Skip to content
Opens in a new window

[1] ഞാൻ എന്റെ കൊത്തളങ്ങളിൽ കാവൽനിൽക്കും, കോട്ടമതിലിനു മുകളിൽത്തന്നെ ഞാൻ നിൽക്കും; അവൻ എന്നോടു സംസാരിക്കുന്നത് എന്തെന്നു ഞാൻ ശ്രദ്ധിക്കും ഈ ആവലാതിക്ക് ഞാൻ എന്തു മറുപടി നൽകും?

[2] അപ്പോൾ യഹോവ ഇപ്രകാരം മറുപടി നൽകി: “വെളിപ്പാട് എഴുതുക, ഓടിച്ചുവായിക്കാൻ തക്കവണ്ണം അതു ഫലകത്തിൽ വ്യക്തമായി എഴുതുക.

[3] കാരണം, വെളിപ്പാടു നിശ്ചിതസമയത്തിനായി കാത്തിരിക്കുന്നു; അത് അന്ത്യത്തെക്കുറിച്ചു സംസാരിക്കുന്നു, അതു തെറ്റുകയുമില്ല. താമസിച്ചാലും അതിനായി കാത്തിരിക്കുക; അതു നിശ്ചയമായും വരും, താമസിക്കുകയില്ല.

[4] “നോക്കൂ, ശത്രു അഹങ്കരിച്ചിരിക്കുന്നു; അവന്റെ ആഗ്രഹങ്ങൾ നേരുള്ളവയല്ല, എന്നാൽ നീതിമാനോ, വിശ്വാസത്താൽ ജീവിക്കും.

[5] വീഞ്ഞ് അവനെ ചതിക്കുന്നു; അവൻ ധിക്കാരി, അവനു സ്വസ്ഥത ലഭിക്കുന്നില്ല. കാരണം അവൻ ശവക്കുഴിപോലെ അത്യാർത്തിയുള്ളവൻ മരണത്തിന് ഒരിക്കലും തൃപ്തിവരാത്തതുപോലെതന്നെ, അവൻ സകലരാജ്യങ്ങളെയും തന്നോടു ചേർക്കുകയും സകലമനുഷ്യരെയും അടിമകളാക്കുകയും ചെയ്യുന്നു.

[6] “എല്ലാവരും അവനെ പരിഹസിക്കയും നിന്ദിക്കയും ചെയ്തുകൊണ്ട്, പറയുന്നു, “ ‘മോഷ്ടിച്ച വസ്തുക്കൾ കുന്നുകൂട്ടുന്നവനും ബലാൽക്കാരത്താൽ ധനികനാകുന്നവനും ഹാ കഷ്ടം! ഇത് എത്രകാലം നിലനിൽക്കും?’

[7] നിന്റെ കടക്കാർ പെട്ടെന്ന് എഴുന്നേൽക്കുകയില്ലേ. അവർ ഉണർന്നു നിന്നെ ഭയഭീതനാക്കുകയില്ലേ? അപ്പോൾ നീ അവർക്ക് ഇരയായിത്തീരും.

[8] നീ അനേകം രാജ്യങ്ങളെ കൊള്ളയടിച്ചതുനിമിത്തം, ശേഷിച്ച ജനം നിന്നെ കൊള്ളയിടും. നീ മനുഷ്യരക്തം ചൊരിഞ്ഞ്, ദേശത്തെയും പട്ടണങ്ങളെയും അവയിലുള്ള സകലരെയും നശിപ്പിക്കയും ചെയ്തതിനാൽത്തന്നെ.

[9] “ദുരാദായത്തിലൂടെ തന്റെ വീടുചമച്ച്, അനർഥത്തിൽനിന്നു രക്ഷപ്പെടാൻ തന്റെ കൂട് ഉയരത്തിൽ കെട്ടുന്നവനു ഹാ കഷ്ടം!

[10] അനേകം ജനതകളുടെ നാശത്തിനു നീ പദ്ധതിയിട്ടു; എന്നാൽ സ്വന്തം ഭവനത്തെ നീ ലജ്ജിപ്പിച്ചു; സ്വന്തജീവനെ നഷ്ടമാക്കി.

[11] ഭിത്തിയിലെ കല്ലുകൾ നിലവിളിക്കും മേൽക്കൂരയിലെ തുലാങ്ങളിൽ അതു പ്രതിധ്വനിക്കും.

[12] “രക്തംചിന്തി പട്ടണം പണിയുന്നവനും അതിക്രമത്താൽ നഗരം സ്ഥാപിക്കുന്നവനും ഹാ കഷ്ടം!

[13] ജനത്തിന്റെ അധ്വാനഫലം അഗ്നിക്കു ഇന്ധനമാകുന്നു എന്നും ജനം ഫലമില്ലാതെ അധ്വാനിക്കുന്നു എന്നും സൈന്യങ്ങളുടെ യഹോവ തീരുമാനിച്ചിട്ടില്ലയോ?

[14] സമുദ്രം വെള്ളത്താൽ നിറഞ്ഞിരിക്കുന്നതുപോലെ, ഭൂമി യഹോവയുടെ മഹത്ത്വത്തിന്റെ പരിജ്ഞാനംകൊണ്ടു നിറഞ്ഞിരിക്കും.

[15] “അയൽവാസിയുടെ നഗ്നത കാണേണ്ടതിന് അവരെ മദ്യം കുടിപ്പിക്കയും അവർക്കു മത്തുപിടിക്കുവോളം വീണ്ടും പകർന്നുകൊടുക്കയും ചെയ്യുന്നവർക്കു ഹാ കഷ്ടം!

[16] തേജസ്സിനു പകരം ലജ്ജ നിന്നെ മൂടും. ഇതാ, നിന്റെ ഊഴം വന്നിരിക്കുന്നു, കുടിച്ചുമത്തനായി നിന്റെ നഗ്നത അനാവൃതമാക്കുക! യഹോവയുടെ വലങ്കൈയിൽനിന്നുള്ള പാനപാത്രം നിന്റെ നേർക്കു വരുന്നു, ലജ്ജ നിന്റെ തേജസ്സിനെ മൂടും.

[17] നീ ലെബാനോൻ വനത്തോടു ചെയ്ത അതിക്രമം നിനക്കുമീതേ കവിഞ്ഞൊഴുകും, നീ നടത്തിയ വന്യമൃഗസംഹാരം നിന്നെ ഭയപ്പെടുത്തും. നീ മനുഷ്യരക്തം ചൊരിഞ്ഞ്, ദേശത്തെയും പട്ടണങ്ങളെയും അവയിലുള്ള ഏവരെയും നശിപ്പിച്ചതുകൊണ്ടുതന്നെ.

[18] “ഒരു മനുഷ്യൻ കൊത്തുപണിചെയ്തുണ്ടാക്കിയ വിഗ്രഹത്തിനും വ്യാജം പഠിപ്പിക്കുന്ന രൂപത്തിനും എന്തുവില? അതിനെ ഉണ്ടാക്കുന്നവർ സ്വന്തം കൈപ്പണിയിൽ ആശ്രയിക്കുകയും സംസാരിക്കാൻ കഴിയാത്ത വിഗ്രഹങ്ങളെ ഉണ്ടാക്കുകയും ചെയ്യുമല്ലോ.

[19] മരത്തോട്, ‘ജീവിക്കുക’ എന്നും ജീവനില്ലാത്ത ശിലയോട്, ‘ഉണരുക’ എന്നും പറയുന്നവനു ഹാ കഷ്ടം! മാർഗദർശനം നൽകാൻ അതിനു കഴിയുമോ? സ്വർണവും വെള്ളിയുംകൊണ്ട് അതിനെ പൊതിഞ്ഞിരിക്കുന്നു; അതിനുള്ളിൽ ശ്വാസമില്ല.”

[20] എന്നാൽ യഹോവ തന്റെ വിശുദ്ധമന്ദിരത്തിൽ ഉണ്ട്; സർവഭൂമിയും അവിടത്തെ സന്നിധിയിൽ മൗനമായിരിക്കട്ടെ.

ഹബക്കൂക്കിന്റെ പ്രവചനം — Chapters