Skip to content
Opens in a new window
Listen to this chapter • 3:23

[1] യഥാര്‍ത്ഥ ഉപദേശം പിന്തുടരുന്നതിനു വേണ്ടിയുള്ള കാര്യങ്ങള്‍ ചെയ്യാന്‍ നിങ്ങള്‍ ജനങ്ങളോട് പറയണം.

[2] പ്രായത്തില്‍ മുതിര്‍ന്ന പുരുഷന്മാരെ ആത്മനിയന്ത്രിതരും ഗൌരവപ്രകൃതരും വിവേകികളും ആകുവാന്‍ പഠിപ്പിക്കുക. അവര്‍ വിശ്വാസത്തിലും സ്നേഹത്തിലും സഹിഷ്ണതുയിലും ബലം ഉള്ളവരാകണം.

[3] വിശുദ്ധ ജീവിതം നയിക്കാന്‍ മുതിര്‍ന്ന സ്ത്രീകളെും പഠിപ്പിക്കുക. അന്യര്‍ക്കെതിരെ സംസാരിക്കാതിരിക്കാനും അമിതമായി വീഞ്ഞു കുടിക്കാതിരിക്കാനും അവരെ പഠിപ്പിക്കുക. നല്ലത് എന്താണോ അത് ആ സ്ത്രീകള്‍ പഠിപ്പിക്കട്ടെ.

[4] അപ്പോള്‍ ഭര്‍ത്താവിനെയും കുട്ടികളെയും സ്നേഹിക്കണമെന്ന് യുവതികളെ പഠിപ്പിക്കാന്‍ അവര്‍ക്കു കഴിയും.

[5] വിവേകമതികളും ശുദ്ധരും വീട്ടുകാര്യം നോക്കുന്നവരും ദയയുള്ളവരും ഭര്‍ത്താവിനോട് വിധേയത്വമുള്ളവരുമാകുവാന്‍ യുവതികളെ അവര്‍ക്കു പഠിപ്പിക്കാന്‍ കഴിയും. അപ്പോള്‍ ദൈവം നമുക്കു തന്ന ഉപദേശത്തെ വിമര്‍ശിക്കുവാന്‍ ആര്‍ക്കും കഴിയുകയില്ല.

[6] ഇതുപോലെതന്നെ വിവേകികളാകാന്‍ യുവാക്കളോടും പറയുക.

[7] സര്‍വ്വവഴികളിലും യുവാക്കള്‍ക്കു മാതൃകയാകാന്‍ തക്കവണ്ണം നിങ്ങള്‍ സല്‍പ്രവൃത്തികള്‍ ചെയ്യണം. നിങ്ങള്‍ പഠിപ്പിക്കുമ്പോള്‍ സത്യസന്ധരും ഗൌരവമുള്ളവരും ആകണം.

[8] വിമര്‍ശിക്കാന്‍ കഴിയാത്തവണ്ണം പഠിപ്പിക്കുമ്പോള്‍ സത്യം പറയുക. അപ്പോള്‍ നിങ്ങള്‍ക്കെതിരെ മോശമായി ഒന്നും പറയാനില്ലാത്തതു കൊണ്ട് നിങ്ങളുടെ എതിരാളി ലജ്ജിക്കും.

[9] അടിമകള്‍ ആയിരിക്കുന്നവരോട് ഇക്കാര്യങ്ങള്‍ പറയുവിന്‍. എക്കാലത്തും അവരുടെ ഉടമകളെ അവര്‍ അനുസരിക്ക്ണം. അവരുടെ ഉടമകളെ പ്രീതിപ്പെടുത്തുവാന്‍ അവര്‍ ശ്രമിക്കണം. അവര്‍ അവരുടെ ഉടമകളോട് വാദിക്കയുമരുത്.

[10] അവര്‍ അവരുടെ ഉടമകളില്‍ നിന്നും മോഷ്ടിക്കരുത്. തങ്ങള്‍ വിശ്വസ്തരാണെന്ന് അവര്‍ ഉടമകളെ കാണിക്കണം. നമ്മുടെ രക്ഷകനായ ദൈവത്തിന്‍റെ ഉപദേശങ്ങള്‍ നല്ലതാണെന്നു കാണിക്കുവാനായി അവര്‍ ചെയ്യുന്ന എല്ലാറ്റിനും അടിമകള്‍ ഇക്കാര്യങ്ങള്‍ ചെയ്യണം.

[11] ദൈവകൃപ നമുക്ക് നല്‍കപ്പെട്ടിരിക്കുന്നു. ആ കൃപയ്ക്ക് ആരെയും രക്ഷിക്കാനുള്ള കഴിവുണ്ട്.

[12] ലോകം നമ്മളെക്കൊണ്ട് ചെയ്യിക്കാനാഗ്രഹിക്കുന്ന ചീത്തക്കാര്യങ്ങള്‍ ചെയ്യാതിരിക്കാനും ദൈവത്തിനെതിരായി ജീവിക്കാതിരിക്കാനും അവന്‍റെ കൃപ നമ്മെ പഠിപ്പിക്കുന്നു. ദൈവസേവനം ചെയ്തുകൊണ്ട് ഈ ലോകത്തില്‍ ജീവിയ്ക്കുവാനും സ്വയം നിയന്ത്രിതവും നീതിപരവുമായ ജീവിതം നയിക്കാനും അവന്‍റെ കൃപ നമ്മെ പഠിപ്പിക്കുന്നു.

[13] നമ്മുടെ മഹാദൈവവും രക്ഷകനുമായ യേശുക്രിസ്തുവിനെ കാത്തുനില്‍ക്കുമ്പോള്‍ നാം അങ്ങനെ ജീവിക്കണം. അവന്‍ നമ്മുടെ വലിയ പ്രത്യാശയാണ്. മഹത്വത്തോടുകൂടി അവന്‍ വരികയും ചെയ്യും.

[14] അവന്‍ നമുക്ക് സ്വയം നല്‍കി. എല്ലാ ദുഷ്ടതകളില്‍ നിന്നും നമ്മെ മോചിതരാക്കുവാന്‍ അവന്‍ മരിച്ചു. എപ്പോഴും നല്ലതു ചെയ്യുവാന്‍ ആഗ്രഹിക്കുന്ന നമ്മെ അവന്‍റെ വിശുദ്ധ ജനമാക്കുവാനായി അവന്‍ മരിച്ചു.

[15] ഈ കാര്യങ്ങള്‍ ജനങ്ങളോടു പറയുവിന്‍. നിനക്കതിനു പൂര്‍ണ്ണാധികാരമുണ്ട്. അതിനാല്‍ ജനങ്ങളെ ശക്തിപ്പെടുത്താനും ചെയ്യേണ്ടത് എന്താണെന്ന് പറയുവാനുമായി ഈ അധികാരം ഉപയോഗിക്കുക. നീ അഗണ്യനെന്നു കരുതുവാന്‍ ഒരാളെയും അനുവദിക്കരുത്.

തീത്തൊസ് — Chapters