[1] മത്സരവും മലിനതയും നിറഞ്ഞതും പീഡിപ്പിക്കുന്നതും ആയ നഗരത്തിന് അയ്യോ കഷ്ടം!
[2] അവൾ യഹോവയുടെ വാക്ക് കേട്ടനുസരിച്ചിട്ടില്ല; പ്രബോധനം കൈക്കൊണ്ടിട്ടില്ല; യഹോവയിൽ ആശ്രയിച്ചിട്ടില്ല; തന്റെ ദൈവത്തോട് അടുത്തുവന്നിട്ടുമില്ല.
[3] അതിനകത്ത് അതിന്റെ പ്രഭുക്കന്മാർ ഗർജ്ജിക്കുന്ന സിംഹങ്ങൾ; അതിന്റെ ന്യായാധിപതിമാർ വൈകുന്നേരത്തെ ചെന്നായ്ക്കൾ; അവർ പ്രഭാതകാലത്തേക്ക് ഒന്നും ശേഷിപ്പിക്കുന്നില്ല.
[4] അതിന്റെ പ്രവാചകന്മാർ അല്പബുദ്ധികളും വിശ്വാസപാതകന്മാരും ആകുന്നു; അതിന്റെ പുരോഹിതന്മാർ വിശുദ്ധമന്ദിരത്തെ അശുദ്ധമാക്കി, ന്യായപ്രമാണം ലംഘിക്കുന്നു.
[5] യഹോവ അതിന്റെ മദ്ധ്യത്തിൽ നീതിമാനാകുന്നു; അവൻ നീതികേട് ചെയ്യുന്നില്ല; രാവിലേതോറും അവൻ തന്റെ ന്യായത്തെ തെറ്റാതെ വെളിപ്പെടുത്തുന്നു; നീതികെട്ടവനോ നാണം എന്തെന്നറിഞ്ഞുകൂടാ.
[6] ഞാൻ ജനതകളെ ഛേദിച്ചുകളഞ്ഞു; അവരുടെ കോട്ടകൾ ശൂന്യമാക്കിയിരിക്കുന്നു; ഞാൻ അവരുടെ വീഥികളെ ആരും കടന്നുപോകാത്തവിധം ശൂന്യമാക്കി, അവരുടെ പട്ടണങ്ങൾ ഒരു മനുഷ്യനും നിവാസിയും ഇല്ലാതെ നശിച്ചിരിക്കുന്നു.
[7] “നീ എന്നെ ഭയപ്പെട്ട് പ്രബോധനം സ്വീകരിക്കുക” എന്ന് ഞാൻ കല്പിച്ചു; എന്നാൽ ഞാൻ തീരുമാനിച്ചതുപോലെ അവളുടെ ഭവനത്തിൽ നിന്ന് ഛേദിക്കപ്പെടുകയില്ലായിരുന്നു; പക്ഷേ അവർ ജാഗ്രതയോടെ തങ്ങളുടെ ദുഷ്പ്രവൃത്തികൾ ചെയ്തുപോന്നു.
[8] അതുകൊണ്ട് “ഞാൻ സാക്ഷിയായി എഴുന്നേല്ക്കുന്ന ദിവസംവരെ എനിക്കായി കാത്തിരിക്കുക” എന്ന് യഹോവയുടെ അരുളപ്പാട്. എന്റെ ക്രോധവും എന്റെ ഉഗ്രകോപവും പകരേണ്ടതിന് ജനതകളെ ചേർക്കുവാനും രാജ്യങ്ങളെ കൂട്ടുവാനും ഞാൻ തീരുമാനിച്ചിരിക്കുന്നു; സർവ്വഭൂമിയും എന്റെ തീക്ഷ്ണതാഗ്നിക്ക് ഇരയായിത്തീരും.
[9] അപ്പോൾ സകലജാതികളും യഹോവയുടെ നാമത്തെ വിളിച്ചപേക്ഷിച്ച് ഏകമനസ്സോടെ അവനെ സേവിക്കേണ്ടതിന് ഞാൻ അവർക്ക് നിർമ്മലമായുള്ള അധരങ്ങൾ നൽകും.
[10] കൂശ് നദികളുടെ അക്കരെനിന്ന് എന്റെ നമസ്കാരികൾ, എന്റെ ചിതറിപ്പോയവരുടെ സഭ തന്നെ, എനിക്ക് വഴിപാട് കൊണ്ടുവരും.
[11] അന്ന് ഞാൻ അവരുടെ മദ്ധ്യത്തില്‍ നിന്ന് അഹങ്കരിച്ച് ഉല്ലസിക്കുന്നവരെ നീക്കിക്കളയും. നീ എന്റെ വിശുദ്ധപർവ്വതത്തിൽ ഇനി അഹങ്കരിക്കാതിരിക്കുന്നതുകൊണ്ട് നീ എന്നോട് അതിക്രമമായി ചെയ്തിരിക്കുന്ന സകലപ്രവൃത്തികളുംനിമിത്തം അന്ന് ലജ്ജിക്കേണ്ടിവരുകയില്ല.
[12] ഞാൻ നിന്റെ നടുവിൽ താഴ്മയും ദാരിദ്ര്യവും ഉള്ള ജനത്തെ ശേഷിപ്പിക്കും; അവർ യഹോവയുടെ നാമത്തിൽ ശരണം പ്രാപിക്കും.
[13] യിസ്രായേലിൽ അവശേഷിച്ചവർ നീതികേട് പ്രവർത്തിക്കുകയില്ല; ഭോഷ്കുപറയുകയുമില്ല; ചതിവുള്ള നാവ് അവരുടെ വായിൽ ഉണ്ടാകുകയില്ല; അവർ ആടുമാടുകളെ മേയുകയും സുഖമായി വിശ്രമിക്കുകയും ചെയ്യും; ആരും അവരെ ഭയപ്പെടുത്തുകയുമില്ല.
[14] സീയോൻപുത്രിയേ, ഘോഷിച്ചാനന്ദിക്കുക; യിസ്രായേലേ, ആർപ്പിടുക; യെരൂശലേം പുത്രിയേ, പൂർണ്ണഹൃദയത്തോടെ സന്തോഷിച്ചുല്ലസിക്ക.
[15] യഹോവ നിന്റെ ന്യായവിധികളെ മാറ്റി, നിന്റെ ശത്രുവിനെ നീക്കിക്കളഞ്ഞിരിക്കുന്നു; യിസ്രായേലിന്റെ രാജാവായ യഹോവ നിന്റെ മദ്ധ്യത്തിൽ ഇരിക്കുന്നു; ഇനി നീ അനർത്ഥം കാണുകയില്ല.
[16] അന്ന് അവർ യെരൂശലേമിനോട്: “ഭയപ്പെടരുത്” എന്നും സീയോനോട്: “അധൈര്യപ്പെടരുത്” എന്നും പറയും.
[17] നിന്റെ ദൈവമായ യഹോവ രക്ഷിക്കുന്ന വീരനായി നിന്റെ മദ്ധ്യേ ഇരിക്കുന്നു; അവൻ നിന്നിൽ അത്യന്തം സന്തോഷിക്കും; തന്റെ സ്നേഹത്താൽ അവൻ പുതുതാക്കുന്നു; ഉത്സവദിനത്തിലെപ്പോലെ അവൻ നിന്നിൽ ആനന്ദിക്കും.
[18] ലജ്ജാഭാരം വഹിച്ചവളായ നിനക്കുള്ളവരായി സംഘത്തെ വിട്ടു ദുഃഖിക്കുന്നവരെ ഞാൻ ചേർത്തുകൊള്ളും.
[19] നിന്നെ ക്ലേശിപ്പിക്കുന്നവരോട് ഞാൻ ആ കാലത്ത് ഇടപെടും; ഞാൻ മുടന്തരെ രക്ഷിക്കുകയും ചിതറിപ്പോയതിനെ ശേഖരിക്കുകയും സർവ്വഭൂമിയിലും ലജ്ജ നേരിട്ടവരെ പ്രശംസയും കീർത്തിയുമാക്കി തീർക്കുകയും ചെയ്യും.
[20] ആ കാലത്ത് ഞാൻ നിങ്ങളെ വരുത്തുകയും, ഞാൻ നിങ്ങളെ ശേഖരിക്കുകയും ചെയ്യും; നിങ്ങളുടെ കൺമുൻപിൽ ഞാൻ നിങ്ങളുടെ പ്രവാസികളെ മടക്കിവരുത്തുമ്പോൾ ഞാൻ നിങ്ങളെ ഭൂമിയിലെ സകലജനതകളുടെയും ഇടയിൽ കീർത്തിയും പ്രശംസയും ആക്കിത്തീർക്കുമെന്ന് യഹോവ അരുളിച്ചെയ്യുന്നു.