Skip to content
Opens in a new window
Listen to this chapter • 2:56

[1] മൃൺമയനിവാസസ്ഥാനമായ ഈ കൂടാരം നശിച്ചുപോകുന്നു. അപ്പോൾ മാനുഷികകരങ്ങളാൽ നിർമിതമല്ലാത്ത ദൈവികദാനമായ നിത്യവാസസ്ഥലം സ്വർഗത്തിലുണ്ടെന്നു ഞങ്ങൾ അറിയുന്നു.

[2] ഈ സ്വർഗീയനിവാസസ്ഥാനം ലഭിക്കുമെന്ന അതിവാഞ്ഛയോടെ, വാസ്തവത്തിൽ ഈ ജീവിതം ഞങ്ങൾ ഞരങ്ങിക്കൊണ്ട് കഴിക്കുന്നു.

[3] ഈ നിവാസസ്ഥാനം ലഭിക്കുന്നതിനാൽ തീർച്ചയായും ഞങ്ങൾ നഗ്നരായി കാണപ്പെടുകയില്ല.

[4] അതുകൊണ്ട് ഞങ്ങൾ ഈ താൽക്കാലിക ശരീരത്തിലിരിക്കുന്നേടത്തോളം ഉൽക്കണ്ഠയോടെ നെടുവീർപ്പിടുന്നു. പുതിയ ശരീരം ലഭിക്കാൻവേണ്ടി പഴയത് ഉരിഞ്ഞുകളയാൻ ആഗ്രഹിക്കുന്നു എന്നല്ല; നശ്വരമായതിനുപകരം അനശ്വരമായത് ലഭിക്കാൻ ഞങ്ങൾ അഭിലഷിക്കുകയാണ് ചെയ്യുന്നത്.

[5] ഇതിനായി ഞങ്ങളെ ഒരുക്കി ആത്മാവെന്ന നിക്ഷേപം ആദ്യഗഡുവായി ഞങ്ങൾക്കു നൽകിയത് ദൈവമാണ്.

[6] അതിനാൽ ഞങ്ങൾ എല്ലായ്പ്പോഴും ധൈര്യപ്പെട്ടിരിക്കുന്നു; ഈ ശരീരത്തിൽ വസിക്കുന്ന കാലംവരെ ഞങ്ങൾ കർത്താവിൽനിന്ന് അകലെയായിരിക്കുന്നെന്ന് അറിയുന്നു.

[7] ദൃശ്യമായതിൽ ആശ്രയിച്ചുകൊണ്ടല്ല, അദൃശ്യമായതിൽ വിശ്വാസം അർപ്പിച്ചുകൊണ്ടാണ് ഞങ്ങൾ ജീവിക്കുന്നത്.

[8] ഈ ഉറപ്പോടെ, ശരീരം വിട്ടകന്നു കർത്താവിനോടുകൂടെ വസിക്കാൻ ഞങ്ങൾ ഏറെ ഇഷ്ടപ്പെടുന്നു.

[9] അതുകൊണ്ടു ശരീരത്തിൽ വസിച്ചാലും ശരീരം വിട്ടാലും കർത്താവിനെ പ്രസാദിപ്പിക്കുകയാണ് ഞങ്ങളുടെ ജീവിതലക്ഷ്യം.

[10] കാരണം ഓരോ വ്യക്തിയും ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്ത നന്മയ്ക്കോ തിന്മയ്ക്കോ അനുസൃതമായി പ്രതിഫലം വാങ്ങാൻ നാമെല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിനുമുമ്പിൽ വെളിപ്പെടേണ്ടതാകുന്നു.

[11] അതുനിമിത്തമാണ് കർത്തൃസന്നിധിയിൽ ഞങ്ങൾക്കുള്ള ഗൗരവമേറിയ ഉത്തരവാദിത്വം മനസ്സിലാക്കിക്കൊണ്ട് മറ്റുള്ളവരെ പ്രബോധിപ്പിക്കാൻ ബദ്ധപ്പെടുന്നത്. ഞങ്ങളെ ദൈവം നന്നായി അറിയുന്നു. നിങ്ങളുടെ മനസ്സാക്ഷിക്കും അത് വ്യക്തമാണ് എന്നു ഞാൻ കരുതുന്നു.

[12] ഞങ്ങൾ പിന്നെയും ആത്മപ്രശംസ ചെയ്യുകയല്ല, പിന്നെയോ ഞങ്ങളെപ്പറ്റി അഭിമാനിക്കാൻ നിങ്ങൾക്ക് അവസരം തരികയാണ്. അങ്ങനെ നിങ്ങൾ ഹൃദയം നോക്കിയിട്ടല്ല, മുഖം നോക്കിയിട്ട് പുകഴുന്നവരോട് ഉത്തരം പറയാൻ സാധിക്കും.

[13] ഞങ്ങൾ “മനോവിഭ്രാന്തിയുള്ളവരെപ്പോലെ” കാണപ്പെടുന്നെങ്കിൽ അത് ദൈവഹിതം നിറവേറ്റുന്നതിലുള്ള ആവേശം നിമിത്തമാണ്. ഞങ്ങൾ സുബോധമുള്ളവരായിരിക്കുന്നത് നിങ്ങളുടെ നന്മയ്ക്കുവേണ്ടിയാണ്.

[14] ഞങ്ങളെ ഭരിക്കുന്നത് ക്രിസ്തുവിന്റെ സ്നേഹമാണ്. കാരണം, എല്ലാവർക്കുംവേണ്ടി ക്രിസ്തു മരിച്ചതുകൊണ്ട് ഇനി നമുക്ക് സ്വന്തമായി ഒരു ജീവിതമേയില്ല.

[15] ജീവിക്കുന്നവർ ഇനിമേൽ തങ്ങൾക്കായിട്ടല്ല, മരിച്ച് പുനരുത്ഥാനംചെയ്ത ക്രിസ്തുവിനുവേണ്ടിയാണു ജീവിക്കേണ്ടത്. അതിനായി അവിടന്ന് എല്ലാവർക്കുംവേണ്ടി മരിച്ചു.

[16] അതുകൊണ്ട്, ഇനിമുതൽ ഞങ്ങൾ ആരെയും മാനുഷികമാനദണ്ഡങ്ങളാൽ അളക്കുന്നില്ല. ഒരിക്കൽ ക്രിസ്തുവിനെയും വെറും മനുഷ്യനായി വീക്ഷിച്ചെങ്കിലും ഇനിമേൽ അങ്ങനെ ചെയ്യുന്നില്ല.

[17] ഒരു വ്യക്തി ക്രിസ്തുവിന്റെ വകയായാൽ അയാൾ പുതിയ സൃഷ്ടിയാണല്ലോ. പഴയസൃഷ്ടി നീങ്ങിപ്പോയി, ഇതാ അത് പുതിയതായിത്തീർന്നിരിക്കുന്നു.

[18] ഇതിനൊക്കെയും ദൈവംതന്നെ കാരണഭൂതൻ. അവിടന്ന് ഞങ്ങളെ ക്രിസ്തു മുഖാന്തരം തന്നോട് അനുരഞ്ജിപ്പിച്ചു; അനുരഞ്ജനത്തിന്റെ ശുശ്രൂഷ ഞങ്ങളെ ഏൽപ്പിച്ചിരിക്കുന്നു.

[19] ദൈവം മനുഷ്യരുടെ പാപങ്ങളെ അവർക്കെതിരായി കണക്കാക്കിയില്ല എന്നുമാത്രമല്ല, ക്രിസ്തു മുഖാന്തരം ലോകത്തെ തന്നോടുതന്നെ അനുരഞ്ജിപ്പിച്ചിട്ട് ആ അനുരഞ്ജനസന്ദേശം ഞങ്ങളെ ഏൽപ്പിച്ചുമിരിക്കുന്നു.

[20] അതുകൊണ്ട് ഞങ്ങൾ ക്രിസ്തുവിന്റെ സ്ഥാനപതികളായി, “ദൈവത്തോട് അനുരഞ്ജനപ്പെടുക” എന്നു ദൈവംതന്നെയാണ് ഞങ്ങളിലൂടെ ക്രിസ്തുവിനുവേണ്ടി നിങ്ങളോട് അപേക്ഷിക്കുന്നത്.

[21] തന്നിൽക്കൂടി നാം ദൈവസന്നിധിയിൽ കുറ്റവിമുക്തരാകേണ്ടതിന്, പാപം അറിഞ്ഞിട്ടില്ലാത്ത ക്രിസ്തുവിനെ ദൈവം നമുക്കുവേണ്ടി പാപയാഗമാക്കി അർപ്പിച്ചു.

കൊരിന്ത്യർക്ക് എഴുതിയ രണ്ടാംലേഖനം — Chapters