Skip to content
Opens in a new window
Listen to this chapter • 3:12

[1] ഞങ്ങൾ വീണ്ടും ഞങ്ങൾക്കായിത്തന്നെ ശുപാർശ ചെയ്യാൻ തുടങ്ങുകയാണോ? മറ്റുചിലർ ചെയ്യുന്നതുപോലെ നിങ്ങളിൽനിന്നു ശുപാർശക്കത്തുകൾ വാങ്ങുവാനോ നിങ്ങൾക്കു ശുപാർശക്കത്തുകൾ നൽകാനോ ഞങ്ങൾക്ക് എന്താണാവശ്യം?

[2] നിങ്ങൾതന്നെ ഞങ്ങളുടെ ശുപാർശക്കത്ത്; അത് ഞങ്ങളുടെ ഹൃദയത്തിൽ എഴുതിയിട്ടുള്ളതും സകലമനുഷ്യരും അറിയുകയും വായിക്കുകയും ചെയ്യുന്നതുമാണ്.

[3] അങ്ങനെ ഞങ്ങളുടെ പ്രവർത്തനഫലമായി ഉണ്ടായ “ക്രിസ്തുവിന്റെ കത്ത്” നിങ്ങൾ ആകുന്നു എന്ന് വ്യക്തമാണ്. അത് എഴുതിയിരിക്കുന്നതു മഷികൊണ്ടല്ല, ജീവനുള്ള ദൈവത്തിന്റെ ആത്മാവിനാലാണ്; കൽപ്പലകകളിൽ അല്ല, മനുഷ്യഹൃദയങ്ങളെന്ന മാംസപ്പലകകളിന്മേലാണ്.

[4] യേശുക്രിസ്തുവിലൂടെ ദൈവത്തിൽ ഞങ്ങൾക്ക് തികഞ്ഞ ധൈര്യമുള്ളതുകൊണ്ടാണ് ഇപ്രകാരം ഞങ്ങൾ പറയുന്നത്.

[5] ഞങ്ങളുടെ സ്വന്തം എന്ന് അവകാശപ്പെടാൻ കഴിയുന്ന യാതൊരു സാമർഥ്യവും ഞങ്ങൾക്കില്ല; ഞങ്ങളുടെ സാമർഥ്യം ദൈവത്തിൽനിന്നു വരുന്നു.

[6] അവിടന്ന് ഞങ്ങളെ പുതിയ ഉടമ്പടിയുടെ ശുശ്രൂഷകരായിരിക്കാൻ യോഗ്യരാക്കി. എഴുതപ്പെട്ട പ്രമാണങ്ങളുടെയല്ല മറിച്ച്, ആത്മാവിന്റെ പ്രമാണങ്ങളുടെതന്നെ ശുശ്രൂഷക്കാർ. കാരണം പ്രമാണം കൊല്ലുന്നു, ആത്മാവോ ജീവിപ്പിക്കുന്നു.

[7] കല്ലിൽ കൊത്തപ്പെട്ടതും മരണംമാത്രം കൊണ്ടുവന്നതുമായ ശുശ്രൂഷ വന്നുചേർന്നത് തേജസ്സോടുകൂടെ ആയിരുന്നു. തൽഫലമായി മോശയ്ക്കുണ്ടായ മുഖതേജസ്സ്, താൽക്കാലികമായിരുന്നിട്ടും, ഇസ്രായേല്യർക്ക് അദ്ദേഹത്തിന്റെ മുഖത്ത് സൂക്ഷിച്ചുനോക്കുക അസാധ്യമായിരുന്നു.

[8] അങ്ങനെയെങ്കിൽ ആത്മാവിന്റെ ജീവൻ നൽകുന്ന ശുശ്രൂഷ എത്രയധികം തേജസ്സുള്ളതായിരിക്കും.

[9] കുറ്റക്കാരനെന്ന് വിധിക്കുന്ന പ്രമാണത്തിന്റെ ശുശ്രൂഷ തേജോമയമെങ്കിൽ കുറ്റവിമുക്തരാക്കുന്ന ശുശ്രൂഷ അതിലും എത്രയധികം ശോഭപരത്തുന്നതായിരിക്കും!

[10] ഒരിക്കൽ തേജസ്സുണ്ടായിരുന്നത്, അതിമഹത്തായ ഇപ്പോഴത്തെ തേജസ്സുമൂലം തേജസ്സറ്റതായിത്തീർന്നിരിക്കുന്നു.

[11] ഇങ്ങനെ പ്രസക്തി നഷ്ടമായിക്കൊണ്ടിരുന്ന ന്യായപ്രമാണം രംഗപ്രവേശം ചെയ്തത് അതിതേജസ്സോടെ ആയിരുന്നെങ്കിൽ, സുസ്ഥിരമായത് എത്രയധികം തേജസ്സുള്ളതായിരിക്കും!

[12] ഇങ്ങനെയൊരു പ്രത്യാശയുള്ളതുകൊണ്ടു നാം വളരെ ധൈര്യശാലികളായിരിക്കുന്നു.

[13] മാഞ്ഞുപൊയ്ക്കൊണ്ടിരുന്ന തേജസ്സ് ഇസ്രായേല്യർ കാണാതിരിക്കാൻ മോശ തന്റെ മുഖം മൂടുപടംകൊണ്ടു മറച്ചു. നമ്മുടെ സ്ഥിതി അങ്ങനെയല്ല.

[14] ഇങ്ങനെയായിട്ടും ഇസ്രായേൽജനതയുടെ ചിന്താഗതി കഠിനമായിപ്പോയിരുന്നു. പഴയ ഉടമ്പടി വായിക്കുമ്പോഴൊക്കെയും അതേ മൂടുപടം ഇന്നും അവശേഷിക്കുന്നു. അതിന് മാറ്റം വന്നിട്ടില്ല. കാരണം, ക്രിസ്തുവിലാണ് മൂടുപടത്തിന് നീക്കം വരുന്നത്.

[15] ഇന്നുവരെയും മോശയുടെ പുസ്തകം വായിക്കുമ്പോൾ ഒരു മൂടുപടം ഇസ്രായേൽജനതയുടെ ഹൃദയങ്ങളിൽ ശേഷിക്കുന്നു.

[16] എന്നാൽ, ഒരുവൻ കർത്താവായ ക്രിസ്തുവിലേക്കു തിരിയുമ്പോൾ മൂടുപടം നീങ്ങിപ്പോകുന്നു.

[17] കർത്താവ് ആത്മാവാകുന്നു, കർത്താവിന്റെ ആത്മാവുള്ളേടത്ത് സ്വാതന്ത്ര്യം ഉണ്ട്.

[18] അങ്ങനെ നാം എല്ലാവരും മൂടുപടം നീക്കപ്പെട്ട നമ്മുടെ മുഖങ്ങളിൽ കർത്താവിന്റെ തേജസ്സിനെ കണ്ണാടിപോലെ പ്രതിബിംബിക്കുന്നവരായി, കർത്താവിന്റെ ആത്മാവിൽനിന്ന് വർധമാനമായ തേജസ്സു പ്രാപിച്ചുകൊണ്ട്, അവിടത്തെ സാദൃശ്യത്തിലേക്കു രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്നു.

കൊരിന്ത്യർക്ക് എഴുതിയ രണ്ടാംലേഖനം — Chapters