Skip to content
Opens in a new window
Listen to this chapter • 4:32

[1] ഭാര്യമാരേ, നിങ്ങളുടെ ഭർത്താക്കന്മാർ വചനം അനുസരിക്കാത്തവർ ആണെങ്കിൽക്കൂടി അവർക്ക് വിധേയരാകുക.

[2] വാച്യമായ ഉപദേശംകൂടാതെതന്നെ ആദരപൂർണവും നിർമലവുമായ നിങ്ങളുടെ പെരുമാറ്റംകൊണ്ട് അവരെ നേടാൻ സാധിക്കും.

[3] പിന്നിയ മുടി, സ്വർണാഭരണം, മോടിയേറിയ ഉടയാടകൾ എന്നീ ബാഹ്യ അലങ്കാരങ്ങളിൽ ആകരുത് നിങ്ങളുടെ സൗന്ദര്യം;

[4] പിന്നെയോ, വിനീതവും ശാന്തവുമായ മനോഭാവത്തോടുകൂടിയ അനശ്വരസൗന്ദ്യര്യമുള്ള ആന്തരികവ്യക്തിത്വത്തിൽ അധിഷ്ഠിതമായിരിക്കണം. ഇതാണ് ദൈവദൃഷ്ടിയിൽ അമൂല്യം.

[5] ഇങ്ങനെയാണ് ദൈവത്തിൽ പ്രത്യാശ വെച്ചിരുന്ന, വിശുദ്ധവനിതകൾ സ്വന്തം ഭർത്താക്കന്മാർക്കു വിധേയപ്പെട്ട് സ്വയം അലങ്കരിച്ചിരുന്നത്.

[6] സാറ അബ്രഹാമിനെ “യജമാനാ” എന്നു വിളിച്ചു അനുസരിച്ചതുപോലെ യോഗ്യമായത്, അൽപ്പംപോലും പേടിയില്ലാതെ നിങ്ങൾ പ്രവർത്തിച്ചാൽ നിങ്ങളും സാറയുടെ പുത്രിമാർ.

[7] അങ്ങനെതന്നെ ഭർത്താക്കന്മാരും, സ്ത്രീകൾ അബലപാത്രങ്ങളാണെന്ന് അറിഞ്ഞ്, അവരും ജീവന്റെ കൃപയ്ക്ക് നിങ്ങളോടൊപ്പം കൂട്ടവകാശികൾ ആയിരിക്കയാൽ, അവർക്ക് ബഹുമാനം നൽകി അവരോടൊപ്പം പരസ്പരധാരണയോടെ വസിക്കുക. അങ്ങനെയായാൽ നിങ്ങളുടെ പ്രാർഥനയ്ക്ക് തടസ്സം നേരിടുകയില്ല.

[8] സർവോപരി, നിങ്ങൾ എല്ലാവരും ഐകമത്യത്തോടെ ജീവിക്കുക എന്നു ഞാൻ നിങ്ങളോട് പറയുന്നു. സഹാനുഭൂതിയും സഹോദരസ്നേഹവും ദയയും താഴ്മയും ഉള്ളവരായിരിക്കുക.

[9] തിന്മയ്ക്കു പകരം തിന്മ ചെയ്യാതെയും അധിക്ഷേപത്തിനു പ്രതികാരമായി അധിക്ഷേപിക്കാതെയും ഇരിക്കുക. അവയ്ക്കു പകരം അനുഗ്രഹം നൽകുക. ഇങ്ങനെ പ്രവർത്തിച്ചുകൊണ്ട് അനുഗ്രഹങ്ങൾ അവകാശമാക്കാനാണ് നിങ്ങളെ വിളിച്ചിരിക്കുന്നത്.

[10] “സ്വജീവനെ സ്നേഹിക്കുകയും ശുഭദിനങ്ങൾ കാംക്ഷിക്കുകയുംചെയ്യുന്നയാൾ സ്വന്തം നാവിനെ ദോഷം പറയുന്നതിൽനിന്നും സ്വന്തം അധരങ്ങളെ കപടഭാഷണത്തിൽനിന്നും സൂക്ഷിച്ചുകൊള്ളട്ടെ.

[11] തിന്മയിൽനിന്ന് പിൻതിരിഞ്ഞ് സൽപ്രവൃത്തികൾ ചെയ്യട്ടെ. സമാധാനം അന്വേഷിച്ചു അതിനെ പിൻതുടരട്ടെ.

[12] കർത്താവിന്റെ ദൃഷ്ടി നീതിമാന്മാരുടെമേലും അവിടത്തെ കാതുകൾ അവരുടെ പ്രാർഥനയ്ക്കായും തുറന്നിരിക്കുന്നു, എന്നാൽ ദൈവത്തിന്റെ മുഖം തിന്മ പ്രവർത്തിക്കുന്നവർക്ക് എതിരാകുന്നു.”

[13] നിങ്ങൾ നന്മ ചെയ്യാൻ വ്യഗ്രരാണെങ്കിൽ ആര് നിങ്ങളെ ഉപദ്രവിക്കും?

[14] നന്മ ചെയ്തിട്ടും കഷ്ടം സഹിക്കുന്നെങ്കിൽ നിങ്ങൾ അനുഗ്രഹിക്കപ്പെടും. “നിങ്ങളെ ഉപദ്രവിക്കുന്നവരുടെ ഭീഷണികൾ ഭയപ്പെടരുത്, അത് ഓർത്ത് വിഷണ്ണരാകരുത്.”

[15] നിങ്ങളുടെ ഹൃദയത്തിൽ ക്രിസ്തുവിനെ കർത്താവായി പ്രതിഷ്ഠിക്കൂ. നിങ്ങൾക്കുള്ള പ്രത്യാശയെ ആരെങ്കിലും ചോദ്യംചെയ്താൽ മാന്യതയോടും ബഹുമാനത്തോടും അതിന് പ്രതിവദിക്കാൻ എപ്പോഴും സന്നദ്ധരായിരിക്കണം.

[16] നല്ല മനസ്സാക്ഷി ഉള്ളവരായിരിക്കുക; അങ്ങനെയെങ്കിൽ ക്രിസ്തുവിലുള്ള നിങ്ങളുടെ നല്ല പെരുമാറ്റത്തെക്കുറിച്ച് അപവാദം പറയുന്നവർ ലജ്ജിതരായിപ്പോകും.

[17] നിങ്ങൾ കഷ്ടത സഹിക്കുന്നതു ദൈവഹിതമെങ്കിൽ തിന്മ ചെയ്തിട്ട് സഹിക്കുന്നതിനെക്കാൾ, നന്മ ചെയ്തിട്ടു സഹിക്കുന്നതാണ് ഉത്തമം.

[18] അതുപോലെ നീതിമാനായ ക്രിസ്തു, നീതികെട്ടവരായ നമ്മെ ദൈവത്തോട് അടുപ്പിക്കേണ്ടതിന്, ഒരിക്കലായി നമ്മുടെ പാപം നിമിത്തം കഷ്ടത അനുഭവിച്ചു. അവിടന്ന് ശരീരത്തിൽ വധിക്കപ്പെട്ടുവെങ്കിലും ആത്മാവിൽ ജീവിപ്പിക്കപ്പെട്ടു.

[19] ആത്മാവിൽ അവിടന്ന് തടവറയിലെ ആത്മാക്കളോടു പ്രസംഗിച്ചു.

[20] അവരാകട്ടെ, മുമ്പ് നോഹയുടെ കാലത്ത്, പെട്ടകം നിർമിച്ചു കൊണ്ടിരുന്നപ്പോൾ ദൈവം ദീർഘക്ഷമയോടെ കാത്തിരുന്നിട്ടും ദൈവത്തിന്റെ മുന്നറിയിപ്പുകളെ അവഗണിച്ചവരാണ്. പെട്ടകത്തിന്റെ പണി പൂർത്തീകരിച്ചശേഷം, കുറച്ചുപേർ, എട്ടുപേർമാത്രം, പെട്ടകത്തിലൂടെ ജലപ്രളയത്തിൽനിന്നു രക്ഷപ്പെട്ടു.

[21] ആ ജലം സ്നാനത്തിന്റെ ഒരു പ്രതീകം! അത് നിങ്ങളുടെ ശരീരത്തിൽനിന്ന് മാലിന്യം നീക്കിക്കളയുന്നതിനല്ല; മറിച്ച്, ദൈവത്തോട് നാം ചെയ്യുന്ന നല്ല മനസ്സാക്ഷിക്കുള്ള ഉടമ്പടിയാണ്. യേശുക്രിസ്തുവിന്റെ ഉയിർപ്പിലൂടെയാണ് നിങ്ങളുടെ രക്ഷ സാധ്യമാകുന്നത്.

[22] അവിടന്ന് സ്വർഗാരോഹണംചെയ്ത് ദൈവത്തിന്റെ വലതുഭാഗത്ത് ഇരിക്കുന്നു. ദൂതന്മാരും അധികാരങ്ങളും ശക്തികളും ക്രിസ്തുവിന് അധീനമായിരിക്കുന്നു.

പത്രോസ് എഴുതിയ ഒന്നാംലേഖനം — Chapters