[1] ആദാർ മാസമായ പന്ത്രണ്ടാം മാസം പതിമൂന്നാം തീയതി രാജാവിന്റെ കല്പനയും വിളംബരവും നിർവ്വഹിക്കേണ്ട സമയം അടുത്തു. അപ്പോൾ യെഹൂദന്മാരുടെ ശത്രുക്കൾ അവരുടെ നേരെ പ്രാബല്യം പ്രാപിക്കും എന്ന് വിചാരിച്ചു. എന്നാൽ നേരെ മറിച്ച് യെഹൂദന്മാർ തങ്ങളുടെ വൈരികളുടെ നേരെ പ്രാബല്യം പ്രാപിച്ചു. ആ ദിവസത്തിൽ
[2] അഹശ്വേരോശ്‌രാജാവിന്റെ സകലസംസ്ഥാനങ്ങളിലും യെഹൂദന്മാർ തങ്ങളുടെ പട്ടണങ്ങളിൽ തങ്ങളോട് ദോഷം ചെയ്യുവാൻ ഭാവിച്ചവരെ കയ്യേറ്റം ചെയ്യേണ്ടതിന് ഒന്നിച്ചുകൂടി; സകലജാതികൾക്കും അവരെ ഭയം ആയതിനാൽ ആർക്കും അവരോട് എതിർത്തുനിൽക്കുവാൻ കഴിഞ്ഞില്ല.
[3] സകലസംസ്ഥാനപ്രഭുക്കന്മാരും രാജപ്രതിനിധികളും ദേശാധിപതികളും രാജാവിന്റെ ഭരണാധികളും മൊർദെഖായിയെ ഭയം ആയിരുന്നതുകൊണ്ട് യെഹൂദന്മാർക്ക് സഹായം ചെയ്തു.
[4] മൊർദെഖായി രാജധാനിയിൽ മഹാൻ ആയിരുന്നു; മൊർദെഖായി എന്ന പുരുഷൻ മേല്ക്കുമേൽ മഹാനായിത്തീർന്നതുകൊണ്ട് അവന്റെ കീർത്തി സകലസംസ്ഥാനങ്ങളിലും പരന്നു.
[5] യെഹൂദന്മാർ തങ്ങളുടെ ശത്രുക്കളെ ഒക്കെയും വെട്ടിക്കൊന്ന് മുടിച്ചുകളഞ്ഞു, തങ്ങളെ വെറുത്തവരോട് തങ്ങൾക്ക് ബോധിച്ചതുപോലെ പ്രവർത്തിച്ചു.
[6] ശൂശൻ രാജധാനിയിൽ യെഹൂദന്മാർ അഞ്ഞൂറുപേരെ (500) കൊന്നു.
[7] പർശൻദാഥാ, ദൽഫോൻ, അസ്പാഥാ,
[8] പോറാഥാ, അദല്യാ, അരീദാഥാ,
[9] പർമ്മസ്ഥാ, അരീസായി, അരീദായി, വയെസാഥാ എന്നിങ്ങനെ ഹമ്മെദാഥയുടെ മകനായ യെഹൂദന്മാരുടെ ശത്രുവായ ഹാമാന്റെ പത്ത് പുത്രന്മാരെയും അവർ കൊന്നുകളഞ്ഞു.
[10] എന്നാൽ അവർ കൊള്ളയടിച്ചില്ല.
[11] ശൂശൻ രാജധാനിയിൽ അവർ കൊന്നവരുടെ സംഖ്യ അന്ന് തന്നേ രാജസന്നിധിയിൽ അറിയിച്ചു.
[12] അപ്പോൾ രാജാവ് എസ്ഥേർ രാജ്ഞിയോട്: “യെഹൂദന്മാർ ശൂശൻ രാജധാനിയിൽ അഞ്ഞൂറുപേരെയും (500) ഹാമാന്റെ പത്ത് പുത്രന്മാരെയും കൊന്നു; രാജാവിന്റെ മറ്റു സംസ്ഥാനങ്ങളിൽ അവർ എന്തായിരിക്കും ചെയ്തിരിക്കുക? ഇനിയും നിന്റെ അപേക്ഷ എന്താണ്? അത് നിനക്ക് ലഭിക്കും; ഇനിയും നിന്റെ ആഗ്രഹം എന്ത്? അത് നിവർത്തിച്ചുതരാം” എന്ന് പറഞ്ഞു.
[13] അതിന് എസ്ഥേർ: “രാജാവിന് തിരുവുള്ളമുണ്ടായി ശൂശനിലെ യെഹൂദന്മാർ ഇന്നത്തെ കല്പനപോലെ നാളെയും ചെയ്യുവാൻ അനുവദിക്കുകയും ഹാമാന്റെ പത്ത് പുത്രന്മാരെയും കഴുമരത്തിന്മേൽ തൂക്കുകയും ചെയ്യേണമേ” എന്ന് പറഞ്ഞു.
[14] അങ്ങനെ ചെയ്തുകൊള്ളുവാൻ രാജാവ് കല്പിച്ച് ശൂശനിൽ കല്പന പരസ്യമാക്കി; ഹാമാന്റെ പത്ത് പുത്രന്മാരെ അവർ തൂക്കിക്കളഞ്ഞു.
[15] ശൂശനിലെ യെഹൂദന്മാർ ആദാർമാസം പതിനാലാം തീയതിയും ഒന്നിച്ചുകൂടി ശൂശനിൽ മുന്നൂറുപേരെ കൊന്നു; എങ്കിലും കവർച്ച ചെയ്തില്ല.
[16] രാജാവിന്റെ സംസ്ഥാനങ്ങളിലെ ശേഷം യെഹൂദന്മാർ ആദാർമാസം പതിമൂന്നാം തീയതി ഒന്നിച്ചുകൂടി തങ്ങളുടെ ജീവരക്ഷയ്ക്കായി പൊരുതി, ശത്രുക്കളുടെ കയ്യിൽനിന്ന് ഒഴിഞ്ഞ് വിശ്രമം പ്രാപിച്ചു. അവർ തങ്ങളുടെ വൈരികളിൽ എഴുപത്തയ്യായിരം പേരെ (75,000) കൊന്നുകളഞ്ഞു എങ്കിലും കവർച്ച ചെയ്തില്ല.
[17] ആ മാസം പതിനാലാം തീയതിയോ അവർ വിശ്രമിച്ച് വിരുന്നും സന്തോഷവുമുള്ള ദിവസമായി അതിനെ ആചരിച്ചു.
[18] ശൂശനിലെ യെഹൂദന്മാർ ആ മാസം പതിമൂന്നാം തീയതിയും പതിനാലാം തീയതിയും ഒന്നിച്ചുകൂടി; പതിനഞ്ചാം തീയതി അവർ വിശ്രമിച്ച് അതിനെ വിരുന്നും സന്തോഷവുമുള്ള ദിവസമായിട്ടു ആചരിച്ചു.
[19] അതുകൊണ്ട് മതിലില്ലാത്ത പട്ടണങ്ങളിൽ പാർക്കുന്ന നാട്ടുപുറങ്ങളിലെ യെഹൂദന്മാർ ആദാർമാസം പതിനാലാം തീയതി സന്തോഷവും വിരുന്നും ഉള്ള ദിവസവും ഉത്സവദിനവും ആയിട്ട് ആചരിക്കുകയും തമ്മിൽതമ്മിൽ സമ്മാനങ്ങൾ കൊടുത്തയക്കുകയും ചെയ്യുന്നു.
[20] എല്ലാ വർഷവും ആദാർമാസം പതിനാലും പതിനഞ്ചും തീയതി യെഹൂദന്മാർ തങ്ങളുടെ ശത്രുക്കളുടെ കയ്യിൽനിന്ന് ഒഴിഞ്ഞ് വിശ്രമിച്ച ദിവസങ്ങളായിട്ട്, ദുഃഖം അവർക്ക് സന്തോഷമായും, വിലാപം ഉത്സവമായും തീർന്ന മാസമായിട്ടും ആചരിക്കേണമെന്നും
[21] അവയെ, വിരുന്നും സന്തോഷവുമുള്ള നാളുകളും, തമ്മിൽതമ്മിൽ സമ്മാനങ്ങളും, ദരിദ്രന്മാർക്ക് ദാനധർമ്മങ്ങളും കൊടുക്കുന്ന നാളുകളും ആയിട്ട് ആചരിക്കേണമെന്നും
[22] അഹശ്വേരോശ്‌രാജാവിന്റെ സകലസംസ്ഥാനങ്ങളിലും സമീപത്തും ദൂരത്തും ഉള്ള സകലയെഹൂദന്മാരും പ്രമാണിക്കേണ്ടതിനും മൊർദെഖായി ഈ കാര്യങ്ങൾ എഴുതി അവർക്ക് എഴുത്ത് അയച്ചു.
[23] അങ്ങനെ യെഹൂദന്മാർ തങ്ങൾ തുടങ്ങിയിരുന്നതും മൊർദെഖായി തങ്ങൾക്ക് എഴുതിയിരുന്നതുമായ കാര്യം ഒരു നിയമമായി സ്വീകരിച്ചു.
[24] ആഗാഗ്യനായ ഹമ്മെദാഥയുടെ മകനായി എല്ലാ യെഹൂദന്മാരുടെയും ശത്രുവായ ഹാമാൻ യെഹൂദന്മാരെ നശിപ്പിക്കേണ്ടതിന് അവരുടെ നേരെ ഉപായം ചിന്തിക്കയും അവരെ നശിപ്പിക്കേണ്ടതിന് “പൂര്” എന്ന ചീട്ടു ഇടുവിക്കയും
[25] ഈ കാര്യം രാജാവിന് അറിവ് കിട്ടിയപ്പോൾ അവൻ യെഹൂദന്മാർക്ക് വിരോധമായി ചിന്തിച്ചിരുന്ന ദുഷ്ടപദ്ധതി അവന്റെ തലയിലേക്ക് തന്നെ തിരിയുവാനും അങ്ങനെ ഹാമാനെയും അവന്റെ പുത്രന്മാരെയും കഴുമരത്തിന്മേൽ തൂക്കിക്കളയുവാനും രാജാവ് രേഖാമൂലം കല്പിക്കയും ചെയ്തതുകൊണ്ട് അവർ ആ നാളുകൾക്ക് പൂര് എന്ന പദത്താൽ പൂരീം എന്ന് പേർവിളിച്ചു.
[26] ഈ എഴുത്തിലെ സകലവൃത്താന്തങ്ങളും അവർ കണ്ടതും, അവർക്ക് സംഭവിച്ചതും കാരണം
[27] യെഹൂദന്മാർ ഈ രണ്ട് ദിവസങ്ങളെ അവയുടെ ചട്ടവും കാലവും അനുസരിച്ചു എല്ലാ വർഷവും മുടക്കംകൂടാതെ ആചരിക്കത്തക്കവണ്ണവും
[28] ഈ ദിവസങ്ങൾ തലമുറതലമുറയായി സകലവംശങ്ങളിലും സംസ്ഥാനങ്ങളിലും പട്ടണങ്ങളിലും ഓർക്കത്തക്കവണ്ണവും, ഈ പൂരീംദിവസങ്ങൾ യെഹൂദന്മാരുടെ മദ്ധ്യേനിന്ന് ഒഴിഞ്ഞുപോകയോ അവയുടെ ഓർമ്മ തങ്ങളുടെ സന്തതിയിൽനിന്ന് വിട്ട് പോകയോ ചെയ്യാത്തവിധത്തിൽ തങ്ങൾക്കും സന്തതികൾക്കും അവരോട് ചേരുവാനുള്ള എല്ലാവർക്കും നിയമമായി സ്വീകരിച്ചു.
[29] പൂരീം സംബന്ധിച്ച ഈ രണ്ടാം ലേഖനം സ്ഥിരമാക്കേണ്ടതിന് അബീഹയീലിന്റെ മകളായ എസ്ഥേർരാജ്ഞിയും യെഹൂദനായ മൊർദെഖായിയും സർവ്വാധികാരത്തോടുംകൂടെ എഴുത്ത് എഴുതി.
[30] യെഹൂദനായ മൊർദെഖായിയും എസ്ഥേർരാജ്ഞിയും അവർക്ക് ചട്ടമാക്കിയിരുന്നതുപോലെയും, അവർ തന്നെ തങ്ങളുടെ ഉപവാസത്തിന്റെയും കരച്ചലിന്റെയും സംഗതികളെ തങ്ങൾക്കും സന്തതികൾക്കും ചട്ടമാക്കിയിരുന്നതുപോലെയും, ഈ പൂരീംദിവസങ്ങളെ നിശ്ചിത സമയത്ത് തന്നെ സ്ഥിരമാക്കേണ്ടതിന്
[31] അവൻ അഹശ്വേരോശിന്റെ രാജ്യത്തിലുൾപ്പെട്ട നൂറ്റിരുപത്തേഴ് (127) സംസ്ഥാനങ്ങളിലെ എല്ലാ യെഹൂദന്മാർക്കും സമാധാനവും സത്യവുമായ വാക്കുകളോടുകൂടി എഴുത്ത് അയച്ചു.
[32] ഇങ്ങനെ എസ്ഥേറിന്റെ ആജ്ഞയാൽ പൂരീം സംബന്ധിച്ച കാര്യങ്ങൾ ഉറപ്പായി അത് പുസ്തകത്തിൽ എഴുതിവെച്ചു.