[1] പണ്ട് ദൈവം നമ്മുടെ ആള്‍ക്കാരോട് പ്രവാചകര്‍ വഴി സംസാരിച്ചു. ദൈവം പല തവണകളായും പല രീതിയിലും അവരോടു സംവാദിച്ചു.
[2] ഈ അവസാനനാളുകളിലും ദൈവം തന്‍റെ പുത്രനിലൂടെ നമ്മോടു സംസാരിച്ചു. ദൈവം തന്‍റെ പുത്രനിലൂടെ മുഴുവന്‍ ലോകത്തെയും സൃഷ്ടിച്ചു. എല്ലാക്കാര്യങ്ങളും ഉള്ളവനാകാന്‍ വേണ്ടി തന്‍റെ പുത്രനെ തിരഞ്ഞെടുത്തു.
[3] പുത്രന്‍ പിതാവിന്‍റെ മഹത്വം കാണിക്കുന്നു. അവന്‍ ദൈവപ്രകൃതിയുടെ പൂര്‍ണ്ണപകര്‍പ്പാണ്. പുത്രന്‍ തന്‍റെ ആജ്ഞാശക്തിയാല്‍ എല്ലാറ്റിനെയും നിലനിര്‍ത്തുന്നു. പുത്രന്‍ ആളുകളെ തങ്ങളുടെ പാപത്തില്‍നിന്നും മുക്തരാക്കി. അതിനുശേഷം അവന്‍ സ്വര്‍ഗ്ഗത്തിലുള്ള മഹോന്നതന്‍റെ വലതു ഭാഗത്ത് ഇരുന്നു.
[4] ദൂതന്മാരിലാരെക്കാളും ഉന്നതമായ നാമം ദൈവം അവന് നല്‍കി. അവന്‍ ദൂതന്മാരെക്കാള്‍ ഉന്നതനായി.
[5] ഒരു ദൂതനോടും ദൈവം ഈ കാര്യങ്ങള്‍ പറഞ്ഞിട്ടില്ല, “നീ എന്‍റെ മകനാണ്; ഇന്നു ഞാന്‍ നിന്‍റെ പിതാവായി.” കൂടാതെ ദൈവം ഒരു ദൂതനോടും ഒരിക്കലും പറഞ്ഞിട്ടില്ല, “ഞാനവന്‍റെ പിതാവും അവനെന്‍റെ പുത്രനുമാകും.”
[6] ദൈവം തന്‍റെ ആദ്യജാതനെ ഭൂമിയിലേക്കു കൊണ്ടുവന്നപ്പോള്‍ ഇങ്ങനെ പറഞ്ഞു, “ദൈവത്തിന്‍റെ എല്ലാ ദൂതന്മാരും പുത്രനെ നമസ്കരിക്കട്ടെ.”
[7] ദൂതന്മാരെപ്പറ്റി ദൈവം പറഞ്ഞത് ഇതാണ്; “ദൈവം തന്‍റെ ദൂതന്മാരെ കാറ്റും തന്‍റെ ദാസന്മാരെ അഗ്നിജ്വാലയുമാക്കി.”
[8] എന്നാല്‍ ദൈവം തന്‍റെ മകനെപ്പറ്റി ഇങ്ങനെ പറഞ്ഞു; “ഓ, ദൈവമേ, നിന്‍റെ സിംഹാസനം എന്നെന്നേക്കും തുടരും. നീ നീതിപൂര്‍വ്വം നിന്‍റെ രാജ്യം ഭരിക്കും.”
[9] നീ നീതിയെ സ്നേഹിക്കുകയും അനീതിയെ വെറുക്കുകയും ചെയ്യുന്നു. അതുകൊണ്ട് ദൈവമേ, നിന്‍റെ ദൈവം നിന്നോടുകൂടെയുള്ള മറ്റാള്‍ക്കാര്‍ക്കു കൊടുത്തതിനേക്കാള്‍ കൂടുതല്‍ സന്തോഷം നിനക്കു നല്‍കി.”
[10] ദൈവം ഇതു കൂടി പറഞ്ഞു, “കര്‍ത്താവേ, ആദിയില്‍ നീ ഭൂമിയുടെ അടിത്തറ പണിതു. നിന്‍റെ കരങ്ങള്‍ ആകാശത്തെയും സൃഷ്ടിച്ചു.
[11] ഇവയൊക്കെയും മറഞ്ഞു പോകും. എന്നാലും നീ എന്നെന്നും നിലനില്‍ക്കും. എല്ലാ വസ്തുക്കളും വസ്ത്രംപോലെ പഴയതാകും.
[12] നീ അതൊക്കെയും ഒരു മേലങ്കിപോലെ മടക്കും. വസ്ത്രങ്ങള്‍ പോലെ അവ മാറ്റപ്പെടും. എന്നാല്‍ നീ ഒരിക്കലും മാറില്ല, നിന്‍റെ ജീവിതം ഒരിക്കലും അവസാനിക്കുകയുമില്ല.”
[13] “ഞാന്‍ നിന്‍റെ ശത്രുക്കളെ നിന്‍റെ കാല്‍ക്കീഴിലാക്കും വരെ എന്‍റെ വലതു ഭാഗത്ത് ഇരിക്കുക.” എന്ന് ഒരിക്കലും ഒരു ദൂതനോടും ദൈവം പറഞ്ഞില്ല,
[14] എല്ലാ ദൂതന്മാരും ദൈവത്തെ സേവിക്കുന്ന ആത്മാക്കളാണ്. അവര്‍ രക്ഷ പ്രാപിക്കുന്നവരെ പരിസേവിക്കുവാന്‍ അയയ്ക്കപ്പെട്ടിരിക്കുന്നു.