[1] ശമൂവേൽ വൃദ്ധനായപ്പോൾ തന്റെ പുത്രന്മാരെ യിസ്രായേലിന് ന്യായാധിപന്മാരാക്കി.
[2] അവന്റെ ആദ്യജാതനു യോവേൽ എന്നും രണ്ടാമത്തെ മകന് അബീയാവ് എന്നും പേർ. അവർ ബേർ-ശേബയിൽ ന്യായപാലനം ചെയ്തു.
[3] ശമുവേലിന്റെ പുത്രന്മാർ അവനെപ്പോലെ അല്ലായിരുന്നു. അവർ ദുരാഗ്രഹികളും, കൈക്കൂലി വാങ്ങുന്നവരും, അനീതി പ്രവർത്തിക്കുന്നവരും ആയിരുന്നു.
[4] അതുകൊണ്ട് യിസ്രായേൽമൂപ്പന്മാർ എല്ലാവരും ഒന്നിച്ചുകൂടി, രാമയിൽ ശമൂവേലിന്റെ അടുക്കൽവന്ന്, അവനോട്:
[5] “നീ വൃദ്ധനായിരിക്കുന്നു; നിന്റെ പുത്രന്മാർ നിന്റെ വഴിയിൽ നടക്കുന്നില്ല; അതിനാൽ എല്ലാ ജാതികൾക്കും ഉള്ളതുപോലെ, ഞങ്ങളെ ഭരിക്കേണ്ടതിന് ഞങ്ങൾക്ക് ഒരു രാജാവിനെ നിയമിച്ചുതരേണം”. എന്നു പറഞ്ഞു.
[6] ഞങ്ങളെ ഭരിക്കേണ്ടതിന് രാജാവിനെ തരേണമെന്ന് അവർ പറഞ്ഞ കാര്യം ശമൂവേലിന് ഇഷ്ടമായില്ല. ശമൂവേൽ യഹോവയോട് പ്രാർത്ഥിച്ചു.
[7] യഹോവ ശമൂവേലിനോട് ഇപ്രകാരം അരുളിച്ചെയ്തു: “ജനം നിന്നോട് പറയുന്ന സകലത്തിലും അവരുടെ അപേക്ഷ കേൾക്കുക, അവർ നിന്നെയല്ല, ഞാൻ അവരെ ഭരിക്കാതിരിക്കുവാൻ, എന്നെയാണ് ഉപേക്ഷിച്ചിരിക്കുന്നത്.
[8] ഞാൻ അവരെ മിസ്രയീമിൽനിന്ന് വിടുവിച്ച ദിവസംമുതൽ ഇന്നുവരെ അവർ എന്നെ ഉപേക്ഷിക്കുകയും, അന്യദൈവങ്ങളെ സേവിക്കുകയും ചെയ്തു. അവർ അതുപോലെ തന്നെ നിന്നോടും ചെയ്യുന്നു.
[9] അതുകൊണ്ട് അവരുടെ അപേക്ഷ കേൾക്കണം; എന്നാൽ അവരെ ഭരിക്കാനിരിക്കുന്ന രാജാവിന്റെ പ്രവർത്തനരീതി അവരോടു കൃത്യമായി വിവരിക്കേണം.
[10] അങ്ങനെ രാജാവിനായി അപേക്ഷിച്ച ജനത്തോട് ശമൂവേൽ യഹോവയുടെ വചനങ്ങളെ എല്ലാം അറിയിച്ചു:
[11] “നിങ്ങളെ ഭരിക്കാനിരിക്കുന്ന രാജാവിന്റെ പ്രവർത്തനരീതി ഇതായിരിക്കും: അവൻ നിങ്ങളുടെ പുത്രന്മാരെ അവന് തേരാളികളും കുതിരച്ചേവകരും ആക്കും; അവന്റെ രഥങ്ങൾക്കു മുമ്പെ അവർ ഓടേണ്ടി വരും.
[12] അവൻ അവരെ ആയിരം പേർക്കും അമ്പത് പേർക്കും മേലധികാരികളാക്കും; തന്റെ നിലം കൃഷി ചെയ്യുവാനും തന്റെ വിള കൊയ്യുവാനും തന്റെ യുദ്ധ ആയുധങ്ങൾ ഉണ്ടാക്കുവാനും അവരെ നിയമിക്കും.
[13] അവൻ നിങ്ങളുടെ പുത്രിമാരെ, വാസനതൈലം വിൽക്കുന്നവരും, പാചകക്കാരികളും പലഹാരം ഉണ്ടാക്കുന്നവരും ആയി നിയമിക്കും.
[14] അവൻ നിങ്ങളുടെ ഏറ്റവും നല്ല നിലങ്ങളും, മുന്തിരിത്തോട്ടങ്ങളും, ഒലിവുതോട്ടങ്ങളും തന്റെ ഭൃത്യന്മാർക്ക് കൊടുക്കും.
[15] അവൻ നിങ്ങളുടെ ധാന്യങ്ങളിലും മുന്തിരികളിലും ദശാംശം എടുത്ത് തന്റെ ഉദ്യോഗസ്ഥർക്കും ഭൃത്യന്മാർക്കും കൊടുക്കും.
[16] അവൻ നിങ്ങളുടെ ദാസന്മാരെയും ദാസിമാരെയും, സുന്ദരന്മാരായ യുവാക്കളെയും കഴുതകളെയും പിടിച്ച് തനിക്ക് വേല ചെയ്യുന്നവർ ആക്കും.
[17] അവൻ നിങ്ങളുടെ ആടുകളിൽ പത്തിലൊന്ന് എടുക്കും; നിങ്ങൾ അവന് ദാസന്മാരായ്തീരും.
[18] നിങ്ങൾ തിരഞ്ഞെടുത്തിരിക്കുന്ന രാജാവ് കാരണം നിങ്ങൾ അന്ന് നിലവിളിക്കും; എന്നാൽ യഹോവ അന്ന് ഉത്തരമരുളുകയില്ല”.
[19] എന്നാൽ ശമൂവേലിന്റെ വാക്കുകൾ ശ്രദ്ധിക്കുവാൻ ജനത്തിന് മനസ്സില്ലായിരുന്നു: “അല്ല, ഞങ്ങൾക്ക് ഒരു രാജാവ് വേണം,
[20] എല്ലാ ജാതികളെയും പോലെ ഞങ്ങളും ആകേണ്ടതിന് ഞങ്ങളുടെ രാജാവ് ഞങ്ങളെ ഭരിക്കുകയും ഞങ്ങൾക്കു നായകനായി പുറപ്പെടുകയും ഞങ്ങളുടെ യുദ്ധങ്ങളെ നയിക്കുകയും വേണം” എന്നു അവർ പറഞ്ഞു.
[21] ശമൂവേൽ ജനത്തിന്റെ വാക്കുകൾ ശ്രദ്ധിച്ചുകേട്ട് യഹോവയോട് അറിയിച്ചു.
[22] യഹോവ ശമൂവേലിനോട്: “അവരുടെ വാക്ക് കേട്ട് അവർക്ക് ഒരു രാജാവിനെ കൊടുക്കുക” എന്നു കല്പിച്ചു. ശമൂവേൽ യിസ്രായേല്യരോട്: “നിങ്ങൾ ഓരോരുത്തരും അവരവരുടെ പട്ടണത്തിലേക്ക് പൊയ്ക്കൊൾക” എന്നു പറഞ്ഞു.