Skip to content
Opens in a new window
Listen to this chapter • 3:50

[1] പ്രായത്തിൽ മൂത്തവനെ ശകാരിക്കാതെ പിതാവിനെപ്പോലെയും ഇളയവരെ സഹോദരന്മാരെപ്പോലെയും

[2] പ്രായമായ സ്ത്രീകളെ മാതാക്കളെപ്പോലെയും ഇളയ സ്ത്രീകളെ പൂർണ്ണനിർമ്മലതയോടെ സഹോദരികളെപ്പോലെയും പ്രബോധിപ്പിക്കുക.

[3] യഥാർത്ഥ വിധവമാരായിരിക്കുന്നവരെ മാനിയ്ക്കുക.

[4] ഏതെങ്കിലും വിധവയ്ക്ക് മക്കളും കൊച്ചുമക്കളും ഉണ്ടെങ്കിൽ, അവർ മുമ്പെ സ്വന്തകുടുംബത്തിൽ ഭക്തി കാണിക്കുവാനും അമ്മയപ്പന്മാർക്ക് പ്രത്യുപകാരം ചെയ്യുവാനും പഠിക്കട്ടെ; എന്തുകൊണ്ടെന്നാൽ ഇത് ദൈവസന്നിധിയിൽ പ്രസാദകരമാകുന്നു.

[5] യഥാർത്ഥ വിധവയും കൈവിടപ്പെട്ടവളുമായവൾ ദൈവത്തിൽ പ്രത്യാശവക്കുകയും രാപ്പകൽ യാചനയിലും പ്രാർത്ഥനയിലും തുടരുകയും ചെയ്യുന്നു.

[6] എന്നാൽ സുഖഭോഗജീവിതം ആഗ്രഹിക്കുന്നവളോ ജീവിച്ചിരിക്കയിൽ തന്നെ മരിച്ചവൾ ആകുന്നു.

[7] അവർ അപവാദമില്ലാത്തവർ ആയിരിക്കേണ്ടതിന് നീ ഇത് ആജ്ഞാപിക്കുക.

[8] തനിക്കുള്ളവരോടും പ്രത്യേകിച്ച് സ്വന്ത കുടുംബത്തോടും കരുതലില്ലാത്തവൻ, റ്വിശ്വാസം തള്ളിക്കളയുകയും അവിശ്വാസിയെക്കാൾ വഷളനായിത്തീരുകയും ചെയ്യുന്നു.

[9] വിധവയായി തിരഞ്ഞെടുക്കപ്പെടേണ്ടവളോ, അറുപതു വയസ്സിന് താഴെയല്ലാത്തവളും ഏകഭർത്താവിന്റെ ഭാര്യയായിരുന്നവളും,

[10] മക്കളെ വളർത്തുകയോ അതിഥികളെ സൽക്കരിക്കുകയോ വിശുദ്ധന്മാരുടെ കാലുകളെ കഴുകുകയോ ഞെരുക്കമുള്ളവർക്ക് മുട്ടുതീർക്കുകയോ സർവ്വസൽപ്രവൃത്തിയ്ക്കും സമർപ്പിക്കപ്പെടുകയോ ചെയ്ത് സൽപ്രവൃത്തികളാൽ അറിയപ്പെട്ടവളും ആയിരിക്കണം.

[11] ഇളയ വിധവമാരെ ഒഴിവാക്കുക; എന്തെന്നാൽ ക്രിസ്തുവിന് വിരോധമായി അവരുടെ ശാരീരിക മോഹങ്ങൾ വർദ്ധിച്ചുവരുമ്പോൾ വിവാഹം ചെയ്യുവാൻ ഇച്ഛിക്കും.

[12] അവരുടെ ആദ്യ പ്രതിജ്ഞ തള്ളിക്കളയുകയാൽ അവർക്ക് ശിക്ഷാവിധി ഉണ്ട്.

[13] അത്രയുമല്ല അവർ വീടുതോറും നടന്ന് അലസരായിരിക്കുവാനും ശീലിക്കും; അലസരായിരിക്കുക മാത്രമല്ല, അപവാദികളും പരകാര്യത്തിൽ ഇടപെടുന്നവരുമായി അരുതാത്തത് സംസാരിക്കുകയും ചെയ്യും.

[14] ആകയാൽ ഇളയ വിധവമാർ വിവാഹിതരായി, പുത്രസമ്പത്തുണ്ടാക്കി, വീട്ടുകാര്യം നോക്കി, വിരോധിക്ക് അപവാദത്തിന് അവസരം ഒന്നും കൊടുക്കാതിരിക്കണം എന്ന് ഞാൻ ഇച്ഛിക്കുന്നു.

[15] ഇപ്പോൾതന്നെ ചിലർ സാത്താന്റെ പിന്നാലെ പോയല്ലോ.

[16] ഏതെങ്കിലും വിശ്വാസിനിക്ക് വിധവമാർ ഉണ്ടെങ്കിൽ, അവൾ തന്നെ അവരെ സംരക്ഷിക്കട്ടെ; സഭയ്ക്ക് ഭാരം വരുത്തരുത്; യഥാർത്ഥ വിധവമാരായവരെ സംരക്ഷിക്കാമല്ലോ!

[17] നന്നായി ഭരിക്കുന്ന മൂപ്പന്മാരെ, പ്രത്യേകാൽ വചനത്തിലും ഉപദേശത്തിലും അദ്ധ്വാനിക്കുന്നവരെ തന്നെ, ഇരട്ടി മാനത്തിന് യോഗ്യരായി പരിഗണിക്കുക.

[18] എന്തെന്നാൽ “മെതിക്കുമ്പോൾ കാളയുടെ വായ് മൂടിക്കെട്ടരുത്” എന്നും; “വേലക്കാരൻ തന്റെ കൂലിക്ക് യോഗ്യൻ” എന്നും തിരുവെഴുത്ത് പറയുന്നുവല്ലോ.

[19] രണ്ടു മൂന്നു സാക്ഷികളുടെ തെളിവിന്റെ അടിസ്ഥാനത്തിലല്ലാതെ ഒരു മൂപ്പന്റെ നേരെ കുറ്റാരോപണം ഉന്നയിക്കരുത്.

[20] പാപത്തിൽ തുടരുന്നവരെ, ശേഷമുള്ളവർക്കും ഭയത്തിനായി എല്ലാവരും കേൾക്കെ ശാസിക്കുക.

[21] നീ മുൻവിധിയോടെ പക്ഷപാതപരമായി ഒന്നും ചെയ്യാതെ ഈ നിയമങ്ങളെ പ്രമാണിച്ചുകൊള്ളണം എന്ന് ഞാൻ ദൈവത്തെയും ക്രിസ്തുയേശുവിനെയും തിരഞ്ഞെടുക്കപ്പെട്ട ദൂതന്മാരെയും സാക്ഷിയാക്കി നിന്നോട് കല്പിക്കുന്നു.

[22] യാതൊരുത്തന്റെ മേലും വേഗത്തിൽ കൈ വയ്ക്കുകയോ അന്യന്മാരുടെ പാപങ്ങളിൽ ഓഹരിക്കാരനാകുകയോ അരുത്. നിന്നെത്തന്നെ നിർമ്മലനായി കാത്തുകൊള്ളുക.

[23] ഇനി വെള്ളം മാത്രം കുടിക്കാതെ, നിന്റെ ദഹനക്കുറവും കൂടെക്കൂടെയുള്ള ക്ഷീണവും നിമിത്തം അല്പം വീഞ്ഞും സേവിച്ചുകൊള്ളുക.

[24] ചില മനുഷ്യരുടെ പാപങ്ങൾ ന്യായവിധിയ്ക്കു മുമ്പെ തന്നെ വ്യക്തമാകുന്നു; എന്നാൽ ചിലരുടെ പാപങ്ങളോ ക്രമേണയത്രേ.

[25] സൽപ്രവൃത്തികളും അങ്ങനെ തന്നെ വ്യക്തമാകുന്നു; വ്യക്തമാകാത്തവയ്ക്കും മറഞ്ഞിരിക്കുവാൻ കഴിയുകയില്ല.

1 തിമൊഥെയൊസ് — Chapters