Skip to content
Opens in a new window

[1] തന്റെ മകൻ മരിച്ചു എന്ന് അഹസ്യാവിന്റെ അമ്മയായ അഥല്യാ കണ്ടപ്പോൾ അവർ രാജകുടുംബത്തെ മുഴുവൻ നശിപ്പിക്കാൻ തുനിഞ്ഞിറങ്ങി.

[2] എന്നാൽ യെഹോരാംരാജാവിന്റെ മകളും അഹസ്യാവിന്റെ സഹോദരിയുമായ യെഹോശേബാ കൊലചെയ്യപ്പെടാൻപോകുന്ന രാജകുമാരന്മാരുടെ ഇടയിൽനിന്ന് അഹസ്യാവിന്റെ മകനായ യോവാശിനെ രഹസ്യമായി എടുത്തുകൊണ്ടുപോയി. അവൾ അവനെയും അവന്റെ ധാത്രിയെയും ഒരു കിടപ്പുമുറിയിൽ ഒളിപ്പിച്ചു. അതിനാൽ അഥല്യയ്ക്ക് അവനെ കണ്ടെത്താൻ കഴിഞ്ഞില്ല; ആ ശിശു കൊല്ലപ്പെട്ടുമില്ല.

[3] ആ കുഞ്ഞ് അതിന്റെ ധാത്രിയോടൊപ്പം യഹോവയുടെ ആലയത്തിൽ ആറുവർഷം ഒളിവിൽ താമസിച്ചു. ആ കാലയളവിൽ അഥല്യായായിരുന്നു രാജ്യം ഭരിച്ചിരുന്നത്.

[4] ഏഴാംവർഷത്തിൽ യെഹോയാദാപുരോഹിതൻ ആളയച്ച് ശതാധിപന്മാരെയും രാജാവിന്റെ വിദേശികളായ അംഗരക്ഷകരെയും കൊട്ടാരം കാവൽക്കാരെയും തന്റെ അടുത്ത് യഹോവയുടെ ആലയത്തിൽ കൂട്ടിവരുത്തി. അദ്ദേഹം അവരുമായി ഒരു ഉടമ്പടിയുണ്ടാക്കി. യഹോവയുടെ ആലയത്തിൽവെച്ച് അവരെക്കൊണ്ടു ശപഥംചെയ്യിച്ചു. പിന്നെ അദ്ദേഹം രാജാവിന്റെ മകനെ അവർക്കു കാണിച്ചുകൊടുത്തു.

[5] അദ്ദേഹം അവർക്ക് ഇപ്രകാരം കൽപ്പനകൊടുത്തു: “നിങ്ങൾ ചെയ്യേണ്ടതിതാണ്: ശബ്ബത്തിൽ ഊഴംമാറിവരുന്ന നിങ്ങളിൽ മൂന്നിലൊരുഭാഗം രാജകൊട്ടാരത്തിലും

[6] മൂന്നിലൊരുഭാഗം സൂർകവാടത്തിലും മൂന്നിലൊരുഭാഗം കൊട്ടാരം കാവൽക്കാരുടെ പിൻപുറത്തുള്ള കവാടത്തിലുമായി കാവൽനിൽക്കണം. ഈ മൂന്നുകൂട്ടരും ആലയത്തിനു കാവൽനിൽക്കേണ്ടവരാണ്.

[7] ശബ്ബത്തുനാളിൽ ഒഴിവുള്ള മറ്റേ രണ്ടുകൂട്ടർ യഹോവയുടെ ആലയത്തിൽ രാജാവിനു കാവൽനിൽക്കണം.

[8] അങ്ങനെ നിങ്ങൾ രാജാവിനു ചുറ്റുമായി നിലയുറപ്പിക്കണം. ഓരോരുത്തനും അവനവന്റെ ആയുധവും ഏന്തിയിരിക്കണം. നിങ്ങളുടെ അണിയെ സമീപിക്കുന്ന ഏതൊരുവനെയും കൊന്നുകളയണം. രാജാവ് അകത്തു വരുമ്പോഴും പുറത്തുപോകുമ്പോഴും നിങ്ങൾ അദ്ദേഹത്തിന്റെ അടുത്തുതന്നെ നിൽക്കണം.”

[9] പുരോഹിതനായ യെഹോയാദാ ആജ്ഞാപിച്ചതുപോലെതന്നെ ശതാധിപന്മാർ ചെയ്തു. ശബ്ബത്തിൽ അവരുടെ ഊഴത്തിനു ഹാജരാകാൻ വരുന്നവരും ഊഴം കഴിഞ്ഞു പോകുന്നവരും, ഓരോരുത്തരും അവരവരുടെ അനുയായികളുമായി യെഹോയാദാപുരോഹിതന്റെ അടുത്തെത്തി.

[10] ദാവീദുരാജാവിന്റെ വകയായിരുന്ന കുന്തങ്ങളും പരിചകളും യഹോവയുടെ ആലയത്തിൽ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. യെഹോയാദാപുരോഹിതൻ അവയെടുത്ത് സൈന്യാധിപന്മാരുടെ കൈവശം കൊടുത്തു.

[11] കൊട്ടാരം കാവൽക്കാർ, ഓരോരുത്തനും കൈയിൽ അവനവന്റെ ആയുധവുമായി, ദൈവാലയത്തിന്റെ തെക്കുവശംമുതൽ വടക്കുവശംവരെ, ആലയത്തിനും യാഗപീഠത്തിനും അടുത്ത് രാജാവിനു ചുറ്റും അണിനിരന്നു.

[12] യെഹോയാദാ രാജകുമാരനെ പുറത്തുകൊണ്ടുവന്ന് അദ്ദേഹത്തിന്റെ തലയിൽ കിരീടം അണിയിച്ചു. ഉടമ്പടിയുടെ ഒരു പ്രതി കുമാരന്റെ കൈയിൽ കൊടുത്തിട്ട് യെഹോയാദാ അദ്ദേഹത്തെ രാജാവായി പ്രഖ്യാപിച്ചു. അവർ രാജകുമാരനെ അഭിഷേകം ചെയ്തിട്ട് കൈയടിച്ച്, “രാജാവ് നീണാൾ വാഴട്ടെ” എന്ന് ആർത്തുവിളിച്ചു.

[13] കൊട്ടാരം കാവൽക്കാരും ജനങ്ങളും ഉയർത്തിയ ആരവം കേട്ടിട്ട് അഥല്യാ യഹോവയുടെ ആലയത്തിൽ ജനങ്ങളുടെ അടുത്തേക്കുവന്നു.

[14] അവൾ നോക്കി. ആചാരമനുസരിച്ച് അധികാരസ്തംഭത്തിനരികെ രാജാവു നിൽക്കുന്നു! പ്രഭുക്കന്മാരും കാഹളക്കാരും രാജാവിനരികെ ഉണ്ടായിരുന്നു. ദേശത്തെ ജനമെല്ലാം ആഹ്ലാദിച്ച് കാഹളമൂതിക്കൊണ്ടിരുന്നു. അപ്പോൾ അഥല്യാ വസ്ത്രംകീറി “ദ്രോഹം! ദ്രോഹം!” എന്നു വിളിച്ചുപറഞ്ഞു.

[15] സൈന്യങ്ങളുടെ ചുമതല വഹിച്ചിരുന്ന ശതാധിപന്മാരോട് യെഹോയാദാപുരോഹിതൻ: “പടയണികൾക്കിടയിലൂടെ അവളെ പുറത്തുകൊണ്ടുപോകുക. അവളെ അനുഗമിക്കുന്നർ ആരായാലും അവരെ വാളിനിരയാക്കുക. യഹോവയുടെ ആലയത്തിൽവെച്ച് അവളെ വധിക്കരുത്” എന്ന് ആജ്ഞാപിച്ചു.

[16] അതിനാൽ കുതിരകൾ കൊട്ടാരവളപ്പിലേക്കു കടക്കുന്ന വാതിൽക്കൽ അവൾ എത്തിയപ്പോൾ, അവർ അവളെ കൊന്നുകളഞ്ഞു.

[17] തങ്ങൾ യഹോവയുടെ ജനമായിരിക്കുമെന്ന് യഹോവയുമായി ഒരു ഉടമ്പടി രാജാവിനെയും ജനങ്ങളെയുംകൊണ്ട് യെഹോയാദാ ചെയ്യിച്ചു. രാജാവും ജനങ്ങളുംതമ്മിലും ഇതുപോലെ ഒരു ഉടമ്പടി അദ്ദേഹം ചെയ്യിച്ചു.

[18] ദേശത്തെ ജനങ്ങളെല്ലാവരുംകൂടി ബാലിന്റെ ക്ഷേത്രത്തിലേക്കുചെന്ന് അതിനെ ഇടിച്ചുതകർത്തു; ബലിപീഠങ്ങളും ബിംബങ്ങളും അവർ ഉടച്ചു കഷണങ്ങളാക്കി. ബലിപീഠങ്ങൾക്കു മുമ്പിൽവെച്ച് അവർ ബാലിന്റെ പുരോഹിതനായ മത്ഥാനെ കൊന്നുകളഞ്ഞു. അതിനുശേഷം യെഹോയാദാപുരോഹിതൻ യഹോവയുടെ ആലയത്തിൽ കാവൽക്കാരെ നിയോഗിച്ചു.

[19] അദ്ദേഹം ശതാധിപന്മാരെയും രാജാവിന്റെ വിദേശികളായ അംഗരക്ഷകരെയും കൊട്ടാരം കാവൽക്കാരെയും ദേശത്തെ സകലജനത്തെയും തന്റെ അടുക്കൽ വിളിച്ചുകൂട്ടി. അവർ കൂട്ടമായിച്ചെന്ന് രാജാവിനെ യഹോവയുടെ ആലയത്തിൽനിന്നിറക്കി കാവൽക്കാരുടെ കവാടംവഴിയായി കൊട്ടാരത്തിലേക്കു കൊണ്ടുപോയി. അതിനുശേഷം രാജാവ് സിംഹാസനത്തിൽ ഉപവിഷ്ടനായി.

[20] ദേശവാസികളെല്ലാം ആഹ്ലാദിച്ചു; അഥല്യാ രാജകൊട്ടാരത്തിൽവെച്ചു വാളാൽ കൊല്ലപ്പെട്ടതുകൊണ്ടു നഗരം ശാന്തമായിരുന്നു.

[21] യോവാശിന് ഏഴുവയസ്സായപ്പോൾ അദ്ദേഹം രാജാവായി.

രാജാക്കന്മാരുടെ രണ്ടാംപുസ്തകം — Chapters