[1] അതുകൊണ്ട് കർത്തൃസേവനിമിത്തം ബന്ധിതനായിരിക്കുന്ന ഞാൻ പ്രബോധിപ്പിക്കുന്നത്: നിങ്ങളെ വിളിച്ചിരിക്കുന്ന വിളിക്കു യോഗ്യമാംവണ്ണം,
[2] പൂർണ്ണവിനയത്തോടും സൗമ്യതയോടും ദീർഘക്ഷമയോടുംകൂടെ നടക്കുകയും സ്നേഹത്തിൽ അന്യോന്യം സഹിഷ്ണതയോടെ പെരുമാറുകയും ചെയ്യുവിൻ.
[3] ആത്മാവിന്റെ ഐക്യം സമാധാനബന്ധത്തിൽ കാക്കുവാൻ പരമാവധി ശ്രമിക്കുകയും ചെയ്യുവിൻ.
[4] നിങ്ങളെ വിളിച്ചപ്പോൾ ഏകപ്രത്യാശയ്ക്കായി നിങ്ങളെ വിളിച്ചതുപോലെ ശരീരം ഒന്ന്, ആത്മാവ് ഒന്ന്,
[5] കർത്താവ് ഒരുവൻ, വിശ്വാസം ഒന്ന്, സ്നാനം ഒന്ന്, എല്ലാവർക്കും മീതെയുള്ളവനും
[6] എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.
[7] എന്നാൽ നമ്മിൽ ഓരോരുത്തർക്കും ക്രിസ്തുവിന്റെ ദാനത്തിന്റെ അളവിന് ഒത്തവണ്ണം വരം ലഭിച്ചിരിക്കുന്നു.
[8] അതുകൊണ്ട്: “അവൻ ബദ്ധന്മാരെ പിടിച്ചു കൊണ്ടുപോയി ഉയരത്തിൽ കയറി മനുഷ്യർക്ക് ദാനങ്ങളെ കൊടുത്തു” എന്നു പറയുന്നു.
[9] കയറി എന്നതിനാൽ അവൻ ഭൂമിയുടെ അധോഭാഗങ്ങളിലേക്ക് ഇറങ്ങി എന്നും വരുന്നില്ലയോ?
[10] ഇറങ്ങിയവൻ സകലത്തെയും നിറയ്ക്കേണ്ടതിന് സ്വർഗ്ഗാധിസ്വർഗ്ഗത്തിന് മീതെ കയറിയവനും ആകുന്നു.
[11] ക്രിസ്തു ചിലരെ അപ്പൊസ്തലന്മാരായും ചിലരെ പ്രവാചകന്മാരായും ചിലരെ സുവിശേഷകന്മാരായും ചിലരെ ഇടയന്മാരായും ചിലരെ ഉപദേഷ്ടാക്കന്മാരായും നിയമിച്ചിരിക്കുന്നു;
[12] അത് നാം എല്ലാവരും വിശ്വാസത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പരിജ്ഞാനത്തിലുമുള്ള ഐക്യതയും തികഞ്ഞ പുരുഷത്വവും ക്രിസ്തുവിന്റെ സമ്പൂൎണ്ണതയായ പ്രായത്തിന്റെ അളവും പ്രാപിക്കുവോളം.
[13] വിശുദ്ധന്മാരുടെ യഥാസ്ഥാനത്വത്തിനായുള്ള ശുശ്രൂഷയുടെ വേലയ്ക്കും ക്രിസ്തുവിന്റെ ശരീരത്തിന്റെ ആത്മികവർദ്ധനയ്ക്കും ആകുന്നു.
[14] അങ്ങനെ നാം ഇനി മനുഷ്യരുടെ ചതിയാലും ഉപായത്താലും തെറ്റിച്ചുകളയുന്ന തന്ത്രങ്ങളിൽ കുടുങ്ങിപ്പോകുവാൻ തക്കവണ്ണം ഉപദേശത്തിന്റെ ഓരോ കാറ്റിനാൽ ചാഞ്ചാടി ഉഴലുന്ന ശിശുക്കൾ ആയിരിക്കാതെ,
[15] സ്നേഹത്തിൽ സത്യം സംസാരിച്ചുകൊണ്ട് ക്രിസ്തു എന്ന തലയോളം സകലത്തിലും വളരുവാൻ ഇടയാകും.
[16] ശരീരം മുഴുവനും യുക്തമായി ചേർന്നും ഏകീഭവിച്ചും ഓരോ അംഗത്തിനും അതതിന്റെ പ്രവൃത്തിക്ക് തക്കവണ്ണം സഹായം ലഭിക്കുവാനുള്ള ഓരോ സന്ധിയാലും സ്നേഹത്തിലുള്ള വർദ്ധനയ്ക്കായി അവനിൽ നിന്നു വളർച്ച പ്രാപിക്കുന്നു.
[17] ആകയാൽ ഞാൻ കർത്താവിൽ പ്രബോധിപ്പിക്കുന്നത് എന്തെന്നാൽ: ജാതികൾ തങ്ങളുടെ വ്യർത്ഥബുദ്ധി അനുസരിച്ചു നടക്കുന്നതുപോലെ നിങ്ങൾ ഇനി നടക്കരുത്.
[18] ചിന്തകൾ ഇരുണ്ടുപോയ അവർ, അജ്ഞാനം നിമിത്തം, ദൈവത്തിന്റെ ജീവനിൽ നിന്നു അകന്നു മനം തഴമ്പിക്കുകയും
[19] ഹൃദയകാഠിന്യം നിമിത്തം, അത്യാഗ്രഹത്തോടെ സകല അശുദ്ധിയും പ്രവർത്തിക്കുവാൻ ദുഷ്കാമത്തിന് തങ്ങളെത്തന്നെ ഏല്പിച്ചിരിക്കുന്നു.
[20] നിങ്ങളോ യേശുവിൽ സത്യം ഉള്ളതുപോലെ അവനെക്കുറിച്ച് കേൾക്കുകയും അവനെ കുറിച്ച് ഉപദേശം ലഭിക്കുകയും ചെയ്തു എങ്കിൽ
[21] ക്രിസ്തുവിനെക്കുറിച്ച് ഇങ്ങനെയല്ല പഠിച്ചത്.
[22] മുമ്പിലത്തെ നടപ്പ് സംബന്ധിച്ച് ചതിമോഹങ്ങളാൽ വഷളായിപ്പോകുന്ന പഴയമനുഷ്യനെ ഉപേക്ഷിച്ച്,
[23] നിങ്ങളുടെ ഉള്ളിലെ ആത്മാവ് സംബന്ധമായി പുതുക്കം പ്രാപിച്ച്,
[24] സത്യത്തിന്റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരിച്ചുകൊള്ളുവിൻ.
[25] ആകയാൽ ഭോഷ്ക് ഉപേക്ഷിച്ച് ഓരോരുത്തൻ താന്താന്റെ കൂട്ടുകാരനോട് സത്യം സംസാരിക്കുവിൻ; നാം തമ്മിൽ ഒരേ ശരീരത്തിന്റെ അവയവങ്ങളല്ലോ.
[26] കോപിക്കുമ്പോൾ പാപം ചെയ്യാതിരിക്കുവിൻ. സൂര്യൻ അസ്തമിക്കുവോളം നിങ്ങൾ കോപം വച്ചുകൊണ്ടിരിക്കരുത്.
[27] പിശാചിന് അവസരം കൊടുക്കരുത്.
[28] മോഷ്ടാവ് ഇനി മോഷ്ടിക്കരുത്; ആവശ്യത്തിലിരിക്കുന്നവർക്ക് സഹായം ചെയ്യുവാനുണ്ടാകേണ്ടതിന് സ്വന്ത കൈകൊണ്ട് അദ്ധ്വാനിച്ച് മാന്യമായ ജോലികൾ ചെയ്യട്ടെ.
[29] കേൾക്കുന്നവര്‍ൎക്ക് കൃപ ലഭിക്കേണ്ടതിന് ആവശ്യംപോലെ ആത്മികവർദ്ധനയ്ക്കുതകുന്ന നല്ല വാക്കല്ലാതെ മലിനമാക്കുന്നത് ഒന്നും നിങ്ങളുടെ വായിൽനിന്നു പുറപ്പെടരുത്; പകരം കേൾവിക്കാരുടെ ആവശ്യങ്ങളിൽ പ്രയോജനപ്പെടുംവിധം സംസാരിക്കുവിൻ.
[30] ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുത്; അവനാലല്ലോ നിങ്ങൾ വീണ്ടെടുപ്പുനാളിനായി മുദ്രയിടപ്പെട്ടത്.
[31] എല്ലാ കയ്പും കോപവും ക്രോധവും ദേഷ്യത്തോടെ ഉറക്കെ സംസാരിക്കുന്നതും, ദൂഷണവും സകലദുർഗ്ഗുണവും നിങ്ങളെ വിട്ടു ഒഴിഞ്ഞുപോകട്ടെ.
[32] നിങ്ങൾ തമ്മിൽതമ്മിൽ ദയയും മനസ്സലിവുമുള്ളവരായി ദൈവം ക്രിസ്തുവിൽ നിങ്ങളോടു ക്ഷമിച്ചതുപോലെ അന്യോന്യം നിങ്ങളും ക്ഷമിക്കുവിൻ.