Skip to content
Opens in a new window
Listen to this chapter • 5:53

[1] ക്രിസ്തുവിന്റെ അനുഗാമിയായ ഞാൻ വ്യാജമല്ല, സത്യമാണ് സംസാരിക്കുന്നത്; എന്റെ മനസ്സാക്ഷിയും പരിശുദ്ധാത്മാവും എനിക്കു സാക്ഷിയാണ്.

[2] എന്റെ ഹൃദയത്തിൽ വലിയ സങ്കടവും തീരാത്ത വേദനയും ഉണ്ട് എന്നതു സത്യം.

[3] ഞാൻ സ്വയം ശാപഗ്രസ്തനായിത്തീർന്ന് ക്രിസ്തുവിനോടുള്ള ബന്ധത്തിൽനിന്ന് എന്നേക്കുമായി മാറ്റപ്പെടുന്നതിലൂടെ എന്റെ സഹോദരങ്ങളും സ്വന്തം വംശജരുമായ ഇസ്രായേൽജനത്തിനു പ്രയോജനം ഉണ്ടാകുന്നെങ്കിൽ ഞാൻ അതിനും സന്നദ്ധനാണ്.

[4] ഇസ്രായേല്യരായ അവർ ദൈവത്തിന്റെ പുത്രരായി ദത്തെടുക്കപ്പെട്ടവരാണ്; ദൈവികതേജസ്സ് അവർക്കു സ്വന്തം; അവരോടാണ് ദൈവം ഉടമ്പടികൾ ചെയ്തത്, അവർക്കാണ് ന്യായപ്രമാണം നൽകിത്; ദൈവാലയത്തിലെ ആരാധനയ്ക്കുള്ള പദവിയും വാഗ്ദാനങ്ങളും ദൈവം അവർക്കാണ് നൽകിയത്.

[5] ആദരണീയരായ ഗോത്രപിതാക്കന്മാരാണ് അവരുടെ പൂർവികർ. ക്രിസ്തു മനുഷ്യനായി ജന്മം എടുത്തതും അവരിൽനിന്നുതന്നെ. അവിടന്ന് സർവാധിപതിയായ ദൈവവും എന്നേക്കും വാഴ്ത്തപ്പെട്ടവനും! ആമേൻ.

[6] ദൈവത്തിന്റെ വചനം പാഴായിപ്പോയി എന്നല്ല. ഇസ്രായേല്യവംശത്തിൽ ജനിച്ചവരെല്ലാം യഥാർഥ ഇസ്രായേല്യർ ആകുന്നില്ല.

[7] അബ്രഹാമിന്റെ കുലത്തിൽ ജനിച്ചു എന്ന കാരണത്താൽ അവരെല്ലാവരും അബ്രഹാമിന്റെ മക്കൾ ആകുന്നുമില്ല. പിന്നെയോ, “ഇസഹാക്കിൽനിന്നു ജനിക്കുന്നവൻ നിന്റെ സന്തതി എന്നു വിളിക്കപ്പെടും” എന്നാണ് തിരുവെഴുത്തിൽ പറഞ്ഞിരിക്കുന്നത്.

[8] അതായത്, അബ്രഹാമിൽനിന്നു ശാരീരികമായി ജനിച്ച മക്കളല്ല ദൈവത്തിന്റെമക്കൾ. പിന്നെയോ, വാഗ്ദാനപ്രകാരം ജനിച്ചവരാണ് അബ്രഹാമിന്റെ സന്തതികൾ എന്നു കണക്കാക്കപ്പെടുന്നത്.

[9] വാഗ്ദാനവചസ്സ് ഇപ്രകാരമാണ് നൽകപ്പെട്ടത്: “നിശ്ചിതസമയത്തു ഞാൻ മടങ്ങിവരും; അപ്പോൾ സാറയ്ക്ക് ഒരു മകൻ ഉണ്ടായിരിക്കും.”

[10] ഈ മകനാണ് നമ്മുടെ പിതാവായ ഇസഹാക്ക്. അദ്ദേഹത്തിൽനിന്ന് റിബേക്ക ഗർഭവതിയായി.

[11] അവൾക്ക് ഇരട്ട ശിശുക്കൾ ജനിക്കുന്നതിനും അവർ ഗുണമോ ദോഷമോ പ്രവർത്തിക്കുന്നതിനും മുമ്പുതന്നെ, “മൂത്തവൻ ഇളയവനെ സേവിക്കും” എന്നു ദൈവം റിബേക്കയോട് അരുളിച്ചെയ്തു. ഈ ആഹ്വാനം നൽകുന്ന ദൈവം അവിടത്തെ തിരുഹിതം നിറവേറ്റാൻ തീരുമാനിക്കുന്നു. അത് പ്രവൃത്തികളുടെ അടിസ്ഥാനത്തിലല്ല എന്ന് പ്രകടമാക്കേണ്ടതിനാണ് ഇങ്ങനെ ചെയ്യുന്നത്.

[13] “യാക്കോബിനെ ഞാൻ സ്നേഹിച്ചു, ഏശാവിനെ ഞാൻ വെറുത്തു” എന്ന് എഴുതിയിരിക്കുന്നല്ലോ.

[14] അപ്പോൾ നാം എന്തു പറയും, ദൈവം അനീതിയുള്ളവൻ എന്നാണോ? ഒരിക്കലുമല്ല!

[15] “കൃപ ചെയ്യാൻ എനിക്കു മനസ്സുള്ളവരോടെല്ലാം ഞാൻ കൃപ ചെയ്യും. കരുണ കാണിക്കാൻ എനിക്കു മനസ്സുള്ളവരോടെല്ലാം ഞാൻ കരുണ കാണിക്കും” എന്ന് ദൈവം മോശയോടും അരുളിച്ചെയ്യുന്നു.

[16] ഇങ്ങനെ, മനുഷ്യന്റെ ആഗ്രഹമോ കഠിനാധ്വാനമോ അല്ല, ദൈവത്തിന്റെ കാരുണ്യമാണ് എല്ലാറ്റിനും അടിസ്ഥാനം.

[17] “എന്റെ ശക്തി നിന്നിലൂടെ പ്രദർശിപ്പിക്കുകയും എന്റെ നാമം ഭൂമിയിലെല്ലായിടത്തും പ്രഖ്യാപിക്കുകുയും ചെയ്യുക എന്ന ഉദ്ദേശ്യത്തിനായിത്തന്നെ ഞാൻ നിന്നെ ഉയർത്തിയിരിക്കുന്നു,” എന്ന് ഫറവോനോട് അരുളിച്ചെയ്യുന്നതു തിരുവെഴുത്തിൽ കാണുന്നു.

[18] ഇങ്ങനെ, ദൈവം തന്റെ അഭീഷ്ടപ്രകാരം ഒരുവനോടു കരുണ കാണിക്കുന്നു; മറ്റൊരുവനെ കഠിനഹൃദയനാക്കുന്നു.

[19] അപ്പോൾ, “നമ്മെ കുറ്റപ്പെടുത്താൻ ദൈവത്തിന് എങ്ങനെ കഴിയും? കാരണം, ദൈവത്തിന്റെ തിരുഹിതത്തോട് എതിർക്കാൻ ആർക്കാണു സാധിക്കുക?” എന്നു നിങ്ങൾ എന്നോടു ചോദിച്ചേക്കാം.

[20] അല്ലയോ മനുഷ്യാ, “ദൈവത്തോട് എതിർവാദം പറയാൻ നീ ആരാണ്?” സ്രഷ്ടാവിനോട്, “ ‘നീ എന്നെ ഇങ്ങനെ സൃഷ്ടിച്ചത് എന്താണ്?’ എന്നു സൃഷ്ടിക്കു ചോദിക്കാൻ കഴിയുമോ?”

[21] ഒരേ കളിമണ്ണ് ഉപയോഗിച്ച് ചില പാത്രങ്ങൾ ശ്രേഷ്ഠമായ ഉപയോഗത്തിനും മറ്റുചിലതു സാമാന്യമായ ഉപയോഗത്തിനുംവേണ്ടി ഉണ്ടാക്കാൻ കുശവനു അധികാരമില്ലേ?

[22] ദൈവം തന്റെ കോപം പ്രദർശിപ്പിക്കാനും ശക്തി വെളിപ്പെടുത്താനുമുള്ള ഉദ്ദേശ്യത്തോടെ, വിനാശത്തിനുമാത്രമായി ഒരുക്കപ്പെട്ടിരുന്ന കോപപാത്രങ്ങളായവരെ ദീർഘക്ഷമയോടെ സഹിച്ചു;

[23] ഇങ്ങനെ തേജസ്സു പ്രാപിക്കാനായി ദൈവം മുൻകൂട്ടി ഒരുക്കിയ കരുണാപാത്രങ്ങളാണു നാം. അവിടത്തെ മഹത്ത്വസമ്പന്നത വെളിപ്പെടുത്താൻവേണ്ടി ദൈവം നമ്മിൽ ഇപ്രകാരം പ്രവർത്തിച്ചു എന്നതിൽ നമുക്ക് എന്താണ് പറയാൻ കഴിയുക?

[24] യെഹൂദരിൽനിന്നുമാത്രമല്ല, യെഹൂദേതരരിൽനിന്നും വിളിക്കപ്പെട്ടവരായ നാം എല്ലാവരും ആ കരുണാപാത്രങ്ങളാണ്.

[25] ഹോശെയായുടെ പുസ്തകത്തിൽ ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു: “എന്റെ ജനം അല്ലാത്തവരെ ‘എന്റെ ജനം’ എന്നും എന്റെ പ്രിയ അല്ലാത്തവളെ ‘എന്റെ പ്രിയ’ എന്നും ഞാൻ വിളിക്കും.”

[26] വീണ്ടും, “ ‘നിങ്ങൾ എന്റെ ജനമല്ല,’ എന്ന് അരുളിച്ചെയ്തേടത്തുതന്നെ, അവർ ‘ജീവനുള്ള ദൈവത്തിന്റെമക്കൾ’ എന്നും വിളിക്കപ്പെടും”

[27] യെശയ്യാവ് ഇസ്രായേല്യരെക്കുറിച്ചു വിളിച്ചുപറയുന്നു: “ഇസ്രായേല്യർ കടൽപ്പുറത്തെ മണൽത്തരിപോലെ അസംഖ്യമെങ്കിലും അവരിൽ ഒരു ശേഷിപ്പുമാത്രമേ രക്ഷിക്കപ്പെടുകയുള്ളൂ.

[28] കർത്താവ് അതിവേഗത്തിലും കൃതകൃത്യതയോടും ഭൂമിയിൽ ന്യായവിധി നിർവഹിക്കും.”

[29] “സർവശക്തനായ കർത്താവ് നമ്മുടെ തലമുറയിൽ ചിലരെ അവശേഷിപ്പിച്ചില്ലായിരുന്നെങ്കിൽ, നാം സൊദോം നഗരത്തെപ്പോലെയും ഗൊമോറ പട്ടണത്തെപ്പോലെയും ശൂന്യമാകുമായിരുന്നു” എന്ന് യെശയ്യാവ് മുൻകൂട്ടിത്തന്നെ പറഞ്ഞിരുന്നല്ലോ!

[30] ഇതെല്ലാം എന്താണ് അർഥമാക്കുന്നത്? യഥാർഥത്തിൽ ദൈവികനീതി അന്വേഷിക്കാതിരുന്നവരായ ഇസ്രായേല്യേതരർക്കാണ് ആ നീതി ലഭിച്ചത്. അത് വിശ്വാസത്താലുള്ള നീതിതന്നെ.

[31] എന്നാൽ, ന്യായപ്രമാണത്തിലൂടെ നീതി ലഭിക്കാൻ പരിശ്രമിച്ചവരായ ഇസ്രായേല്യർക്കാകട്ടെ, അത് ലഭിച്ചതുമില്ല.

[32] എന്തുകൊണ്ടാണ് അവർക്ക് അത് ലഭിക്കാതിരുന്നത്? വിശ്വാസത്തിലൂടെയല്ല പ്രവൃത്തികളാൽ സാധിക്കുമെന്നു വിചാരിച്ച് നീതിയെ അന്വേഷിച്ചതുകൊണ്ടാണ് അവർ ഇടർച്ചക്കല്ലിൽ തട്ടിവീണത്.

[33] “ഇതാ, ഞാൻ സീയോനിൽ, മനുഷ്യർ ഇടറിവീഴാൻ കാരണമായിത്തീരുന്ന ഒരു കല്ലും വീഴ്ചയ്ക്കു കാരണമാകുന്ന ഒരു പാറയും വെക്കുന്നു. അദ്ദേഹത്തിൽ വിശ്വസിക്കുന്ന ആരും ഒരിക്കലും ലജ്ജിതരാകുകയില്ല” എന്ന് എഴുതിയിട്ടുണ്ടല്ലോ.

റോമർക്ക് എഴുതിയ ലേഖനം — Chapters