Skip to content
Opens in a new window

[1] കനാനിലെ യുദ്ധങ്ങളെക്കുറിച്ച് അനുഭവമില്ലാത്ത ഇസ്രായേലിനെ ഒക്കെയും പരീക്ഷിക്കേണ്ടതിന് യഹോവ ശേഷിപ്പിച്ചിരുന്ന ജനതകൾ ഇവരായിരുന്നു.

[2] യുദ്ധം അറിഞ്ഞിട്ടില്ലാത്ത ഇസ്രായേൽമക്കളുടെ തലമുറകളെ യുദ്ധം അഭ്യസിപ്പിക്കേണ്ടതിന് യഹോവ ഇപ്രകാരം ചെയ്തു.

[3] മോശമുഖാന്തരം യഹോവ അവരുടെ പിതാക്കന്മാർക്കു നൽകിയിരുന്ന കൽപ്പനകൾ ഇസ്രായേൽ അനുസരിക്കുമോ എന്നു പരീക്ഷിക്കേണ്ടതിന്, ഫെലിസ്ത്യരുടെ അഞ്ചുഭരണാധിപന്മാരെയും കനാന്യർ എല്ലാവരെയും സീദോന്യരെയും ലെബാനോൻ പർവതത്തിൽ ബാൽ-ഹെർമോൻമുതൽ ലെബോ-ഹമാത്തിലേക്കുള്ള പ്രവേശനംവരെ പാർത്തിരുന്ന ഹിവ്യരെയും യഹോവ അവശേഷിപ്പിച്ചു.

[5] കനാന്യർ, ഹിത്യർ, അമോര്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ ഇടയിൽ ഇസ്രായേൽജനം വസിച്ചു.

[6] അവരുടെ പുത്രിമാരെ തങ്ങൾക്കു ഭാര്യമാരായി എടുക്കുകയും തങ്ങളുടെ പുത്രിമാരെ അവരുടെ പുത്രന്മാർക്കു കൊടുക്കുകയും അവരുടെ ദേവന്മാരെ സേവിക്കുകയും ചെയ്തു.

[7] ഇസ്രായേൽജനം യഹോവയുടെമുമ്പാകെ ഹീനകരമായ പ്രവൃത്തികൾചെയ്തു. തങ്ങളുടെ ദൈവമായ യഹോവയെ മറന്നു ബാൽവിഗ്രഹങ്ങളെയും അശേരാപ്രതിഷ്ഠകളെയും സേവിച്ചു.

[8] യഹോവയുടെ കോപം ഇസ്രായേലിന്റെനേരേ ജ്വലിച്ചു; അവിടന്ന് അവരെ അരാം-നെഹറയിമിലെ രാജാവായ കൂശൻ-രിശാഥയീമിനെ ഏൽപ്പിച്ചു; ഇസ്രായേൽജനം കൂശൻ-രിശാഥയീമിന് എട്ട് വർഷം അടിമകളായിരുന്നു.

[9] എന്നാൽ ഇസ്രായേൽമക്കൾ യഹോവയോടു നിലവിളിച്ചു. അപ്പോൾ യഹോവ, കാലേബിന്റെ അനുജനായ കെനസിന്റെ മകൻ ഒത്നിയേലിനെ അവരുടെ രക്ഷകനായി എഴുന്നേൽപ്പിച്ചു; അദ്ദേഹം അവരെ രക്ഷിച്ചു.

[10] യഹോവയുടെ ആത്മാവ് അദ്ദേഹത്തിന്റെമേൽ വന്നു; അദ്ദേഹം ഇസ്രായേലിലെ ന്യായാധിപനായി, യുദ്ധത്തിനു പുറപ്പെട്ടു. യഹോവ അരാമിയയിലെ രാജാവായ കൂശൻ-രിശാഥയീമിനെ ഒത്നിയേലിന്റെ കൈയിൽ ഏൽപ്പിച്ചു; അദ്ദേഹം കൂശൻ-രിശാഥയീമിനെ ജയിച്ചു.

[11] കെനസിന്റെ മകനായ ഒത്നിയേലിന്റെ മരണംവരെ ദേശത്തിന് നാൽപ്പതുവർഷം സ്വസ്ഥതയുണ്ടായി.

[12] ഇസ്രായേൽജനം വീണ്ടും യഹോവയുടെമുമ്പാകെ ഹീനകരമായ പ്രവൃത്തികൾചെയ്തു; അവർ യഹോവയ്ക്ക് അനിഷ്ടമായുള്ളത് ചെയ്യുകയാൽ യഹോവ മോവാബ് രാജാവായ എഗ്ലോനെ ഇസ്രായേലിനു വിരോധമായി ബലപ്പെടുത്തി.

[13] അദ്ദേഹം അമ്മോന്യരെയും അമാലേക്യരെയും ഒരുമിച്ചുകൂട്ടി ഇസ്രായേലിനെ തോൽപ്പിച്ചു, അവർ ഈന്തപ്പനപ്പട്ടണം കൈവശമാക്കി.

[14] അങ്ങനെ ഇസ്രായേൽജനം മോവാബ് രാജാവായ എഗ്ലോനെ പതിനെട്ടുവർഷം സേവിച്ചു.

[15] ഇസ്രായേൽജനം യഹോവയോടു നിലവിളിച്ചു. യഹോവ അവർക്ക് ബെന്യാമീന്യനായ ഗേരയുടെ മകനായി ഇടങ്കൈയ്യനായ ഏഹൂദിനെ രക്ഷകനായി എഴുന്നേൽപ്പിച്ചു. ഇസ്രായേൽജനം അദ്ദേഹത്തിന്റെ പക്കൽ മോവാബ് രാജാവായ എഗ്ലോന് കപ്പംകൊടുത്തയച്ചു.

[16] എന്നാൽ ഏഹൂദ് ഇരുവായ്ത്തലയും ഒരുമുഴം നീളവും ഉള്ള ഒരു ചുരിക ഉണ്ടാക്കി; അത് വസ്ത്രത്തിന്റെ ഉള്ളിൽ വലതുതുടയിൽ കെട്ടി.

[17] അദ്ദേഹം മോവാബ് രാജാവായ എഗ്ലോന്റെ അടുക്കൽ കപ്പംകൊണ്ടുചെന്നു; എഗ്ലോൻ വളരെയധികം തടിച്ചുകൊഴുത്ത ശരീരമുള്ളവനായിരുന്നു.

[18] ഏഹൂദ് കപ്പം രാജസന്നിധിയിൽ സമർപ്പിച്ചുകഴിഞ്ഞശേഷം കപ്പം ചുമന്നുകൊണ്ടുവന്നവരെ മടക്കി അയച്ചു.

[19] എന്നാൽ ഏഹൂദ് ഗിൽഗാലിനരികെയുള്ള ശിലാവിഗ്രഹങ്ങളുടെ അടുക്കൽ മടങ്ങിച്ചെന്നപ്പോൾ, താൻതന്നെ മടങ്ങിവന്ന്, “രാജാവേ, എനിക്കൊരു രഹസ്യസന്ദേശമുണ്ട്” എന്നു പറഞ്ഞു. അപ്പോൾ രാജാവ് അംഗരക്ഷകരോട്, “പുറത്തേക്കു പോകുക!” എന്നു കൽപ്പിച്ചു; ഉടനെ അടുക്കൽ നിന്നിരുന്ന എല്ലാവരും വെളിയിൽപോയി.

[20] ഏഹൂദ് അടുത്തുചെന്നു. എന്നാൽ എഗ്ലോൻ തന്റെ കൊട്ടാരത്തിൽ മുകളിലത്തെ നിലയിൽ തനിയേ ഇരിക്കുകയായിരുന്നു. “എനിക്കു ദൈവത്തിന്റെ അരുളപ്പാട് അറിയിക്കാനുണ്ട്,” എന്ന് ഏഹൂദ് പറഞ്ഞു. ഉടനെ അദ്ദേഹം ഇരിപ്പിടത്തിൽനിന്ന് എഴുന്നേറ്റു.

[21] ഏഹൂദ് ഇടങ്കൈകൊണ്ട് വലതുതുടയിൽനിന്നു ചുരിക ഊരി രാജാവിന്റെ വയറ്റിൽ കുത്തിക്കടത്തി.

[22] ചുരികയോടുകൂടെ പിടിയും അകത്തുചെന്നു; അദ്ദേഹത്തിന്റെ വയറ്റിൽനിന്നും ചുരിക അവൻ വലിച്ചെടുക്കായ്കയാൽ കൊഴുപ്പ് അതിനെ മൂടി.

[23] ഏഹൂദ് പുറത്തിറങ്ങി അദ്ദേഹത്തെ അകത്തിട്ട് കൊട്ടാരത്തിന്റെ മുകളിലത്തെ നിലയുടെ വാതിൽ അടച്ചുപൂട്ടി.

[24] ഏഹൂദ് പുറത്തിറങ്ങിപ്പോയശേഷം എഗ്ലോന്റെ ഭൃത്യന്മാർ വന്നു; മുകളിലത്തെ നിലയുടെ വാതിൽ പൂട്ടിയിരിക്കുന്നതുകണ്ടു. “അദ്ദേഹം ഉൾമുറിയിൽ വിസർജനത്തിന് ഇരിക്കുകയായിരിക്കും,” എന്ന് അവർ പറഞ്ഞു.

[25] അവർ കാത്തിരുന്നു വിഷമിച്ചു; അദ്ദേഹം മുറിയുടെ വാതിൽ തുറക്കാതിരുന്നതിനാൽ അവർ താക്കോൽകൊണ്ടു തുറന്നു; തങ്ങളുടെ പ്രഭു നിലത്തു മരിച്ചുകിടക്കുന്നത് അവർ കണ്ടു.

[26] എന്നാൽ അവർ കാത്തിരിക്കുന്നതിനിടയിൽ ഏഹൂദ് ഓടിപ്പോയി വിഗ്രഹങ്ങളെക്കടന്ന് സെയീരായിൽ എത്തിച്ചേർന്നു.

[27] അവിടെ എത്തിയശേഷം അദ്ദേഹം എഫ്രയീംപർവതത്തിൽ കാഹളം ഊതി. അങ്ങനെ ഇസ്രായേൽജനം അദ്ദേഹത്തോടുകൂടെ പർവതത്തിൽനിന്നിറങ്ങി; അദ്ദേഹം അവർക്കു നായകനായി.

[28] “എന്റെ പിന്നാലെ വരിക; ശത്രുക്കളായ മോവാബ്യരെ യഹോവ നിങ്ങളുടെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു,” എന്ന് ഏഹൂദ് ഇസ്രായേൽജനത്തോടു പറഞ്ഞു; അവർ അദ്ദേഹത്തിന്റെ പിന്നാലെചെന്ന് മോവാബിലേക്കുള്ള യോർദാന്റെ കടവുകൾ കൈവശമാക്കി. അതിലൂടെ കടന്നുപോകാൻ ആരെയും അനുവദിച്ചതുമില്ല.

[29] അവർ ആ സമയം മോവാബ്യരിൽ ഏകദേശം പതിനായിരംപേരെ വെട്ടിക്കളഞ്ഞു; അവർ എല്ലാവരും ബലവാന്മാരും യുദ്ധവീരന്മാരും ആയിരുന്നു; ആരും രക്ഷപ്പെട്ടില്ല.

[30] അങ്ങനെ അന്ന് മോവാബ് ഇസ്രായേലിന് കീഴടങ്ങി; ദേശത്തിന് എൺപതുവർഷം സ്വസ്ഥതയുണ്ടായി.

[31] ഏഹൂദിനുശേഷം അനാത്തിന്റെ മകനായ ശംഗർ എഴുന്നേറ്റു. അദ്ദേഹം ഒരു കലപ്പകൊണ്ട് ഫെലിസ്ത്യരിൽ അറുനൂറുപേരെ കൊന്നു; അദ്ദേഹവും ഇസ്രായേലിനെ രക്ഷിച്ചു.

ന്യായാധിപന്മാരുടെ പുസ്തകം — Chapters