Skip to content
Opens in a new window

[1] മരുഭൂമിയും വരണ്ടുണങ്ങിയ നിലവും ആഹ്ലാദിക്കും; മരുഭൂമി ആനന്ദിച്ചു പുഷ്പിണിയാകും. കുങ്കുമച്ചെടിപോലെ

[2] അത് പൊട്ടിവിടരും; ആനന്ദത്തോടും പാട്ടോടുംകൂടി അത് ഉല്ലസിക്കും. ലെബാനോന്റെ മഹത്ത്വം അതിനു ലഭിക്കും, കർമേലിന്റെയും ശാരോന്റെയും ശോഭയുംതന്നെ, അവർ യഹോവയുടെ തേജസ്സും നമ്മുടെ ദൈവത്തിന്റെ പ്രതാപവും ദർശിക്കും.

[3] തളർന്ന കൈകൾ ശക്തിപ്പെടുത്തുക, കുഴഞ്ഞ കാൽമുട്ടുകൾ നേരേയാക്കുക;

[4] ഹൃദയത്തിൽ ഭയമുള്ളവരോട്: “ധൈര്യപ്പെടുവിൻ, ഭയപ്പെടേണ്ട, നിങ്ങളുടെ ദൈവം വരും, പ്രതികാരവുമായി അവിടന്ന് വരും; പാരിതോഷികം അവിടത്തെ പക്കൽ ഉണ്ട്, അവിടന്നു നിങ്ങളെ രക്ഷിക്കുന്നതിനായി വരും” എന്നു പറയുക.

[5] അന്ന് അന്ധരുടെ കണ്ണുകൾ തുറക്കും, ചെകിടരുടെ കാതുകൾ അടഞ്ഞിരിക്കുകയുമില്ല.

[6] മുടന്തർ അന്നു മാനിനെപ്പോലെ കുതിച്ചുചാടും, ഊമരുടെ നാവ് ആനന്ദത്താൽ ആർപ്പിടും. മരുഭൂമിയിൽ വെള്ളവും വരണ്ടുണങ്ങിയ നിലത്ത് അരുവികളും പൊട്ടിപ്പുറപ്പെടും.

[7] വരണ്ടപ്രദേശം ജലാശയമായും ദാഹാർത്തമായ ഭൂമി നീരുറവകളായും തീരും. ഒരിക്കൽ കുറുനരികളുടെ വാസസ്ഥലം ആയിരുന്നിടത്ത്, പുല്ലും ഓടപ്പുല്ലും ഞാങ്ങണയും വളരും.

[8] അവിടെ ഒരു രാജവീഥി ഉണ്ടാകും; അത് പരിശുദ്ധിയുടെ പാത എന്നു വിളിക്കപ്പെടും; തെരഞ്ഞെടുക്കപ്പെട്ടവർക്കുമാത്രമാണ് ആ രാജവീഥി. അശുദ്ധർ അതിൽ യാത്രചെയ്യുകയില്ല; ദുഷ്ടരായ ഭോഷർ ആ വഴി വരുകയേയില്ല.

[9] അവിടെ ഒരു സിംഹവും ഉണ്ടാകുകയില്ല; ഒരു ഹിംസ്രമൃഗവും അവിടെ സഞ്ചരിക്കുകയില്ല; ആ വകയൊന്നും അവിടെ കാണുകയില്ല. വീണ്ടെടുക്കപ്പെട്ടവർമാത്രം അതിൽ സഞ്ചരിക്കും,

[10] യഹോവ വിലകൊടുത്തു വാങ്ങിയവർ മടങ്ങിവരും. സംഗീതത്തോടെ അവർ സീയോനിലേക്ക് പ്രവേശിക്കും; നിത്യാനന്ദം അവരുടെ ശിരസ്സിനു മകുടമായിരിക്കും. ആഹ്ലാദത്താലും ആനന്ദത്താലും അവർ ആമഗ്നരാകും, ദുഃഖവും നെടുവീർപ്പും അവരിൽനിന്ന് ഓടിയകലും.

യെശയ്യാവിന്റെ പ്രവചനം — Chapters