[1] ആദാമിന്റെ വംശപാരമ്പര്യരേഖ ഇപ്രകാരമാണ്: ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോൾ, തന്റെ സാദൃശ്യത്തിലാണ് അവിടന്ന് മനുഷ്യരെ മെനഞ്ഞത്;
[2] ദൈവം പുരുഷനും സ്ത്രീയുമായി അവരെ സൃഷ്ടിച്ചു; അവരെ സൃഷ്ടിച്ച ദിവസം അവിടന്ന് അവരെ അനുഗ്രഹിച്ച് അവർക്ക് “ആദാം,” എന്നു പേരിട്ടു.
[3] ആദാമിനു 130 വയസ്സായപ്പോൾ തന്റെ സാദൃശ്യത്തിലും സ്വരൂപത്തിലും ഒരു മകൻ ജനിച്ചു; അവന് അദ്ദേഹം ശേത്ത് എന്ന് പേരിട്ടു.
[4] ശേത്ത് ജനിച്ചതിനുശേഷം ആദാം 800 വർഷം ജീവിച്ചിരുന്നു; അദ്ദേഹത്തിൽനിന്ന് വേറെ പുത്രന്മാരും പുത്രിമാരും ജനിച്ചു.
[5] ആദാമിന്റെ ആയുസ്സ് ആകെ 930 വർഷമായിരുന്നു; പിന്നെ അദ്ദേഹം മരിച്ചു.
[6] ശേത്തിനു 105 വയസ്സായപ്പോൾ അദ്ദേഹത്തിന് ഏനോശ് ജനിച്ചു.
[7] ഏനോശിന് ജന്മംനൽകിയതിനുശേഷം ശേത്ത് 807 വർഷം ജീവിച്ചിരുന്നു; അദ്ദേഹത്തിൽനിന്ന് വേറെ പുത്രന്മാരും പുത്രിമാരും ജനിച്ചു.
[8] ശേത്തിന്റെ ആയുസ്സ് ആകെ 912 വർഷമായിരുന്നു. പിന്നെ അദ്ദേഹം മരിച്ചു.
[9] ഏനോശിനു തൊണ്ണൂറു വയസ്സായപ്പോൾ അദ്ദേഹത്തിന് കേനാൻ ജനിച്ചു.
[10] കേനാന് ജന്മംനൽകിയതിനുശേഷം ഏനോശ് 815 വർഷം ജീവിച്ചിരുന്നു; അദ്ദേഹത്തിൽനിന്ന് വേറെ പുത്രന്മാരും പുത്രിമാരും ജനിച്ചു.
[11] ഏനോശിന്റെ ആയുസ്സ് 905 വർഷമായിരുന്നു; പിന്നെ അദ്ദേഹം മരിച്ചു.
[12] കേനാന് എഴുപതു വയസ്സായപ്പോൾ അദ്ദേഹത്തിന് മഹലലേൽ ജനിച്ചു.
[13] മഹലലേലിന് ജന്മംനൽകിയതിനുശേഷം കേനാൻ 840 വർഷം ജീവിച്ചിരുന്നു; അദ്ദേഹത്തിൽനിന്ന് വേറെ പുത്രന്മാരും പുത്രിമാരും ജനിച്ചു.
[14] കേനാന്റെ ആയുസ്സ് 910 വർഷമായിരുന്നു; പിന്നെ അദ്ദേഹം മരിച്ചു.
[15] മഹലലേലിന് അറുപത്തഞ്ച് വയസ്സായപ്പോൾ അദ്ദേഹത്തിന് യാരെദ് ജനിച്ചു.
[16] യാരെദിന് ജന്മംനൽകിയതിനുശേഷം മഹലലേൽ 830 വർഷം ജീവിച്ചിരുന്നു; അദ്ദേഹത്തിൽനിന്ന് വേറെ പുത്രന്മാരും പുത്രിമാരും ജനിച്ചു.
[17] മഹലലേലിന്റെ ആയുസ്സ് 895 വർഷമായിരുന്നു; പിന്നെ അദ്ദേഹം മരിച്ചു.
[18] യാരെദിനു 162 വയസ്സായപ്പോൾ അദ്ദേഹത്തിന് ഹാനോക്ക് ജനിച്ചു.
[19] ഹാനോക്കിന് ജന്മംനൽകിയതിനുശേഷം യാരെദ് 800 വർഷം ജീവിച്ചിരുന്നു; അദ്ദേഹത്തിൽനിന്ന് വേറെ പുത്രന്മാരും പുത്രിമാരും ജനിച്ചു.
[20] യാരെദിന്റെ ആയുസ്സ് ആകെ 962 വർഷമായിരുന്നു; പിന്നെ അദ്ദേഹം മരിച്ചു.
[21] ഹാനോക്കിന് അറുപത്തഞ്ച് വയസ്സായപ്പോൾ അദ്ദേഹത്തിന് മെഥൂശെലാഹ് ജനിച്ചു.
[22] മെഥൂശെലാഹിന് ജന്മംനൽകിയതിനുശേഷം ഹാനോക്ക് 300 വർഷം ദൈവമുമ്പാകെ വിശ്വസ്തനായി ജീവിച്ചു. ഈ സമയം അദ്ദേഹത്തിൽനിന്ന് വേറെ പുത്രന്മാരും പുത്രിമാരും ജനിച്ചു.
[23] ഹാനോക്കിന്റെ ആയുസ്സ് 365 വർഷമായിരുന്നു.
[24] ഹാനോക്ക് ദൈവമുമ്പാകെ വിശ്വസ്തനായി ജീവിച്ചു; ഒരു ദിവസം ദൈവം അദ്ദേഹത്തെ തന്റെ അടുത്തേക്കെടുത്തതിനാൽ കാണാതെയായി.
[25] മെഥൂശെലാഹിനു 187 വയസ്സായപ്പോൾ അദ്ദേഹത്തിന് ലാമെക്ക് ജനിച്ചു.
[26] ലാമെക്കിന് ജന്മംനൽകിയതിനുശേഷം മെഥൂശെലാഹ് 782 വർഷം ജീവിച്ചിരുന്നു; അദ്ദേഹത്തിൽനിന്ന് വേറെ പുത്രന്മാരും പുത്രിമാരും ജനിച്ചു.
[27] മെഥൂശെലാഹിന്റെ ആയുസ്സ് ആകെ 969 വർഷമായിരുന്നു, പിന്നെ അദ്ദേഹം മരിച്ചു.
[28] ലാമെക്കിനു 182 വയസ്സായപ്പോൾ അദ്ദേഹത്തിന് ഒരു മകൻ ജനിച്ചു.
[29] “യഹോവ ശപിച്ച ഭൂമിയിൽ നമുക്കു നേരിട്ട കഠിനപ്രയത്നത്തിലും നമ്മുടെ കൈകളുടെ ക്ലേശകരമായ അധ്വാനത്തിലും ഇവൻ നമ്മെ ആശ്വസിപ്പിക്കും” എന്നു പറഞ്ഞ് ലാമെക്ക് തന്റെ മകനു നോഹ എന്ന് പേരിട്ടു.
[30] നോഹയ്ക്ക് ജന്മംനൽകിയതിനുശേഷം ലാമെക്ക് 595 വർഷം ജീവിച്ചിരുന്നു; അദ്ദേഹത്തിൽനിന്ന് വേറെ പുത്രന്മാരും പുത്രിമാരും ജനിച്ചു.
[31] ലാമെക്കിന്റെ ആയുസ്സ് 777 വർഷമായിരുന്നു; പിന്നെ അദ്ദേഹം മരിച്ചു.
[32] നോഹയ്ക്കു 500 വയസ്സായതിനുശേഷം, ശേം, ഹാം, യാഫെത്ത് എന്നീ പുത്രന്മാർ അദ്ദേഹത്തിന് ജനിച്ചു.