Skip to content
Opens in a new window
Listen to this chapter • 3:20

[1] അതുകൊണ്ട് എന്റെ പ്രിയരും ഞാൻ ഉൽക്കടമായി അഭിലഷിക്കുന്നവരുമായ സഹോദരങ്ങളേ, എന്റെ ആനന്ദവും മകുടവുമായ വത്സലരേ, കർത്താവിനോട് വിശ്വസ്തരായി ഇപ്രകാരംതന്നെ തുടരുക.

[2] യുവോദ്യയോടും ഞാൻ അപേക്ഷിക്കുന്നു, സുന്തുക്കയോടും അപേക്ഷിക്കുന്നു: നിങ്ങൾ കർത്താവിൽ ഏകഭാവമുള്ളവർ ആയിരിക്കുക.

[3] ജീവപുസ്തകത്തിൽ പേരുള്ള ക്ലെമന്റിനോടും മറ്റു സഹപ്രവർത്തകരോടുംകൂടെ സുവിശേഷഘോഷണത്തിൽ എന്നോടൊപ്പം പൊരുതിയ ഈ സഹോദരിമാരെ സഹായിക്കണേ എന്നാണ് എന്റെ വിശ്വസ്തസഹകാരിയായ നിന്നോട് ഞാൻ അപേക്ഷിക്കുന്നത്.

[4] കർത്താവിൽ എപ്പോഴും ആനന്ദിക്കുക; ആനന്ദിക്കുക എന്നു ഞാൻ വീണ്ടും പറയുന്നു.

[5] നിങ്ങളുടെ ആർദ്രതയോടുകൂടിയ പെരുമാറ്റം സകലരും അറിയുമാറാകട്ടെ. കർത്താവിന്റെ വരവ് ആസന്നമായിരിക്കുന്നു.

[6] ഒന്നിനെക്കുറിച്ചും വ്യാകുലപ്പെടരുത്, മറിച്ച് എല്ലാ കാര്യങ്ങളും പ്രാർഥനയോടും യാചനയോടും നിങ്ങളുടെ ആവശ്യങ്ങൾ ദൈവസന്നിധിയിൽ സ്തോത്രത്തോടുകൂടെ സമർപ്പിക്കുകയാണ് വേണ്ടത്.

[7] അങ്ങനെയെങ്കിൽ, മനുഷ്യന്റെ ഗ്രഹണശക്തിക്ക് അതീതമായ ദൈവികസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും ക്രിസ്തുയേശുവിൽ സംരക്ഷിക്കും.

[8] അവസാനമായി; സഹോദരങ്ങളേ, വിശ്വാസയോഗ്യവും ആദരണീയവും നീതിയുക്തവും നിർമലവും രമണീയവും അഭിനന്ദനാർഹവും ഇങ്ങനെയുള്ള ശ്രേഷ്ഠവും പ്രശംസാർഹവും ആയകാര്യങ്ങൾ വിചിന്തനം ചെയ്യുക.

[9] എന്നിൽനിന്നു നിങ്ങൾ പഠിച്ചതും ഞാൻ നിങ്ങൾക്ക് കൈമാറിയതും; നിങ്ങൾ കേട്ടതും ഞാൻ ചെയ്യുന്നതായി നിങ്ങൾ കണ്ടതുമായ വസ്തുതകളെല്ലാം പ്രായോഗികമാക്കുക. അങ്ങനെ ചെയ്താൽ സമാധാനദാതാവായ ദൈവം നിങ്ങളോടുകൂടെ നിവസിക്കും.

[10] വളരെ നാളുകൾക്കുശേഷം ഇപ്പോഴെന്നെ വീണ്ടും സഹായിക്കാൻ നിങ്ങളിലുണ്ടായ സന്മനസ്സിനായി ഞാൻ കർത്താവിൽ ഏറ്റവും ആനന്ദിക്കുന്നു, എന്നെ സഹായിക്കാനുള്ള സന്മനസ്സ് ഉണ്ടായിരുന്നു എങ്കിലും അതിനുള്ള അവസരം നിങ്ങൾക്ക് ലഭിച്ചിരുന്നില്ല.

[11] എന്റെ ദുർഭിക്ഷത നിമിത്തമല്ല ഞാനിത് പറയുന്നത്. ഉള്ളതുകൊണ്ട് സംതൃപ്തനായിരിക്കാൻ ഞാൻ പഠിച്ചിരിക്കുന്നു.

[12] ദുർഭിക്ഷതയിൽ ആയിരിക്കാനും സുഭിക്ഷതയിൽ ആയിരിക്കാനും എനിക്കറിയാം. ഏതു സാഹചര്യത്തിൽ ജീവിക്കാനും; തൃപ്തനായിരിക്കാനും വിശന്നിരിക്കാനും സമൃദ്ധിയിലായിരിക്കാനും ദാരിദ്ര്യത്തിലായിരിക്കാനും എല്ലാ അവസ്ഥയിലും ജീവിക്കുന്നതിന്റെ രഹസ്യം ഞാൻ പരിശീലിച്ചിരിക്കുന്നു.

[13] എന്നെ ശക്തീകരിക്കുന്ന ക്രിസ്തുവിന്റെ സഹായത്താൽ സർവവും ചെയ്യാൻ ഞാൻ പ്രാപ്തനായിരിക്കുന്നു.

[14] എന്നിട്ടും എന്റെ പ്രയാസങ്ങളിൽ നിങ്ങൾ എന്നെ സഹായിച്ചത് ശ്ലാഘനീയംതന്നെ.

[15] മാത്രമല്ല, ഫിലിപ്പിയരേ, ഞാൻ മക്കദോന്യയിൽനിന്ന് യാത്രതിരിച്ച് നിങ്ങൾക്കിടയിൽ സുവിശേഷം പ്രസംഗിച്ച ആദ്യനാളുകളിൽ, നിങ്ങളൊഴികെ മറ്റൊരു സഭയും സാമ്പത്തികകാര്യങ്ങളിൽ എന്നോടു പങ്കാളിത്തം കാണിച്ചില്ല എന്ന് നിങ്ങൾക്കറിയാമല്ലോ.

[16] ഞാൻ തെസ്സലോനിക്യയിൽ ആയിരുന്നപ്പോൾ നിങ്ങൾ എന്റെ ആവശ്യങ്ങൾക്കായി ഒന്നുരണ്ടുതവണ സഹായം അയച്ചുതന്നു.

[17] സാമ്പത്തികസഹായം ലഭിക്കാൻ ഞാൻ കാത്തിരിക്കുന്നു എന്നല്ല; പിന്നെയോ, നിങ്ങളുടെ കണക്കിൽ പ്രതിഫലം വർധിക്കാൻ ആഗ്രഹിക്കുകയാണ്.

[18] എനിക്ക് ആവശ്യമായതും അതിലധികവും ഇപ്പോഴുണ്ട്. എപ്പഫ്രൊദിത്തൊസിന്റെ കൈവശം നിങ്ങൾ കൊടുത്തയച്ച സമ്മാനങ്ങൾ സ്വീകരിച്ച് ഞാൻ ഇപ്പോൾ സംതൃപ്തനായിരിക്കുന്നു. അവ ദൈവത്തിനു പ്രസാദകരവും സൗരഭ്യമുള്ളതുമായ വഴിപാടും യാഗവുമായിത്തീർന്നിരിക്കുന്നു.

[19] എന്റെ ദൈവം നിങ്ങളുടെ ആവശ്യങ്ങളെല്ലാം അവിടത്തെ മഹിമാധനത്തിന് ഒത്തവണ്ണം ക്രിസ്തുയേശുവിൽ സമ്പൂർണമായി തീർത്തുതരും.

[20] നമ്മുടെ ദൈവമായ പിതാവിന്ന് എന്നെന്നേക്കും മഹത്ത്വം. ആമേൻ.

[21] എല്ലാവിശുദ്ധരെയും ക്രിസ്തുയേശുവിൽ അഭിവാദനംചെയ്യുക. എന്നോടൊപ്പമുള്ള സഹോദരങ്ങൾ നിങ്ങളെ അഭിവാദനംചെയ്യുന്നു.

[22] വിശുദ്ധർ എല്ലാവരും, വിശിഷ്യ കൈസറുടെ അരമനയിലുള്ളവരും നിങ്ങൾക്കു വന്ദനം അറിയിക്കുന്നു.

[23] കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളുടെ ആത്മാവോടുകൂടെ ഇരിക്കട്ടെ, ആമേൻ.

ഫിലിപ്പിയർക്ക് എഴുതിയ ലേഖനം — Chapters