Skip to content
Opens in a new window
Listen to this chapter • 2:38

[1] അന്ത്യകാലത്ത് ദുർഘടസമയങ്ങൾ വരും എന്നറിയുക.

[2] എന്തുകൊണ്ടെന്നാൽ മനുഷ്യർ സ്വസ്നേഹികളും ദ്രവ്യാഗ്രഹികളും വമ്പു പറയുന്നവരും അഹങ്കാരികളും ദൂഷകന്മാരും അമ്മയപ്പന്മാരെ അനുസരിക്കാത്തവരും നന്ദികെട്ടവരും അശുദ്ധരും

[3] വാത്സല്യമില്ലാത്തവരും ഇണങ്ങാത്തവരും ഏഷണിക്കാരും ഇന്ദ്രിയജയം ഇല്ലാത്തവരും ക്രൂരന്മാരും

[4] സൽഗുണദ്വേഷികളും ദ്രോഹികളും വീണ്ടുവിചാ‍രമില്ലാത്തവരും തന്റേടികളും ദൈവത്തെ സ്നേഹിക്കാതെ സുഖമോഹികളായും

[5] ഭക്തിയുടെ വേഷം ധരിച്ച് അതിന്റെ ശക്തി ത്യജിക്കുന്നവരുമായിരിക്കും. ഇങ്ങനെയുള്ളവരെ വിട്ടൊഴിയുക.

[6] വീടുകളിൽ നുഴഞ്ഞുകടക്കുകയും പാപങ്ങളെ ചുമന്നുകൊണ്ട് പലതരം മോഹങ്ങൾക്കും അധീനരായി,

[7] എപ്പോഴും പഠിക്കുകയും ഒരിക്കലും സത്യത്തിന്റെ പരിജ്ഞാനം പ്രാപിക്കുവാൻ കഴിയാത്തവരുമായ ബലഹീനസ്ത്രീകളെ സ്വാധീനമാക്കുകയും ചെയ്യുന്നവർ ഈ കൂട്ടത്തിലുള്ളവർ ആകുന്നു.

[8] യന്നേസും യംബ്രേസും മോശെയോട് എതിർത്തുനിന്നതുപോലെ തന്നെ ഇവരും സത്യത്തോട് മറുത്തുനില്‍ക്കുന്നു; അവർ ദുർബ്ബുദ്ധികളും വിശ്വാസം സംബന്ധിച്ച് അയോഗ്യരുമത്രേ.

[9] എന്നാൽ മേല്പറഞ്ഞവരുടെ ബുദ്ധികേട് വെളിപ്പെട്ടതുപോലെ ഇവരുടെ ബുദ്ധികേടും എല്ലാവർക്കും വെളിപ്പെടും എന്നതിനാൽ അവർ അധികം മുന്നോട്ടുപോകയില്ല.

[10] നീയോ എന്റെ ഉപദേശം, സ്വഭാവം, ഉദ്ദേശം, വിശ്വാസം, ദീർഘക്ഷമ, സ്നേഹം, സഹിഷ്ണത എന്നിവയും

[11] അന്ത്യൊക്യയിലും ഇക്കോന്യയിലും ലുസ്ത്രയിലും എനിക്ക് സംഭവിച്ച ഉപദ്രവവും കഷ്ടാനുഭവവും കണ്ടറിഞ്ഞിരിക്കുന്നു; ഞാൻ എന്തെല്ലാം ഉപദ്രവം സഹിച്ചു; അവ എല്ലാറ്റിൽ നിന്നും കർത്താവ് എന്നെ വിടുവിച്ചു.

[12] ക്രിസ്തുയേശുവിൽ ഭക്തിയോടെ ജീവിക്കുവാൻ മനസ്സുള്ളവർക്ക് എല്ലാം ഉപദ്രവം ഉണ്ടാകും നിശ്ചയം.

[13] ദുഷ്ടമനുഷ്യരും കപടശാലികളുമോ വഞ്ചിച്ചും വഞ്ചിക്കപ്പെട്ടും കൊണ്ട് മേല്ക്കുമേൽ ദോഷത്തിൽ മുതിർന്നുവരും.

[14] എന്നാൽ നീയോ ആരിൽനിന്ന് പഠിച്ചു എന്ന് അറിയുകയും ക്രിസ്തുയേശുവിങ്കലുള്ള വിശ്വാസത്താൽ നിന്നെ രക്ഷയ്ക്ക് ജ്ഞാനിയാക്കുവാൻ മതിയായ തിരുവെഴുത്തുകളെ ബാല്യംമുതൽ അറിയുകയും ചെയ്യുന്നതുകൊണ്ട്

[15] നീ പഠിച്ചും നിശ്ചയം പ്രാപിച്ചുമിരിക്കുന്നതിൽ നിലനിൽക്കുക.

[16] എല്ലാ തിരുവെഴുത്തും ദൈവശ്വാസീയവും, ദൈവത്തിന്റെ മനുഷ്യൻ സകലസൽപ്രവൃത്തിക്കും ഒരുക്കപ്പെട്ട് തികഞ്ഞവൻ ആകേണ്ടതിന്

[17] ഉപദേശത്തിനും ശാസനത്തിനും തിരുത്തലിനും നീതിയിലുള്ള പരിശീലനത്തിനും പ്രയോജനമുള്ളതും ആകുന്നു.

2 തിമൊഥെയൊസ് — Chapters