[1] ചത്ത ഈച്ച സുഗന്ധതൈലത്തിനു ദുർഗന്ധം വരുത്തുന്നതുപോലെ അൽപ്പഭോഷത്വം ജ്ഞാനത്തെയും ബഹുമാനത്തെയും നഷ്ടപ്പെടുത്തുന്നു.
[2] ജ്ഞാനിയുടെ ഹൃദയം വലത്തേക്കു ചായുന്നു, എന്നാൽ ഭോഷരുടെ ഹൃദയം ഇടത്തേക്കും.
[3] വഴിയേ നടക്കുമ്പോൾപോലും ഭോഷർക്ക് യുക്തി കുറഞ്ഞുപോകുകയും താൻ ഒരു വിഡ്ഢിയാണെന്ന് എല്ലാവരുടെയും മുമ്പിൽ തെളിയിക്കുകയും ചെയ്യുന്നു.
[4] ഒരു ഭരണാധിപന്റെ ക്രോധം നിനക്കെതിരേ ഉയരുന്നെങ്കിൽ നിന്റെ പദവി നീ ഉപേക്ഷിക്കരുത്; പല തെറ്റുകളെയും അടക്കാൻ ശാന്തതയ്ക്കു കഴിയും.
[5] സൂര്യനുകീഴിൽ ഞാൻ ഒരു തിന്മ കണ്ടു, ഭരണാധിപരിൽനിന്നുമുണ്ടാകുന്ന ഒരുതരം തെറ്റുതന്നെ:
[6] ഭോഷരെ ഉന്നതപദവികളിൽ വെക്കുകയും കാര്യശേഷിയുള്ളവർക്ക് താണപദവികൾ നൽകുകയുംചെയ്യുന്നു.
[7] അടിമകൾ കുതിരപ്പുറത്തിരിക്കുന്നതും പ്രഭുക്കന്മാർ അടിമകളെപ്പോലെ കാൽനടയായി പോകുന്നതും ഞാൻ കണ്ടിട്ടുണ്ട്.
[8] കുഴി കുഴിക്കുന്നവർ അതിൽത്തന്നെ വീഴുന്നു; മതിൽ പൊളിക്കുന്നവരെ പാമ്പു കടിക്കുന്നു.
[9] പാറമടയിൽ ജോലിചെയ്യുന്നവർക്ക് അവയാൽ മുറിവുണ്ടാകാം; വിറകു കീറുന്നവർക്ക് അവയാൽ ആപത്തുമുണ്ടാകാം.
[10] മഴു ബലമില്ലാത്തതും അതിന്റെ വായ്ത്തല മൂർച്ചയില്ലാത്തതുമാണെങ്കിൽ കൂടുതൽ ശക്തി ആവശ്യമായി വരും, എന്നാൽ സാമർഥ്യം വിജയം നൽകും.
[11] പാമ്പാട്ടി പിടിച്ച പാമ്പു മെരുക്കപ്പെടുന്നതിനുമുമ്പേ അയാളെ കടിച്ചാൽ അയാൾക്കൊരു പ്രയോജനവുമുണ്ടായില്ലല്ലോ.
[12] ജ്ഞാനിയുടെ വായിൽനിന്നുവരുന്ന വാക്കുകൾ ലാവണ്യമുള്ളത്, എന്നാൽ ഭോഷർ അവരുടെ സ്വന്തം അധരങ്ങളാൽ നശിപ്പിക്കപ്പെടുന്നു.
[13] ആരംഭത്തിൽത്തന്നെ അവരുടെ വാക്കുകൾ ഭോഷത്വം നിറഞ്ഞതാണ്; അവസാനത്തിലോ, അവ ദുഷ്ടതയുടെ മതിഭ്രമം വെളിവാക്കുന്നു—
[14] ഭോഷർ വാക്കുകൾ പെരുക്കുന്നു. എന്താണു സംഭവിക്കുന്നതെന്ന് ആർക്കും ഒരു നിശ്ചയവുമില്ല— തനിക്കുശേഷം എന്തു സംഭവിക്കുമെന്ന് പ്രവചിക്കാൻ ആർക്കു കഴിയും?
[15] ഭോഷരുടെ അധ്വാനം അവരെ ക്ഷീണിപ്പിക്കുന്നു; പട്ടണത്തിലേക്കുള്ള വഴി അവർ അറിയുന്നില്ല.
[16] ദാസൻ രാജാവായിത്തീർന്ന ദേശമേ, അതികാലത്തുതന്നെ സദ്യക്കിരിക്കുന്ന രാജകുമാരന്മാരുള്ള ദേശമേ, നിനക്കു ഹാ കഷ്ടം!
[17] കുലീനനായ രാജാവും മദോന്മത്തരാകാനല്ല, ശക്തിനേടാൻ യഥാകാലത്തു ഭക്ഷണം കഴിക്കുന്ന രാജകുമാരന്മാരുള്ള ദേശമേ, നീ അനുഗ്രഹിക്കപ്പെട്ടത്.
[18] ഒരു മനുഷ്യൻ മടിയനെങ്കിൽ, മേൽപ്പുര വീഴുന്നു; അയാളുടെ കരങ്ങൾ അലസമെങ്കിൽ വീട് ചോരുന്നു.
[19] വിരുന്ന് ചിരിക്കാനുള്ള അവസരം, വീഞ്ഞ് ജീവിതത്തെ ആനന്ദമുള്ളതാക്കുന്നു, എന്നാൽ എല്ലാറ്റിന്റെയും ഉത്തരം പണമാണ്.
[20] മനസ്സിൽപോലും രാജാവിനെ നിന്ദിക്കരുത്, കിടക്കറയിൽവെച്ചു ധനാഢ്യരെ ശപിക്കുകയും അരുത്, കാരണം ആകാശത്തിലെ പക്ഷി നിന്റെ വാക്കുകൾ വഹിക്കുകയും, പറവജാതി നീ പറയുന്നതു പ്രസിദ്ധമാക്കുകയുംചെയ്യാൻ സാധ്യതയുണ്ട്.