Skip to content
Opens in a new window
Listen to this chapter • 3:04

[1] സഹോദരങ്ങളേ, നിങ്ങൾ ഇപ്പോൾ ജീവിക്കുന്നത് ദൈവത്തെ പ്രസാദിപ്പിച്ച് ജീവിക്കേണ്ടത് എങ്ങനെയെന്ന് ഞങ്ങൾ ഉപദേശിച്ചതുപോലെയാണ്. നിങ്ങൾ ഇതിൽ കൂടുതൽ കൂടുതൽ വർധിച്ചുവരണമെന്നു, കർത്താവായ യേശുവിന്റെ നാമത്തിൽ ഞങ്ങൾ നിങ്ങളോട് അവസാനമായി അപേക്ഷിക്കുകയും ഉത്തേജിപ്പിക്കുകയുംചെയ്യുന്നു.

[2] കർത്താവായ യേശുവിന്റെ അധികാരത്താൽ ഞങ്ങൾ നിങ്ങൾക്കു നൽകിയിരുന്ന കൽപ്പനകൾ ഏതൊക്കെ എന്നു നിങ്ങൾക്കറിയാമല്ലോ.

[3] നിങ്ങൾ വിശുദ്ധീകരിക്കപ്പെടുക എന്നതാണ് ദൈവത്തിന്റെ അഭീഷ്ടം. നിങ്ങൾ ദൈവത്തെ അറിയാത്ത യെഹൂദേതരരെപ്പോലെ കാമാസക്തിയിൽപ്പെടാതെ, അസാന്മാർഗികത വിട്ടൊഴിഞ്ഞ്,

[5] വിശുദ്ധവും മാന്യവുമായി നിങ്ങളിൽ ഓരോരുത്തരും അവരവരുടെ ശരീരം കാത്തു സൂക്ഷിക്കാൻ പഠിക്കണം.

[6] ഈ കാര്യത്തിൽ ആരും സ്വസഹോദരങ്ങളേ ചതിക്കാനും ചൂഷണം ചെയ്യാനും പാടില്ല. ഇത്തരം പാപങ്ങൾ ചെയ്യുന്നവരെ കർത്താവ് ശിക്ഷിക്കാതിരിക്കുകയില്ല എന്ന് ഞങ്ങൾ മുൻകൂട്ടിത്തന്നെ നിങ്ങളോട് പറയുകയും താക്കീത് നൽകുകയും ചെയ്തിട്ടുള്ളതാണല്ലോ.

[7] ദൈവം നമ്മെ മലിനത നിറഞ്ഞ ജീവിതത്തിനല്ല മറിച്ച് വിശുദ്ധജീവിതം നയിക്കാനാണ് വിളിച്ചിരിക്കുന്നത്.

[8] ആകയാൽ ഈ നിർദേശങ്ങൾ നിരസിക്കുന്നയാൾ മനുഷ്യരെയല്ല; അവിടത്തെ പരിശുദ്ധാത്മാവിനെ നിങ്ങൾക്കു നൽകിയ ദൈവത്തെയാണ് നിഷേധിക്കുന്നത്.

[9] സഹോദരസ്നേഹത്തെപ്പറ്റി നിങ്ങൾക്ക് എഴുതേണ്ട ആവശ്യമില്ല; കാരണം പരസ്പരം സ്നേഹിക്കാൻ ദൈവത്തിൽനിന്ന് നിങ്ങൾ പഠിച്ചിരിക്കുന്നു.

[10] അങ്ങനെ നിങ്ങൾ മക്കദോന്യയിൽ എല്ലായിടത്തുമുള്ള എല്ലാ സഹോദരങ്ങളെയും സ്നേഹിക്കുന്നു. ഇതിൽ നിങ്ങൾ കൂടുതൽ കൂടുതൽ വർധിച്ചുവരണമെന്ന് ഞങ്ങൾ പ്രബോധിപ്പിക്കുന്നു.

[11] ഞങ്ങൾ നിങ്ങളോട് ആജ്ഞാപിച്ചതുപോലെ, സ്വന്തം കാര്യം നോക്കി നിങ്ങളുടെ ഉപജീവനം നടത്തി ശാന്തമായി ജീവിക്കുക എന്നതായിരിക്കട്ടെ നിങ്ങളുടെ ജീവിതലക്ഷ്യം. അങ്ങനെ നിങ്ങൾക്ക് അന്യരുടെ ആദരവ് ആർജിക്കാനും നിങ്ങളുടെ ആവശ്യങ്ങൾക്ക് മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാനും കഴിയും.

[13] സഹോദരങ്ങളേ, പ്രത്യാശയില്ലാത്ത മറ്റു മനുഷ്യർ, മരണമടഞ്ഞ വിശ്വാസികളെക്കുറിച്ച് അജ്ഞരായിരിക്കയാൽ വ്യസനിക്കുന്നു. നിങ്ങൾ അങ്ങനെ ആകരുതെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.

[14] യേശു മരണമടയുകയും ഉയിർത്തെഴുന്നേൽക്കുകയും ചെയ്തുവെന്നു നാം വിശ്വസിക്കുന്നു എങ്കിൽ യേശുവോടൊത്ത് മരണമടഞ്ഞവരെയും ദൈവം അവിടത്തോടൊപ്പം മടക്കിവരുത്തും.

[15] കർത്താവിന്റെ പുനരാഗമനംവരെ ജീവനോടെ അവശേഷിച്ചിരിക്കുന്നവരായ നാം മരണമടഞ്ഞവർക്കു മുമ്പേ ഉയിർത്തെഴുന്നേൽക്കുകയില്ല എന്നു കർത്താവിന്റെ വചനത്തെ ആധാരമാക്കി ഞങ്ങൾ നിങ്ങളോടു പറയുന്നു.

[16] കർത്താവ് താൻ അത്യുച്ച ആജ്ഞയോടും പ്രധാന ദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളധ്വനിയോടും കൂടെ സ്വർഗത്തിൽനിന്ന് ഇറങ്ങി വരികയും, ക്രിസ്തുവിൽ മരണമടഞ്ഞവർ ആദ്യം ഉയിർത്തെഴുന്നേൽക്കുകയുംചെയ്യും.

[17] അതിനുശേഷം, ജീവനോടെ അവശേഷിക്കുന്ന നാം അവരോടൊപ്പം ആകാശത്തിൽ കർത്താവിനെ എതിരേൽക്കാൻ മേഘങ്ങളിൽ എടുക്കപ്പെടും. ഇങ്ങനെ നാം അനന്തകാലം കർത്താവിനോടുകൂടെ വസിക്കും.

[18] ഈ വചനങ്ങളാൽ പരസ്പരം ആശ്വസിപ്പിക്കുക.

തെസ്സലോനിക്യർക്ക് എഴുതിയ ഒന്നാംലേഖനം — Chapters