Skip to content
Opens in a new window
Listen to this chapter • 7:21

[1] നെബൂഖദ്നേസർ രാജാവ് സർവ്വഭൂമിയിലും വസിക്കുന്ന സകലവംശങ്ങൾക്കും ജനതകൾക്കും ഭാഷക്കാർക്കും എഴുതുന്നത്: “നിങ്ങൾക്ക് സമാധാനം വർദ്ധിച്ചുവരട്ടെ.

[2] അത്യുന്നതനായ ദൈവം എനിക്കുവേണ്ടി പ്രവർത്തിച്ച അടയാളങ്ങളും അത്ഭുതങ്ങളും പ്രസിദ്ധമാക്കുന്നത് നല്ലതെന്ന് എനിക്ക് തോന്നിയിരിക്കുന്നു.

[3] അവന്റെ അടയാളങ്ങൾ എത്ര വലിയവ! അവന്റെ അത്ഭുതങ്ങൾ എത്ര ശ്രേഷ്ഠമായവ! അവന്റെ രാജത്വം എന്നേക്കുമുള്ള രാജത്വവും അവന്റെ ആധിപത്യം തലമുറതലമുറയായുള്ളതും ആകുന്നു.

[4] നെബൂഖദ്നേസർ എന്ന ഞാൻ എന്റെ അരമനയിൽ സ്വൈരമായും എന്റെ രാജധാനിയിൽ സുഖമായും വസിക്കുമ്പോൾ ഒരു സ്വപ്നം കണ്ടു;

[5] അതുനിമിത്തം ഭയപ്പെട്ടു; കിടക്കയിൽവച്ച് എനിക്കുണ്ടായ നിരൂപണങ്ങളാലും ദർശനങ്ങളാലും ഞാൻ വ്യാകുലപ്പെട്ടു.

[6] സ്വപ്നത്തിന്റെ അർത്ഥം അറിയിക്കുവാൻ ബാബേലിലെ സകലവിദ്വാന്മാരെയും എന്റെ മുമ്പിൽ കൊണ്ടുവരുവാൻ ഞാൻ കല്പിച്ചു.

[7] അങ്ങനെ മന്ത്രവാദികളും ആഭിചാരകന്മാരും കല്ദയരും ശകുനവാദികളും അകത്ത് വന്നു; ഞാൻ സ്വപ്നം അവരോടു വിവരിച്ചു പറഞ്ഞു; അവർ അർത്ഥം അറിയിച്ചതുമില്ല.

[8] ഒടുവിൽ എന്റെ ദേവന്റെ നാമധേയപ്രകാരം ബേൽത്ത്ശസ്സർ എന്നു പേരുള്ളവനും വിശുദ്ധദേവന്മാരുടെ ആത്മാവുള്ളവനുമായ ദാനീയേൽ എന്റെ മുമ്പിൽ വന്നു; അവനോട് ഞാൻ സ്വപ്നം വിവരിച്ചു:

[9] “മന്ത്രവാദശ്രേഷ്ഠനായ ബേൽത്ത്ശസ്സരേ, വിശുദ്ധദേവന്മാരുടെ ആത്മാവ് നിന്നിൽ ഉണ്ടെന്നും ഒരു രഹസ്യവും നിനക്ക് മറവായിരിക്കുന്നില്ലെന്നും ഞാൻ അറിയുന്നതുകൊണ്ട് ഞാൻ കണ്ട സ്വപ്നത്തിന്റെ ദർശനവും അർത്ഥവും പറയുക.

[10] കിടക്കയിൽവച്ച് എനിക്കുണ്ടായ ദർശനം ഇതാകുന്നു: ഭൂമിയുടെ നടുവിൽ ഞാൻ ഒരു വൃക്ഷം കണ്ടു; അത് ഏറ്റവും ഉയരമുള്ളതായിരുന്നു.

[11] ആ വൃക്ഷം വളർന്ന് ബലപ്പെട്ടു; അത് ആകാശത്തോളം ഉയരമുള്ളതും ഭൂമിയുടെ അറ്റത്തോളം കാണാകുന്നതും ആയിരുന്നു.

[12] അതിന്റെ ഇല ഭംഗിയുള്ളതും ഫലം അനവധിയും ആയിരുന്നു; എല്ലാവർക്കും അതിൽ ആഹാരം ഉണ്ടായിരുന്നു; കാട്ടുമൃഗങ്ങൾ അതിന്റെ കീഴെ തണൽ കണ്ടെത്തി; ആകാശത്തിലെ പക്ഷികൾ അതിന്റെ കൊമ്പുകളിൽ വസിച്ചു; സകലജഡവും അതുകൊണ്ട് ഉപജീവനം കഴിച്ചുപോന്നു.

[13] കിടക്കയിൽവച്ച് എനിക്കുണ്ടായ ദർശനത്തിൽ ഒരു ദൂതൻ, ഒരു പരിശുദ്ധൻ തന്നെ, സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങി വരുന്നത് ഞാൻ കണ്ടു.

[14] അവൻ ഉച്ചത്തിൽ വിളിച്ചുപറഞ്ഞത്: വൃക്ഷം വെട്ടിയിട്ട്, അതിന്റെ കൊമ്പുകൾ മുറിച്ച്, ഇല കുടഞ്ഞുകളഞ്ഞ്, കായ്കൾ ചിതറിച്ചുകളയുവിൻ; അതിന്റെ കീഴിൽനിന്ന് മൃഗങ്ങളും കൊമ്പുകളിൽനിന്ന് പക്ഷികളും പൊയ്ക്കൊള്ളട്ടെ.

[15] അതിന്റെ തായ് വേര് വയലിലെ ഇളമ്പുല്ലിൽ ഇരിമ്പും താമ്രവുംകൊണ്ട് ബന്ധിച്ച് ഭൂമിയിൽ ശേഷിപ്പിക്കുക; അവൻ ആകാശത്തിലെ മഞ്ഞുകൊണ്ട് നനയട്ടെ; അവന് മൃഗങ്ങളോടുകൂടി നിലത്തെ പുല്ല് ഉപജീവനം ആയിരിക്കട്ടെ.

[16] അവന്റെ മാനുഷസ്വഭാവം മാറി മൃഗസ്വഭാവമായിത്തീരട്ടെ; അങ്ങനെ അവന് ഏഴുകാലം കഴിയട്ടെ.

[17] അത്യുന്നതനായവൻ മനുഷ്യരുടെ രാജത്വത്തിന്മേൽ വാഴുകയും അത് തനിക്ക് ബോധിച്ചവന് കൊടുക്കുകയും മനുഷ്യരിൽ അധമനായവനെ അതിന്മേൽ വാഴിക്കുകയും ചെയ്യുന്നു എന്ന് ജീവനോടിരിക്കുന്നവർ അറിയേണ്ടതിന് ഈ തീരുമാനം ദൂതന്മാരുടെ നിർണ്ണയവും വിധി വിശുദ്ധന്മാരുടെ കല്പനയും ആകുന്നു.

[18] നെബൂഖദ്നേസർ രാജാവായ ഞാൻ ഈ സ്വപ്നം കണ്ടു; എന്നാൽ ബേൽത്ത്ശസ്സരേ, എന്റെ രാജ്യത്തിലെ വിദ്വാന്മാർക്ക് ആർക്കും അതിന്റെ അർത്ഥം അറിയിക്കുവാൻ കഴിയായ്കകൊണ്ട് നീ അതിന്റെ അർത്ഥം അറിയിച്ചുതരണം; വിശുദ്ധദേവന്മാരുടെ ആത്മാവ് നിന്നിൽ ഉള്ളതുകൊണ്ട് നീ അതിന് പ്രാപ്തനാകുന്നു”.

[19] അപ്പോൾ ബേൽത്ത്ശസ്സർ എന്ന് പേരുള്ള ദാനീയേൽ കുറെ നേരത്തേക്ക് സ്തംഭിച്ചിരുന്നു; അവൻ വിചാരങ്ങളാൽ പരവശനായി. രാജാവ് അവനോട്: “ബേൽത്ത്ശസ്സരേ, സ്വപ്നവും അതിന്റെ അർത്ഥവും നിമിത്തം നീ പരവശനാകരുതേ” എന്ന് കല്പിച്ചു. ബേൽത്ത്ശസ്സർ ഉത്തരം പറഞ്ഞത്: “യജമാനനേ, സ്വപ്നം തിരുമനസ്സിലെ ശത്രുക്കൾക്കും അതിന്റെ അർത്ഥം തിരുമനസ്സിലെ വൈരികൾക്കും ഭവിക്കട്ടെ.

[20] വളർന്നു ബലപ്പെട്ടതും ആകാശത്തോളം ഉയരമുള്ളതും ഭൂമിയിൽ എല്ലായിടത്തുനിന്നും കാണാകുന്നതും

[21] ഭംഗിയുള്ള ഇലയും അനവധി ഫലവും എല്ലാവർക്കും ആഹാരവും ഉള്ളതും കീഴെ കാട്ടുമൃഗങ്ങൾ വസിച്ചതും കൊമ്പുകളിൽ ആകാശത്തിലെ പക്ഷികൾക്ക് പാർപ്പിടം ഉണ്ടായിരുന്നതുമായി കണ്ട വൃക്ഷം,

[22] രാജാവേ, വർദ്ധിച്ച് ബലവാനായി തീർന്നിരിക്കുന്ന തിരുമേനി തന്നെ; തിരുമനസ്സിലെ മഹത്വം വർദ്ധിച്ച് ആകാശംവരെയും ആധിപത്യം ഭൂമിയുടെ അറുതിവരെയും എത്തിയിരിക്കുന്നു.

[23] ഒരു ദൂതൻ, ഒരു പരിശുദ്ധൻ തന്നെ, സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നു: ‘വൃക്ഷം വെട്ടിയിട്ട് നശിപ്പിച്ചുകളയുവിൻ; എങ്കിലും അതിന്റെ തായ് വേര് വയലിലെ ഇളമ്പുല്ലിൽ ഇരിമ്പും താമ്രവുംകൊണ്ട് ബന്ധിച്ച് ഭൂമിയിൽ ശേഷിപ്പിക്കുവിൻ; അവൻ ആകാശത്തിലെ മഞ്ഞുകൊണ്ട് നനയട്ടെ; ഏഴുകാലം കഴിയുന്നതുവരെ അവന്റെ ഉപജീവനം കാട്ടുമൃഗങ്ങളോടുകൂടി ആയിരിക്കട്ടെ’ എന്നിങ്ങനെ പറയുന്നത് രാജാവ് കണ്ടുവല്ലോ.

[24] രാജാവേ, അതിന്റെ അർത്ഥം ഇതാകുന്നു; എന്റെ യജമാനനായ രാജാവിന്റെമേൽ വരുന്ന അത്യുന്നതനായ ദൈവത്തിന്റെ വിധി ഇതുതന്നെ;

[25] തിരുമേനിയെ മനുഷ്യരുടെ ഇടയിൽനിന്ന് നീക്കിക്കളയും; തിരുമനസ്സിലെ വാസം കാട്ടുമൃഗങ്ങളോടുകൂടിയാകും. തിരുമേനിയെ കാളയെപ്പോലെ പുല്ല് തീറ്റും; തിരുമേനി ആകാശത്തിലെ മഞ്ഞുകൊണ്ട് നനയും; മനുഷ്യരുടെ രാജത്വത്തിന്മേൽ അത്യുന്നതനായവൻ വാഴുകയും അത് തനിക്ക് ബോധിച്ചവന് കൊടുക്കുകയും ചെയ്യുന്നുവെന്ന് തിരുമനസ്സുകൊണ്ട് അറിയുന്നതുവരെ ഏഴുകാലം കഴിയും.

[26] വൃക്ഷത്തിന്റെ തായ് വേര് ശേഷിപ്പിക്കുവാൻ അവർ കല്പിച്ചതോ: വാഴുന്നത് സ്വർഗ്ഗമാകുന്നു എന്ന് തിരുമനസ്സുകൊണ്ട് ഗ്രഹിച്ചശേഷം രാജത്വം തിരുമേനിക്ക് സ്ഥിരമാകും എന്നത്രെ.

[27] ആകയാൽ രാജാവേ, എന്റെ ആലോചന തിരുമനസ്സിലേക്ക് പ്രസാദമായിരിക്കട്ടെ; നീതിയാൽ പാപങ്ങളും ദരിദ്രന്മാരോട് കരുണ കാണിക്കുന്നതിനാൽ അകൃത്യങ്ങളും പരിഹരിച്ചുകൊള്ളുക; ഒരുപക്ഷെ തിരുമനസ്സിലെ സുഖകാലം ദീർഘമായേക്കും”.

[28] ഇതെല്ലാം നെബൂഖദ്നേസർരാജാവിന് വന്നുഭവിച്ചു.

[29] പന്ത്രണ്ട് മാസം കഴിഞ്ഞ് അവൻ ബാബേലിലെ രാജമന്ദിരത്തിന്റെ മട്ടുപ്പാവിൽ ഉലാത്തുകയായിരുന്നു.

[30] “ഇത്, ഞാൻ എന്റെ ധനമാഹാത്മ്യത്താൽ എന്റെ പ്രതാപമഹത്വത്തിനുവേണ്ടി രാജധാനിയായി പണിത മഹത്വമുള്ള ബാബേൽ അല്ലയോ”. എന്ന് രാജാവ് പറഞ്ഞുതുടങ്ങി.

[31] ഈ വാക്ക് രാജാവിന്റെ വായിൽ ഇരിക്കുമ്പോൾ തന്നെ, സ്വർഗ്ഗത്തിൽനിന്ന് ഒരു ശബ്ദം ഉണ്ടായതെന്തെന്നാൽ: “നെബൂഖദ്നേസർരാജാവേ, നിന്നോട് ഇതു കല്പിക്കുന്നു: രാജത്വം നിന്നെ വിട്ട് നീങ്ങിയിരിക്കുന്നു.

[32] നിന്നെ മനുഷ്യരുടെ ഇടയിൽനിന്ന് നീക്കിക്കളയും; നിന്റെ വാസം കാട്ടിലെ മൃഗങ്ങളോടുകൂടി ആയിരിക്കും; നിന്നെ കാളയെപ്പോലെ പുല്ല് തീറ്റും; അത്യുന്നതനായ ദൈവം മനുഷ്യരുടെ രാജത്വത്തിന്മേൽ വാഴുകയും അത് തനിക്ക് ബോധിച്ചവന് കൊടുക്കുകയും ചെയ്യുന്നു എന്നു നീ അറിയുന്നതുവരെ നിനക്ക് ഏഴുകാലം കഴിയും”.

[33] ഉടൻ തന്നെ ആ വാക്ക് നെബൂഖദ്നേസരിന് നിവൃത്തിയായി; അവനെ മനുഷ്യരുടെ ഇടയിൽനിന്ന് നീക്കിക്കളഞ്ഞു; അവന്റെ രോമം കഴുകന്റെ തൂവൽപോലെയും നഖം പക്ഷിയുടെ നഖംപോലെയും വളരുന്നതുവരെ, അവൻ കാളയെപ്പോലെ പുല്ല് തിന്നുകയും അവന്റെ ദേഹം ആകാശത്തിലെ മഞ്ഞുകൊണ്ട് നനയുകയും ചെയ്തു.

[34] ആ കാലം കഴിഞ്ഞ് നെബൂഖദ്നേസർ എന്ന ഞാൻ സ്വർഗ്ഗത്തിലേക്ക് കണ്ണുകൾ ഉയർത്തി; എന്റെ ബുദ്ധി എനിക്ക് മടക്കിക്കിട്ടി; ഞാൻ അത്യുന്നതനായ ദൈവത്തെ വാഴ്ത്തി, എന്നേക്കും ജീവിച്ചിരിക്കുന്നവനെ സ്മരിച്ച്, ബഹുമാനിക്കുകയും ചെയ്തു; അവന്റെ ആധിപത്യം എന്നേക്കുമുള്ള ആധിപത്യവും അവന്റെ രാജത്വം തലമുറതലമുറയായുള്ളതും അല്ലയോ.

[35] അവൻ സർവ്വഭൂവാസികളെയും നാസ്തിയായി എണ്ണുന്നു; സ്വർഗ്ഗീയ സൈന്യത്തോടും ഭൂവാസികളോടും ഇഷ്ടംപോലെ പ്രവർത്തിക്കുന്നു; അവന്റെ കൈ തടുക്കുവാനോ, ‘നീ എന്ത് ചെയ്യുന്നു?’ എന്ന് അവനോട് ചോദിക്കുവാനോ ആർക്കും കഴിയുകയില്ല.

[36] ആ നേരത്ത് തന്നെ എന്റെ ബുദ്ധി മടങ്ങിവന്നു; എന്റെ രാജത്വത്തിന്റെ മഹത്വത്തിനായി എന്റെ മഹിമയും മുഖപ്രകാശവും മടങ്ങിവന്നു; എന്റെ മന്ത്രിമാരും മഹത്തുക്കളും എന്നെ അന്വേഷിച്ചു; ഞാൻ എന്റെ രാജത്വത്തിൽ യഥാസ്ഥാനപ്പെട്ടു, ശ്രേഷ്ഠമഹത്വം എനിക്ക് അധികമായി സിദ്ധിച്ചു.

[37] ഇപ്പോൾ നെബൂഖദ്നേസർ എന്ന ഞാൻ സ്വർഗ്ഗസ്ഥനായ രാജാവിനെ സ്തുതിച്ചു പുകഴ്ത്തി ബഹുമാനിക്കുന്നു; അവന്റെ പ്രവൃത്തികൾ എല്ലാം സത്യവും അവന്റെ വഴികൾ ന്യായവും ആകുന്നു; നിഗളിച്ചു നടക്കുന്നവരെ താഴ്ത്തുവാൻ അവൻ പ്രാപ്തൻ തന്നെ.

ദാനീയേല്‍ — Chapters