Skip to content
Opens in a new window
Listen to this chapter • 3:40

[1] മകനേ, എന്റെ വചനങ്ങളെ പ്രമാണിച്ചു എന്റെ കല്പനകളെ നിന്റെ ഉള്ളിൽ സംഗ്രഹിച്ചുകൊൾക.

[2] നീ ജീവിച്ചിരിക്കേണ്ടതിന്നു എന്റെ കല്പനകളെയും ഉപദേശത്തെയും നിന്റെ കണ്ണിന്റെ കൃഷ്ണമണിയെപ്പോലെ കാത്തുകൊൾക.

[3] നിന്റെ വിരലിന്മേൽ അവയെ കെട്ടുക; ഹൃദയത്തിന്റെ പലകയിൽ എഴുതുക.

[4] ജ്ഞാനത്തോടു: നീ എന്റെ സഹോദരി എന്നു പറക; വിവേകത്തിന്നു സഖി എന്നു പേർ വിളിക്ക.

[5] അവ നിന്നെ പരസ്ത്രീയുടെ കയ്യിൽ നിന്നും ചക്കരവാക്കു പറയുന്ന അന്യസ്ത്രീയുടെ വശത്തുനിന്നും കാക്കും.

[6] ഞാൻ എന്റെ വീട്ടിന്റെ കിളിവാതില്ക്കൽ അഴിക്കിടയിൽകൂടി നോക്കിക്കൊണ്ടിരിക്കുമ്പോൾ

[7] ഭോഷന്മാരുടെ ഇടയിൽ ഒരുത്തനെ കണ്ടു; യൗവനക്കാരുടെ കൂട്ടത്തിൽ ബുദ്ധിഹീനനായോരു യുവാവിനെ കണ്ടറിഞ്ഞു.

[8] അവൻ വൈകുന്നേരം, സന്ധ്യാസമയത്തു, ഇരുട്ടും അന്ധകാരവുമുള്ള ഒരു രാത്രിയിൽ,

[9] അവളുടെ വീട്ടിന്റെ കോണിന്നരികെ വീഥിയിൽകൂടി കടന്നു, അവളുടെ വീട്ടിലേക്കുള്ള വഴിയെ നടന്നു ചെല്ലുന്നു.

[10] പെട്ടെന്നു ഇതാ, വേശ്യാവസ്ത്രം ധരിച്ചും ഹൃദയത്തിൽ ഉപായം പൂണ്ടും ഉള്ളോരു സ്ത്രീ അവനെ എതിരേറ്റുവരുന്നു.

[11] അവൾ മോഹപരവശയും തന്നിഷ്ടക്കാരത്തിയും ആകുന്നു; അവളുടെ കാൽ വീട്ടിൽ അടങ്ങിയിരിക്കയില്ല.

[12] ഇപ്പോൾ അവളെ വീഥിയിലും പിന്നെ വിശാലസ്ഥലത്തും കാണാം; ഓരോ കോണിലും അവൾ പതിയിരിക്കുന്നു.

[13] അവൾ അവനെ പിടിച്ചു ചുംബിച്ചു, ലജ്ജകൂടാതെ അവനോടു പറയുന്നതു:

[14] എനിക്കു സമാധാനയാഗങ്ങൾ ഉണ്ടായിരുന്നു; ഇന്നു ഞാൻ എന്റെ നേർച്ചകളെ കഴിച്ചിരിക്കുന്നു.

[15] അതുകൊണ്ടു ഞാൻ നിന്നെ കാണ്മാൻ ആഗ്രഹിച്ചു നിന്നെ എതിരേല്പാൻ പുറപ്പെട്ടു നിന്നെ കണ്ടെത്തിയിരിക്കുന്നു.

[16] ഞാൻ എന്റെ കട്ടിലിന്മേൽ പരവതാനികളും മിസ്രയീമ്യനൂൽകൊണ്ടുള്ള വരിയൻ പടങ്ങളും വിരിച്ചിരിക്കുന്നു.

[17] മൂറും അകിലും ലവംഗവുംകൊണ്ടു ഞാൻ എന്റെ മെത്ത സുഗന്ധമാക്കിയിരിക്കുന്നു.

[18] വരിക; വെളുക്കുംവരെ നമുക്കു പ്രേമത്തിൽ രമിക്കാം; കാമവിലാസങ്ങളാൽ നമുക്കു സുഖിക്കാം.

[19] പുരുഷൻ വീട്ടിൽ ഇല്ല; ദൂരയാത്ര പോയിരിക്കുന്നു;

[20] പണമടിശ്ശീല കൂടെ കൊണ്ടുപോയിട്ടുണ്ടു; പൗർണ്ണമാസിക്കേ വീട്ടിൽ വന്നെത്തുകയുള്ളു.

[21] ഇങ്ങനെ ഏറിയോരു ഇമ്പവാക്കുകളാൽ അവൾ അവനെ വശീകരിച്ചു അധരമാധുര്യംകൊണ്ടു അവനെ നിർബ്ബന്ധിക്കുന്നു.

[22] അറുക്കുന്നേടത്തേക്കു കാളയും ചങ്ങലയിലേക്കു ഭോഷനും പോകുന്നതുപോലെയും,

[23] പക്ഷി ജീവഹാനിക്കുള്ളതെന്നറിയാതെ കണിയിലേക്കു ബദ്ധപ്പെടുന്നതുപോലെയും കരളിൽ അസ്ത്രം തറെക്കുവോളം അവൻ അവളുടെ പിന്നാലെ ചെല്ലുന്നു.

[24] ആകയാൽ മക്കളേ, എന്റെ വാക്കു കേൾപ്പിൻ; എന്റെ വായിലെ വചനങ്ങളെ ശ്രദ്ധിപ്പിൻ.

[25] നിന്റെ മനസ്സു അവളുടെ വഴിയിലേക്കു ചായരുതു; അവളുടെ പാതകളിലേക്കു നീ തെറ്റിച്ചെല്ലുകയുമരുതു.

[26] അവൾ വീഴിച്ച ഹതന്മാർ അനേകർ; അവൾ കൊന്നുകളഞ്ഞവർ ആകെ വലിയോരു കൂട്ടം ആകുന്നു.

[27] അവളുടെ വീടു പാതാളത്തിലേക്കുള്ള വഴിയാകുന്നു; അതു മരണത്തിന്റെ അറകളിലേക്കു ചെല്ലുന്നു.

സദൃശവാക്യങ്ങൾ — Chapters