Skip to content
Opens in a new window
Listen to this chapter • 5:17

[1] ക്രിസ്തുയേശുവിന്റെ ദാസന്മാരായ പൗലോസും തിമോത്തിയോസും, ക്രിസ്തുയേശുവിൽ വിശ്വാസമർപ്പിച്ച ഫിലിപ്പിയ-സഭയിലെ അധ്യക്ഷന്മാരും ശുശ്രൂഷകരും ഉൾപ്പെടെ എല്ലാ വിശുദ്ധർക്കും, എഴുതുന്നത്:

[2] നമ്മുടെ പിതാവായ ദൈവത്തിൽനിന്നും കർത്താവായ യേശുക്രിസ്തുവിൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.

[3] നിങ്ങളെ ഓർക്കുമ്പോഴെല്ലാം ഞാൻ എന്റെ ദൈവത്തിനു സ്തോത്രംചെയ്യുന്നു.

[4] എന്റെ സുവിശേഷഘോഷണദൗത്യത്തിലെ ആദ്യദിവസംമുതൽ ഇന്നുവരെ നിങ്ങളുടെ പങ്കാളിത്തം അനുസ്മരിച്ച് നിങ്ങൾ എല്ലാവർക്കുംവേണ്ടിയുള്ള സകലപ്രാർഥനകളിലും ഞാൻ എപ്പോഴും ആനന്ദത്തോടെ അപേക്ഷിക്കുന്നു.

[6] നിങ്ങളിൽ ദൈവം ആരംഭിച്ച നല്ല പ്രവൃത്തി ക്രിസ്തുയേശുവിന്റെ പുനരാഗമനദിനംവരെ തുടർന്ന് അതിന്റെ പരിപൂർണതയിൽ എത്തിക്കുമെന്ന് എനിക്ക് ദൃഢനിശ്ചയമുണ്ട്.

[7] എന്റെ കാരാഗൃഹവാസത്തിലും സുവിശേഷത്തിന് അനുകൂലമായി വാദിച്ച് അത് ഉറപ്പിക്കുന്ന എന്റെ ശുശ്രൂഷയിലും നിങ്ങളെല്ലാവരും എന്നോടൊപ്പം ദൈവകൃപയിൽ പങ്കുവഹിച്ചു. അതുകൊണ്ട് നിങ്ങളെല്ലാവരും എനിക്ക് വളരെ പ്രിയരാണ്. ഇങ്ങനെ നിങ്ങളെ എല്ലാവരെപ്പറ്റിയും ചിന്തിക്കുന്നത് യുക്തമാണല്ലോ.

[8] ക്രിസ്തുയേശുവിന് നിങ്ങളോടുള്ള അതേ വാത്സല്യത്തോടെ നിങ്ങളെയെല്ലാം കാണാൻ ഞാൻ എത്ര അഭിലഷിക്കുന്നു എന്നതിനു ദൈവംതന്നെ സാക്ഷി.

[9] ആഴത്തിലുള്ള അറിവിലും തികഞ്ഞ വിവേകത്തിലും നിങ്ങളുടെ സ്നേഹം അധികമധികം വർധിച്ചുവന്ന്

[10] നിങ്ങൾ ഏറ്റവും അമൂല്യമായതുതന്നെ തെരഞ്ഞെടുത്തുകൊണ്ട് ക്രിസ്തുവിന്റെ പുനരാഗമനംവരെ നിർമലരും കളങ്കരഹിതരും ആയി ജീവിക്കാൻ ഇടയാകട്ടെ എന്ന് ഞാൻ പ്രാർഥിക്കുന്നു.

[11] തന്നെയുമല്ല, ക്രിസ്തുയേശുവിലൂടെമാത്രം ലഭ്യമാകുന്ന നീതിയുടെ ഫലങ്ങൾ ദൈവത്തിന്റെ മഹത്ത്വത്തിനും പുകഴ്ചയ്കുമായി നിങ്ങളിൽ നിറയട്ടെ എന്നും ഞാൻ പ്രാർഥിക്കുന്നു.

[12] സഹോദരങ്ങളേ, ഞാൻ അഭിമുഖീകരിച്ചതൊക്കെയും സുവിശേഷത്തിന്റെ വ്യാപനത്തിനായി പ്രയോജനപ്പെട്ടു എന്നു നിങ്ങൾ അറിയണം എന്നു ഞാൻ ആഗ്രഹിക്കുന്നു.

[13] അങ്ങനെ, ഞാൻ ചങ്ങല ധരിച്ചിരിക്കുന്നത് ക്രിസ്തു നിമിത്തമാണെന്ന് കൊട്ടാരനിവാസികൾ എല്ലാവർക്കും മറ്റുള്ളവർക്കും വ്യക്തമായിട്ടറിയാൻ കഴിഞ്ഞു.

[14] അതുമാത്രമല്ല എന്റെ കാരാഗൃഹവാസംനിമിത്തം ഒട്ടുമിക്ക സഹോദരങ്ങളും കർത്താവിൽ ആത്മവിശ്വാസം ആർജിച്ചു; അവർ നിർഭയരായി ദൈവവചനം പ്രഘോഷിക്കാൻ കൂടുതൽ ധൈര്യം പ്രകടിപ്പിക്കുകയുംചെയ്തു.

[15] ചിലർ ഞങ്ങളോടുള്ള അസൂയയും മാത്സര്യവും നിമിത്തം ക്രിസ്തുവിനെ പ്രസംഗിക്കുന്നു. എന്നാൽ മറ്റുചിലർ സദുദ്ദേശ്യത്തോടെയാണ് അത് ചെയ്യുന്നത്.

[16] സുവിശേഷത്തിന് അനുകൂലമായി വാദിച്ചതിനാൽ ഞാൻ ഇവിടെ അടയ്ക്കപ്പെട്ടിരിക്കുന്നു എന്നറിഞ്ഞ് അവർ സ്നേഹപൂർവം അങ്ങനെചെയ്യുന്നു.

[17] മാത്സര്യപൂർവം ക്രിസ്തുവിനെ പ്രസംഗിക്കുന്നവർ ആകട്ടെ ആത്മാർഥത ഇല്ലാതെ, എന്റെ കാരാഗൃഹവാസം കൂടുതൽ ദുഷ്കരമാക്കുന്നതിനു വേണ്ടിയാണ് അപ്രകാരം ചെയ്യുന്നത്.

[18] എങ്ങനെ ആയാലെന്ത്? സദുദ്ദേശ്യത്തോടെയോ ദുരുദ്ദേശ്യത്തോടെയോ എങ്ങനെ ആയിരുന്നാലും ക്രിസ്തുവിനെയാണല്ലോ പ്രസംഗിക്കുന്നത്; അതിൽ ഞാൻ ആനന്ദിക്കുന്നു. അതേ, ഞാൻ ആനന്ദിച്ചുകൊണ്ടേയിരിക്കും,

[19] കാരണം നിങ്ങളുടെ പ്രാർഥനയാലും യേശുക്രിസ്തുവിന്റെ ആത്മാവിന്റെ സഹായത്താലും ഞാൻ വിമോചിതനാകും എന്ന് എനിക്ക് ഉറപ്പുണ്ട്.

[20] എനിക്ക് ഒരിക്കലും ലജ്ജിക്കാൻ ഇടയാകുകയില്ലെന്നും; ജീവിതത്താലാകട്ടെ, മരണത്താലാകട്ടെ ക്രിസ്തു എന്റെ ശരീരത്തിൽ എക്കാലവുമെന്നപോലെ ഇപ്പോഴും മഹത്ത്വപ്പെടും എന്നും ഞാൻ സധൈര്യം അഭിവാഞ്ഛിക്കുകയും പ്രത്യാശിക്കയുംചെയ്യുന്നു.

[21] ക്രിസ്തുവാണ് എനിക്ക് ജീവിതം; മരണം എനിക്ക് ലാഭവും!

[22] ഞാൻ ശരീരത്തിൽ തുടർന്നും ജീവിക്കുന്നു എങ്കിൽ അത് ഞാൻ ഫലപ്രദമായി പ്രയത്നിക്കാൻവേണ്ടി ആയിരിക്കും. എന്നാൽ, എന്തു തെരഞ്ഞെടുക്കേണ്ടൂ എന്ന് ഞാൻ അറിയുന്നില്ല!

[23] ഈ രണ്ടുദിശകളിൽനിന്നും ഞാൻ സമ്മർദ്ദം നേരിടുന്നു: ഈ ലോകത്തോട് വിട പറഞ്ഞ് ക്രിസ്തുവിനോടുകൂടെ ആയിരിക്കാനാണ് എന്റെ അഭിവാഞ്ഛ; അതാണ് ശ്രേഷ്ഠതരം.

[24] എന്നാൽ ഞാൻ ശരീരത്തിൽ ജീവിച്ചിരിക്കേണ്ടത് നിങ്ങൾനിമിത്തം അധികം ആവശ്യമായിരിക്കുന്നു.

[25] ഈ ബോധ്യമുള്ളതിനാൽ ഞാൻ ജീവനോടിരിക്കുമെന്നതും നിങ്ങളുടെ വിശ്വാസത്തിന്റെ അഭിവൃദ്ധിക്കും ആനന്ദത്തിനുമായി നിങ്ങളോടൊപ്പം ഉണ്ടായിരിക്കുമെന്നതും സുനിശ്ചിതമാണ്.

[26] അങ്ങനെ നിങ്ങളുടെ അടുത്ത് മടങ്ങിവരുമ്പോൾ ഞാൻ നിമിത്തം ക്രിസ്തുയേശുവിൽ നിങ്ങൾക്കുള്ള അഭിമാനം വർധിക്കും.

[27] ഇത്രമാത്രം: ക്രിസ്തുവിന്റെ സുവിശേഷത്തിന് യോഗ്യമായവിധം ജീവിക്കുന്ന പൗരരാകുക. അങ്ങനെയായാൽ ഞാൻ നിങ്ങളോടൊപ്പം ഉള്ളപ്പോഴും നിങ്ങളിൽനിന്ന് ദൂരെ ആയിരുന്നാലും, നിങ്ങൾ ഏകാത്മാവിൽ ഉറച്ചുനിന്ന്, ഏകമനസ്സോടെ, മറ്റുള്ളവർ സുവിശേഷത്തിൽ വിശ്വസിക്കുന്നതിനുവേണ്ടി പോരാടുന്നു, എന്ന് നിങ്ങളെക്കുറിച്ച് എനിക്ക് കേൾക്കാൻ കഴിയും.

[28] നിങ്ങളുടെ എതിരാളികളിൽനിന്നുണ്ടാകുന്ന യാതൊന്നിനാലും നിങ്ങളുടെ ധൈര്യം ചോർന്നുപോകരുത്. ഭയരഹിതമായ നിങ്ങളുടെ പ്രതികരണം, അവർ നാശത്തിലേക്ക് പോകുന്നവരാണെന്നും നിങ്ങൾ രക്ഷിതരാണെന്നും ഉള്ളതിന് ഒരു നിദർശനമാണ്; അത് ദൈവത്തിൽനിന്ന് ലഭിച്ചതാണ്.

[29] ക്രിസ്തുവിൽ വിശ്വസിക്കാൻവേണ്ടിമാത്രമല്ല; അവിടത്തേക്കുവേണ്ടി പീഡനം സഹിക്കാനുള്ള പ്രത്യേകപദവിയും നിങ്ങൾക്കു ദാനമായി ലഭിച്ചിരിക്കുന്നു.

[30] എനിക്കുള്ളതായി നിങ്ങൾ കണ്ടതും ഞാൻ ഇപ്പോൾ അനുഭവിക്കുന്നതുമായ അതേ കഷ്ടതയിലൂടെയാണല്ലോ നിങ്ങളും ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.

ഫിലിപ്പിയർക്ക് എഴുതിയ ലേഖനം — Chapters