Skip to content
Opens in a new window
Listen to this chapter • 5:50

[1] എന്റെ വാക്കുകൾ ഭോഷത്തമായി നിങ്ങൾക്കു തോന്നുന്നെങ്കിൽ അൽപ്പംകൂടി സഹിക്കുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു; ഇപ്പോൾത്തന്നെ നിങ്ങൾ സഹിക്കുന്നുണ്ടല്ലോ.

[2] ദൈവം നിങ്ങളെക്കുറിച്ച് അത്യന്തം ജാഗരൂകനായിരിക്കുന്നതുപോലെതന്നെ, ഞാനും നിങ്ങളെക്കുറിച്ച് ജാഗരൂകനായിരിക്കുന്നു. കാരണം, നിങ്ങളെ നിർമലകന്യകയായി ക്രിസ്തു എന്ന ഏകപുരുഷനു ഏൽപ്പിച്ചുകൊടുക്കാൻ ഞാൻ വിവാഹനിശ്ചയം ചെയ്തിരിക്കുന്നു.

[3] എന്നാൽ, പിശാച് ഹവ്വായെ തന്ത്രപൂർവം കബളിപ്പിച്ചതുപോലെ നിങ്ങളുടെയും ഹൃദയത്തെ ക്രിസ്തുവിനോടുള്ള പാതിവ്രത്യത്തിൽനിന്നും നിർമലതയിൽനിന്നും തെറ്റിച്ചുകളയുമോ എന്നു ഞാൻ ഭയപ്പെടുന്നു.

[4] ആരെങ്കിലും നിങ്ങളുടെ അടുക്കൽവന്ന് ഞങ്ങൾ പ്രസംഗിച്ചതിൽനിന്ന് വ്യത്യസ്തനായ മറ്റൊരു യേശുവിനെ പ്രസംഗിച്ചാലും, നിങ്ങൾ സ്വീകരിച്ചതിൽനിന്ന് വ്യത്യസ്തമായ ഒരാത്മാവിനെയോ ഒരുസുവിശേഷത്തെയോ നൽകിയാലും നിങ്ങൾ ഇവയെല്ലാം ആനന്ദത്തോടെ അംഗീകരിക്കുന്നല്ലോ!

[5] ഞാൻ “അതിശ്രേഷ്ഠരായ” ഇതര അപ്പൊസ്തലന്മാരെക്കാൾ ഒരു കാര്യത്തിലും കുറവുള്ളവനാണെന്ന് കരുതുന്നില്ല.

[6] എനിക്ക് പ്രഭാഷണനൈപുണ്യം ഇല്ലെങ്കിലും, പരിജ്ഞാനം ഇല്ലാത്തവനല്ല. ഇത് ഞങ്ങൾ എല്ലാവിധത്തിലും എല്ലായ്പ്പോഴും നിങ്ങൾക്കു തെളിയിച്ചുതന്നിട്ടുള്ളതാണ്.

[7] പ്രതിഫലം പറ്റാതെ ദൈവത്തിന്റെ സുവിശേഷം അറിയിച്ചുകൊണ്ടു നിങ്ങളെ ഉയർത്താൻവേണ്ടി, എന്നെത്തന്നെ താഴ്ത്തിയത് എന്റെ ഭാഗത്ത് ഒരു തെറ്റായിപ്പോയോ?

[8] നിങ്ങളെ ശുശ്രൂഷിക്കേണ്ടതിനായി ഞാൻ മറ്റു സഭകളെ കവർച്ച ചെയ്യുന്നതുപോലെയായിരുന്നു അവരിൽനിന്ന് സഹായം സ്വീകരിച്ചത്.

[9] നിങ്ങളോടുകൂടെ ആയിരുന്നപ്പോൾ ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടും നിങ്ങളിൽ ആർക്കും ഞാൻ ഭാരമായിത്തീർന്നിട്ടില്ല; മക്കദോന്യയിൽനിന്നു വന്ന സഹോദരന്മാരാണ് എന്റെ ആവശ്യങ്ങൾ നിറവേറ്റിയത്. നിങ്ങൾക്ക് ഒരുവിധത്തിലും ഭാരമാകാതെ ഞാൻ എന്നെത്തന്നെ സൂക്ഷിച്ചു; ഇനിയും സൂക്ഷിക്കും.

[10] എന്റെ ഈ അഭിമാനം നഷ്ടപ്പെടുത്താൻ അഖായയിലുള്ള ആർക്കും കഴിയുകയില്ല എന്നത്, എന്നിലുള്ള ക്രിസ്തുവിന്റെ സത്യംപോലെതന്നെ സുനിശ്ചിതമാണ്.

[11] എനിക്കു നിങ്ങളോട് സ്നേഹമില്ലാത്തതുകൊണ്ടാണോ? അതിന്റെ യാഥാർഥ്യം ദൈവം അറിയുന്നു.

[12] ഞങ്ങളോടു സമന്മാർ എന്ന് അവകാശപ്പെടാൻ അവസരം കാത്തിരിക്കുന്നവരുടെ ആത്മപ്രശംസ ഇല്ലാതാക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നവർക്ക് അതിന് അവസരം കൊടുക്കാതിരിക്കേണ്ടതിനാണ് ഞാൻ ഇങ്ങനെ പ്രവർത്തിക്കുന്നത്; ഇനിയും അങ്ങനെതന്നെ പ്രവർത്തിക്കും.

[13] അവർ വ്യാജയപ്പൊസ്തലന്മാർ, വഞ്ചകരായ വേലക്കാർ, ക്രിസ്തുവിന്റെ അപ്പൊസ്തലന്മാരുടെ വേഷംകെട്ടുന്നവർതന്നെ.

[14] ഇതിൽ ആശ്ചര്യപ്പെടാനെന്തിരിക്കുന്നു; സാത്താൻതന്നെയും പ്രകാശദൂതന്റെ വേഷം ധരിക്കുന്നല്ലോ!

[15] ആകയാൽ അവന്റെ വേലക്കാർ നീതിശുശ്രൂഷകന്മാരുടെ വേഷം ധരിക്കുന്നതിലും ആശ്ചര്യപ്പെടാനില്ല. അവരുടെ പ്രവൃത്തികൾക്കു തക്ക ന്യായവിധി അവസാനം അവർക്ക് ലഭിക്കും.

[16] ഞാൻ വീണ്ടും പറയട്ടെ: എന്നെ ഒരു ഭോഷൻ എന്ന് ആരും കരുതരുത്; അഥവാ കരുതിയാൽ, ഒരു ഭോഷൻ എന്നപോലെ എന്നെ സ്വീകരിക്കുക. അപ്പോൾ അൽപ്പമൊന്ന് പ്രശംസിക്കാൻ എനിക്കു കഴിയുമല്ലോ.

[17] ഇങ്ങനെയുള്ള ആത്മപ്രശംസ കർത്തൃഹിതപ്രകാരമല്ല, ഇത് ഒരു ഭോഷന്റെ ഭാഷണമാണ്.

[18] അനേകരും തങ്ങളുടെ ലൗകികനേട്ടങ്ങളിൽ അഹങ്കരിക്കുന്നു. എങ്കിൽ ഞാനും അൽപ്പം ആത്മപ്രശംസ നടത്തട്ടെ.

[19] നിങ്ങൾ ജ്ഞാനികൾ ആയിരിക്കെ, ആനന്ദപൂർവം ഭോഷന്മാരെ സ്വീകരിക്കുന്നല്ലോ!

[20] വാസ്തവം പറഞ്ഞാൽ, നിങ്ങളെ അടിമകളെപ്പോലെ ഉപയോഗിക്കുന്നവരെയും ചൂഷണം ചെയ്യുന്നവരെയും മുതലെടുക്കുന്നവരെയും നിങ്ങളുടെ ഇടയിൽ നേതാവാകാൻ ശ്രമിക്കുന്നവരെയും എന്തിനേറെപ്പറയുന്നു, നിങ്ങളുടെ മുഖത്തടിക്കുന്നവരെപ്പോലും നിങ്ങൾ സഹിക്കുന്നു!

[21] ഇത്രയൊക്കെ ചെയ്യാൻമാത്രം ഉള്ള ബലം ഞങ്ങൾക്കില്ലായിരുന്നു എന്നു ലജ്ജയോടെ ഞാൻ സമ്മതിക്കുന്നു. മറ്റാരെങ്കിലും പ്രശംസിക്കാൻ മുതിർന്നാൽ, ഒരു മൂഢനെപ്പോലെ ഞാൻ പറയട്ടെ, ഞാനും ഇത്തിരി പ്രശംസിക്കും.

[22] അവർ എബ്രായരോ? ഞാനും അതേ. അവർ ഇസ്രായേല്യരോ? ഞാനും അതേ. അവർ അബ്രഹാമിന്റെ പിൻഗാമികളോ? ഞാനും അതേ.

[23] അവർ ക്രിസ്തുവിന്റെ ദാസരോ? (സുബോധമില്ലാത്തവനെപ്പോലെ ഞാൻ സംസാരിക്കുന്നു) ഞാൻ അവരെക്കാൾ മികച്ച ദാസൻതന്നെ. ഞാൻ അവരെക്കാൾ അധികം അധ്വാനിച്ചു. അവരെക്കാൾ ഏറെത്തവണ തടവിലായി. അവരെക്കാൾ ഏറെ ക്രൂരമായി ചമ്മട്ടികൊണ്ട് അടിയേറ്റു, പലപ്രാവശ്യം മരണത്തെ മുഖാമുഖം കണ്ടു.

[24] അഞ്ചുപ്രാവശ്യം എന്റെ സ്വന്തം ജനമായ യെഹൂദരാൽ ഒന്നു കുറയെ നാൽപ്പത് അടികൊണ്ടു.

[25] മൂന്നുതവണ റോമാക്കാർ കോലുകൊണ്ട് അടിച്ചു. ഒരിക്കൽ കല്ലേറ് ഏറ്റു. മൂന്നുപ്രാവശ്യം കപ്പലപകടത്തിൽപ്പെട്ടു. ഒരു രാത്രിയും ഒരു പകലും കടലിൽ കിടന്നു.

[26] വിശ്രമം ഇല്ലാതെ യാത്രചെയ്തു. നദികളിലെ ആപത്ത്, കൊള്ളക്കാരാലുള്ള ആപത്ത്, സ്വജനത്തിൽനിന്നുള്ള ആപത്ത്, യെഹൂദേതരരിൽനിന്നുള്ള ആപത്ത്, നഗരത്തിലെ ആപത്ത്, വിജനസ്ഥലങ്ങളിലെ ആപത്ത്, സമുദ്രത്തിലെ ആപത്ത്, വ്യാജസഹോദരങ്ങളിൽനിന്നുള്ള ആപത്ത് എന്നിവയിലെല്ലാം ഞാൻ അകപ്പെട്ടു.

[27] പലപ്പോഴും രാത്രികളിൽ ഉറക്കമിളച്ചും, വിശപ്പും ദാഹവും സഹിച്ചും, പലപ്രാവശ്യം ആഹാരമില്ലാതെ വലഞ്ഞും, ശൈത്യത്തിലും, ആവശ്യത്തിനു വസ്ത്രമില്ലാതെയും ഞാൻ ക്ലേശിച്ച് അധ്വാനിച്ചു.

[28] ഇവയ്ക്കെല്ലാം പുറമെ എല്ലാ സഭകളെയുംകുറിച്ചുള്ള ചിന്താഭാരം എന്ന സമ്മർദവും ദിനംതോറും ഞാൻ സഹിക്കുന്നു.

[29] നിങ്ങളിൽ ആര് ബലഹീനനായപ്പോഴാണ് ഞാനും ബലഹീനൻ ആകാതെയിരുന്നിട്ടുള്ളത്? ആര് തെറ്റിലകപ്പെട്ടപ്പോഴാണ് ഞാൻ അതേക്കുറിച്ച് ദുഃഖിക്കാതിരുന്നിട്ടുള്ളത്?

[30] അഭിമാനിക്കണമെങ്കിൽ, ഞാൻ എന്റെ ബലഹീനതകളെക്കുറിച്ച് അഭിമാനിക്കും.

[31] നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ, ഞാൻ പറയുന്നതു വ്യാജമല്ല എന്നറിയുന്നു; അവിടന്ന് എന്നേക്കും വാഴ്ത്തപ്പെട്ടവൻ.

[32] അരേതാരാജാവ് നിയോഗിച്ച ഭരണാധികാരി ദമസ്കോസിൽവെച്ച് എന്നെ ബന്ധിക്കുന്നതിനായി ദമസ്കോസ് നഗരത്തിന് കാവൽ ഏർപ്പെടുത്തി.

[33] എന്നാൽ, എന്നെ ഒരു കുട്ടയിലാക്കി മതിലിലുള്ള ഒരു ജനാലയിലൂടെ താഴേക്കിറക്കുകയും അങ്ങനെ ഞാൻ അദ്ദേഹത്തിന്റെ കൈകളിൽനിന്നു രക്ഷപ്പെടുകയുംചെയ്തു.

കൊരിന്ത്യർക്ക് എഴുതിയ രണ്ടാംലേഖനം — Chapters