Skip to content
Opens in a new window
Listen to this chapter • 6:31

[1] പെസഹപെരുനാളിന്നു മുമ്പെ താൻ ഈ ലോകം വിട്ടു പിതാവിന്റെ അടുക്കൽ പോകുവാനുള്ള നാഴിക വന്നു എന്നു യേശു അറിഞ്ഞിട്ടു, ലോകത്തിൽ തനിക്കുള്ളവരെ സ്നേഹിച്ചതുപോലെ അവസാനത്തോളം അവരെ സ്നേഹിച്ചു.

[2] അത്താഴം ആയപ്പോൾ പിശാചു, ശിമോന്റെ മകനായ യൂദാ ഈസ്ക്കര്യോത്താവിന്റെ ഹൃദയത്തിൽ അവനെ കാണിച്ചുകൊടുപ്പാൻ തോന്നിച്ചിരുന്നു;

[3] പിതാവു സകലവും തന്റെ കയ്യിൽ തന്നിരിക്കുന്നു എന്നും താൻ ദൈവത്തിന്റെ അടുക്കൽനിന്നു വന്നു ദൈവത്തിന്റെ അടുക്കൽ പോകുന്നു എന്നും യേശു അറിഞ്ഞിരിക്കെ

[4] അത്താഴത്തിൽ നിന്നു എഴുന്നേറ്റു വസ്ത്രം ഊരിവെച്ചു ഒരു തുവർത്തു എടുത്തു അരയിൽ ചുറ്റി

[5] ഒരു പാത്രത്തിൽ വെള്ളം പകർന്നു ശിഷ്യന്മാരുടെ കാൽ കഴുകുവാനും അരയിൽ ചുറ്റിയിരുന്ന തുണികൊണ്ടു തുവർത്തുവാനും തുടങ്ങി.

[6] അവൻ ശിമോൻ പത്രൊസിന്റെ അടുക്കൽ വന്നപ്പോൾ അവൻ അവനോടു: കർത്താവേ, നീ എന്റെ കാൽ കഴുകുന്നുവോ എന്നു പറഞ്ഞു.

[7] യേശു അവനോടു: ഞാൻ ചെയ്യുന്നതു നീ ഇപ്പോൾ അറിയുന്നില്ല; പിന്നെ അറിയും എന്നു ഉത്തരം പറഞ്ഞു.

[8] നീ ഒരുനാളും എന്റെ കാൽ കഴുകുകയില്ല എന്നു പത്രൊസ് പറഞ്ഞു. അതിന്നു യേശു: ഞാൻ നിന്നെ കഴുകാഞ്ഞാൽ നിനക്കു എന്നോടുകൂടെ പങ്കില്ല എന്നു ഉത്തരം പറഞ്ഞു. അപ്പോൾ ശിമോൻ പത്രൊസ്:

[9] കർത്താവേ, എന്റെ കാൽ മാത്രമല്ല കയ്യും തലയും കൂടെ കഴുകേണമേ എന്നു പറഞ്ഞു.

[10] യേശു അവനോടു: കുളിച്ചിരിക്കുന്നവന്നു കാൽ അല്ലാതെ കഴുകുവാൻ ആവശ്യം ഇല്ല; അവൻ മുഴുവനും ശുദ്ധിയുള്ളവൻ; നിങ്ങൾ ശുദ്ധിയുള്ളവർ ആകുന്നു; എല്ലാവരും അല്ലതാനും എന്നു പറഞ്ഞു.

[11] തന്നെ കാണിച്ചുകൊടുക്കുന്നവനെ അറിഞ്ഞിരിക്കകൊണ്ടത്രേ എല്ലാവരും ശുദ്ധിയുള്ളവരല്ല എന്നു പറഞ്ഞതു.

[12] അവൻ അവരുടെ കാൽ കഴുകീട്ടു വസ്ത്രം ധരിച്ചു വീണ്ടും ഇരുന്നു അവരോടു പറഞ്ഞതു: ഞാൻ നിങ്ങൾക്കു ചെയ്തതു ഇന്നതു എന്നു അറിയുന്നുവോ?

[13] നിങ്ങൾ എന്നെ ഗുരുവെന്നും കർത്താവെന്നും വിളിക്കുന്നു; ഞാൻ അങ്ങനെ ആകകൊണ്ടു നിങ്ങൾ പറയുന്നതു ശരി.

[14] കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ കാൽ കഴുകി എങ്കിൽ നിങ്ങളും തമ്മിൽ തമ്മിൽ കാൽ കഴുകേണ്ടതാകുന്നു.

[15] ഞാൻ നിങ്ങൾക്കു ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന്നു ഞാൻ നിങ്ങൾക്കു ദൃഷ്ടാന്തം തന്നിരിക്കുന്നു.

[16] ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ദാസൻ യജമാനനെക്കാൾ വലിയവൻ അല്ല; ദൂതൻ തന്നെ അയച്ചവനെക്കാൾ വലിയവനുമല്ല.

[17] ഇതു നിങ്ങൾ അറിയുന്നു എങ്കിൽ ചെയ്താൽ ഭാഗ്യവാന്മാർ.

[18] നിങ്ങളെ എല്ലാവരെയും കുറിച്ചു പറയുന്നില്ല; ഞാൻ തിരഞ്ഞെടുത്തവരെ ഞാൻ അറിയുന്നു; എന്നാൽ “എന്റെ അപ്പം തിന്നുന്നവൻ എന്റെ നേരെ കുതികാൽ ഉയർത്തിയിരിക്കുന്നു” എന്നുള്ള തിരുവെഴുത്തിന്നു നിവൃത്തി വരേണ്ടതാകുന്നു.

[19] അതു സംഭവിക്കുമ്പോൾ ഞാൻ തന്നേ മശീഹ എന്നു നിങ്ങൾ വിശ്വസിക്കേണ്ടതിന്നു ഞാൻ ഇപ്പോൾ അതു സംഭവിക്കുംമുമ്പെ നിങ്ങളോടു പറയുന്നു.

[20] ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ഞാൻ അയക്കുന്നവനെ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവൻ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു.

[21] ഇതു പറഞ്ഞിട്ടു യേശു ഉള്ളം കലങ്ങി: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങളിൽ ഒരുത്തൻ എന്നെ കാണിച്ചുകൊടുക്കും എന്നു സാക്ഷീകരിച്ചു പറഞ്ഞു.

[22] ഇതു ആരെക്കുറിച്ചു പറയുന്നു എന്നു ശിഷ്യന്മാർ സംശയിച്ചു തമ്മിൽ തമ്മിൽ നോക്കി.

[23] ശിഷ്യന്മാരിൽ വെച്ചു യേശു സ്നേഹിച്ച ഒരുത്തൻ യേശുവിന്റെ മാർവ്വിടത്തു ചാരിക്കൊണ്ടിരുന്നു.

[24] ശിമോൻ പത്രൊസ് അവനോടു ആംഗ്യം കാട്ടി, അവൻ പറഞ്ഞതു ആരെക്കൊണ്ടു എന്നു ചോദിപ്പാൻ പറഞ്ഞു.

[25] അവൻ യേശുവിന്റെ നെഞ്ചോടു ചാഞ്ഞു: കർത്താവേ, അതു ആർ എന്നു ചോദിച്ചു.

[26] ഞാൻ അപ്പഖണ്ഡംമുക്കി കൊടുക്കുന്നവൻ തന്നേ എന്നു യേശു ഉത്തരം പറഞ്ഞു; ഖണ്ഡം മുക്കി ശിമോൻ ഈസ്കര്യോത്താവിന്റെ മകനായ യൂദെക്കു കൊടുത്തു.

[27] ഖണ്ഡം വാങ്ങിയ ഉടനെ സാത്താൻ അവനിൽ കടന്നു; യേശു അവനോടു: നീ ചെയ്യുന്നതു വേഗത്തിൽ ചെയ്ക എന്നു പറഞ്ഞു.

[28] എന്നാൽ ഇതു ഇന്നതിനെക്കുറിച്ചു പറഞ്ഞുവെന്നു പന്തിയിൽ ഇരുന്നവരിൽ ആരും അറിഞ്ഞില്ല.

[29] പണസ്സഞ്ചി യൂദയുടെ പക്കൽ ആകയാൽ പെരുനാളിന്നു വേണ്ടുന്നതു മേടിപ്പാനോ ദരിദ്രർക്കു വല്ലതും കൊടുപ്പാനോ യേശു അവനോടു കല്പിക്കുന്നു എന്നു ചിലർക്കു തോന്നി.

[30] ഖണ്ഡം വാങ്ങിയ ഉടനെ അവൻ എഴുന്നേറ്റുപോയി, അപ്പോൾ രാത്രി ആയിരുന്നു.

[31] അവൻ പോയശേഷം യേശു പറഞ്ഞതു: ഇപ്പോൾ മനുഷ്യപുത്രൻ മഹത്വപ്പെട്ടിരിക്കുന്നു; ദൈവവും അവനിൽ മഹത്വപ്പെട്ടിരിക്കുന്നു;

[32] ദൈവം അവനിൽ മഹത്വപ്പെട്ടിരിക്കുന്നു എങ്കിൽ ദൈവം അവനെ തന്നിൽ തന്നേ മഹത്വപ്പെടുത്തും; ക്ഷണത്തിൽ അവനെ മഹത്വപ്പെടുത്തും.

[33] കുഞ്ഞുങ്ങളേ, ഞാൻ ഇനി കുറഞ്ഞോന്നു മാത്രം നിങ്ങളോടുകൂടെ ഇരിക്കും; നിങ്ങൾ എന്നെ അന്വേഷിക്കും; ഞാൻ പോകുന്ന ഇടത്തു നിങ്ങൾക്കു വരുവാൻ കഴികയില്ല എന്നു ഞാൻ യെഹൂദന്മാരോടു പറഞ്ഞതുപോലെ ഇന്നു നിങ്ങളോടും പറയുന്നു.

[34] നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നു പുതിയോരു കല്പന ഞാൻ നിങ്ങൾക്കു തരുന്നു; ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നു തന്നേ.

[35] നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാർ എന്നു എല്ലാവരും അറിയും.

[36] ശിമോൻ പത്രൊസ് അവനോടു: കർത്താവേ, നീ എവിടെ പോകന്നു എന്നു ചോദിച്ചതിന്നു: ഞാൻ പോകുന്ന ഇടത്തേക്കു നിനക്കു ഇപ്പോൾ എന്നെ അനുഗമിപ്പാൻ കഴികയില്ല; പിന്നെത്തേതിൽ നീ എന്നെ അനുഗമിക്കും എന്നു യേശു അവനോടു ഉത്തരം പറഞ്ഞു.

[37] പത്രൊസ് അവനോടു: കർത്താവേ, ഇപ്പോൾ എനിക്കു നിന്നെ അനുഗമിപ്പാൻ കഴിയാത്തതു എന്തു? ഞാൻ എന്റെ ജീവനെ നിനക്കു വേണ്ടി വെച്ചുകളയും എന്നു പറഞ്ഞു.

[38] അതിന്നു യേശു: നിന്റെ ജീവനെ എനിക്കുവേണ്ടി വെച്ചുകളയുമോ? ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: നീ മൂന്നു പ്രാവശ്യം എന്നെ തള്ളിപ്പറയുവോളം കോഴി കൂകുകയില്ല എന്നു ഉത്തരം പറഞ്ഞു.

യോഹന്നാൻ — Chapters