Skip to content
Opens in a new window
Listen to this chapter • 2:16

[1] ദൈവത്തിന്റെ ദാസനും യേശുക്രിസ്തുവിന്റെ അപ്പൊസ്തലനുമായ പൗലോസ്, നമുക്കു പൊതുവായുള്ള വിശ്വാസത്തിൽ എന്റെ യഥാർഥ പുത്രതുല്യനായ തീത്തോസിന്, എഴുതുന്നത്: നിനക്കു പിതാവായ ദൈവത്തിൽനിന്നും നമ്മുടെ രക്ഷകനായ ക്രിസ്തുയേശുവിൽനിന്നും കൃപയും സമാധാനവും ഉണ്ടാകട്ടെ. ദൈവം തെരഞ്ഞെടുത്തവർ വിശ്വസിക്കാനും, ഭക്തിയിലേക്കു നയിക്കുന്ന സത്യത്തിന്റെ പരിപൂർണജ്ഞാനം അവർക്കു ലഭിക്കാനുമായി, നിത്യജീവന്റെ പ്രത്യാശ അവിടുത്തെ വചനത്തിന്റെ പ്രഘോഷണത്തിലൂടെ അവർക്കു വെളിപ്പെടുത്താൻ നമ്മുടെ രക്ഷകനായ ദൈവം എന്നെ ഭരമേൽപ്പിച്ചിരിക്കുന്നു. ഈ പ്രത്യാശ വ്യാജംപറയാത്ത ദൈവം കാലാരംഭത്തിനു മുൻപെ വാഗ്ദാനം ചെയ്തതും നിയുക്തസമയത്ത് വെളിപ്പെടുത്തിയതുമാണ്.

[5] ഞാൻ കൽപ്പിച്ചപ്രകാരം ന്യൂനതകൾ പരിഹരിക്കാനും എല്ലാ പട്ടണങ്ങളിലും സഭാമുഖ്യന്മാരെ അധികാരപ്പെടുത്താനും ആയിരുന്നു ഞാൻ നിന്നെ ക്രേത്തയിൽ വിട്ടേച്ചുപോന്നത്.

[6] സഭാമുഖ്യൻ കുറ്റമില്ലാത്തവനും ഏകപത്നീവ്രതനും ആയിരിക്കണം. അദ്ദേഹത്തിന്റെ മക്കൾ വിശ്വാസികളും വഴിപിഴച്ചവർ എന്ന കുറ്റാരോപണമോ അനുസരണക്കേടോ ഇല്ലാത്തവരും ആകണം.

[7] അധ്യക്ഷൻ ദൈവത്തിന്റെ കാര്യസ്ഥനാണ്. അതുകൊണ്ട് അദ്ദേഹം കുറ്റാരോപിതൻ ആയിരിക്കരുത്. ശാഠ്യബുദ്ധിക്കാരനും മുൻകോപിയും മദ്യാസക്തി ഉള്ളവനും അക്രമവാസനയുള്ളവനും അത്യാഗ്രഹിയും ആകരുത്.

[8] എന്നാൽ, അതിഥിയെ സൽക്കരിക്കുന്നവനും നല്ലത് ഇഷ്ടപ്പെടുന്നവനും സ്വയം നിയന്ത്രിക്കുന്നവനും നീതിമാനും ഭക്തനും ജിതേന്ദ്രിയനും ആയിരിക്കണം അധ്യക്ഷൻ.

[9] നിർമലോപദേശംകൊണ്ട് മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനും അതിനെ എതിർക്കുന്നവരെ ഖണ്ഡിക്കാനും കഴിയേണ്ടതിന് തനിക്ക് ലഭിച്ച വിശ്വാസയോഗ്യമായസന്ദേശം മുറുകെപ്പിടിക്കുന്നവനും ആയിരിക്കണം.

[10] കാരണം, വായാടികളും വഞ്ചകരുമായ അനേകംപേർ ഉണ്ട്. അവർ നിയന്ത്രണവിധേയരല്ല. പ്രത്യേകിച്ച് പരിച്ഛേദന ആവശ്യമെന്നു വാദിക്കുന്നവരാണിവർ.

[11] ഇവരെ നിശ്ശബ്ദരാക്കണം. കാരണം, അവർ അരുതാത്തത് ഉപദേശിച്ച് കുടുംബങ്ങളെ മുഴുവൻ തകിടംമറിച്ച് ലാഭേച്ഛയ്ക്കായി നടക്കുന്നവരാണ്.

[12] “ക്രേത്തർ നുണയന്മാരും മൃഗീയരും അലസന്മാരും തീറ്റിപ്പണ്ടങ്ങളും ആണെന്ന്,” അവരിൽ ഒരാൾ—അവരുടെതന്നെ ഒരു പ്രവാചകൻ—പറഞ്ഞിരിക്കുന്നു.

[13] ഈ സാക്ഷ്യം ശരിയാണ്. അവരെ ശക്തമായി ശാസിക്കുക. അവർ വിശ്വാസത്തിൽ സ്ഥിരപ്പെടേണ്ടതിനും,

[14] യെഹൂദ ഐതിഹ്യങ്ങൾക്കും സത്യത്തിൽനിന്ന് അകറ്റുന്നവരുടെ കൽപ്പനകൾക്കും ചെവികൊടുക്കാതിരിക്കേണ്ടതിനും ആണിത്.

[15] ശുദ്ധിയുള്ളവർക്ക് എല്ലാം ശുദ്ധമാണ്. എന്നാൽ, അശുദ്ധർക്കും അവിശ്വാസികൾക്കും ഒന്നും ശുദ്ധമല്ല. അവരുടെ മനസ്സും മനസ്സാക്ഷിയും അശുദ്ധമാണ്.

[16] അവർ ദൈവത്തെ അറിയുന്നെന്ന് വാദിക്കുന്നെങ്കിലും പ്രവൃത്തികളാൽ അവിടത്തെ നിഷേധിക്കുന്നു. അവർ മ്ലേച്ഛരും അനുസരണയില്ലാത്തവരും യാതൊരു സൽപ്രവൃത്തിക്കും കൊള്ളരുതാത്തവരുമാണ്.

തീത്തോസിന് എഴുതിയ ലേഖനം — Chapters