[1] എഫ്രയീം സംസാരിച്ചപ്പോൾ വിറയൽ ഉണ്ടായി; അവൻ യിസ്രായേലിൽ ഉന്നതനായിരുന്നു; എന്നാൽ ബാല്‍ മുഖാന്തരം കുറ്റം ചെയ്തപ്പോൾ അവൻ മരിച്ചുപോയി.
[2] ഇപ്പോഴോ, അവർ അധികമധികം പാപം ചെയ്യുന്നു; അവർ വെള്ളികൊണ്ട് ബിംബങ്ങളും ബോധിച്ചതുപോലെ വിഗ്രഹങ്ങളും ഉണ്ടാക്കി; ഇവയെല്ലാം കൗശലപ്പണിക്കാരുടെ പണിയാകുന്നു; അവയോട് അവർ സംസാരിക്കുന്നു; ബലികഴിക്കുന്ന മനുഷ്യർ കാളക്കിടാക്കളെ ചുംബിക്കുന്നു.
[3] അതുകൊണ്ട് അവർ പ്രഭാതമേഘംപോലെയും പുലർച്ചയിൽ നീങ്ങിപ്പോകുന്ന മഞ്ഞുപോലെയും കളത്തിൽനിന്ന് കാറ്റ് പറപ്പിക്കുന്ന പതിർപോലെയും പുകക്കുഴലിൽനിന്നു പൊങ്ങുന്ന പുകപോലെയും ആയിരിക്കും.
[4] ഞാനോ ഈജിപ്റ്റ് ദേശം മുതൽ നിന്റെ ദൈവമായ യഹോവ ആകുന്നു; എന്നെയല്ലാതെ വേറൊരു ദൈവത്തെ നീ അറിയുന്നില്ല;
[5] ഞാനല്ലാതെ ഒരു രക്ഷിതാവ് ഇല്ലല്ലോ. ഞാൻ മരുഭൂമിയിൽ ഏറ്റവും വരണ്ട ദേശത്ത് നിന്നെ മേയിച്ചു.
[6] അവർക്ക് സമൃദ്ധിയായി മേച്ചൽ ലഭിച്ചു. അവർ തൃപ്തരായപ്പോൾ അവരുടെ ഹൃദയം നിഗളിച്ചു; അതുകൊണ്ട് അവർ എന്നെ മറന്നുകളഞ്ഞു.
[7] ആകയാൽ ഞാൻ അവർക്ക് ഒരു സിംഹത്തെപ്പോലെ ഇരിക്കും; വഴിയരികെ ഒരു പുള്ളിപ്പുലിയെപ്പോലെ ഞാൻ അവർക്കായി പതിയിരിക്കും;
[8] കുട്ടികൾ നഷ്ടപ്പെട്ട കരടിയെപ്പോലെ ഞാൻ അവരെ എതിരിട്ട് അവരുടെ മാറിടം കീറിക്കളയും; അവിടെവച്ച് ഞാൻ അവരെ ഒരു സിംഹത്തെപ്പോലെ തിന്നുകളയും; കാട്ടുമൃഗം അവരെ കടിച്ചുകീറും.
[9] യിസ്രായേലേ, നിന്നെ ആര് സഹായിക്കും എന്നോട് നീ മത്സരിയ്ക്കുന്നത് നിന്റെ നാശത്തിനാകുന്നു.
[10] നിന്റെ എല്ലാ പട്ടണങ്ങളിലും നിന്നെ രക്ഷിക്കുവാൻ നിന്റെ രാജാവ് ഇപ്പോൾ എവിടെ? ‘ഞങ്ങൾക്ക് ഒരു രാജാവിനെയും പ്രഭുക്കന്മാരെയും തരേണം’ എന്ന് അപേക്ഷിച്ച നിന്റെ ന്യായാധിപന്മാർ എവിടെ?
[11] എന്റെ കോപത്തിൽ ഞാൻ നിനക്ക് ഒരു രാജാവിനെ തന്നു, എന്റെ ക്രോധത്തിൽ ഞാൻ അവനെ നീക്കിക്കളഞ്ഞു.
[12] എഫ്രയീമിന്റെ അകൃത്യം സംഗ്രഹിച്ചും അവന്റെ പാപം സൂക്ഷിച്ചും വച്ചിരിക്കുന്നു.
[13] നോവുകിട്ടിയ സ്ത്രീയുടെ വേദന അവന് ഉണ്ടാകും; അവൻ ബുദ്ധിയില്ലാത്ത മകൻ; സമയമാകുമ്പോൾ അവൻ ഗർഭദ്വാരത്തിൽ എത്തുന്നില്ല.
[14] ഞാൻ അവരെ പാതാളത്തിന്റെ അധികാരത്തിൽനിന്ന് വീണ്ടെടുക്കും; മരണത്തിൽനിന്നു ഞാൻ അവരെ വിടുവിക്കും; മരണമേ, നിന്റെ ബാധകൾ എവിടെ? പാതാളമേ, നിന്റെ സംഹാരം എവിടെ? എനിക്ക് സഹതാപം തോന്നുകയില്ല.
[15] അവൻ തന്റെ സഹോദരന്മാരുടെ ഇടയിൽ ഫലപുഷ്ടിയുള്ളവനായിരുന്നാലും ഒരു കിഴക്കൻകാറ്റു വരും; അവന്റെ ഉറവു വറ്റി കിണർ ഉണങ്ങിപ്പോകുവാൻ തക്കവണ്ണം യഹോവയുടെ കാറ്റ് മരുഭൂമിയിൽനിന്നു വരും; അവൻ സകലമനോഹരവസ്തുക്കളുടെയും നിക്ഷേപം കവർന്നുകൊണ്ടുപോകും.
[16] ശമര്യ തന്റെ ദൈവത്തോട് മത്സരിച്ചതുകൊണ്ട് അവൾ തന്റെ അകൃത്യം വഹിക്കേണ്ടിവരും; അവർ വാൾകൊണ്ടു വീഴും; അവരുടെ ശിശുക്കളെ അവർ തകർത്തുകളയും; അവരുടെ ഗർഭിണികളുടെ ഉദരം പിളർന്നുകളയും.