[1] അതുകൊണ്ട് സഹപ്രവർത്തകരായ ഞങ്ങൾ നിങ്ങൾക്ക് ദൈവത്തിന്റെ കൃപ ലഭിച്ചത് വ്യർത്ഥമായിത്തീരരുത് എന്ന് അപേക്ഷിക്കുന്നു.
[2] “പ്രസാദകാലത്ത് ഞാൻ നിങ്ങളെ കേട്ടു; രക്ഷാദിവസത്തിൽ ഞാൻ നിന്നെ സഹായിച്ചു” എന്ന് അവൻ അരുളിച്ചെയ്യുന്നുവല്ലോ. ഇപ്പോൾ ആകുന്നു പ്രസാദകാലം; ഇപ്പോൾ ആകുന്നു രക്ഷാദിവസം.
[3] ശുശ്രൂഷയ്ക്ക് ആക്ഷേപം വരാതിരിക്കേണ്ടതിന് ഞങ്ങൾ ഒന്നിലും ഇടർച്ചക്ക് കാരണം ആകാതെ,
[4] സകലത്തിലും ഞങ്ങളെത്തന്നെ ദൈവത്തിന്റെ ശുശ്രൂഷകന്മാരായി ഏൽപ്പിക്കുന്നു; ബഹുസഹിഷ്ണുതയിലും, കഷ്ടതയിലും, ബുദ്ധിമുട്ടിലും, സങ്കടത്തിലും, തല്ലിലും,
[5] തടവിലും, കലഹത്തിലും, അദ്ധ്വാനത്തിലും, ഉറക്കിളപ്പിലും, പട്ടിണിയിലും, നിർമ്മലതയാലും, പരിജ്ഞാനത്താലും,
[6] ദീർഘക്ഷമയാലും, ദയയാലും, പരിശുദ്ധാത്മാവിനാലും, നിർവ്യാജസ്നേഹത്താലും,
[7] സത്യവചനത്താലും, ദൈവശക്തിയാലും ഇടത്തും വലത്തും നീതിയുടെ ആയുധങ്ങളാലും,
[8] മാനാപമാനങ്ങളാലും ദുഷ്കീർത്തിസൽക്കീർത്തികളാലും സത്യവാന്മാർ എങ്കിലും ചതിയന്മാരായി,
[9] എല്ലാവരും നല്ലവണ്ണം അറിയുന്നവർ എങ്കിലും ആരും അറിയാത്തവരായി, ഇതാ, ഞങ്ങൾ ജീവിക്കുന്നവരെങ്കിലും മരിക്കുന്നവരായി, കൊല്ലപ്പെടാത്തവർ എങ്കിലും ശിക്ഷിക്കപ്പെട്ടവരായി,
[10] സന്തോഷിക്കുന്നവർ എങ്കിലും ദുഃഖിതരായി, പലരെയും സമ്പന്നർ ആക്കുന്നവർ എങ്കിലും ദരിദ്രരായി, എല്ലാം കൈവശമുള്ളവരെങ്കിലും ഒന്നും ഇല്ലാത്തവർ ആയിത്തന്നെ.
[11] അല്ലയോ കൊരിന്ത്യരേ, ഞങ്ങളുടെ വായി നിങ്ങളോട് തുറന്നിരിക്കുന്നു; ഞങ്ങളുടെ ഹൃദയം വിശാലമായിരിക്കുന്നു.
[12] ഞങ്ങളാൽ നിങ്ങൾ വിലക്കപ്പെട്ടിട്ടില്ല, നിങ്ങളുടെ ഹൃദയങ്ങളിൽ നിങ്ങൾ വിലക്കപ്പെട്ടിരിക്കുന്നു.
[13] ഇതിന് യോഗ്യമായ പ്രതിഫലമായി നിങ്ങളും വിശാലതയുള്ളവരായിരിക്കുവിൻ എന്ന് ഞാൻ മക്കളോട് എന്നപോലെ നിങ്ങളോട് പറയുന്നു.
[14] നിങ്ങൾ അവിശ്വാസികളുമായി ചേർച്ചയില്ലാത്തവിധം കൂടിയോജിക്കരുത്; എന്തെന്നാൽ, നീതിക്കും അധർമ്മത്തിനും തമ്മിൽ എന്ത് പങ്കാളിത്തം ആണുള്ളത്? അല്ല, വെളിച്ചത്തിന് ഇരുളിനോട് എന്ത് കൂട്ടായ്മയാണുള്ളത്?
[15] ക്രിസ്തുവിന് ബെലീയാലിനോട് എന്ത് യോജിപ്പ്? അല്ല, വിശ്വാസിക്ക് അവിശ്വാസിയുമായി എന്ത് ഓഹരി?
[16] ദൈവാലയത്തിന് വിഗ്രഹങ്ങളോട് എന്ത് ഉടമ്പടി? നാം ജീവനുള്ള ദൈവത്തിന്റെ ആലയമല്ലോ, “ഞാൻ അവരിൽ വസിക്കുകയും അവരുടെ ഇടയിൽ നടക്കുകയും ചെയ്യും; ഞാൻ അവർക്ക് ദൈവവും അവർ എന്റെ ജനവും ആകും” എന്ന് ദൈവം അരുളിച്ചെയ്തിരിക്കുന്നുവല്ലോ.
[17] അതുകൊണ്ട്, “അവരുടെ നടുവിൽനിന്ന് പുറപ്പെട്ട് വേർപെട്ടിരിക്കുവിൻ എന്ന് കർത്താവ് അരുളിച്ചെയ്യുന്നു; അശുദ്ധമായത് ഒന്നും തൊടരുത്; എന്നാൽ ഞാൻ നിങ്ങളെ കൈക്കൊണ്ട്
[18] നിങ്ങൾക്ക് പിതാവും നിങ്ങൾ എനിക്ക് പുത്രന്മാരും പുത്രിമാരും ആയിരിക്കും” എന്ന് സർവ്വശക്തനായ കർത്താവ് അരുളിച്ചെയ്യുന്നു.