[1] യേശുക്രിസ്തുവിന്റെ ദാസനും അപ്പൊസ്തലനുമായ ശിമോൻ പത്രൊസ്; നമ്മുടെ ദൈവത്തിന്റെയും രക്ഷിതാവായ യേശുക്രിസ്തുവിന്റെയും നീതിയാൽ ഞങ്ങൾക്കു ലഭിച്ചതുപോലെ അതേ വിലയേറിയ വിശ്വാസം ലഭിച്ചവർക്ക് എഴുതുന്നത്:
[2] ദൈവത്തിന്റെയും നമ്മുടെ കർത്താവായ യേശുവിന്റെയും പരിജ്ഞാനത്തിൽ നിങ്ങൾക്ക് കൃപയും സമാധാനവും വർദ്ധിക്കുമാറാകട്ടെ.
[3] തന്റെ മഹത്വത്താലും വീര്യത്താലും നമ്മെ വിളിച്ച ദൈവത്തിന്‍റെ പരിജ്ഞാനത്താൽ അവന്റെ ദിവ്യശക്തി ജീവനും ഭക്തിക്കും വേണ്ടിയത് ഒക്കെയും നമുക്ക് നൽകിയിരിക്കുന്നുവല്ലോ.
[4] അവയാൽ അവൻ നമുക്ക് വിലയേറിയതും അതിമഹത്വവുമായ വാഗ്ദത്തങ്ങളും നല്കിയിരിക്കുന്നു. ഇവയാൽ നിങ്ങൾ ലോകത്തിന്റെ മോഹത്താലുള്ള നാശം വിട്ടൊഴിഞ്ഞിട്ട് ദിവ്യസ്വഭാവത്തിന് കൂട്ടാളികളായിത്തീരുവാൻ ഇടവരുന്നു.
[5] ഈ കാരണത്താൽ തന്നെ നിങ്ങൾ പരമാവധി ഉത്സാഹിച്ച്, നിങ്ങളുടെ വിശ്വാസത്തോട് വീര്യവും വീര്യത്തിലൂടെ പരിജ്ഞാനവും
[6] പരിജ്ഞാനത്തിലൂടെ ഇന്ദ്രിയജയവും ഇന്ദ്രിയജയത്തിലൂടെ സ്ഥിരതയും സ്ഥിരതയിലൂടെ ഭക്തിയും
[7] ഭക്തിയിലൂടെ സഹോദരപ്രീതിയും സഹോദരപ്രീതിയാൽ സ്നേഹവും കൂട്ടിക്കൊൾവിൻ.
[8] ഈ കാര്യങ്ങളെല്ലാം നിങ്ങളിൽ ഉണ്ടായിരിക്കുകയും വർദ്ധിക്കുകയും ചെയ്യുന്നു എങ്കിൽ നിങ്ങൾ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പരിജ്ഞാനം സംബന്ധിച്ച് വ്യർത്ഥന്മാരും നിഷ്ഫലന്മാരും ആയിരിക്കയില്ല.
[9] എന്നാൽ അവയില്ലാത്തവനോ കുരുടൻ അത്രേ; അവൻ ഹ്രസ്വദൃഷ്ടിയുള്ളവനും തന്റെ മുമ്പിലത്തെ പാപങ്ങളുടെ ശുദ്ധീകരണം മറന്നവനും തന്നെ.
[10] അതുകൊണ്ട് സഹോദരന്മാരേ, നിങ്ങളുടെ വിളിയും തിരഞ്ഞെടുപ്പും ഉറപ്പാക്കുവാൻ അധികം ശ്രമിപ്പിൻ.
[11] ഇങ്ങനെ ചെയ്താൽ നിങ്ങൾ ഒരുനാളും ഇടറിപ്പോകുകയില്ല. അങ്ങനെ നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ നിത്യരാജ്യത്തിലേക്കുള്ള പ്രവേശനം ധാരാളമായി പ്രാപിക്കുകയും ചെയ്യും.
[12] അതുകൊണ്ട് ഇപ്പോൾ നിങ്ങൾ അവയെ അറിഞ്ഞവരും ലഭിച്ച സത്യത്തിൽ ഉറച്ചുനില്ക്കുന്നവരും എന്നു വരികിലും ഈ കാര്യങ്ങൾ നിങ്ങളെ ഓർമ്മിപ്പിക്കുവാൻ ഞാൻ എപ്പോഴും ഒരുങ്ങിയിരിക്കും.
[13] നമ്മുടെ കർത്താവായ യേശുക്രിസ്തു എനിക്ക് അറിവു തന്നതുപോലെ എന്റെ കൂടാരമായ ശരീരം പൊളിഞ്ഞുപോകുവാൻ അടുത്തിരിക്കുന്നു എന്ന് അറിഞ്ഞിരിക്കയാൽ
[14] ഞാൻ ഈ കൂടാരത്തിൽ ഇരിക്കുന്നിടത്തോളം നിങ്ങളെ ഓർമ്മിപ്പിച്ചുണർത്തുക യുക്തം എന്ന് വിചാരിക്കുന്നു.
[15] എന്റെ വേർപാടിന്റെ ശേഷവും നിങ്ങൾ ഈ കാര്യങ്ങൾ എപ്പോഴും ഓർത്തുകൊള്ളുവാൻ തക്കവണ്ണം വേണ്ടത് ഞാൻ ചെയ്യും.
[16] ഞങ്ങൾ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ശക്തിയും പ്രത്യക്ഷതയാകുന്ന മടങ്ങിവരവും നിങ്ങളോട് അറിയിച്ചത് സമർത്ഥമായി മെനഞ്ഞെടുത്ത കഥകളുടെ അടിസ്ഥാനത്തിലല്ല, അവന്റെ മഹിമ കണ്ട സാക്ഷികളായിത്തീർന്നിട്ടത്രേ.
[17] “ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു” എന്നുള്ള ശബ്ദം അതിശ്രേഷ്ഠതേജസ്സിങ്കൽനിന്ന് വന്നപ്പോൾ പിതാവായ ദൈവത്താൽ അവന് ബഹുമാനവും മഹത്വവും ലഭിച്ചു.
[18] ഞങ്ങൾ അവനോടുകൂടെ വിശുദ്ധപർവ്വതത്തിൽ ഇരിക്കുമ്പോൾ സ്വർഗ്ഗത്തിൽനിന്നും ഈ ശബ്ദം ഉണ്ടായത് കേട്ട്.
[19] പ്രവാചകവാക്യം അധികം ഉറപ്പായിട്ട് നമുക്കുണ്ട്. നേരം വെളുക്കുകയും നിങ്ങളുടെ ഹൃദയങ്ങളിൽ ഉദയനക്ഷത്രം ഉദിക്കുകയും ചെയ്‌വോളം ഇരുണ്ട സ്ഥലത്ത് പ്രകാശിക്കുന്ന വിളക്കുപോലെ അതിനെ കരുതിയാൽ നല്ലത്.
[20] തിരുവെഴുത്തിലെ പ്രവചനം ഒന്നുംതന്നെ പ്രവാചകന്റെ സ്വയമായ വ്യാഖ്യാനത്താൽ ഉളവായതല്ല എന്നു ആദ്യം തന്നെ അറിഞ്ഞുകൊള്ളേണം.
[21] പ്രവചനം ഒരിക്കലും മനുഷ്യന്റെ ഇഷ്ടത്താൽ വന്നതല്ല, ദൈവകല്പനയാൽ മനുഷ്യർ പരിശുദ്ധാത്മനിയോഗം പ്രാപിച്ചിട്ട് സംസാരിച്ചതത്രേ.