Skip to content
Opens in a new window
Listen to this chapter • 5:40

[1] നമ്മുടെ സഹോദരി ‘ഫേബയെ’ വിശ്വസിക്കാമെന്നു നിങ്ങള്‍ അറിയണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. ‘കെംക്രെയ’ സഭയിലെ ഒരു പ്രത്യേക സഹായി ആണ് അവള്‍.

[2] ക്രിസ്തുവില്‍ അവളെ സ്വീകരിക്കണമെന്നു ഞാന്‍ ആവശ്യപ്പെടുന്നു. ദൈവത്തിന്‍റെ ജനത്തിനു അനുയോജ്യമായ പാതയിലൂടെ അവളെ സ്വീകരിക്കേണം. അവള്‍ക്ക് ആവശ്യമുളളതെല്ലാം നല്‍കി നിങ്ങള്‍ അവളെ സഹായിക്കുക. അവള്‍ എന്നെയും മറ്റനേകരെയും ഏറെ സഹായിച്ചു.

[3] പ്രിസ്കയെയും അക്വിലാവെയും വന്ദനം ചെയ്യുക. ക്രിസ്തുയേശുവില്‍ അവര്‍ എന്നോടൊപ്പം പ്രവര്‍ത്തിക്കുന്നു.

[4] എന്‍റെ ജീവരക്ഷയ്ക്കായി അവര്‍ അവരുടെ തന്നെ ജീവനെ അപകടപ്പെടുത്തി. ഞാനും എല്ലാ ജാതികളുടെ സഭകളും അവരോടു നന്ദിയുളളവരാണ്.

[5] അവരുടെ വീട്ടില്‍ ഒത്തുകൂടന്ന സഭയ്ക്കും വന്ദനം പറയുവിന്‍. എന്‍റെ പ്രിയ സുഹൃത്തായ എപ്പൈനത്തൊസിനും വന്ദനം പറയുവിന്‍. എന്നെക്കാള്‍ മുമ്പില്‍ അവര്‍ ക്രിസ്തുവിന്‍റെ വിശ്വാസികളായി. ആസ്യയില്‍നിന്നും ക്രിസ്തുവിനെ അനുഗമിച്ച ആദ്യ ആളാണ് അവന്‍.

[6] നിങ്ങള്‍ക്കുവേണ്ടി കഠിനാദ്ധ്വാനം ചെയ്ത മറിയയ്ക്കും വന്ദനം പറയുവിന്‍.

[7] എന്നോടൊപ്പം തടവിലുണ്ടായിരുന്നവരും എന്‍റെ ബന്ധുക്കളുമായ അന്ത്രൊനിക്കൊസിനും, യൂനിയാവിനും വന്ദനം പറയുവിന്‍. അപ്പൊസ്തലരില്‍ പ്രമുഖരാണ് അവര്‍.

[8] ക്രിസ്തുവില്‍ എന്‍റെ പ്രിയ സ്നേഹിതനായ അംപ്ളിയാത്തൊസിനും വന്ദനം പറയുവിന്‍.

[9] ഉര്‍ബ്ബാനൊസിനും വന്ദനം പറയുക. അവന്‍ ക്രിസ്തുവിനുവേണ്ടിയുളള എന്‍റെ സഹപ്രവര്‍ത്തകനാണ്. എന്‍റെ പ്രിയ സുഹൃത്തായ സ്താക്കുവിനും വന്ദനം പറയുവിന്‍.

[10] ക്രിസ്തുവിനെ സത്യമായും സ്നേഹിക്കുന്നുവെന്ന് പരീക്ഷിച്ചു തെളിഞ്ഞ അപ്പെലേസിനും വന്ദനം പറയുവിന്‍. അരിസ്തൊ ബൂലൊസിന്‍റെ കുടുംബത്തില്‍പ്പെട്ട എല്ലാവര്‍ക്കും വന്ദനം പറയുവിന്‍.

[11] കര്‍ത്താവില്‍ ആയിരിക്കുന്ന നര്‍ക്കിസ്സൊസ്സിന്‍റെ കുടുംബത്തിനും എന്‍റെ ബന്ധുവായ ഹെരോദിയോനും വന്ദനം പറയുവിന്‍.

[12] കര്‍ത്താവിനായി കഠിനവേല ചെയ്യുന്ന ത്രുഫൈനെക്കും ത്രുഫോസെക്കും വന്ദനം പറയുവിന്‍. കര്‍ത്താവിനായി കഠിന പ്രയത്നം നടത്തിയവളും എന്‍റെ സുഹൃത്തുമായ പെര്‍സിസിനും വന്ദനം പറയുവിന്‍.

[13] കര്‍ത്താവിനായി ഒരു പ്രത്യേക വ്യക്തിയായ രൂഫൊസിനെയും എനിക്ക് അമ്മയെപ്പോലെയായ അവന്‍റെ അമ്മയ്ക്കും വന്ദനം പറയുവിന്‍.

[14] അസുംക്രിതൊസിനും, പ്ലെഗോനും, ഹെര്‍മ്മോസിനും, പത്രൊബാസിനും, ഹെര്‍മ്മാസിനും അവരോടൊപ്പമുളള എല്ലാ സഹോദരങ്ങള്‍ക്കും വന്ദനം പറയുവിന്‍.

[15] ഫിലൊലൊഗൊസിനും, യൂലിയെക്കും നെരെയുസിനും അവന്‍റെ സഹോദരിയ്ക്കും ഒലുബാസിനും അവരോടൊപ്പമുളള എല്ലാ വിശ്വാസികള്‍ക്കും വന്ദനം പറയുവിന്‍.

[16] നിങ്ങള്‍ പരസ്പരം കാണുമ്പോള്‍ വിശുദ്ധമായ ഒരു ചുംബനത്താല്‍ വന്ദനം പറയുവിന്‍. ക്രിസ്തുവിലെ എല്ലാ സഭകളും നിങ്ങള്‍ക്കു വന്ദനം പറയുന്നു.

[17] സഹോദരങ്ങളേ, ജനങ്ങളില്‍ പരസ്പരം എതിര്‍പ്പുണ്ടാക്കുന്ന ആളുകളെക്കുറിച്ച് വളരെ ശ്രദ്ധാലുക്കളാകണമെന്ന് ഞാനാവശ്യപ്പെടുന്നു. മറ്റൊരുവന്‍റെ വിശ്വാസത്തിനു ഇളക്കം തട്ടിക്കുന്ന ഒരുവനെ വളരെ സൂക്ഷിക്കണം. നിങ്ങള്‍ മനസ്സിലാക്കിയിട്ടുളള സത്യമായ ഉപദേശങ്ങള്‍ക്ക് എതിരായുളളവരാണ് അവര്‍. അവരില്‍നിന്നും അകന്നു നില്‍ക്കുക.

[18] കാരണം അത്തരക്കാര്‍ കര്‍ത്താവായ ക്രിസ്തുവിനെയല്ല സഹായിക്കുന്നത്. പിന്നെയോ അവരുടെ വയറിനെ ആണ്. മൃദുലഭാഷണവും പുകഴ്ത്തലുംകൊണ്ട് അവര്‍ നിഷ്കളങ്കമനസ്കരായ ആളുകളെ വഞ്ചിച്ചുകൊണ്ടിരിക്കുന്നു.

[19] നിങ്ങള്‍ അനുസരണമുളളവരാണെന്ന് എല്ലാ വിശ്വാസികളും കേട്ടതിനാല്‍ ഞാന്‍ സന്തോഷിക്കുന്നു. പക്ഷേ നല്ലതിനെപ്പറ്റി നിങ്ങള്‍ ബുദ്ധിയുളളവരാകണമെന്ന് ഞാനാഗ്രഹിക്കുന്നു. ദുഷ്കൃത്യങ്ങള്‍ ഒന്നും നിങ്ങള്‍ അറിയരുതെന്നു കൂടിയും ഞാനാഗ്രഹിക്കുന്നു.

[20] സമാധാനം കൊണ്ടുവരുന്ന ദൈവം താമസിയാതെ, സാത്താനെ പരാജയപ്പെടുത്തുകയും അവന്‍റെമേല്‍ നിങ്ങള്‍ക്ക് ശക്തി നല്‍കുകയും ചെയ്യും. നമ്മുടെ കര്‍ത്താവായ ക്രിസ്തുയേശുവിന്‍റെ കാരുണ്യം നിങ്ങളോടൊപ്പമുണ്ടാകട്ടെ.

[21] എന്‍റെ സഹപ്രവര്‍ത്തകനായ തിമൊഥെയൊസും നിങ്ങള്‍ക്കു വന്ദനം പറയുന്നു. എന്‍റെ ബന്ധുക്കളായ ലൂക്യൊസും, യാസോനും സോസിപത്രൊസും നിങ്ങള്‍ക്കു വന്ദനം പറയുന്നു.

[22] പൌലൊസ് പറയുന്ന ഇക്കാര്യങ്ങളെക്കുറിച്ച് കത്തെഴുതിക്കൊണ്ടിരിക്കുന്ന തെര്‍തൊസ് എന്ന ഞാനും ക്രിസ്തുവില്‍ നിങ്ങള്‍ക്കു വന്ദനം പറയുന്നു.

[23] എന്‍റെയും മുഴുവന്‍ സഭകളുടെയും ആതിഥേയനായ ഗായൊസും നിങ്ങള്‍ക്കു വന്ദനം പറയുന്നു. ഇവിടുത്തെ നഗരഖജാന്‍ജിയായ എരസ്തൊസും നമ്മുടെ സഹോദരനായ ക്വര്‍ത്തൊസും നിങ്ങള്‍ക്കു വന്ദനം പറയുന്നു.

[24]

[25] നിങ്ങളെ വിശ്വാസത്തില്‍ ഉറപ്പുളളവരാക്കാന്‍ കഴിയുന്ന ദൈവത്തിനു മഹത്വം. നിങ്ങളെ ശക്തരാക്കുവാനായി ഞാനുപയോഗിച്ച സുവിശേഷം ദൈവം ഉപയോഗിക്കും. ഞാന്‍ ജനങ്ങളോടു പറയുന്ന ക്രിസ്തുവിനെപ്പറ്റിയുളള സുവിശേഷം ആണത്. ദൈവം വെളിപ്പെടുത്തിയ രഹസ്യസത്യം ആ സുവിശേഷം ആണ്. കാലത്തിന്‍റെ തുടക്കം മുതല്‍ ആ രഹസ്യസത്യം മറഞ്ഞിരിക്കുകയായിരുന്നു.

[26] പക്ഷേ ആ രഹസ്യസത്യം ഇപ്പോള്‍ നമ്മളെ കാണിച്ചിരിക്കുന്നു. ആ സത്യം എല്ലാവര്‍ക്കുമായി വെളിപ്പെടുത്തിയിരിക്കുന്നു. പ്രവാചകന്മാര്‍ എഴുതിയ കാര്യങ്ങളിലൂടെ അത് വെളിവാക്കിയിരിക്കുന്നു. എന്നും ജീവിക്കുന്ന ദൈവത്തില്‍ വിശ്വസിക്കുവാനും അനുസരിക്കുവാനും ആ രഹസ്യസത്യം എല്ലാ ജനങ്ങള്‍ക്കും വെളിപ്പെടുത്തണമെന്നാണ് ദൈവം കല്പിച്ചത്.

[27] സര്‍വ്വജ്ഞാനിയായ ഏക ദൈവത്തിന് യേശുക്രിസ്തു മുഖേന എന്നേക്കും മഹത്വം ആമേന്‍.

റോമര്‍ — Chapters