Skip to content
Opens in a new window

[1] ഞാൻ വീണ്ടും തല ഉയർത്തിനോക്കി, അതാ, എന്റെമുമ്പിൽ രണ്ടു പർവതങ്ങളുടെ മധ്യത്തിൽനിന്നു പുറപ്പെടുന്ന നാലു രഥങ്ങൾ. ആ പർവതങ്ങൾ വെള്ളോടുപർവതങ്ങൾ ആയിരുന്നു.

[2] ഒന്നാമത്തെ രഥത്തിനു ചെമന്ന കുതിരകളും രണ്ടാമത്തേതിനു കറുത്ത കുതിരകളും

[3] മൂന്നാമത്തേതിനു വെള്ളക്കുതിരകളും നാലാമത്തേതിനു പുള്ളിയും തവിട്ടുനിറവുമുള്ള കുതിരകളെയും പൂട്ടിയിരുന്നു—ഇവയെല്ലാം ബലമേറിയവ ആയിരുന്നു.

[4] എന്നോടു സംസാരിക്കുന്ന ദൂതനോടു ഞാൻ ചോദിച്ചു, “എന്റെ യജമാനനേ, ഇവ എന്താകുന്നു?”

[5] ദൂതൻ എന്നോടു മറുപടി പറഞ്ഞു: “സർവഭൂമിയുടെയും കർത്താവിന്റെ സന്നിധിയിൽ നിൽക്കുന്നവരും അവിടത്തെ ദൗത്യനിർവഹണത്തിനായി പുറപ്പെട്ടുപോകുന്നവരുമായ സ്വർഗത്തിലെ നാല് ആത്മാക്കളാകുന്നു.

[6] കറുത്ത കുതിരകളെ പൂട്ടിയിരുന്ന രഥം വടക്കേരാജ്യത്തിലേക്കുപോയി, വെളുത്ത കുതിരകളെ പൂട്ടിയിരുന്ന രഥം പടിഞ്ഞാറോട്ടുപോയി, പുള്ളിയും തവിട്ടുനിറവുമുള്ള കുതിരകളെ പൂട്ടിയിരുന്ന രഥം തെക്കോട്ടുപോയി.”

[7] ആ ബലമേറിയ കുതിരകൾ പുറപ്പെട്ടശേഷം അവ ഭൂമിയിലെങ്ങും പോകാൻ ബദ്ധപ്പെട്ടു. അപ്പോൾ യഹോവ, “ഭൂമിയിലെങ്ങും പോകുവിൻ!” എന്നു കൽപ്പിച്ചു. അങ്ങനെ അവ ഭൂമിയിലെങ്ങും പോയി.

[8] അപ്പോൾ യഹോവ എന്നോടു വിളിച്ചുപറഞ്ഞു: “നോക്കുക, വടക്കേദേശത്തേക്കു പോകുന്നവ വടക്കേദേശത്തെ എന്റെ ക്രോധം ശമിപ്പിച്ചിരിക്കുന്നു.”

[9] യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി:

[10] “ബാബേലിൽനിന്നു വന്ന ഹെൽദായ്, തോബിയാവ്, യെദായാവ് എന്നീ പ്രവാസികളുടെ പക്കൽനിന്നു വെള്ളിയും സ്വർണവും വാങ്ങുക. അന്നുതന്നെ, സെഫന്യാവിന്റെ മകനായ യോശിയാവിന്റെ വീട്ടിൽ പോകണം.

[11] വെള്ളിയും സ്വർണവും എടുത്ത് ഒരു കിരീടം ഉണ്ടാക്കി യെഹോസാദാക്കിന്റെ മകൻ യോശുവ എന്ന മഹാപുരോഹിതന്റെ തലയിൽ വെക്കുക.

[12] അദ്ദേഹത്തോട്, സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു എന്നു പറയുക: ‘ശാഖാ എന്നു പേരുള്ള പുരുഷൻ ഇവിടെയുണ്ട്. അദ്ദേഹം തന്റെ സ്ഥാനത്തുനിന്നു ശാഖകൾ നീട്ടുകയും യഹോവയുടെ ആലയം പണിയുകയും ചെയ്യും.

[13] അദ്ദേഹംതന്നെയാണ് യഹോവയുടെ ആലയം പണിയുന്നത്. അദ്ദേഹം തേജസ്സു ധരിച്ചു തന്റെ സിംഹാസനത്തിലിരുന്ന് ഭരണംനടത്തും. അദ്ദേഹം തന്റെ സിംഹാസനത്തിൽ ഒരു പുരോഹിതൻ ആയിരിക്കും; ഇരുവർക്കുംതമ്മിൽ ഐക്യമുണ്ടാകും.’

[14] ഹേലം, തോബിയാവ്, യെദായാവ്, സെഫന്യാവിന്റെ മകൻ ഹേൻ എന്നിവരുടെ സ്മാരകമായി യഹോവയുടെ ആലയത്തിൽ ആ കിരീടം നൽകപ്പെടും.

[15] വിദൂരത്തുനിന്നുള്ളവർ വരികയും യഹോവയുടെ ആലയം പണിയാൻ സഹായിക്കുകയും ചെയ്യും. സൈന്യങ്ങളുടെ യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്ന് അപ്പോൾ നിങ്ങൾ അറിയും. നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയെ ജാഗ്രതയോടെ അനുസരിക്കുമെങ്കിൽ ഇപ്രകാരം സംഭവിക്കും.”

സെഖര്യാവിന്റെ പ്രവചനം — Chapters