Skip to content
Opens in a new window
Listen to this chapter • 4:50

[1] എന്നാൽ വ്യാജപ്രവാചകരും ജനമധ്യത്തിൽ ഉണ്ടായിരുന്നു. അതുപോലെതന്നെ നിങ്ങളുടെ മധ്യത്തിലും വ്യാജഗുരുക്കൾ ഉണ്ടാകും. അവർ രഹസ്യമായി വിനാശകരമായ ദുരുപദേശങ്ങൾ അവതരിപ്പിക്കും; അവരെ വിലയ്ക്കു വാങ്ങിയ പരമനാഥനെ നിഷേധിക്കുകപോലും ചെയ്തുകൊണ്ട് അവർ തങ്ങളുടെമേൽ അതിവേഗം വിനാശം വരുത്തിവെക്കും.

[2] അവരുടെ ഈ ദുഷ് പ്രവണതയെ പലരും പിൻതുടരും; അവർ സത്യമാർഗത്തിന് അപമാനം വരുത്തും.

[3] അവർ അതിമോഹത്തോടെ സ്വയംമെനഞ്ഞെടുത്ത ഉപദേശങ്ങളാൽ നിങ്ങളെ ചൂഷണം ചെയ്യും. മുമ്പേതന്നെ നിശ്ചയിക്കപ്പെട്ട ശിക്ഷാവിധി അവരുടെമേൽ നിപതിക്കും, അതിന് കാലതാമസവും ഉണ്ടാകുകയില്ല.

[4] പാപംചെയ്തപ്പോൾ ദൂതന്മാരെപ്പോലും ദൈവം ഒഴിവാക്കാതെ അവരെ അന്ധകാരത്തിന്റെ ചങ്ങലയാൽ ബന്ധിച്ച്, ശിക്ഷാവിധിക്കായി തടവറയിൽ സൂക്ഷിച്ചിരിക്കുന്നു.

[5] അവിടന്ന് പൗരാണിക ലോകത്തെയും ഒഴിവാക്കിയില്ല. അഭക്തരുടെ ലോകത്തെ ജലപ്രളയത്തിലാഴ്ത്തിയപ്പോൾ ദൈവനീതിയുടെ പ്രഭാഷകനായ നോഹയടക്കം എട്ടുപേരെമാത്രമാണ് സംരക്ഷിച്ചത്.

[6] ദൈവം സൊദോം, ഗൊമോറാ എന്നീ നഗരങ്ങളെ ശിക്ഷിച്ച് ഭസ്മീകരിച്ച് ഉന്മൂലനാശം വരുത്തി; ഇവർ അഭക്തർക്ക് ഭവിക്കാനിരിക്കുന്നവയ്ക്ക് ഒരു നിദർശനമാണ്.

[7] എന്നാൽ, നിയമനിഷേധികളുടെ അതിരുവിട്ട അധാർമികതകൾമൂലം ഹൃദയവ്യഥ അനുഭവിച്ച നീതിനിഷ്ഠനായ ലോത്തിനെ ദൈവം സംരക്ഷിച്ചു.

[8] നീതിനിഷ്ഠനായ അദ്ദേഹം അവരുടെ ഇടയിൽ വസിച്ചപ്പോൾ അവരുടെ അധാർമികപ്രവൃത്തികൾ അനുദിനം കാണുകയും കേൾക്കുകയുംചെയ്തു. അത് അദ്ദേഹത്തിന്റെ നീതിനിഷ്ഠമായ മനസ്സിനെ അതിവ്യഥയാൽ തകർന്നു.

[9] പരിശോധനകളിൽനിന്നു ദൈവഭക്തരെ എങ്ങനെ പരിരക്ഷിക്കണമെന്നും ശിക്ഷാവിധേയരായ അഭക്തരെ വിധിദിനംവരെ എങ്ങനെ കാത്തുസൂക്ഷിക്കണമെന്നും കർത്താവിനറിയാം;

[10] പ്രത്യേകിച്ച്, കാമാസക്തിയാൽ വശീകരിക്കപ്പെട്ട് ശരീരത്തെ മലീമസമാക്കുന്നവരെയും ദൈവിക അധികാരത്തെ തിരസ്കരിക്കുന്നവരെയും. തന്റേടികളും തന്നിഷ്ടക്കാരുമായ ഇവർ സ്വർഗീയജീവികളെപ്പോലും അധിക്ഷേപിക്കുന്നതിന് ഭയം ലവലേശമില്ലാത്തവരുമാണ്.

[11] എന്നാൽ അവരെക്കാൾ ശക്തിയിലും ബലത്തിലും ഉന്നതരായ ദൂതന്മാർപോലും കർത്തൃസന്നിധിയിൽ ആ സ്വർഗീയജീവികൾക്കെതിരെ യാതൊരുവിധ ദൂഷണവും ആരോപിക്കുന്നില്ല.

[12] എന്നാൽ, ഈ വ്യാജ ഉപദേഷ്ടാക്കളാകട്ടെ, തങ്ങൾക്ക് മനസ്സിലാക്കാൻ കഴിയാത്തതിനെ ദുഷിക്കുന്നു. ജന്മവാസനകളാൽമാത്രം നയിക്കപ്പെടുകയും പിടിച്ച് കശാപ്പു ചെയ്യപ്പെടുന്നതിനുമാത്രമായി പിറക്കുകയുംചെയ്ത യുക്തിഹീനരായ മൃഗങ്ങളെപ്പോലെയാണ് ഇവർ. ഈ മൃഗങ്ങളെപ്പോലെ അവരും സ്വന്തം വഷളത്തത്താൽ നശിക്കുന്നു.

[13] അവർക്ക് ഭവിക്കുന്ന നാശം അവർ ചെയ്തുകൂട്ടിയ ദുഷ്കർമങ്ങളുടെ പ്രതിഫലമാണ്. പട്ടാപ്പകൽ ആഭാസലീലകളിൽ അഭിരമിക്കുന്നത് അഭിമാനകരമായി അവർ കരുതുന്നു. നിങ്ങളുടെ സ്നേഹസൽക്കാരങ്ങളിൽ പങ്കെടുത്ത് ആനന്ദപൂർവം ആർത്തുല്ലസിക്കുന്ന അവർ കളങ്കവും അപമാനവുമാണ്.

[14] വ്യഭിചാരം നിറഞ്ഞ കണ്ണുകളുള്ളവരും പാപംചെയ്ത് മതിവരാത്തവരും ചഞ്ചലമാനസരെ വശീകരിക്കുന്നവരും അത്യാഗ്രഹത്തിൽ വൈദഗ്ദ്ധ്യം നേടിയ ഹൃദയമുള്ളവരുമായ ശപിക്കപ്പെട്ട മക്കളാണിവർ!

[15] നേർപാത ഉപേക്ഷിച്ച് വഴിതെറ്റിപ്പോയ ഇവർ അനീതിയുടെ വേതനം മോഹിച്ച ബെയോരിന്റെ മകൻ ബിലെയാമിന്റെ മാർഗം പിൻതുടരുന്നു.

[16] തന്റെ മാർഗഭ്രംശത്തിനു തക്ക ശകാരം അയാൾക്കു കിട്ടി; ഉരിയാടാക്കഴുത മനുഷ്യഭാഷയിൽ സംസാരിച്ച് പ്രവാചകന്റെ മതിഭ്രമം അവസാനിപ്പിച്ചു.

[17] ഈ മനുഷ്യർ ഉണങ്ങിവരണ്ട അരുവികളും കൊടുങ്കാറ്റ് പറപ്പിക്കുന്ന മൂടൽമഞ്ഞും ആണ്. കൊടും കൂരിരുട്ട് അവർക്കായി കരുതിവെച്ചിരിക്കുന്നു.

[18] കാരണം, തെറ്റായ മാർഗത്തിൽ സഞ്ചരിച്ചവരിൽനിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടവരെ അവർ നിരർഥകങ്ങളായ പൊങ്ങച്ചവാക്കുകളാൽ അധാർമിക ജഡികാസക്തിയിലേക്ക് വശീകരിക്കുന്നു.

[19] അവർ സ്വയം അധാർമികതയുടെ അടിമകളായിരിക്കെ, മറ്റുള്ളവർക്ക് സ്വാതന്ത്ര്യം വാഗ്ദാനംചെയ്യുന്നു—കാരണം “തങ്ങളെ അടിച്ചമർത്തുന്നവക്ക് മനുഷ്യർ അടിമകളാണ്.”

[20] നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള പരിജ്ഞാനത്താൽ ലോകമാലിന്യങ്ങളിൽനിന്നു രക്ഷപ്പെട്ടവർ വീണ്ടും അതിൽത്തന്നെ കുടുങ്ങി പരാജയപ്പെട്ടുപോയാൽ, അവരുടെ അവസാനത്തെ അവസ്ഥ ആദ്യത്തേതിനെക്കാൾ ശോചനീയമായിരിക്കും.

[21] നീതിമാർഗം തിരിച്ചറിഞ്ഞശേഷം തങ്ങൾക്ക് ലഭിച്ച വിശുദ്ധകൽപ്പനയിൽനിന്ന് പിൻവാങ്ങുന്നതിനെക്കാൾ, അവർ അത് അറിയാതിരിക്കുകയായിരുന്നു നല്ലത്.

[22] “നായ അതിന്റെ ഛർദിയിലേക്കു തിരിയുന്നു” എന്നും “കുളിപ്പിച്ചാലും പന്നി പിന്നെയും ചെളിയിൽ ഉരുളുന്നു” എന്നും ഉള്ള പഴഞ്ചൊല്ലുകൾ അവരെ സംബന്ധിച്ച് സത്യമായിത്തീർന്നിരിക്കുന്നു.

പത്രോസ് എഴുതിയ രണ്ടാംലേഖനം — Chapters