Skip to content
Opens in a new window
Listen to this chapter • 1:31

[1] യഹോവയുടെ അരുളപ്പാട് രണ്ടാം പ്രാവശ്യം യോനായ്ക്ക് ഉണ്ടായത് എന്തെന്നാൽ:

[2] “നീ പുറപ്പെട്ട് മഹാനഗരമായ നീനെവേയിൽ ചെന്ന് ഞാൻ നിന്നോട് അരുളിച്ചെയ്യുന്ന സന്ദേശം അതിനോട് പ്രസംഗിക്കുക”.

[3] അങ്ങനെ യോനാ പുറപ്പെട്ട്, യഹോവയുടെ കല്പനപ്രകാരം നീനെവേയിൽ ചെന്നു. ഒരറ്റത്തുനിന്ന് മറ്റേഅറ്റം വരെ എത്താൻ മൂന്നുദിവസം നടക്കേണ്ട മഹാനഗരമായിരുന്നു നീനെവേ.

[4] യോനാ നഗരത്തിൽ കടന്ന് ആദ്യ ദിവസം ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. “നാല്പതു ദിവസം കഴിഞ്ഞാൽ നീനെവേക്ക് ഉന്മൂലനാശം സംഭവിക്കും.

[5] എന്നാൽ നീനെവേക്കാർ ദൈവത്തിൽ വിശ്വസിച്ച് ഒരു ഉപവാസം പ്രസിദ്ധപ്പെടുത്തി. വലിയവരും ചെറിയവരും ഒരുപോലെ അനുതാപത്തോടെ രട്ടുടുത്തു.

[6] ഈ വാർത്ത നീനെവേരാജാവ് അറിഞ്ഞപ്പോൾ അവൻ സിംഹാസനത്തിൽനിന്ന് എഴുന്നേറ്റ് രാജവസ്ത്രം മാറ്റി രട്ടുടുത്ത് ചാരത്തിൽ ഇരുന്നു.

[7] അവൻ നീനെവേയിൽ എങ്ങും വിളംബരം ചെയ്തത് “നീനെവേ രാജാവും പ്രഭുക്കന്മാരും ആജ്ഞാപിക്കുന്നു: ‘മനുഷ്യനോ മൃഗമോ കന്നുകാലിയോ ആടോ ഒന്നും ഒരു വസ്തുവും ആസ്വദിക്കരുത്; മേയുകയും വെള്ളം കുടിക്കുകയും അരുത്.

[8] മനുഷ്യനും മൃഗവും രട്ടു പുതെച്ച് ഉച്ചത്തിൽ ദൈവത്തോട് നിലവിളിക്കേണം; ഓരോരുത്തൻ താന്താന്റെ ദുർമ്മാർഗ്ഗവും കൈക്കലുള്ള സാഹസവും വിട്ട് മനംതിരികയും വേണം.

[9] ഒരുപക്ഷേ ദൈവം മനസ്സലിഞ്ഞ് നാം നശിച്ചുപോകാതെ അവന്റെ ഉഗ്രകോപം വിട്ടുമാറുമായിരിക്കും; ആർക്കറിയാം?”

[10] അവർ ദുർമ്മാർഗ്ഗം വിട്ടുതിരിഞ്ഞു എന്ന് ദൈവം അവരുടെ പ്രവൃത്തികളാൽ കണ്ടപ്പോൾ അവർക്ക് വരുത്തും എന്നു അരുളിച്ചെയ്തിരുന്ന അനർത്ഥത്തെക്കുറിച്ചു മനസ്സുമാറ്റി. അങ്ങനെ സംഭവിച്ചതുമില്ല.

യോനാ — Chapters