[1] ഞാൻ ക്രിസ്തുവിൽ സത്യം പറയുന്നു; ഞാൻ പറയുന്നത് ഭോഷ്കല്ല;
[2] എനിക്ക് വലിയ ദുഃഖവും ഹൃദയത്തിൽ ഇടവിടാതെ നോവും ഉണ്ട് എന്നു എന്റെ മനസ്സാക്ഷി എനിക്ക് പരിശുദ്ധാത്മാവിൽ സാക്ഷിയായിരിക്കുന്നു.
[3] ജഡപ്രകാരം എന്റെ വംശക്കാരായ എന്റെ സഹോദരന്മാർക്കുവേണ്ടി ഞാൻ തന്നേ ക്രിസ്തുവിനോട് വേർപെട്ട് ശാപഗ്രസ്തനാവാൻ ഞാൻ ആഗ്രഹിക്കാമായിരുന്നു.
[4] അവർ യിസ്രായേല്യർ; പുത്രത്വവും തേജസ്സും ഉടമ്പടികളും ന്യായപ്രമാണത്തിന്റെ ദാനവും ദൈവത്തിന്റെ ആരാധനയും വാഗ്ദത്തങ്ങളും അവർക്കുണ്ട്;
[5] പിതാക്കന്മാരും അവർക്കുള്ളവർ തന്നെ; ജഡപ്രകാരം ക്രിസ്തുവും അവരിൽനിന്നല്ലോ ഉത്ഭവിച്ചത്; അവൻ സർവ്വത്തിനും മീതെ ദൈവമായി എന്നെന്നേക്കും വാഴ്ത്തപ്പെട്ടവൻ. ആമേൻ.
[6] ദൈവത്തിന്റെ വാഗ്ദത്തം വൃഥാവായിപ്പോയി എന്നല്ല; യിസ്രായേലിൽനിന്ന് ഉത്ഭവിച്ചവർ എല്ലാം യഥാർത്ഥമായി യിസ്രായേല്യർ എന്നും
[7] അബ്രാഹാമിന്റെ സന്തതിയാകയാൽ എല്ലാവരും യഥാർത്ഥമായി അവന്റെ മക്കൾ എന്നും വരികയില്ല; “യിസ്ഹാക്കിൽനിന്നു ജനിക്കുന്നവർ നിന്റെ സന്തതി എന്നു വിളിക്കപ്പെടും” എന്നേയുള്ളു.
[8] അതായത്: ജഡപ്രകാരം ജനിച്ച മക്കൾ അല്ല ദൈവത്തിന്റെ മക്കൾ; വാഗ്ദത്തപ്രകാരം ജനിച്ച മക്കളെയത്രേ സന്തതി എന്നു എണ്ണുന്നത്.
[9] “ഈ സമയത്തേക്ക് ഞാൻ വരും; അപ്പോൾ സാറായ്ക്കു ഒരു മകൻ ഉണ്ടാകും” എന്നല്ലോ വാഗ്ദത്തവചനം.
[10] അതുമാത്രമല്ല, റിബെക്കായും നമ്മുടെ പിതാവായ യിസ്ഹാക്ക് എന്ന ഏകനാൽ ഗർഭംധരിച്ചു,
[11] കുട്ടികൾ ജനിക്കയോ ഗുണമാകട്ടെ ദോഷമാകട്ടെ ഒന്നും പ്രവർത്തിക്കയോ ചെയ്യുംമുമ്പേ തിരഞ്ഞെടുപ്പിൻ പ്രകാരമുള്ള ദൈവനിർണ്ണയം പ്രവൃത്തികൾ നിമിത്തമല്ല വിളിച്ചവന്റെ ഇഷ്ടം നിമിത്തംതന്നെ എന്നു വരേണ്ടതിന്:
[12] “മൂത്തവൻ ഇളയവനെ സേവിക്കും” എന്നു അവളോട് അരുളിച്ചെയ്തു.
[13] “ഞാൻ യാക്കോബിനെ സ്നേഹിച്ച് ഏശാവിനെ ദ്വേഷിച്ചിരിക്കുന്നു” എന്നു എഴുതിയിരിക്കുന്നതുപോലെ തന്നെ.
[14] ആകയാൽ നാം എന്ത് പറയേണ്ടു? ദൈവത്തിന്റെ പക്കൽ അനീതി ഉണ്ടോ? ഒരുനാളും ഇല്ല.
[15] “എനിക്ക് കരുണയുള്ളവനോട് കരുണ തോന്നുകയും എനിക്ക് കനിവുള്ളവനോട് കനിവ് തോന്നുകയും ചെയ്യും” എന്നു അവൻ മോശെയോടു അരുളിച്ചെയ്യുന്നു.
[16] അതുകൊണ്ട് ഇച്ഛിക്കുന്നവനാലുമല്ല, ഓടുന്നവനാലുമല്ല, കരുണ തോന്നുന്ന ദൈവത്താലത്രെ.
[17] “ഇതിനായിട്ട് തന്നേ ഞാൻ നിന്നെ നിർത്തിയിരിക്കുന്നത്; നിന്നിൽ എന്റെ ശക്തി വെളിപ്പെടുത്തേണ്ടതിനും എന്റെ നാമം സർവ്വഭൂമിയിലും പ്രസ്താവിക്കപ്പെടേണ്ടതിനും തന്നേ” എന്നു തിരുവെഴുത്തിൽ ഫറവോനോട് അരുളിച്ചെയ്യുന്നു.
[18] അങ്ങനെ തനിക്കു മനസ്സുള്ളവനോട് അവന് കരുണ തോന്നുന്നു; തനിക്കു മനസ്സുള്ളവരെ അവൻ കഠിനരാക്കുന്നു.
[19] ആകയാൽ അവൻ പിന്നെ കുറ്റം കണ്ടുപിടിക്കുന്നത് എന്ത്? ആർ അവന്റെ ഇഷ്ടത്തോട് എതിർത്തുനില്ക്കുന്നു? എന്നു നീ എന്നോട് ചോദിക്കും.
[20] അയ്യോ, മനുഷ്യാ, ദൈവത്തോട് പ്രത്യുത്തരം പറയുന്ന നീ ആർ? മനഞ്ഞിരിക്കുന്നതു മനഞ്ഞവനോടു: നീ എന്നെ ഇങ്ങനെ ചമച്ചത് എന്ത് എന്നു ചോദിക്കുമോ?
[21] അല്ല, കുശവന് ഒരേ പിണ്ഡത്തിൽനിന്ന് ഒരു പാത്രം വിശേഷ ഉപയോഗത്തിനും മറ്റൊരു പാത്രം ദിവസേനയുള്ള ഉപയോഗത്തിനും ഉണ്ടാക്കുവാൻ കളിമണ്ണിന്മേൽ അധികാരം ഇല്ലയോ?
[22] എന്നാൽ ദൈവം തന്റെ കോപം കാണിക്കുവാനും ശക്തി വെളിപ്പെടുത്തുവാനും യെഹൂദന്മാരിൽനിന്നു മാത്രമല്ല,
[23] ജാതികളിൽനിന്നും വിളിച്ചു തേജസ്സിനായി മുന്നൊരുക്കിയ കരുണാപാത്രങ്ങളായ നമ്മിൽ
[24] തന്റെ തേജസ്സിന്റെ ധനം വെളിപ്പെടുത്തുവാൻ ഇച്ഛിച്ചിട്ട് നാശയോഗ്യമായ കോപപാത്രങ്ങളെ വളരെ ദീർഘക്ഷമയോടെ സഹിച്ചു എങ്കിൽ എന്ത്?
[25] “എന്റെ ജനമല്ലാത്തവരെ എന്റെ ജനം എന്നും, പ്രിയപ്പെട്ടവളല്ലാത്തവളെ പ്രിയപ്പെട്ടവൾ എന്നും ഞാൻ വിളിക്കും.
[26] നിങ്ങൾ എന്റെ ജനമല്ല എന്നു അവരോട് പറഞ്ഞ ഇടത്തിൽ അവർ ജീവനുള്ള ദൈവത്തിന്റെ മക്കൾ എന്നു വിളിക്കപ്പെടും” എന്നു ഹോശേയാപുസ്തകത്തിലും അരുളിച്ചെയ്യുന്നുവല്ലോ.
[27] യെശയ്യാവോ യിസ്രായേലിനെക്കുറിച്ച്: “യിസ്രായേൽ മക്കളുടെ എണ്ണം കടൽക്കരയിലെ മണൽപോലെ ആയിരുന്നാലും ശേഷിപ്പത്രേ രക്ഷിയ്ക്കപ്പെടൂ.
[28] കർത്താവ് ഭൂമിയിൽ തന്റെ വചനം നിവർത്തിച്ചു ക്ഷണത്തിൽ തീർക്കും” എന്നു വിളിച്ചു പറയുന്നു.
[29] “സൈന്യങ്ങളുടെ കർത്താവ് നമുക്കു സന്തതിയെ ശേഷിപ്പിച്ചില്ലെങ്കിൽ നാം സൊദോമെപ്പോലെ ആകുമായിരുന്നു, ഗൊമോറയ്ക്ക് സദൃശമാകുമായിരുന്നു” എന്നു യെശയ്യാവ് മുമ്പുകൂട്ടി പറഞ്ഞിരിക്കുന്നുവല്ലോ.
[30] ആകയാൽ നാം എന്ത് പറയേണ്ടു? നീതിയെ പിന്തുടരാത്ത ജാതികൾ നീതിപ്രാപിച്ചു, വിശ്വാസത്താലുള്ള നീതി തന്നേ.
[31] നീതിയുടെ പ്രമാണം പിന്തുടർന്ന യിസ്രായേലോ അതിങ്കൽ എത്തിയില്ല.
[32] അതെന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അവർ വിശ്വാസത്താലല്ല, പ്രവൃത്തികളാൽ അന്വേഷിച്ചതുകൊണ്ടുതന്നെ അവർ ഇടർച്ചക്കല്ലിന്മേൽ തട്ടി ഇടറി:
[33] “ഇതാ, ഞാൻ സീയോനിൽ ഇടർച്ചക്കല്ലും തടങ്ങൽപാറയും വെയ്ക്കുന്നു; അവനിൽ വിശ്വസിക്കുന്നവൻ ലജ്ജിച്ചുപോകയില്ല” എന്നു എഴുതിയിരിക്കുന്നുവല്ലോ.