Skip to content
Opens in a new window

[1] എഫ്രയീം സംസാരിച്ചപ്പോൾ ജനത്തിനു വിറയലുണ്ടായി; അവൻ ഇസ്രായേലിൽ ഉന്നതനായിരുന്നു. എന്നാൽ ബാലിനെ നമസ്കരിച്ച് കുറ്റക്കാരനാകുകനിമിത്തം അവൻ മരിച്ചു.

[2] ഇപ്പോൾ അവർ അധികമധികം പാപംചെയ്യുന്നു; അവർ തങ്ങളുടെ വെള്ളികൊണ്ടു വിഗ്രഹങ്ങളെയും വൈദഗ്ദ്ധ്യമാർന്ന കൊത്തുപണിയായി ബിംബങ്ങളെയും അവർക്കായി ഉണ്ടാക്കി. അതെല്ലാം കൊത്തുപണിക്കാരുടെ കലാസൃഷ്ടിതന്നെ. “അവർ നരബലി നടത്തുന്നു! കാളക്കിടാവിന്റെ വിഗ്രഹങ്ങളെ ചുംബിക്കുന്നു!” എന്ന് അവരെക്കുറിച്ച് പറയുന്നു.

[3] അതുകൊണ്ട് അവർ, പ്രഭാതത്തിലെ മൂടൽമഞ്ഞുപോലെയും അപ്രത്യക്ഷമാകുന്ന മഞ്ഞുതുള്ളിപോലെയും മെതിക്കളത്തിൽ കാറ്റുപാറ്റുന്ന പതിരുപോലെയും ജനാലയിലൂടെ പുറത്തുവരുന്ന പുകപോലെയും ആയിരിക്കും.

[4] “എന്നാൽ, ഈജിപ്റ്റുദേശംമുതൽ നിങ്ങളുടെ ദൈവമായ യഹോവ ഞാൻ ആകുന്നു. ഞാനല്ലാതെ മറ്റൊരു ദൈവത്തെ നീ അറിയരുത്, ഞാനല്ലാതെ വേറൊരു രക്ഷകനും ഇല്ല.

[5] മരുഭൂമിയിൽ എരിവെയിലിന്റെ ദേശത്തു ഞാൻ നിനക്കുവേണ്ടി കരുതി.

[6] ഞാൻ അവരെ പോഷിപ്പിച്ചപ്പോൾ അവർ തൃപ്തരായി; തൃപ്തരായപ്പോൾ അവർ അഹങ്കാരികളായി, അക്കാരണത്താൽ അവർ എന്നെ മറന്നുകളഞ്ഞു.

[7] അതുകൊണ്ട്, ഞാൻ സിംഹത്തെപ്പോലെ അവരുടെമേൽ ചാടിവീഴും, പുള്ളിപ്പുലിയെപ്പോലെ ഞാൻ വഴിയരികിൽ പതിയിരിക്കും.

[8] കുട്ടികൾ നഷ്ടപ്പെട്ട കരടിയെപ്പോലെ ഞാൻ അവരെ ആക്രമിച്ച് അവരുടെ ഹൃദയം ചീന്തിക്കളയും; ഒരു സിംഹത്തെപ്പോലെ ഞാൻ അവരെ വിഴുങ്ങും— ഒരു വന്യമൃഗം അവരെ ചീന്തിക്കളയും.

[9] “ഇസ്രായേലേ, നീ നിന്റെ സഹായകനായ എന്നോട് എതിർത്തുനിൽക്കുന്നതുകൊണ്ട്, നീ നശിപ്പിക്കപ്പെടാൻ പോകുന്നു.

[10] നിന്നെ രക്ഷിക്കാൻ നിന്റെ രാജാവ് എവിടെ? ‘എനിക്ക് ഒരു രാജാവിനെയും പ്രഭുക്കന്മാരെയും തരിക’ എന്നു നീ പറഞ്ഞ, നിന്റെ പട്ടണത്തിലെ ഭരണാധിപന്മാരെല്ലാം എവിടെ?

[11] അതുകൊണ്ട്, ഞാൻ എന്റെ കോപത്തിൽ നിനക്ക് ഒരു രാജാവിനെ നൽകി, എന്റെ ക്രോധത്തിൽ ഞാൻ അവനെ എടുത്തുകളഞ്ഞു.

[12] എഫ്രയീമിന്റെ കുറ്റങ്ങൾ സംഗ്രഹിച്ചും അവന്റെ പാപങ്ങൾ രേഖപ്പെടുത്തിയും വെച്ചിരിക്കുന്നു.

[13] പ്രസവവേദനയുള്ള സ്ത്രീയുടെ വേദന അവനുണ്ടാകുന്നു, എന്നാൽ അവൻ ബുദ്ധിയില്ലാത്ത മകൻ; സമയമാകുമ്പോൾ അവൻ ഗർഭപാത്രത്തിൽനിന്നു പുറത്തുവരുന്നില്ല.

[14] “ഞാൻ അവരെ പാതാളത്തിൽനിന്ന് വീണ്ടെടുക്കും; മരണത്തിൽനിന്ന് ഞാൻ അവരെ വിടുവിക്കും. മരണമേ, നിന്റെ ബാധകൾ എവിടെ? പാതാളമേ, നിന്റെ സംഹാരം എവിടെ? “എനിക്ക് ഒരു സഹതാപവും ഉണ്ടാകുകയില്ല.

[15] അവൻ തന്റെ സഹോദരന്മാരുടെ മധ്യത്തിൽ സമ്പന്നനായിരുന്നാലും, യഹോവയുടെ അടുക്കൽനിന്ന് ഒരു കിഴക്കൻകാറ്റ് ആഞ്ഞടിക്കും മരുഭൂമിയിൽനിന്ന് അതു വീശും. അവന്റെ വസന്തം വരികയില്ല; അവന്റെ കിണർ വറ്റിപ്പോകും. അവന്റെ വിലപിടിപ്പുള്ള സകലവസ്തുക്കളുടെയും കലവറ കൊള്ളയടിക്കപ്പെടും.

[16] ശമര്യയിലെ ജനം അവരുടെ അപരാധത്തിന്റെ പരിണതഫലം അനുഭവിക്കണം, കാരണം, അവർ തങ്ങളുടെ ദൈവത്തിനെതിരേ മത്സരിച്ചു. അവർ വാളിനാൽ വീഴും; അവരുടെ കുഞ്ഞുങ്ങൾ തറയിൽ അടിച്ചുതകർക്കപ്പെടും, അവരുടെ ഗർഭിണികളുടെ ഉദരം പിളർക്കപ്പെടും.”

ഹോശേയയുടെ പ്രവചനം — Chapters