Skip to content
Opens in a new window
Listen to this chapter • 5:47

[1] ആഴ്ചവട്ടത്തിൽ ഒന്നാം നാൾ മഗ്ദലക്കാരത്തി മറിയ രാവിലെ ഇരുട്ടുള്ളപ്പോൾ തന്നേ കല്ലറെക്കൽ ചെന്നു കല്ലറവായ്ക്കൽ നിന്നു കല്ലു നീങ്ങിയിരിക്കുന്നതു കണ്ടു.

[2] അവൾ ഓടി ശിമോൻ പത്രൊസിന്റെയും യേശുവിന്നു പ്രിയനായ മറ്റെ ശിഷ്യന്റെയും അടുക്കൽ ചെന്നു: കർത്താവിനെ കല്ലറയിൽനിന്നു എടുത്തു കൊണ്ടുപോയി; അവനെ എവിടെ വെച്ചു എന്നു ഞങ്ങൾ അറിയുന്നില്ല എന്നു അവരോടു പറഞ്ഞു.

[3] അതുകൊണ്ടു പത്രൊസും മറ്റെ ശിഷ്യനും പുറപ്പെട്ടു കല്ലറെക്കൽ ചെന്നു.

[4] ഇരുവരും ഒന്നിച്ചു ഓടി; മറ്റെ ശിഷ്യൻ പത്രൊസിനെക്കാൾ വേഗത്തിൽ ഓടി ആദ്യം കല്ലെറക്കൽ എത്തി;

[5] കുനിഞ്ഞുനോക്കി ശീലകൾ കിടക്കുന്നതു കണ്ടു; അകത്തു കടന്നില്ലതാനും.

[6] അവന്റെ പിന്നാലെ ശിമോൻ പത്രൊസും വന്നു കല്ലറയിൽ കടന്നു

[7] ശീലകൾ കിടക്കുന്നതും അവന്റെ തലയിൽ ചുറ്റിയിരുന്ന റൂമാൽ ശീലകളോടുകൂടെ കിടക്കാതെ വേറിട്ടു ഒരിടത്തു ചുരുട്ടിവെച്ചിരിക്കുന്നതും കണ്ടു.

[8] ആദ്യം കല്ലെറക്കൽ എത്തിയ മറ്റെ ശിഷ്യനും അപ്പോൾ അകത്തു ചെന്നു കണ്ടു വിശ്വസിച്ചു.

[9] അവൻ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേൽക്കേണ്ടതാകുന്നു എന്നുള്ള തിരുവെഴുത്തു അവർ അതുവരെ അറിഞ്ഞില്ല.

[10] അങ്ങനെ ശിഷ്യന്മാർ വീട്ടിലേക്കു മടങ്ങിപ്പോയി.

[11] എന്നാൽ മറിയ കല്ലെറക്കൽ പുറത്തു കരഞ്ഞുകൊണ്ടു നിന്നു. കരയുന്നിടയിൽ അവൾ കല്ലറയിൽ കുനിഞ്ഞുനോക്കി.

[12] യേശുവിന്റെ ശരീരം കിടന്നിരുന്ന ഇടത്തു വെള്ളവസ്ത്രം ധരിച്ച രണ്ടു ദൂതന്മാർ ഒരുത്തൻ തലെക്കലും ഒരുത്തൻ കാൽക്കലും ഇരിക്കുന്നതു കണ്ടു.

[13] അവർ അവളോടു: സ്ത്രീയേ, നീ കരയുന്നതു എന്തു എന്നു ചോദിച്ചു. എന്റെ കർത്താവിനെ എടുത്തു കൊണ്ടുപോയി; അവനെ എവിടെ വെച്ചു എന്നു ഞാൻ അറിയുന്നില്ല എന്നു അവൾ അവരോടു പറഞ്ഞു.

[14] ഇതു പറഞ്ഞിട്ടു അവൾ പിന്നോക്കം തിരിഞ്ഞു, യേശു നില്ക്കുന്നതു കണ്ടു; യേശു എന്നു അറിഞ്ഞില്ല താനും.

[15] യേശു അവളോടു: സ്ത്രീയേ, നീ കരയുന്നതു എന്തു? ആരെ തിരയുന്നു എന്നു ചോദിച്ചു. അവൻ തോട്ടക്കാരൻ എന്നു നിരൂപിച്ചിട്ടു അവൾ: യജമാനനേ, നീ അവനെ എടുത്തുകൊണ്ടു പോയി എങ്കിൽ അവനെ എവിടെ വെച്ചു എന്നു പറഞ്ഞുതരിക; ഞാൻ അവനെ എടുത്തു കൊണ്ടുപൊയ്ക്കൊള്ളാം എന്നു അവനോടു പറഞ്ഞു.

[16] യേശു അവളോടു: മറിയയേ, എന്നു പറഞ്ഞു. അവൾ തിരിഞ്ഞു എബ്രായഭാഷയിൽ: റബ്ബൂനി എന്നു പറഞ്ഞു; അതിന്നു ഗുരു എന്നർത്ഥം.

[17] യേശു അവളോടു: എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.

[18] മഗ്ദലക്കാരത്തി മറിയ വന്നു താൻ കർത്താവിനെ കണ്ടു എന്നും അവൻ ഇങ്ങനെ തന്നോടു പറഞ്ഞു എന്നും ശിഷ്യന്മാരോടു അറിയിച്ചു.

[19] ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ ആയ ആ ദിവസം, നേരം വൈകിയപ്പോൾ ശിഷ്യന്മാർ ഇരുന്ന സ്ഥലത്തു യെഹൂദന്മാരെ പേടിച്ചു വാതിൽ അടെച്ചിരിക്കെ യേശു വന്നു നടുവിൽ നിന്നുകൊണ്ടു: നിങ്ങൾക്കു സമാധാനം എന്നു അവരോടു പറഞ്ഞു.

[20] ഇതു പറഞ്ഞിട്ടു അവൻ കയ്യും വിലാപ്പുറവും അവരെ കാണിച്ചു; കർത്താവിനെ കണ്ടിട്ടു ശിഷ്യന്മാർ സന്തോഷിച്ചു.

[21] യേശു പിന്നെയും അവരോടു: നിങ്ങൾക്കു സമാധാനം; പിതാവു എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയക്കുന്നു എന്നു പറഞ്ഞു.

[22] ഇങ്ങനെ പറഞ്ഞശേഷം അവൻ അവരുടെമേൽ ഊതി അവരോടു: പരിശുദ്ധാത്മാവിനെ കൈക്കൊൾവിൻ.

[23] ആരുടെ പാപങ്ങൾ നിങ്ങൾ മോചിക്കുന്നവോ അവർക്കു മോചിക്കപ്പെട്ടിരിക്കുന്നു; ആരുടെ പാപങ്ങൾ നിർത്തുന്നുവോ അവർക്കു നിർത്തിയിരിക്കുന്നു എന്നു പറഞ്ഞു.

[24] എന്നാൽ യേശു വന്നപ്പോൾ പന്തിരുവരിൽ ഒരുവനായ ദിദിമൊസ് എന്ന തോമാസ് അവരോടുകൂടെ ഉണ്ടായിരുന്നില്ല.

[25] മറ്റേ ശിഷ്യന്മാർ അവനോടു: ഞങ്ങൾ കർത്താവിനെ കണ്ടു എന്നു പറഞ്ഞാറെ: ഞാൻ അവന്റെ കൈകളിൽ ആണിപ്പഴുതു കാണുകയും ആണിപ്പഴുതിൽ വിരൽ ഇടുകയും അവന്റെ വിലാപ്പുറത്തു കൈ ഇടുകയും ചെയ്തിട്ടല്ലാതെ വിശ്വസിക്കയില്ല എന്നു അവൻ അവരോടു പറഞ്ഞു.

[26] എട്ടു ദിവസം കഴിഞ്ഞിട്ടു ശിഷ്യന്മാർ പിന്നെയും അകത്തു കൂടിയിരിക്കുമ്പോൾ തോമാസും ഉണ്ടായിരുന്നു. വാതിൽ അടെച്ചിരിക്കെ യേശു വന്നു നടുവിൽ നിന്നുകൊണ്ടു: നിങ്ങൾക്കു സമാധാനം എന്നു പറഞ്ഞു.

[27] പിന്നെ തോമാസിനോടു: നിന്റെ വിരൽ ഇങ്ങോട്ടു നീട്ടി എന്റെ കൈകളെ കാണ്ക; നിന്റെ കൈ നീട്ടി എന്റെ വിലാപ്പുറത്തു ഇടുക; അവിശ്വാസി ആകാതെ വിശ്വാസിയായിരിക്ക എന്നു പറഞ്ഞു.

[28] തോമാസ് അവനോടു: എന്റെ കർത്താവും എന്റെ ദൈവവും ആയുള്ളോവേ എന്നു ഉത്തരം പറഞ്ഞു.

[29] യേശു അവനോടു: നീ എന്നെ കണ്ടതുകൊണ്ടു വിശ്വസിച്ചു; കാണാതെ വിശ്വസിച്ചവർ ഭാഗ്യവാന്മാർ എന്നു പറഞ്ഞു.

[30] ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്നതല്ലാതെ മറ്റു അനേകം അടയാളങ്ങളും യേശു തന്റെ ശിഷ്യന്മാർ കാണ്കെ ചെയ്തു.

[31] എന്നാൽ യേശു ദൈവപുത്രനായ ക്രിസ്തുഎന്നു നിങ്ങൾ വിശ്വസിക്കേണ്ടതിന്നും വിശ്വസിച്ചിട്ടു അവന്റെ നാമത്തിൽ നിങ്ങൾക്കു ജീവൻ ഉണ്ടാകേണ്ടതിന്നും ഇതു എഴുതിയിരിക്കുന്നു.

യോഹന്നാൻ — Chapters