Skip to content
Opens in a new window
Listen to this chapter • 3:25

[1] ഇനി നിങ്ങളുടെ കൂട്ടത്തിലുള്ള മൂപ്പന്മാരോട് എനിക്കു ചില കാര്യങ്ങള്‍ പറയുവാനുണ്ട്. ഞാനും ഒരു മൂപ്പനാണ്. ക്രിസ്തുവിന്‍റെ കഷ്ടങ്ങള്‍ ഞാന്‍ തന്നെ കണ്ടിട്ടുണ്ട്. ഞങ്ങള്‍ക്കു കാണിച്ചു തരുന്ന ആ മഹത്വം ഞാന്‍ പങ്കുവയ്ക്കും.

[2] നിങ്ങള്‍ക്കു ഉത്തരവാദപ്പെട്ട ഈ കൂട്ടത്തിന്‍റെ സംരക്ഷ ഏല്‍ക്കുവാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. അവര്‍ ദൈവത്തിന്‍റെ അജഗണമാണ്. അങ്ങനെ ചെയ്യുവാന്‍ നിങ്ങളെ നിര്‍ബന്ധിച്ചതുകൊണ്ടല്ല എന്നാല്‍, നിങ്ങളങ്ങനെ ചെയ്യാന്‍ ആഗ്രഹിക്കുന്നതുകൊണ്ടാണ്. ഇങ്ങനെയാണ് ദൈവം ആഗ്രഹിക്കുന്നത്. പണം ആഗ്രഹിച്ചല്ല സേവനം ചെയ്യുന്നതില്‍ സന്തോഷം ഉള്ളതുകൊണ്ട് അതു ചെയ്യുവിന്‍.

[3] നിങ്ങള്‍ക്ക് ചുമതലപ്പെട്ടവരോട് നിങ്ങള്‍ ഒരു പരുക്കന്‍ ഭരണാധികാരിയെപ്പോലെയാകരുത്. പകരം നല്ല മാതൃകയുള്ളവരാകുക. പിന്നെ, ഭരിക്കുന്ന ഇടയന്‍ (ക്രിസ്തു) വരുമ്പോള്‍ നിങ്ങള്‍ക്കൊരു കിരീടം കിട്ടും.

[4] അതു മഹത്വപൂര്‍ണ്ണവും നശിക്കാത്ത സൌന്ദര്യമുള്ളതും ആയിരിക്കും.

[5] യുവാക്കളേ, നിങ്ങളോടും എനിക്കു ചിലതുപറയാനുണ്ട്. നിങ്ങള്‍ മൂപ്പന്മാരുടെ അധികാരത്തെ സ്വീകരിക്കണം. നിങ്ങളോരോരുത്തരും പരസ്പരം ഏറെ വിനീതരാകണം. “ദൈവം അഹങ്കാരികള്‍ക്ക് എതിരാണ്. എന്നാല്‍ (താഴ്മയുണള്ളവരുടെമേല്) വിനീതരില്‍ അവന്‍ കൃപ ചൊരിയുന്നു.”

[6] ദൈവത്തിന്‍റെ ശക്തമായ കരങ്ങള്‍ക്കു കീഴെ വിനീതരാകുവിന്‍. അപ്പോള്‍ സമയമാകുമ്പോള്‍ അവന്‍ നിങ്ങളെ ഉയര്‍ത്തും.

[7] അവന്‍ നിങ്ങള്‍ക്കുവേണ്ടി കരുതുന്നതുകൊണ്ട് നിങ്ങളുടെ എല്ലാ ആകുലങ്ങളും അവനെ ഏല്പിക്കുക.

[8] ശ്രദ്ധാലുക്കളാകുകയും സ്വയം നിയന്ത്രിക്കുകയും ചെയ്യുവിന്‍. പിശാചാണു നിങ്ങളുടെ ശത്രു. മനുഷ്യനെ തിന്നുവാന്‍ അലറിപ്പാഞ്ഞു നടക്കുന്ന ഒരു സിംഹത്തെപ്പോലെയാണവന്‍.

[9] പിശാചിനെ പിന്തുടരാന്‍ കൂട്ടാക്കാതിരിക്കുക. നിങ്ങളുടെ വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുക. നിങ്ങള്‍ക്കുള്ള അതേ കഷ്ടങ്ങളാണ് ലോകമെമ്പാടുമുള്ള നിങ്ങളുടെ സഹോദരീസഹോദരര്‍ അനുഭവിക്കുന്നതെന്ന് നിങ്ങള്‍ക്കറിയാം.

[10] അതെ, അല്പകാലത്തേക്ക് നിങ്ങള്‍ കഷ്ടം സഹിക്കും. എന്നാലതിനുശേഷം ദൈവം എല്ലാം ശരിയാക്കും. അവന്‍ നിങ്ങളെ ബലപ്പെടുത്തും. അവന്‍ നിങ്ങളെ താങ്ങുകയും വീഴ്ചയില്‍നിന്നു രക്ഷിക്കുകയും ചെയ്യും. എല്ലാ കൃപയും പകരുന്ന ദൈവമാണവന്‍. ക്രിസ്തുവില്‍ തന്‍റെ മഹത്വത്തെ പങ്കുവയ്ക്കാന്‍ അവന്‍ നിങ്ങളെ ക്ഷണിച്ചിരിക്കുന്നു. ആ മഹത്വം എക്കാലത്തേക്കുമായി തുടരും.

[11] എല്ലാ ശക്തിയും എന്നുമെന്നേക്കും അവന്‍റേതാണ്. ആമേന്‍.

[12] ഞാന്‍ ഈ ചെറുകത്ത് എഴുതിയത് സില്വാനൊസിന്‍റെ സഹായത്തോടെയാണ്. അവന്‍ ക്രിസ്തുവില്‍ വിശ്വസ്തനായ സഹോദരനാണ് എന്ന് എനിക്കറിയാം. നിങ്ങളെ ആശ്വസിപ്പിക്കുവാനും പ്രോത്സാഹിപ്പിക്കുവാനുമാണ് ഞാന്‍ എഴുതിയത്. ഇതാണ് ദൈവത്തിന്‍റെ ശരിയായ കൃപ എന്നു പറയുവാനാണ് ഞാന്‍ ആഗ്രഹിച്ചത്. അതില്‍ ഉറച്ചു നില്‍ക്കുക.

[13] ബാബിലോണിലെ സഭ നിങ്ങളെ വന്ദനം ചെയ്യുന്നു. അവരും നിങ്ങളെപ്പോലെ തന്നെ തിരഞ്ഞെടുക്കപ്പെട്ടവരാണ്. ക്രിസ്തുവില്‍ എന്‍റെ മകനായ മര്‍ക്കൊസും നിങ്ങളെ വന്ദനം ചെയ്യുന്നു.

[14] നിങ്ങള്‍ കണ്ടുമുട്ടുമ്പോള്‍ ഒരു സ്നേഹചുംബനം പരസ്പരം കൊടുക്കുക. ക്രിസ്തുവിലുള്ള എല്ലാവര്‍ക്കും സമാധാനം.

1 പത്രൊസ് — Chapters