ അദ്ദേഹത്തെ അടക്കംചെയ്തു. അദ്ദേഹത്തിന്റെ മകനായ ആമോൻ അദ്ദേഹത്തിനുപകരം രാജാവായി.

[19] ആമോൻ രാജാവാകുമ്പോൾ അദ്ദേഹത്തിന് ഇരുപത്തിരണ്ടു വയസ്സായിരുന്നു. അദ്ദേഹം ജെറുശലേമിൽ രണ്ടുവർഷം വാണു. അദ്ദേഹത്തിന്റെ അമ്മയുടെ പേര് മെശുല്ലേമെത്ത് എന്നായിരുന്നു. അവർ യൊത്ബക്കാരനായ ഹാരൂസിന്റെ മകൾ ആയിരുന്നു.

[20] തന്റെ പിതാവായ മനശ്ശെ ചെയ്തിരുന്നതുപോലെ അദ്ദേഹവും യഹോവയുടെമുമ്പിൽ തിന്മ പ്രവർത്തിച്ചു.

[21] അദ്ദേഹം തന്റെ പിതാവിന്റെ സകലവഴികളിലും നടന്നു; തന്റെ പിതാവ് ആരാധിച്ചിരുന്ന ബിംബങ്ങളെയെല്ലാം ആരാധിക്കുകയും അവയെ നമസ്കരിക്കുകയും ചെയ്തു.

[22] അദ്ദേഹം തന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചു; യഹോവയുടെ വഴികളിൽ നടന്നതുമില്ല.

[23] ആമോന്റെ ഉദ്യോഗസ്ഥന്മാർ അദ്ദേഹത്തിനെതിരേ ഗൂഢാലോചന നടത്തുകയും സ്വന്തം അരമനയിൽവെച്ച് രാജാവിനെ വധിക്കുകയും ചെയ്തു.

[24] അതിനുശേഷം ദേശത്തിലെ ജനം ആമോൻരാജാവിനെതിരേ ഗൂഢാലോചന നടത്തിയവരെയെല്ലാം കൊന്നു. അവർ അദ്ദേഹത്തിന്റെ മകനായ യോശിയാവിനെ അദ്ദേഹത്തിന്റെ സ്ഥാനത്തു രാജാവാക്കി.

[25] ആമോന്റെ ഭരണത്തിലെ മറ്റു സംഭവങ്ങൾ, അദ്ദേഹം ചെയ്ത പ്രവൃത്തികൾ ഇവയെക്കുറിച്ചെല്ലാം യെഹൂദാരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ?

[26] ഉസ്സയുടെ ഉദ്യാനത്തിൽ തന്റെ കല്ലറയിൽ ആമോൻ അടക്കപ്പെട്ടു. അദ്ദേഹത്തിന്റെ മകനായ യോശിയാവ് അദ്ദേഹത്തിനുപകരം രാജാവായി.

രാജാക്കന്മാരുടെ രണ്ടാംപുസ്തകം — Chapters