Skip to content
Opens in a new window

[1] ഇതിനുശേഷം മോശയും ഇസ്രായേൽഗോത്രത്തലവന്മാരും ജനത്തോടു കൽപ്പിച്ചു: “ഇന്നു ഞാൻ നിങ്ങളോടു കൽപ്പിക്കുന്ന സകലപ്രമാണങ്ങളും പാലിക്കുക.

[2] നിങ്ങൾ യോർദാൻ കടന്ന് നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു നൽകുന്ന ദേശത്ത് എത്തുമ്പോൾ വലിയ കല്ലുകൾ പടുത്തുയർത്തി അതിൽ കുമ്മായം തേക്കണം.

[3] നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിങ്ങൾക്കു വാഗ്ദാനംചെയ്തതുപോലെ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു നൽകുന്ന പാലും തേനും ഒഴുകുന്ന ദേശത്ത് ഈ നദികടന്നു പ്രവേശിക്കുമ്പോൾ നീ ഈ നിയമത്തിന്റെ വചനങ്ങളെല്ലാം അവയിൽ എഴുതണം.

[4] അതുകൊണ്ട് നിങ്ങൾ യോർദാൻ കടന്നശേഷം ഞാൻ ഇന്നു നിങ്ങളോടു കൽപ്പിക്കുന്ന ഈ കല്ലുകൾ ഏബാൽപർവതത്തിൽ നാട്ടുകയും അവയിൽ കുമ്മായം തേക്കുകയും ചെയ്യണം.

[5] അവിടെ നിങ്ങളുടെ ദൈവമായ യഹോവയ്ക്കു കല്ലുകൊണ്ട് ഒരു യാഗപീഠം പണിയണം. അതിൽ ഇരുമ്പുകൊണ്ടുള്ള ആയുധം സ്പർശിക്കരുത്.

[6] ചെത്തിമിനുക്കാത്ത കല്ലുകൊണ്ട് നിന്റെ ദൈവമായ യഹോവയ്ക്ക് യാഗപീഠം പണിത് അതിന്മേൽനിന്റെ ദൈവമായ യഹോവയ്ക്ക് ഹോമയാഗം അർപ്പിക്കണം.

[7] അവിടെ സമാധാനയാഗങ്ങൾ അർപ്പിച്ച് നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ ഭക്ഷിക്കുകയും ആനന്ദിക്കുകയും വേണം.

[8] നീ ഉയർത്തിയ കല്ലുകളിൽ ഈ നിയമത്തിന്റെ വചനങ്ങൾ വളരെ വ്യക്തമായി എഴുതണം.”

[9] മോശയും ലേവ്യരായ പുരോഹിതന്മാരും എല്ലാ ഇസ്രായേൽജനത്തോടും ഇപ്രകാരം പറഞ്ഞു: “ഇസ്രായേലേ, നിശ്ശബ്ദരായിരുന്നു ശ്രവിക്കുക, ഇപ്പോൾ നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയുടെ ജനമായിത്തീർന്നിരിക്കുന്നു.

[10] അതുകൊണ്ട് നിങ്ങളുടെ ദൈവമായ യഹോവയുടെ വചനങ്ങൾ അനുസരിക്കുകയും ഞാൻ ഇന്നു നിങ്ങളോടു കൽപ്പിക്കുന്ന അവിടത്തെ സകലനിയമങ്ങളും ഉത്തരവുകളും പ്രമാണിക്കുകയും വേണം.”

[11] ആ ദിവസം മോശ വീണ്ടും ജനത്തോടു കൽപ്പിച്ചു:

[12] നിങ്ങൾ യോർദാൻനദി കടന്നശേഷം ജനത്തെ അനുഗ്രഹിക്കാൻ ഗെരിസീം പർവതത്തിൽ നിൽക്കേണ്ട ഗോത്രങ്ങൾ ഇവരാണ്: ശിമെയോൻ, ലേവി, യെഹൂദാ, യിസ്സാഖാർ, യോസേഫ്, ബെന്യാമീൻ.

[13] ശാപം ഉച്ചരിക്കാൻ ഏബാൽപർവതത്തിൽ നിൽക്കേണ്ട ഗോത്രങ്ങൾ ഇവരാണ്: രൂബേൻ, ഗാദ്, ആശേർ, സെബൂലൂൻ, ദാൻ, നഫ്താലി.

[14] ലേവ്യർ എല്ലാ ഇസ്രായേല്യരോടും ഇപ്രകാരം ഉറക്കെ വിളിച്ചുപറയണം:

[15] “ശില്പിയുടെ കരകൗശലമായി യഹോവയ്ക്ക് വെറുപ്പുള്ള പ്രതിമ കൊത്തിയുണ്ടാക്കുകയോ വിഗ്രഹം വാർത്തുണ്ടാക്കുകയോ ചെയ്ത് അവയെ രഹസ്യമായി പ്രതിഷ്ഠിക്കുന്നവർ ശപിക്കപ്പെട്ടവർ.” ജനമെല്ലാം “ആമേൻ” എന്നു പറയണം.

[16] “പിതാവിനെയോ മാതാവിനെയോ ബഹുമാനിക്കാത്തവർ ശപിക്കപ്പെട്ടവർ.” ജനമെല്ലാം “ആമേൻ” എന്നു പറയണം.

[17] “അയൽവാസിയുടെ അതിർത്തിക്കല്ലു നീക്കുന്നവർ ശപിക്കപ്പെട്ടവർ.” ജനമെല്ലാം “ആമേൻ” എന്നു പറയണം.

[18] “അന്ധരെ വഴിതെറ്റിക്കുന്നവർ ശപിക്കപ്പെട്ടവർ.” ജനമെല്ലാം “ആമേൻ” എന്നു പറയണം.

[19] “പ്രവാസികളുടെയും അനാഥരുടെയും വിധവയുടെയും ന്യായം മറച്ചുകളയുന്നവർ ശപിക്കപ്പെട്ടവർ.” ജനമെല്ലാം “ആമേൻ” എന്നു പറയണം.

[20] “പിതാവിന്റെ ഭാര്യയോടുകൂടെ ലൈംഗികബന്ധത്തിലേർപ്പെടുന്നവർ, പിതാവിന്റെ കിടക്ക മലിനപ്പെടുത്തിയതുകൊണ്ട് ശപിക്കപ്പെട്ടവർ.” ജനമെല്ലാം “ആമേൻ” എന്നു പറയണം.

[21] “ഏതെങ്കിലും മൃഗത്തോടുകൂടെ ലൈംഗികബന്ധത്തിലേർപ്പെടുന്നവർ ശപിക്കപ്പെട്ടവർ.” ജനമെല്ലാം “ആമേൻ” എന്നു പറയണം.

[22] “പിതാവിന്റെ മകളോ മാതാവിന്റെ മകളോ ആയ തന്റെ സഹോദരിയോടുകൂടെ ലൈംഗികബന്ധത്തിലേർപ്പെടുന്നവർ ശപിക്കപ്പെട്ടവർ.” ജനമെല്ലാം “ആമേൻ” എന്നു പറയണം.

[23] “അമ്മായിയമ്മയോടുകൂടെ ലൈംഗികബന്ധത്തിലേർപ്പെടുന്നവർ ശപിക്കപ്പെട്ടവർ.” ജനമെല്ലാം “ആമേൻ” എന്നു പറയണം.

[24] “അയൽവാസിയെ രഹസ്യമായി കൊല്ലുന്നവർ ശപിക്കപ്പെട്ടവർ” ജനമെല്ലാം “ആമേൻ” എന്നു പറയണം.

[25] “നിരപരാധിയായ ഒരു മനുഷ്യനെ കൊല്ലുന്നതിനു കൈക്കൂലി വാങ്ങുന്നവർ ശപിക്കപ്പെട്ടവർ.” ജനമെല്ലാം “ആമേൻ” എന്നു പറയണം.

[26] “ഈ ന്യായപ്രമാണത്തിലെ വചനങ്ങൾ പ്രമാണിച്ച് അനുസരിക്കാത്തവർ ശപിക്കപ്പെട്ടവർ.” ജനമെല്ലാം “ആമേൻ” എന്നു പറയണം.

ആവർത്തനപ്പുസ്തകം — Chapters