[1] തെയോഫിലൊസേ, ഞാൻ എഴുതിയ ഒന്നാമത്തെ ചരിത്രം യേശു തിരഞ്ഞെടുത്ത അപ്പൊസ്തലന്മാർക്കു പരിശുദ്ധാത്മാവിനാൽ കല്പന കൊടുത്തിട്ടു ആരോഹണം ചെയ്ത നാൾവരെ അവൻ ചെയ്തും ഉപദേശിച്ചും തുടങ്ങിയ സകലത്തെയും കുറിച്ചു ആയിരുന്നുവല്ലോ.
[2] അവൻ കഷ്ടം അനുഭവിച്ചശേഷം നാല്പതു നാളോളം അവർക്കു പ്രത്യക്ഷനായി ദൈവരാജ്യം സംബന്ധിച്ച കാര്യങ്ങൾ
[3] പറഞ്ഞുകൊണ്ടു താൻ ജീവിച്ചിരിക്കുന്നു എന്നു അനേകം ദൃഷ്ടാന്തങ്ങളാൽ അവർക്കു കാണിച്ചു കൊടുത്തു.
[4] അങ്ങനെ അവൻ അവരുമായി കൂടിയിരിക്കുമ്പോൾ അവരോടു: നിങ്ങൾ യെരൂശലേമിൽനിന്നു വാങ്ങിപ്പോകാതെ എന്നോടു കേട്ട പിതാവിന്റെ വാഗ്ദത്തത്തിനായി കാത്തിരിക്കേണം;
[5] യോഹന്നാൻ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു. നിങ്ങൾക്കോ ഇനി ഏറെനാൾ കഴിയുംമുമ്പെ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും എന്നു കല്പിച്ചു.
[6] ഒരുമിച്ചു കൂടിയിരുന്നപ്പോൾ അവർ അവനോടു: കർത്താവേ, നീ യിസ്രായേലിന്നു ഈ കാലത്തിലോ രാജ്യം യഥാസ്ഥാനത്താക്കിക്കൊടുക്കുന്നതു എന്നു ചോദിച്ചു.
[7] അവൻ അവരോടു: പിതാവു തന്റെ സ്വന്ത അധികാരത്തിൽ വെച്ചിട്ടുള്ള കാലങ്ങളെയോ സമയങ്ങളേയോ അറിയുന്നതു നിങ്ങൾക്കുള്ളതല്ല.
[8] എന്നാൽ പരിശുദ്ധാത്മാവു നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും എന്നു പറഞ്ഞു.
[9] ഇതു പറഞ്ഞശേഷം അവർ കാൺകെ അവൻ ആരോഹണം ചെയ്തു; ഒരു മേഘം അവനെ മൂടീട്ടു അവൻ അവരുടെ കാഴ്ചെക്കു മറഞ്ഞു.
[10] അവൻ പോകുന്നേരം അവർ ആകാശത്തിലേക്കു ഉറ്റുനോക്കുമ്പോൾ വെള്ള വസ്ത്രം ധരിച്ച രണ്ടു പുരുഷന്മാർ അവരുടെ അടുക്കൽനിന്നു:
[11] ഗലീലാപുരുഷന്മാരേ, നിങ്ങൾ ആകാശത്തിലേക്കു നോക്കിനില്ക്കുന്നതു എന്തു? നിങ്ങളെ വിട്ടു സ്വർഗ്ഗാരോഹണം ചെയ്ത ഈ യേശുവിനെ സ്വർഗ്ഗത്തിലേക്കു പോകുന്നവനായി നിങ്ങൾ കണ്ടതുപോലെ തന്നേ അവൻ വീണ്ടും വരും എന്നു പറഞ്ഞു.
[12] അവർ യെരൂശലേമിന്നു സമീപത്തു ഒരു ശബ്ബത്ത് ദിവസത്തെ വഴിദൂരമുള്ള ഒലീവ് മലവിട്ടു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.
[13] അവിടെ എത്തിയപ്പോൾ അവർ പാർത്ത മാളികമുറിയിൽ കയറിപ്പോയി, പത്രൊസ്, യോഹന്നാൻ, യാക്കോബ്, അന്ത്രെയാസ്, ഫിലിപ്പൊസ്, തോമസ്, ബർത്തൊലൊമായി, മത്തായി, അൽഫായുടെ മകനായ യക്കോബ്, എരിവുകാരനായ ശിമോൻ, യാക്കോബിന്റെ മകനായ യൂദാ ഇവർ എല്ലാവരും
[14] സ്ത്രീകളോടും യേശുവിന്റെ അമ്മയായ മറിയയോടും അവന്റെ സഹോദരന്മാരോടും കൂടെ ഒരുമനപ്പെട്ടു പ്രാർത്ഥന കഴിച്ചു പോന്നു.
[15] ആ കാലത്തു ഏകദേശം നൂറ്റിരുപതു പേരുള്ള ഒരു സംഘം കൂടിയിരിക്കുമ്പോൾ പത്രൊസ് സഹോദരന്മാരുടെ നടുവിൽ എഴുന്നേറ്റുനിന്നു പറഞ്ഞതു:
[16] സഹോദരന്മാരായ പുരുഷന്മാരേ, യേശുവിനെ പിടിച്ചവർക്കു വഴികാട്ടിയായിത്തീർന്ന യൂദയെക്കുറിച്ചു പരിശുദ്ധാത്മാവു ദാവീദ് മുഖാന്തരം മുൻപറഞ്ഞ തിരുവെഴുത്തിന്നു നിവൃത്തിവരുവാൻ ആവശ്യമായിരുന്നു.
[17] അവൻ ഞങ്ങളുടെ എണ്ണത്തിൽ ഉൾപ്പെട്ടവനായി ഈ ശുശ്രൂഷയിൽ പങ്കു ലഭിച്ചിരുന്നുവല്ലോ.
[18] ‒അവൻ അനീതിയുടെ കൂലികൊണ്ടു ഒരു നിലം മേടിച്ചു തലകീഴായി വീണു നടുവെ പിളർന്നു അവന്റെ കുടലെല്ലാം തുറിച്ചുപോയി.
[19] അതു യെരൂശലേമിൽ പാർക്കുന്ന എല്ലാവരും അറിഞ്ഞതാകകൊണ്ടു ആ നിലത്തിന്നു അവരുടെ ഭാഷയിൽ രക്തനിലം എന്നർത്ഥമുള്ള അക്കൽദാമാ എന്നു പേർ ആയി.
[20] ‒സങ്കീർത്തനപുസ്തകത്തിൽ: “അവന്റെ വാസസ്ഥലം ശൂന്യമായിപ്പോകട്ടെ; അതിൽ ആരും പാർക്കാതിരിക്കട്ടെ” എന്നും “അവന്റെ അദ്ധ്യക്ഷസ്ഥാനം മാറ്റൊരുത്തന്നു ലഭിക്കട്ടെ” എന്നും എഴുതിയിരിക്കുന്നു.
[21] ആകയാൽ കർത്താവായ യേശു യോഹന്നാന്റെ സ്നാനം മുതൽ നമ്മെ വിട്ടു ആരോഹണം ചെയ്ത നാൾ വരെ നമ്മുടെ ഇടയിൽ സഞ്ചരിച്ചുപോന്ന
[22] കാലത്തെല്ലൊം ഞങ്ങളോടു കൂടെ നടന്ന പുരുഷന്മാരിൽ ഒരുത്തൻ ഞങ്ങളോടു കൂടെ അവന്റെ പുനരുത്ഥാനത്തിനു സാക്ഷിയായിത്തീരേണം.
[23] അങ്ങനെ അവർ യുസ്തൊസ് എന്നു മറുപേരുള്ള ബർശബാ എന്ന യോസേഫ്, മത്ഥിയാസ് എന്നീ രണ്ടുപേരെ നിറുത്തി:
[24] സകല ഹൃദയങ്ങളെയും അറിയുന്ന കർത്താവേ, തന്റെ സ്ഥലത്തേക്കു പോകേണ്ടതിന്നു യൂദാ ഒഴിഞ്ഞുപോയ ഈ ശുശ്രൂഷയുടെയും അപ്പൊസ്തലത്വത്തിന്റെയും സ്ഥാനം ലഭിക്കേണ്ടതിന്നു
[25] ഈ ഇരുവരിൽ ഏവനെ നീ തിരഞ്ഞെടുത്തിരിക്കുന്നു എന്നു കാണിച്ചുതരേണമേ എന്നു പ്രാർത്ഥിച്ചു അവരുടെ പേർക്കു ചീട്ടിട്ടു:
[26] ചീട്ടു മത്ഥിയാസിന്നു വീഴുകയും അവനെ പതിനൊന്നു അപ്പൊസ്തലന്മാരുടെ കൂട്ടത്തിൽ എണ്ണുകയും ചെയ്തു.