Skip to content
Opens in a new window
Listen to this chapter • 2:20

[1] യിസ്രായേൽ മക്കളേ, നിങ്ങളെക്കുറിച്ചും ഞാൻ ഈജിപ്റ്റിൽ നിന്ന് പുറപ്പെടുവിച്ച സർവ്വവംശത്തെക്കുറിച്ചും യഹോവ അരുളിച്ചെയ്തിരിക്കുന്ന ഈ വചനം കേൾക്കുവിൻ!

[2] ഭൂമിയിലെ സകലവംശങ്ങളിലുംവച്ച് ഞാൻ നിങ്ങളെ മാത്രം തിരഞ്ഞെടുത്തിരിക്കുന്നു; അതുകൊണ്ട് ഞാൻ നിങ്ങളുടെ അകൃത്യങ്ങൾനിമിത്തം നിങ്ങളെ സന്ദർശിക്കും.

[3] രണ്ടുപേർ തമ്മിൽ ഒത്തിട്ടല്ലാതെ ഒരുമിച്ച് നടക്കുമോ? ഇരയില്ലാതിരിക്കുമ്പോൾ സിംഹം കാട്ടിൽ അലറുമോ?

[4] ഒന്നിനെയും പിടിച്ചിട്ടല്ലാതെ ബാലസിംഹം ഗുഹയിൽനിന്ന് മുരൾച്ച പുറപ്പെടുവിക്കുമോ?

[5] കുടുക്കില്ലാതിരുന്നാൽ പക്ഷി നിലത്തെ കെണിയിൽ അകപ്പെടുമോ? ഒന്നും അകപ്പെടാതെ കെണി നിലത്തുനിന്ന് പൊങ്ങുമോ?

[6] നഗരത്തിൽ കാഹളം ഊതുമ്പോൾ ജനം പേടിക്കാതിരിക്കുമോ? യഹോവ വരുത്തീട്ടല്ലാതെ നഗരത്തിൽ അനർത്ഥം ഭവിക്കുമോ?

[7] യഹോവയായ കർത്താവ് പ്രവാചകന്മാരായ തന്റെ ദാസന്മാർക്ക് തന്റെ രഹസ്യം വെളിപ്പെടുത്താതെ ഒരു കാര്യവും ചെയ്യുകയില്ല.

[8] സിംഹം ഗർജ്ജിച്ചിരിക്കുന്നു; ആര് ഭയപ്പെടാതിരിക്കും? യഹോവയായ കർത്താവ് അരുളിച്ചെയ്തിരിക്കുന്നു; ആര് പ്രവചിക്കാതിരിക്കും?

[9] “ശമര്യാപർവ്വതങ്ങളിൽ വന്നുകൂടി അതിന്റെ നടുവിലുള്ള മഹാകലഹങ്ങളെയും അതിന്റെ മദ്ധ്യേയുള്ള പീഡനങ്ങളെയും നോക്കുവിൻ” എന്ന് അസ്തോദിലെയും ഈജിപ്റ്റിലെയും അരമനകളിന്മേൽ ഘോഷിച്ചുപറയുവിൻ!

[10] “തങ്ങളുടെ അരമനകളിൽ അന്യായവും സാഹസവും സംഗ്രഹിച്ചുവയ്ക്കുന്നവർ ന്യായം പ്രവർത്തിക്കുവാൻ അറിയുന്നില്ല” എന്ന് യഹോവയുടെ അരുളപ്പാട്.

[11] അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ദേശത്തിന് ചുറ്റും ഒരു വൈരി ഉണ്ടാകും; അവൻ നിന്റെ ഉറപ്പ് നിന്നിൽനിന്ന് താഴ്ത്തിക്കളയും; നിന്റെ അരമനകൾ കൊള്ളയായിത്തീരും”.

[12] യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഒരു ഇടയൻ രണ്ട് കാലോ ഒരു കാതോ സിംഹത്തിന്റെ വായിൽനിന്ന് വലിച്ചെടുക്കുന്നതുപോലെ ശമര്യയിൽ കിടക്കയുടെ കോണിലും പട്ടുമെത്തമേലും ഇരിക്കുന്ന യിസ്രായേൽ മക്കൾ വിടുവിക്കപ്പെടും.

[13] നിങ്ങൾ കേട്ട് യാക്കോബ് ഗൃഹത്തോട് സാക്ഷീകരിക്കുവിൻ” എന്ന് സൈന്യങ്ങളുടെ ദൈവമായ യഹോവയായ കർത്താവിന്റെ അരുളപ്പാട്.

[14] “ഞാൻ യിസ്രായേലിന്റെ അതിക്രമങ്ങൾനിമിത്തം അവനെ സന്ദർശിക്കുന്ന നാളിൽ ബലിപീഠത്തിന്റെ കൊമ്പുകൾ മുറിഞ്ഞ് നിലത്ത് വീഴത്തക്കവിധം ഞാൻ ബേഥേലിലെ ബലിപീഠങ്ങളെയും സന്ദർശിക്കും.

[15] ഞാൻ വേനൽക്കാലവസതിയും ശൈത്യകാലവസതിയും ഒരുപോലെ തകർത്തുകളയും; ദന്തഭവനങ്ങൾ നശിച്ചുപോകും; പലവീടുകളും മുടിഞ്ഞുപോകും” എന്ന് യഹോവയുടെ അരുളപ്പാട്.

ആമോസ് — Chapters