Skip to content
Opens in a new window
Listen to this chapter • 3:54

[1] സഹോദരങ്ങളേ, ഞങ്ങൾ നിങ്ങളുടെ അടുക്കൽ വന്നത് നിഷ്ഫലമായില്ല എന്നു നിങ്ങൾ അറിയുന്നല്ലോ.

[2] മുമ്പ് ഞങ്ങൾ ഫിലിപ്പിയയിൽവെച്ച് കഷ്ടവും അതിഹീനമായ അപമാനവും സഹിച്ചത് നിങ്ങൾക്കറിയാമല്ലോ. അങ്ങനെ ശക്തമായ എതിർപ്പുണ്ടായിട്ടും നമ്മുടെ ദൈവത്തിന്റെ സഹായത്താൽ ദിവ്യസുവിശേഷം നിങ്ങളോടറിയിക്കാൻ ഞങ്ങൾ ധൈര്യപ്പെട്ടു.

[3] ഞങ്ങളുടെ പ്രബോധനം തെറ്റായതോ ദുരുദ്ദേശ്യപരമോ കാപട്യത്തിൽനിന്ന് ഉളവായതോ അല്ല;

[4] നേരേമറിച്ച്, സുവിശേഷം ഭരമേൽപ്പിക്കുന്നതിനു ദൈവം ഞങ്ങളെ യോഗ്യരായി അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങൾ പ്രസംഗിക്കുന്നത്. മനുഷ്യരെ അല്ല, ഹൃദയം പരിശോധിക്കുന്ന ദൈവത്തെത്തന്നെയാണ് ഞങ്ങൾ പ്രസാദിപ്പിക്കുന്നത്.

[5] ഞങ്ങൾ ഒരിക്കലും മുഖസ്തുതി പറയുകയോ കൗശലം പ്രയോഗിച്ച് നിങ്ങളിൽനിന്ന് ധനം അപഹരിക്കുകയോ ചെയ്തിട്ടില്ലെന്നു നിങ്ങൾക്ക് അറിയാം; അതിനു ദൈവം സാക്ഷി.

[6] ക്രിസ്തുവിന്റെ അപ്പൊസ്തലന്മാർ എന്നനിലയിൽ ഞങ്ങൾക്കുള്ള അവകാശങ്ങൾ ഉപയോഗിക്കാൻ കഴിയുമായിരുന്നെങ്കിലും നിങ്ങളിൽനിന്നോ, മറ്റാരിലെങ്കിലുംനിന്നോ പ്രശംസ ആഗ്രഹിച്ചിട്ടില്ല.

[7] പിന്നെയോ, ഞങ്ങൾ നിങ്ങളുടെ മധ്യത്തിൽ ശിശുക്കളെപ്പോലെയായിരുന്നു. ഒരു അമ്മ തന്റെ കുഞ്ഞുങ്ങളെ പരിചരിക്കുന്നതുപോലെയാണ് ഞങ്ങൾ നിങ്ങളെ ആർദ്രതയോടെ പരിചരിച്ചത്.

[8] നിങ്ങൾ ഞങ്ങളുടെ വത്സലർ ആയിത്തീർന്നതിനാൽ, ദൈവത്തിന്റെ സുവിശേഷംമാത്രമല്ല; ഞങ്ങളുടെ പ്രാണനുംകൂടി നിങ്ങൾക്കായി നൽകാൻ ഞങ്ങൾ തൽപ്പരർ ആയിരുന്നു.

[9] സഹോദരങ്ങളേ, ഞങ്ങൾ ദൈവത്തിന്റെ സുവിശേഷം നിങ്ങളെ അറിയിച്ചപ്പോൾ നിങ്ങൾക്കൊരു ഭാരമാകരുത് എന്നു കരുതിയാണ് ഞങ്ങൾ രാവും പകലും കഠിനാധ്വാനംചെയ്തു പണിയെടുത്തിരുന്നത്. ഇത് നിങ്ങൾ നിശ്ചയമായും ഓർക്കുമല്ലോ.

[10] വിശ്വാസികളായ നിങ്ങളുടെ മധ്യത്തിൽ ഞങ്ങൾ എത്ര പവിത്രരും നീതിനിഷ്ഠരും നിഷ്കളങ്കരും ആയിരുന്നെന്നതിനു നിങ്ങളും ദൈവവും സാക്ഷി.

[11] ഞങ്ങൾ നിങ്ങളോട് പെരുമാറിയത് ഒരു പിതാവ് സ്വന്തം മക്കളോട് പെരുമാറുന്നതുപോലെ ആയിരുന്നു എന്ന് നിങ്ങൾക്ക് അറിയാമല്ലോ. നിങ്ങളെ അവിടത്തെ രാജ്യത്തിലേക്കും മഹത്ത്വത്തിലേക്കും വിളിക്കുന്ന ദൈവത്തിന് യോഗ്യരായി ജീവിതം നയിക്കാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കാനും ആശ്വസിപ്പിക്കാനും ഉത്തേജിപ്പിക്കാനുമാണ് ഇപ്രകാരം പെരുമാറിയത്.

[13] ഞങ്ങളിൽനിന്നു കേട്ട ദൈവവചനം നിങ്ങൾ സ്വീകരിച്ചത് കേവലം മാനുഷികവാക്കുകളായിട്ടല്ല, അത് യഥാർഥത്തിൽ ആയിരിക്കുന്നതുപോലെ ദൈവത്തിന്റെ വചനമായിട്ടു തന്നെയായിരുന്നു. വിശ്വസിക്കുന്ന നിങ്ങളിൽ ഇപ്പോഴും അത് പ്രവർത്തനനിരതമായിരിക്കുന്നു. അതുനിമിത്തം ഞങ്ങൾ ദൈവത്തിനു നിരന്തരം സ്തോത്രംചെയ്യുന്നു.

[14] സഹോദരങ്ങളേ, സ്വന്തം ജനത്തിൽനിന്നു കഷ്ടം സഹിച്ചുകൊണ്ട് നിങ്ങളും യെഹൂദ്യ നാട്ടിൽ യെഹൂദരിൽനിന്നുതന്നെ കഷ്ടം സഹിച്ച ക്രിസ്തുയേശുവിലുള്ള ദൈവസഭകളെ അനുകരിക്കുന്നവരായിത്തീർന്നു.

[15] യെഹൂദർ കർത്താവായ യേശുവിനെയും പ്രവാചകന്മാരെയും വധിച്ചു; ഞങ്ങളെ ആട്ടിപ്പായിക്കുകയുംചെയ്തു. അവർ ദൈവത്തെ പ്രസാദിപ്പിക്കാത്തവരും സർവമനുഷ്യരോടും ശത്രുത പുലർത്തുന്നവരും ആണ്.

[16] യെഹൂദേതരർ രക്ഷിക്കപ്പെടാതിരിക്കാൻ അവരോടു പ്രസംഗിക്കുന്നതിൽനിന്നു ഞങ്ങളെ നിരോധിക്കുന്നു. അവർ തങ്ങളുടെ പാപങ്ങൾ എല്ലായ്പ്പോഴും കൂമ്പാരമായി കൂട്ടുന്നു. ഇത് നിമിത്തം ദൈവക്രോധം പൂർണമായി അവരുടെമേൽ നിപതിച്ചിരിക്കുന്നു.

[17] എന്നാൽ സഹോദരങ്ങളേ, മനസ്സില്ലാമനസ്സോടെ ആണെങ്കിലും നിങ്ങളിൽനിന്നും അൽപ്പകാലം, ഹൃദയംകൊണ്ടല്ല ശരീരംകൊണ്ടു വേർപിരിഞ്ഞതിനാൽ ഞങ്ങൾ നിങ്ങളെ മുഖാമുഖം കാണാൻ തീവ്രമായി ആഗ്രഹിക്കുകയും അതിനായി പരിശ്രമിക്കുകയുംചെയ്തു.

[18] എന്നാൽ നിങ്ങളെ സന്ദർശിക്കാൻ ഞങ്ങൾ—പ്രത്യേകിച്ചും പൗലോസ് എന്ന ഞാൻ, വീണ്ടും വീണ്ടും ആഗ്രഹിച്ചു, പക്ഷേ സാത്താൻ ഞങ്ങളുടെ വഴി തടഞ്ഞു.

[19] നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പുനരാഗമനത്തിൽ, തിരുമുമ്പിൽ ഞങ്ങളുടെ പ്രത്യാശയും ആനന്ദവും അഭിമാനകിരീടവും നിങ്ങൾ അല്ലെങ്കിൽ പിന്നെ എന്താണ്?

[20] അതേ, നിശ്ചയമായും നിങ്ങളാണ് ഞങ്ങളുടെ അഭിമാനവും ആനന്ദവും.

തെസ്സലോനിക്യർക്ക് എഴുതിയ ഒന്നാംലേഖനം — Chapters