Skip to content
Opens in a new window
Listen to this chapter • 3:56

[1] ധനികരേ, നിങ്ങൾക്കു വരാനിരിക്കുന്ന വിപത്തുകൾനിമിത്തം അലമുറയിട്ടു കരയുക.

[2] നിങ്ങളുടെ സമ്പത്ത് ജീർണിച്ചും വസ്ത്രങ്ങൾ പുഴുവരിച്ചും പോയിരിക്കുന്നു.

[3] നിങ്ങളുടെ സ്വർണവും വെള്ളിയും ക്ലാവു പിടിച്ചിരിക്കുന്നു. ആ ക്ലാവ്, നിങ്ങൾക്കു വിരോധമായി സാക്ഷ്യം പറയുകയും തീപോലെ നിങ്ങളുടെ ശരീരത്തെ കാർന്നുതിന്നുകയുംചെയ്യും. ഈ അന്ത്യനാളുകളിൽപ്പോലും നിങ്ങൾ സമ്പത്ത് സമാഹരിക്കുന്നു.

[4] ഇതാ, നിങ്ങളുടെ നിലങ്ങൾ കൊയ്തവരുടെ കൂലി നിങ്ങൾ പിടിച്ചുവെച്ചതു നിങ്ങൾക്കെതിരെ നിലവിളിക്കുന്നു. കൊയ്ത്തുകാരുടെ നിലവിളി സർവശക്തനായ കർത്താവിന്റെ കാതുകളിൽ എത്തിയിരിക്കുന്നു.

[5] നിങ്ങൾ ഭൂമിയിൽ സുഖലോലുപരായി ആഡംബരജീവിതം നയിച്ചു. കശാപ്പുദിവസത്തിനായി എന്നപോലെ നിങ്ങൾ ഹൃദയങ്ങളെ കൊഴുപ്പിച്ചിരിക്കുന്നു.

[6] നിങ്ങളോട് എതിർക്കാതിരിക്കുന്ന നിരപരാധിയെ നിങ്ങൾ കുറ്റം വിധിക്കുകയും കൊല്ലുകയുംചെയ്തു.

[7] സഹോദരങ്ങളേ, കർത്താവിന്റെ പുനരാഗമനംവരെ ദീർഘക്ഷമയോടെ ഇരിക്കുക. ഭൂമി നൽകുന്ന മെച്ചമായ വിളവിനായി മുൻമഴയും പിൻമഴയും പ്രതീക്ഷിച്ചുകൊണ്ട് എത്ര ക്ഷമയോടെയാണ് ഒരു കർഷകൻ കാത്തിരിക്കുന്നത്!

[8] നിങ്ങളും ക്ഷമയോടെ കാത്തിരിക്കുക; കർത്താവിന്റെ വരവു സമീപിച്ചിരിക്കുകയാൽ നിങ്ങൾ സ്ഥിരചിത്തരാകുക.

[9] സഹോദരങ്ങളേ, നിങ്ങൾ വിധിക്കപ്പെടാതെ ഇരിക്കേണ്ടതിന്, ആരും പരസ്പരം ദുരാരോപണം ഉന്നയിക്കരുത്. ഇതാ, ന്യായാധിപൻ വാതിൽക്കൽ ആയിരിക്കുന്നു!

[10] സഹോദരങ്ങളേ, കർത്താവിന്റെ നാമത്തിൽ സംസാരിച്ച പ്രവാചകരെ സഹനത്തിനും ദീർഘക്ഷമയ്ക്കും മാതൃകയായി സ്വീകരിക്കുക.

[11] കഷ്ടത സഹിഷ്ണുതയോടെ അഭിമുഖീകരിച്ചവരെ നാം അനുഗൃഹീതരായി പരിഗണിക്കുന്നു. ഇയ്യോബിന്റെ സഹിഷ്ണുതയെക്കുറിച്ചു നിങ്ങൾ കേൾക്കുകയും കർത്താവ് വരുത്തിയ ശുഭാന്ത്യം കാണുകയുംചെയ്തിരിക്കുന്നു. കർത്താവ് ദയാപൂർണനും കരുണാമയനും ആകുന്നു.

[12] സർവോപരി, എന്റെ സഹോദരങ്ങളേ, സ്വർഗത്തെക്കൊണ്ടോ ഭൂമിയെക്കൊണ്ടോ മറ്റ് എന്തിനെയെങ്കിലുംകൊണ്ടോ നിങ്ങൾ ശപഥംചെയ്യരുത്. നിങ്ങൾ “അതേ” എന്നു പറഞ്ഞാൽ “അതേ” എന്നും, “അല്ല” എന്നു പറഞ്ഞാൽ “അല്ല” എന്നും ആയിരിക്കട്ടെ. അല്ലാത്തപക്ഷം നിങ്ങൾ ശിക്ഷാർഹരാകും.

[13] നിങ്ങളിൽ കഷ്ടത സഹിക്കുന്നയാൾ പ്രാർഥിക്കട്ടെ. ആനന്ദം അനുഭവിക്കുന്നയാൾ ഗാനം ആലപിക്കട്ടെ.

[14] നിങ്ങളിൽ ഒരാൾ രോഗി ആണെങ്കിൽ സഭാമുഖ്യന്മാരെ വിളിക്കുക. അവർ കർത്താവിന്റെ നാമത്തിൽ എണ്ണ പുരട്ടി അയാൾക്കുവേണ്ടി പ്രാർഥിക്കട്ടെ.

[15] വിശ്വാസത്തോടെയുള്ള പ്രാർഥന രോഗിയെ സൗഖ്യമാക്കും. കർത്താവ് അയാളെ എഴുന്നേൽപ്പിക്കും; അയാൾ പാപംചെയ്തിട്ടുണ്ടെങ്കിൽ കർത്താവ് ക്ഷമിക്കും.

[16] ഇപ്രകാരം സൗഖ്യം ലഭിക്കേണ്ടതിന് പരസ്പരം പാപങ്ങൾ ഏറ്റുപറഞ്ഞ് ഓരോരുത്തർക്കുംവേണ്ടി മറ്റുള്ളവർ പ്രാർഥിക്കണം. നീതിമാന്റെ പ്രാർഥന വളരെ ശക്തവും ഫലപ്രദവുമാണ്.

[17] ഏലിയാവും നമ്മെപ്പോലെതന്നെ ഒരു മനുഷ്യൻ ആയിരുന്നു. മഴ പെയ്യാതിരിക്കാൻ അദ്ദേഹം ശ്രദ്ധയോടെ പ്രാർഥിച്ചപ്പോൾ ദേശത്തു മൂന്നര വർഷത്തേക്കു മഴ പെയ്തില്ല.

[18] അദ്ദേഹം വീണ്ടും പ്രാർഥിച്ചപ്പോൾ ആകാശം മഴ നൽകുകയും ഭൂമി അതിന്റെ വിളവ് ഉൽപ്പാദിപ്പിക്കുകയുംചെയ്തു.

[19] എന്റെ സഹോദരങ്ങളേ, നിങ്ങളിൽ ഒരാൾ സത്യംവിട്ട് ഉഴലുകയും അയാളെ ആരെങ്കിലും തിരികെ വിശ്വാസത്തിലേക്കു കൊണ്ടുവരികയുംചെയ്യുന്നെങ്കിൽ

[20] ഇത് അറിയുക: പാപിയെ തെറ്റിൽനിന്നു പിൻതിരിപ്പിക്കുന്ന ആൾ അയാളെ മരണത്തിൽനിന്നു രക്ഷിക്കും; അയാളുടെ അസംഖ്യമായ പാപങ്ങൾ മറയ്ക്കപ്പെടുകയുംചെയ്യും.

യാക്കോബ് എഴുതിയ ലേഖനം — Chapters