[1] ഇന്ത്യമുതൽ കൂശ് വരെയുള്ള നൂറ്റിയിരുപത്തിയേഴു പ്രവിശ്യകളും ഭരിച്ചിരുന്ന അഹശ്വേരോശിന്റെ കാലത്ത് ഇപ്രകാരം സംഭവിച്ചു:
[2] ആ കാലത്ത് ശൂശൻ രാജധാനിയിലെ സിംഹാസനത്തിലിരുന്നു ഭരിച്ചിരുന്ന അഹശ്വേരോശ്
[3] തന്റെ ഭരണത്തിന്റെ മൂന്നാംവർഷത്തിൽ, തന്റെ എല്ലാ പ്രഭുക്കന്മാർക്കും ഉദ്യോഗസ്ഥന്മാർക്കും ഒരു വിരുന്നു നൽകി. പാർസ്യയിലെയും മേദ്യയിലെയും സൈന്യാധിപന്മാരും പ്രവിശ്യയുടെ അധിപന്മാരും പ്രഭുക്കന്മാരും സന്നിഹിതരായിരുന്നു.
[4] അദ്ദേഹം തന്റെ രാജ്യത്തിന്റെ സമ്പത്തും തന്റെ പ്രതാപത്തിന്റെയും മഹത്ത്വത്തിന്റെയും ഗാംഭീര്യവും നൂറ്റിയെൺപതു ദിവസംമുഴുവനും പ്രദർശിപ്പിച്ചു.
[5] ഈ ദിവസങ്ങൾക്കുശേഷം, ശൂശൻ രാജധാനിയിലുണ്ടായിരുന്ന ചെറിയവർമുതൽ വലിയവർവരെയുള്ള എല്ലാ ജനങ്ങൾക്കും രാജകൊട്ടാരത്തിലെ ഉദ്യാനത്തിൽ ഏഴുദിവസം നീണ്ടുനിന്ന ഒരു വിരുന്നും നൽകി.
[6] ഉദ്യാനത്തിൽ വെള്ള, നീല എന്നീ വർണങ്ങളിൽ ചണംകൊണ്ടുള്ള തുണികൾ തൂക്കിയിരുന്നു. വെള്ളയും ഊതനിറത്തിലുമുള്ള ചണനൂലുകൾ മാർബിൾത്തൂണുകളിലുള്ള വെള്ളിവളയങ്ങളിൽ ബന്ധിച്ചിരുന്നു. അമൃതശില, മാർബിൾ, മുത്തുച്ചിപ്പി, മറ്റു വിലപിടിപ്പുള്ള കല്ലുകൾ എന്നിവ പതിച്ച തളത്തിൽ സ്വർണക്കസവും വെള്ളിക്കസവും ഉള്ള കിടക്കകൾ വിരിച്ചിരുന്നു.
[7] വിവിധ ആകൃതിയിലുള്ള സ്വർണച്ചഷകങ്ങളിലാണ് വീഞ്ഞു വിളമ്പിയത്. രാജകീയ വീഞ്ഞ് ധാരാളമുണ്ടായിരുന്നു. അത് രാജാവിന്റെ ഔദാര്യമനുസരിച്ച് വിളമ്പി.
[8] രാജകൽപ്പനപ്രകാരം, അതിഥികൾക്ക് അവരവരുടെ ഇഷ്ടംപോലെ കുടിക്കാൻ അനുവാദമുണ്ടായിരുന്നു. ഓരോരുത്തരുടെയും ഇഷ്ടമനുസരിച്ചു വിളമ്പുന്നതിനു രാജാവ് വീഞ്ഞു വിളമ്പുന്ന കാര്യസ്ഥർക്കു നിർദേശം കൊടുക്കുകയും ചെയ്തിരുന്നു.
[9] അഹശ്വേരോശ് രാജാവിന്റെ കൊട്ടാരത്തിലെ സ്ത്രീകൾക്ക് വസ്ഥിരാജ്ഞിയും ഒരു വിരുന്നു നൽകി.
[10] ഏഴാംദിവസം അഹശ്വേരോശ് രാജാവ് വീഞ്ഞുകുടിച്ച് മത്തുപിടിച്ചപ്പോൾ, തന്നെ സേവിച്ച ഏഴു ഷണ്ഡന്മാരായ മെഹൂമാൻ, ബിസ്ഥാ, ഹർബോനാ, ബിഗ്ദ്ധാ, അബഗ്ദ്ധാ, സേഥർ, കർക്കസ് എന്നിവരെ വിളിച്ച്,
[11] “വസ്ഥിരാജ്ഞിയെ കിരീടം ധരിപ്പിച്ച്, ജനങ്ങളും പ്രഭുക്കന്മാരും അവരെ കാണേണ്ടതിന് ഇവിടേക്ക് ആനയിക്കുക” എന്ന് ആജ്ഞാപിച്ചു. അവർ കാഴ്ചയ്ക്ക് അതിസുന്ദരിയായിരുന്നു.
[12] എന്നാൽ ഷണ്ഡന്മാർ അറിയിച്ച കൽപ്പനപ്രകാരം വരുന്നതിന് വസ്ഥിരാജ്ഞി വിസമ്മതിച്ചു. അപ്പോൾ രാജാവ് രോഷാകുലനായി, കോപംകൊണ്ടു വിറച്ചു.
[13] നീതിന്യായകാര്യങ്ങൾ രാജാവ് വിദഗ്ദ്ധരുമായി കൂടിയാലോചിക്കുക പതിവായിരുന്നു, അതുകൊണ്ട് കാലഗതികളെക്കുറിച്ച് നിശ്ചയമുള്ള ജ്ഞാനികളും
[14] രാജാവിനോട് ഏറ്റവും അടുപ്പമുള്ളവരും ആ രാജ്യത്തിൽ പ്രധാന സ്ഥാനം വഹിക്കുന്നവരും രാജസന്നിധിയിലേക്കു പ്രത്യേക പ്രവേശനാനുമതിയുള്ളവരും പാർസ്യയിലും മേദ്യയിലും ഉള്ള ഏഴു പ്രഭുക്കന്മാരുമായ കെർശനാ, ശേഥാർ, അദ്മാഥാ, തർശീശ്, മേരെസ്, മർസെനാ, മെമൂഖാൻ എന്നിവരോട് രാജാവ് സംസാരിച്ചു.
[15] “നിയമാനുസരണം വസ്ഥിരാജ്ഞിയോട് എന്താണു ചെയ്യേണ്ടത്?” രാജാവു ചോദിച്ചു; “ഷണ്ഡന്മാർ മുഖേന അറിയിച്ച അഹശ്വേരോശിന്റെ കൽപ്പന അവർ അനുസരിച്ചില്ല.”
[16] അപ്പോൾ മെമൂഖാൻ രാജാവിന്റെയും പ്രഭുക്കന്മാരുടെയും സന്നിധിയിൽ ഉത്തരം പറഞ്ഞു: “വസ്ഥിരാജ്ഞി രാജാവിനോടുമാത്രമല്ല, അഹശ്വേരോശ് രാജാവിന്റെ പ്രവിശ്യകളിലുള്ള സകലജനങ്ങളോടും പ്രഭുക്കന്മാരോടും തെറ്റുചെയ്തിരിക്കുന്നു.
[17] രാജ്ഞിയുടെ ഈ പ്രവൃത്തി സകലസ്ത്രീകളും അറിയും. അങ്ങനെ അവർ ഭർത്താക്കന്മാരെ നിന്ദിച്ച്, ‘അഹശ്വേരോശ് രാജാവ് വസ്ഥിരാജ്ഞിയെ മുമ്പിൽ കൊണ്ടുവരാൻ ആജ്ഞാപിച്ചു. എന്നാൽ അവർ അനുസരിച്ചില്ല’ എന്നു പറയും.
[18] ഈ ദിവസംതന്നെ രാജ്ഞിയുടെ പ്രവൃത്തി കേട്ടറിയുന്ന പാർസ്യയിലെയും മേദ്യയിലെയും പ്രഭുക്കന്മാരുടെ പത്നികളും രാജാവിന്റെ എല്ലാ പ്രഭുക്കന്മാരോടും ഇങ്ങനെതന്നെ ചെയ്യും. അനാദരവിനും അപസ്വരത്തിനും അന്തമില്ലാതാകും.
[19] “അതിനാൽ രാജാവിനു ഹിതമെങ്കിൽ, വസ്ഥിരാജ്ഞി ഇനിമേലിൽ അഹശ്വേരോശ് രാജാവിന്റെ മുമ്പിൽ പ്രവേശിക്കരുതെന്ന് ഒരു രാജകൽപ്പന പുറപ്പെടുവിക്കട്ടെ, അത് പാർസ്യയിലെയും മേദ്യയിലെയും നിയമങ്ങളിൽ മാറ്റപ്പെടാത്തവിധം എഴുതിച്ചേർക്കപ്പെടട്ടെ. കൂടാതെ രാജാവ് അവളുടെ രാജ്ഞിസ്ഥാനം അവളെക്കാൾ ഉത്തമയായ മറ്റാർക്കെങ്കിലും നൽകട്ടെ.
[20] അങ്ങനെ രാജശാസന അതിവിശാലമായ രാജ്യമെമ്പാടും വിളംബരം ചെയ്തുകഴിയുമ്പോൾ ചെറിയവൾമുതൽ വലിയവൾവരെ എല്ലാ സ്ത്രീകളും തങ്ങളുടെ ഭർത്താക്കന്മാരെ ബഹുമാനിക്കും.”
[21] രാജാവിനും പ്രഭുക്കന്മാർക്കും ഈ ഉപദേശം ബോധിച്ചു. രാജാവ് മെമൂഖാൻ നിർദേശിച്ചതുപോലെ ചെയ്തു.
[22] ഓരോ പുരുഷനും സ്വന്തം ഭാഷ സംസാരിച്ച്, തന്റെ ഭവനത്തിൽ നാഥനായിരിക്കണമെന്നു തന്റെ രാജ്യമെമ്പാടും, ഓരോ പ്രവിശ്യയിലും അതതു ദേശത്തെ ലിപിയിലും ഓരോ മനുഷ്യർക്കും അവരവരുടെ ഭാഷയിലും രാജാവ് കൽപ്പന കൊടുത്തയച്ചു.