Skip to content
Opens in a new window
Listen to this chapter • 9:17

[1] അന്ത്യൊക്ക്യയിലെ സഭയിൽ ബർന്നബാസ്, നീഗർ എന്നു പേരുള്ള ശിമോൻ, കുറേനക്കാരനായ ലൂക്യൊസ്, ഇടപ്രഭുവുമായ ഹെരോദാവോടുകൂടെ വളർന്ന മനായേൻ, ശൗൽ എന്നീ പ്രവാചകന്മാരും ഉപദേഷ്ടാക്കന്മാരും ഉണ്ടായിരുന്നു.

[2] അവർ കർത്താവിനെ ആരാധിച്ചും ഉപവസിച്ചുംകൊണ്ടിരിക്കുമ്പോൾ: ഞാൻ ബർന്നബാസിനെയും ശൗലിനെയും വിളിച്ചിരിക്കുന്ന വേലെക്കായിട്ടു അവരെ എനിക്കു വേർതിരിപ്പിൻ എന്നു പരിശുദ്ധാത്മാവു പറഞ്ഞു.

[3] അങ്ങനെ അവർ ഉപവസിച്ചു പ്രാർത്ഥിച്ചു അവരുടെ മേൽ കൈവെച്ചു അവരെ പറഞ്ഞയച്ചു.

[4] പരിശുദ്ധാത്മാവു അവരെ പറഞ്ഞയച്ചിട്ടു അവർ സെലൂക്യയിലേക്കു ചെന്നു; അവിടെ നിന്നു കപ്പൽ കയറി കുപ്രൊസ് ദ്വീപിലേക്കുപോയി,

[5] സലമീസിൽ ചെന്നു യെഹൂദന്മാരുടെ പള്ളിയിൽ ദൈവവചനം അറിയിച്ചു. യോഹന്നാൻ അവർക്കു ഭൃത്യനായിട്ടു ഉണ്ടായിരുന്നു.

[6] അവർ ദ്വീപിൽകൂടി പാഫൊസ് വരെ ചെന്നപ്പോൾ ബർയേശു എന്നു പേരുള്ള യെഹൂദനായി കള്ള പ്രവാചകനായോരു വിദ്വാനെ കണ്ടു.

[7] അവൻ ബുദ്ധിമാനായ സെർഗ്ഗ്യൊസ് പൗലൊസ് എന്ന ദേശാധിപതിയോടു കൂടെ ആയിരുന്നു; അവൻ ബർന്നബാസിനെയും ശൗലിനെയും വരുത്തി ദൈവവചനം കേൾപ്പാൻ ആഗ്രഹിച്ചു.

[8] എന്നാൽ എലീമാസ് എന്ന വിദ്വാൻ - ഇതാകുന്നു അവന്റെ പേരിന്റെ അർത്ഥം - അവരോടു എതിർത്തുനിന്നു ദേശാധിപതിയുടെ വിശ്വാസം തടുത്തുകളവാൻ ശ്രമിച്ചു.

[9] അപ്പോൾ പൗലൊസ് എന്നും പേരുള്ള ശൗൽ പരിശുദ്ധാത്മപൂർണ്ണനായി അവനെ ഉറ്റുനോക്കി:

[10] ഹേ സകലകപടവും സകല ധൂർത്തും നിറഞ്ഞവനേ, പിശാചിന്റെ മകനേ, സർവ നീതിയുടെയും ശത്രുവേ, കർത്താവിന്റെ നേർവഴികളെ മറിച്ചുകളയുന്നത് നീ മതിയാക്കുകയില്ലയോ?

[11] ഇപ്പോൾ കർത്താവിന്റെ കൈ നിന്റെ മേൽ വീഴും; നീ ഒരു സമയത്തേക്കു സൂര്യനെ കാണാതെ കുരുടനായിരിക്കും എന്നു പറഞ്ഞു. ഉടനെ ഒരു തിമിരവും ഇരുട്ടും അവന്റെ മേൽ വീണു; കൈപിടിച്ചു നടത്തുന്നവരെ തിരഞ്ഞുകൊണ്ടു അവൻ തപ്പിനടന്നു.

[12] ഈ ഉണ്ടായത് ദേശാധിപതി കണ്ടിട്ടു കർത്താവിന്റെ ഉപദേശത്തിൽ വിസ്മയിച്ചു വിശ്വസിച്ചു.

[13] പൗലൊസും കൂടെയുള്ളവരും പാഫൊസിൽനിന്നു കപ്പൽ നീക്കി, പംഫുല്യാദേശത്തിലെ പെർഗ്ഗെക്കു ചെന്നു. അവിടെവെച്ചു യോഹന്നാൻ അവരെ വിട്ടുപിരിഞ്ഞു യെരൂശലേമിലേക്കു മടങ്ങിപ്പോയി.

[14] അവരോ പെർഗ്ഗയിൽനിന്നു പുറപ്പെട്ടു പിസിദ്യാദേശത്തിലെ അന്ത്യൊക്ക്യയിൽ എത്തി ശബ്ബത്ത് നാളിൽ പള്ളിയിൽ ചെന്നു ഇരുന്നു.

[15] ന്യായപ്രമാണവും പ്രവാചകങ്ങളും വായിച്ചുതീർന്നപ്പോൾ പള്ളിപ്രമാണികൾ അവരുടെ അടുക്കൽ ആളയച്ചു: സഹോദരന്മാരേ, നിങ്ങൾക്കു ജനത്തോടു പ്രബോധനം വല്ലതും ഉണ്ടെങ്കിൽ പറവിൻ എന്നു പറയിച്ചു.

[16] പൗലൊസ് എഴുന്നേറ്റു ആംഗ്യം കാട്ടി പറഞ്ഞതു: യിസ്രായേൽ പുരുഷന്മാരും ദൈവഭക്തന്മാരും ആയുള്ളോരെ, കേൾപ്പിൻ.

[17] യിസ്രായേൽജനത്തിന്റെ ദൈവം നമ്മുടെ പിതാക്കന്മാരെ തിരഞ്ഞെടുത്തു, മിസ്രയീംദേശത്തിലെ പ്രവാസകാലത്തു ജനത്തെ വർദ്ധിപ്പിച്ചു, ഭുജവീര്യംകൊണ്ടു അവിടെനിന്നു പുറപ്പെടുവിച്ചു,

[18] മരുഭൂമിയിൽ നാല്പതു സംവത്സരകാലത്തോളം അവരുടെ സ്വഭാവം സഹിച്ചു,

[19] കനാൻദേശത്തിലെ ഏഴു ജാതികളെ ഒടുക്കി, അവരുടെ ദേശം അവർക്കു അവകാശമായി വിഭാഗിച്ചുകൊടുത്തു. അങ്ങനെ ഏകദേശം നാനൂറ്റമ്പതു സംവത്സരം കഴിഞ്ഞു.

[20] അതിന്റെശേഷം അവൻ അവർക്കു ശമൂവേൽ പ്രവാചകൻ വരെ ന്യായാധിപതിമാരെ കൊടുത്തു,

[21] അനന്തരം അവർ ഒരു രാജാവിനെ ചോദിച്ചു; ദൈവം അവർക്കു ബെന്യാമീൻ ഗോത്രക്കാരനായ കീശിന്റെ മകൻ ശൗലിനെ നാല്പതാണ്ടേക്കു കൊടുത്തു.

[22] അവനെ നീക്കീട്ടു ദാവീദിനെ അവർക്കു രാജാവായി വാഴിച്ചു: ഞാൻ യിശ്ശായിയുടെ മകനായ ദാവീദിനെ എനിക്കു ബോധിച്ച പുരുഷനായി കണ്ടു; അവൻ എന്റെ ഹിതം എല്ലാം ചെയ്യും എന്നു അവനെക്കുറിച്ചു സാക്ഷ്യം പറഞ്ഞു.

[23] അവന്റെ സന്തതിയിൽനിന്നു ദൈവം വാഗ്ദത്തം ചെയ്തതുപോലെ യിസ്രായേലിന്നു യേശു എന്ന രക്ഷിതാവിനെ കൊടുത്തു.

[24] അവന്റെ വരവിന്നു മുമ്പെ യോഹന്നാൻ യിസ്രായേൽജനത്തിന്നു ഒക്കെയും മാനസാന്തരത്തിന്റെ സ്നാനം പ്രസംഗിച്ചു.

[25] യോഹന്നാൻ ജീവകാലം തികവാറായപ്പോൾ: നിങ്ങൾ എന്നെ ആർ എന്നു നിരൂപിക്കുന്നു? ഞാൻ മശീഹയല്ല; അവൻ എന്റെ പിന്നാലെ വരുന്നു; അവന്റെ കാലിലെ ചെരിപ്പു അഴിപ്പാൻ ഞാൻ യോഗ്യനല്ല എന്നു പറഞ്ഞു.

[26] സഹോദരന്മാരേ, അബ്രാഹാംവംശത്തിലെ മക്കളും അവരോടു ചേർന്ന ദൈവഭക്തന്മാരുമായുള്ളാരേ, നമുക്കാകുന്നു ഈ രക്ഷാവചനം അയച്ചിരിക്കുന്നതു.

[27] യെരൂശലേം നിവാസികളും അവരുടെ പ്രമാണികളും അവനെയോ ശബ്ബത്തുതോറും വായിച്ചുവരുന്ന പ്രവാചകന്മാരുടെ വചനങ്ങളെയോ തിരിച്ചറിയാതെ അവനെ ശിക്ഷക്കു വിധിക്കയാൽ അവെക്കു നിവൃത്തിവരുത്തി.

[28] മരണത്തിന്നു ഒരു ഹേതുവും കാണാഞ്ഞിട്ടും അവനെ കൊല്ലേണം എന്നു അവർ പീലാത്തൊസിനോടു അപേക്ഷിച്ചു.

[29] അവനെക്കുറിച്ചു എഴുതിയിരിക്കുന്നതു ഒക്കെയും തികെച്ചശേഷം അവർ അവനെ മരത്തിൽനിന്നു ഇറക്കി ഒരു കല്ലറയിൽ വെച്ചു.

[30] ദൈവമോ അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു;

[31] അവൻ തന്നോടുകൂടെ ഗലീലയിൽനിന്നു യെരൂശലേമിലേക്കു വന്നവർക്കു ഏറിയ ദിവസം പ്രത്യക്ഷനായി; അവർ ഇപ്പോൾ ജനത്തിന്റെ മുമ്പാകെ അവന്റെ സാക്ഷികൾ ആകുന്നു.

[32] ദൈവം പിതാക്കന്മാരോടു ചെയ്ത വാഗ്ദത്തം യേശുവിനെ ഉയിർത്തെഴുന്നേല്പിച്ചതിനാൽ മക്കൾക്കു നിവർത്തിച്ചിരിക്കുന്നു എന്നു ഞങ്ങൾ നിങ്ങളോടു സുവിശേഷിക്കുന്നു.

[33] നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചു എന്നു രണ്ടാം സങ്കീർത്തനത്തിൽ എഴുതിയിരിക്കുന്നുവല്ലോ.

[34] ഇനി ദ്രവത്വത്തിലേക്കു തിരിയാതവണ്ണം അവൻ അവനെ മരിച്ചവരിനിന്നു എഴുന്നേല്പിച്ചതിനെക്കുറിച്ചു അവൻ: ദാവീദിന്റെ സ്ഥിരമായുള്ള വിശുദ്ധ കൃപകളെ ഞാൻ നിങ്ങൾക്കു നല്കും എന്നു പറഞ്ഞിരിക്കുന്നു

[35] മറ്റൊരു സങ്കീർത്തനത്തിലും: നിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ നീ വിട്ടുകൊടുക്കയില്ല എന്നു പറയുന്നു.

[36] ദാവീദ് തന്റെ തലമുറയിൽ ദൈവത്തിന്റെ ആലോചനക്കു ശുശ്രൂഷ ചെയ്തശേഷം നിദ്ര പ്രാപിച്ചു തന്റെ പിതാക്കന്മാരോടു ചേർന്നു ദ്രവത്വം കണ്ടു.

[37] ദൈവം ഉയിർത്തെഴുന്നേല്പിച്ചവനോ ദ്രവത്വം കണ്ടില്ല. ആകയാൽ സഹോദരന്മാരേ,

[38] ഇവൻ മൂലം നിങ്ങളോടു പാപമോചനം അറിയിക്കുന്നു എന്നും

[39] മോശെയുടെ ന്യായപ്രമാണത്താൽ നിങ്ങൾക്കു നീതീകരണം വരുവാൻ കഴിയാത്ത സകലത്തിൽ നിന്നും വിശ്വസിക്കുന്ന ഏവനും ഇവനാൽ നീതീകരിക്കപ്പെടുന്നു എന്നും നിങ്ങൾ അറിഞ്ഞുകൊൾവിൻ.

[40] ആകയാൽ: “ഹേ നിന്ദക്കാരേ, നോക്കുവിൻ ആശ്ചര്യപ്പെട്ടു നശിച്ചുപോകുവിൻ. നിങ്ങളുടെ കാലത്തു ഞാൻ ഒരു പ്രവൃത്തി ചെയ്യുന്നു; നിങ്ങളോടു വിവരിച്ചാൽ നിങ്ങൾ വിശ്വസിക്കാത്ത പ്രവൃത്തി തന്നേ”

[41] എന്നു പ്രവാചകപുസ്തകങ്ങളിൽ അരുളിച്ചെയ്തിരിക്കുന്നതു നിങ്ങൾക്കു ഭവിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ.

[42] അവർ പള്ളിവിട്ടു പോകുമ്പോൾ പിറ്റെ ശബ്ബത്തിൽ ഈ വചനം തങ്ങളോടു പറയേണം എന്നു അവർ അപേക്ഷിച്ചു.

[43] പള്ളി പിരിഞ്ഞശേഷം യെഹൂദന്മാരിലും ഭക്തിയുള്ള യെഹൂദമതാനുസാരികളിലും പലർ പൗലൊസിനെയും ബർന്നാബാസിനെയും അനുഗമിച്ചു; അവർ അവരോടു സംസാരിച്ചു ദൈവ കൃപയിൽ നിലനിൽക്കേണ്ടതിന്നു അവരെ ഉത്സാഹിപ്പിച്ചു.

[44] പിറ്റെ ശബ്ബത്തിൽ ഏകദേശം പട്ടണം മുഴുവനും ദൈവവചനം കേൾപ്പാൻ വന്നു കൂടി.

[45] യെഹൂദന്മാരോ പുരുഷാരത്തെ കണ്ടു അസൂയ നിറഞ്ഞവരായി ദുഷിച്ചുകൊണ്ടു പൗലൊസ് സംസാരിക്കുന്നതിന്നു എതിർ പറഞ്ഞു.

[46] അപ്പോൾ പൗലൊസും ബർന്നബാസും ധൈര്യംപൂണ്ടു: ദൈവവചനം ആദ്യം നിങ്ങളോടു പറയുന്നതു ആവശ്യമായിരുന്നു; എന്നാൽ നിങ്ങൾ അതിനെ തള്ളി നിങ്ങളെത്തന്നെ നിത്യജീവന്നു അയോഗ്യർ എന്നു വിധിച്ചുകളയുന്നതിനാൽ ഇതാ, ഞങ്ങൾ ജാതികളിലേക്കു തിരിയുന്നു.

[47] “നീ ഭൂമിയുടെ അറ്റത്തോളവും രക്ഷ ആകേണ്ടതിന്നു ഞാൻ നിന്നെ ജാതികളുടെ വെളിച്ചമാക്കി വെച്ചിരിക്കുന്നു” എന്നു കർത്താവു ഞങ്ങളോടു കല്പിച്ചിട്ടുണ്ടു എന്നു പറഞ്ഞു.

[48] ജാതികൾ ഇതു കേട്ടു സന്തോഷിച്ചു ദൈവവചനത്തെ മഹത്വപ്പെടുത്തി, നിത്യജീവന്നായി നിയമിക്കപ്പെട്ടവർ എല്ലാവരും വിശ്വസിച്ചു.

[49] കർത്താവിന്റെ വചനം ആ നാട്ടിൽ എങ്ങും വ്യാപിച്ചു.

[50] യെഹൂദന്മാരോ ഭക്തിയുള്ള മാന്യസ്ത്രീകളെയും പട്ടണത്തിലെ പ്രധാനികളെയും ഇളക്കി പൗലൊസിന്റെയും ബർന്നബാസിന്റെയും നേരെ ഉപദ്രവമുണ്ടാക്കി അവരെ തങ്ങളുടെ അതിരുകളിൽ നിന്നു പുറത്താക്കിക്കളഞ്ഞു.

[51] എന്നാൽ അവർ തങ്ങളുടെ കാലിലെ പൊടി അവരുടെ നേരെ തട്ടിക്കളഞ്ഞു ഇക്കോന്യയിലേക്കു പോയി.

[52] ശിഷ്യന്മാർ സന്തോഷവും പരിശുദ്ധാത്മാവും നിറഞ്ഞവരായിത്തീർന്നു.

അപ്പൊ. പ്രവൃത്തികൾ — Chapters