Skip to content
Opens in a new window
Listen to this chapter • 4:31

[1] ഹൃദയത്തിലെ നിരൂപണങ്ങൾ മനുഷ്യന്നുള്ളവ; നാവിന്റെ ഉത്തരമോ യഹോവയാൽ വരുന്നു.

[2] മനുഷ്യന്നു തന്റെ വഴികളൊക്കെയും വെടിപ്പായി തോന്നുന്നു; യഹോവയോ ആത്മാക്കളെ തൂക്കിനോക്കുന്നു.

[3] നിന്റെ പ്രവൃത്തികളെ യഹോവെക്കു സമർപ്പിക്ക; എന്നാൽ നിന്റെ ഉദ്ദേശങ്ങൾ സാധിക്കും.

[4] യഹോവ സകലത്തെയും തന്റെ ഉദ്ദേശത്തിന്നായി ഉണ്ടാക്കിയിരിക്കുന്നു; അനർത്ഥദിവസത്തിന്നായി ദുഷ്ടനെയും കൂടെ.

[5] ഗർവ്വമുള്ള ഏവനും യഹോവെക്കു വെറുപ്പു; അവന്നു ശിക്ഷ വരാതിരിക്കയില്ല എന്നതിന്നു ഞാൻ കയ്യടിക്കുന്നു.

[6] ദയയും വിശ്വസ്തതയുംകൊണ്ടു അകൃത്യം പരിഹരിക്കപ്പെടുന്നു; യഹോവാഭക്തികൊണ്ടു മനുഷ്യർ ദോഷത്തെ വിട്ടകലുന്നു.

[7] ഒരുത്തന്റെ വഴികൾ യഹോവെക്കു ഇഷ്ടമായിരിക്കുമ്പോൾ അവൻ അവന്റെ ശത്രുക്കളെയും അവനോടു ഇണക്കുന്നു.

[8] ന്യായരഹിതമായ വലിയ വരവിനെക്കാൾ നീതിയോടെയുള്ള അല്പം നല്ലതു.

[9] മനുഷ്യന്റെ ഹൃദയം തന്റെ വഴിയെ നിരൂപിക്കുന്നു; അവന്റെ കാലടികളെയോ യഹോവ ക്രമപ്പെടുത്തുന്നു.

[10] രാജാവിന്റെ അധരങ്ങളിൽ അരുളപ്പാടുണ്ടു; ന്യായവിധിയിൽ അവന്റെ വായ് പിഴെക്കുന്നതുമില്ല.

[11] ഒത്ത വെള്ളിക്കോലും ത്രാസും യഹോവെക്കുള്ളവ; സഞ്ചിയിലെ പടി ഒക്കെയും അവന്റെ പ്രവൃത്തിയാകുന്നു.

[12] ദുഷ്ടത പ്രവർത്തിക്കുന്നതു രാജാക്കന്മാർക്കു വെറുപ്പു; നീതികൊണ്ടല്ലോ സിംഹാസനം സ്ഥിരപ്പെടുന്നതു.

[13] നീതിയുള്ള അധരങ്ങൾ രാജാക്കന്മാർക്കു പ്രസാദം; നേർ പറയുന്നവനെ അവർ സ്നേഹിക്കുന്നു.

[14] രാജാവിന്റെ ക്രോധം മരണദൂതന്നു തുല്യം; ജ്ഞാനമുള്ള മനുഷ്യനോ അതിനെ ശമിപ്പിക്കും.

[15] രാജാവിന്റെ മുഖപ്രകാശത്തിൽ ജീവൻ ഉണ്ടു; അവന്റെ പ്രസാദം പിന്മഴെക്കുള്ള മേഘംപോലെയാകുന്നു.

[16] തങ്കത്തെക്കാൾ ജ്ഞാനത്തെ സമ്പാദിക്കുന്നതു എത്ര നല്ലതു! വെള്ളിയെക്കാൾ വിവേകം സമ്പാദിക്കുന്നതു എത്ര ഉത്തമം!

[17] ദോഷം അകറ്റിനടക്കുന്നതു നേരുള്ളവരുടെ പെരുവഴി; തന്റെ വഴി സൂക്ഷിക്കുന്നവൻ തന്റെ പ്രാണനെ കാത്തുകൊള്ളുന്നു.

[18] നാശത്തിന്നു മുമ്പെ ഗർവ്വം; വീഴ്ചക്കു മുമ്പെ ഉന്നതഭാവം.

[19] ഗർവ്വികളോടുകൂടെ കവർച്ച പങ്കിടുന്നതിനെക്കാൾ താഴ്മയുള്ളവരോടുകൂടെ താഴ്മയുള്ളവനായിരിക്കുന്നതു നല്ലതു.

[20] തിരുവചനം പ്രമാണിക്കുന്നവൻ നന്മ കണ്ടെത്തും; യഹോവയിൽ ആശ്രയിക്കുന്നവൻ ഭാഗ്യവാൻ.

[21] ജ്ഞാനഹൃദയൻ വിവേകി എന്നു വിളിക്കപ്പെടും; അധരമാധുര്യം വിദ്യയെ വർദ്ധിപ്പിക്കുന്നു.

[22] വിവേകം വിവേകിക്കു ജീവന്റെ ഉറവാകുന്നു; ഭോഷന്മാരുടെ പ്രബോധനമോ ഭോഷത്വം തന്നേ.

[23] ജ്ഞാനിയുടെ ഹൃദയം അവന്റെ വായെ പഠിപ്പിക്കുന്നു; അവന്റെ അധരങ്ങൾക്കു വിദ്യ വർദ്ധിപ്പിക്കുന്നു.

[24] ഇമ്പമുള്ള വാക്കു തേൻകട്ടയാകുന്നു; മനസ്സിന്നു മധുരവും അസ്ഥികൾക്കു ഔഷധവും തന്നേ;

[25] ചിലപ്പോൾ ഒരു വഴി മനുഷ്യന്നു ചൊവ്വായി തോന്നുന്നു; അതിന്റെ അവസാനമോ മരണവഴികൾ അത്രേ.

[26] പണിക്കാരന്റെ വിശപ്പു അവനെക്കൊണ്ടു പണി ചെയ്യിക്കുന്നു; അവന്റെ വായ് അവനെ അതിന്നായി നിർബ്ബന്ധിക്കുന്നു.

[27] നിസ്സാരമനുഷ്യൻ പാതകം എന്ന കുഴികുഴിക്കുന്നു; അവന്റെ അധരങ്ങളിൽ കത്തുന്ന തീ ഉണ്ടു.

[28] വക്രതയുള്ള മനുഷ്യൻ വഴക്കു ഉണ്ടാക്കുന്നു; ഏഷണിക്കാരൻ മിത്രങ്ങളെ ഭേദിപ്പിക്കുന്നു.

[29] സഹാസക്കാരൻ കൂട്ടുകാരനെ വശീകരിക്കയും കൊള്ളരുതാത്ത വഴിയിൽ നടത്തുകയും ചെയ്യുന്നു.

[30] കണ്ണു അടെക്കുന്നവൻ വക്രത നിരൂപിക്കുന്നു; വപ്പു കടിക്കുന്നവൻ ദോഷം നിവർത്തിക്കുന്നു.

[31] നരച്ച തല ശോഭയുള്ള കിരീടമാകുന്നു; നീതിയുടെ മാർഗ്ഗത്തിൽ അതിനെ പ്രാപിക്കാം.

[32] ദീർഘക്ഷമയുള്ളവൻ യുദ്ധവീരനിലും ജിതമാനസൻ പട്ടണം പിടിക്കുന്നവനിലും ശ്രേഷ്ഠൻ.

[33] ചീട്ടു മടിയിൽ ഇടുന്നു; അതിന്റെ വിധാനമോ യഹോവയാലത്രേ.

സദൃശവാക്യങ്ങൾ — Chapters