Skip to content
Opens in a new window

[1] യെഹൂദാരാജാവായ യെഹോയാക്കീമിന്റെ ഭരണത്തിന്റെ മൂന്നാംവർഷത്തിൽ ബാബേൽരാജാവായ നെബൂഖദ്നേസർ തന്റെ സൈന്യവുമായി ജെറുശലേമിലേക്ക് വന്ന് അതിനെ ഉപരോധിച്ചു.

[2] കർത്താവ് യെഹൂദാരാജാവായ യെഹോയാക്കീമിനെ ദൈവാലയത്തിലെ ചില ഉപകരണങ്ങളോടൊപ്പം അദ്ദേഹത്തിന്റെ കൈയിൽ ഏൽപ്പിച്ചു. അദ്ദേഹം അവ ബാബേലിൽ തന്റെ ദേവന്റെ ക്ഷേത്രത്തിൽ കൊണ്ടുവന്ന്, തന്റെ ദേവന്റെ ഭണ്ഡാരഗൃഹത്തിൽ വെച്ചു.

[3] അതിനുശേഷം രാജാവ് തന്റെ ഉദ്യോഗസ്ഥമേധാവിയായ അശ്പെനാസിനോട് ഇസ്രായേൽമക്കളിൽ രാജകുടുംബത്തിലും പ്രഭുകുടുംബത്തിലും ഉൾപ്പെട്ടവരും—

[4] അംഗവൈകല്യമില്ലാത്തവരും സുന്ദരന്മാരും സർവവിജ്ഞാനശാഖകളിലും സമർഥരും വിവേകശാലികളും ദ്രുതഗ്രഹണശേഷിയുള്ളവരും രാജാവിന്റെ കൊട്ടാരത്തിൽ പരിചരിക്കാൻ യോഗ്യരുമായ ചില യുവാക്കളെ ഹാജരാക്കാൻ ആജ്ഞാപിച്ചു. അവരെ ബാബേല്യരുടെ ഭാഷയും സാഹിത്യവും അഭ്യസിപ്പിക്കാൻ നിർദേശംനൽകി.

[5] രാജാവിന്റെ മേശയിലെ ഭക്ഷണത്തിൽനിന്നും വീഞ്ഞിൽനിന്നും അവർക്ക് ഓരോ ദിവസത്തെ ഓഹരി നൽകണമെന്നും മൂന്നു വർഷത്തെ പരിശീലനത്തിനുശേഷം അവർ രാജസേവനത്തിൽ പ്രവേശിക്കണമെന്നും രാജാവു കൽപ്പിച്ചു.

[6] അവരുടെ കൂട്ടത്തിൽ യെഹൂദാഗോത്രത്തിൽപ്പെട്ടവരായ ദാനീയേൽ, ഹനന്യാവ്, മീശായേൽ, അസര്യാവ് എന്നീ യുവാക്കന്മാർ ഉണ്ടായിരുന്നു.

[7] ഉദ്യോഗസ്ഥമേധാവി അവർക്കു പുതിയ പേരുകൾ നൽകി. അദ്ദേഹം ദാനീയേലിന് ബേൽത്ത്ശസ്സർ എന്നും ഹനന്യാവിന് ശദ്രക്ക് എന്നും മീശായേലിന് മേശക്ക് എന്നും അസര്യാവിന് അബേദ്നെഗോ എന്നും പേരുകൾ നൽകി.

[8] എന്നാൽ രാജാവിന്റെ ഭോജനംകൊണ്ടും അദ്ദേഹം കുടിച്ചിരുന്ന വീഞ്ഞുകൊണ്ടും സ്വയം അശുദ്ധനാക്കുകയില്ല എന്ന് ദാനീയേൽ ഹൃദയത്തിൽ നിശ്ചയിച്ചു. അതുകൊണ്ട്, തനിക്ക് ഇപ്രകാരം അശുദ്ധി സംഭവിക്കാൻ ഇടവരുത്തരുതേ എന്ന് അദ്ദേഹം ഉദ്യോഗസ്ഥമേധാവിയോട് അപേക്ഷിച്ചു—

[9] ഉദ്യോഗസ്ഥമേധാവിയുടെ ദൃഷ്ടിയിൽ ദാനീയേലിന് കൃപയും കരുണയും ലഭിക്കാൻ ദൈവം ഇടവരുത്തി—

[10] എന്നാൽ ഉദ്യോഗസ്ഥമേധാവി ദാനീയേലിനോട്, “നിങ്ങളുടെ ഭക്ഷണപാനീയങ്ങൾ സംബന്ധിച്ചു വ്യവസ്ഥ ചെയ്തിട്ടുള്ള എന്റെ യജമാനനായ രാജാവിനെ ഞാൻ ഭയപ്പെടുന്നു. നിങ്ങളുടെ സമപ്രായക്കാരായ യുവാക്കന്മാരുടെ മുഖത്തെ അപേക്ഷിച്ചു നിങ്ങളുടെ മുഖം മെലിഞ്ഞതായി അദ്ദേഹം കാണുന്നതെന്തിന്? അങ്ങനെയായാൽ രാജസന്നിധിയിൽ എന്റെ തല അപകടത്തിലാകും” എന്നു പറഞ്ഞു.

[11] എന്നാൽ ദാനീയേൽ, ഹനന്യാവ്, മീശായേൽ, അസര്യാവ് എന്നിവർക്ക് ഉദ്യോഗസ്ഥമേധാവി നിയമിച്ചിരുന്ന സേവകനോട് ദാനീയേൽ സംസാരിച്ചു.

[12] “അടിയങ്ങളെ പത്തുദിവസം പരീക്ഷിച്ചു നോക്കിയാലും. ഞങ്ങൾക്കു കഴിക്കാൻ സസ്യഭോജനവും കുടിക്കാൻ പച്ചവെള്ളവും തന്നാലും.

[13] പിന്നീടു രാജഭോജനം കഴിക്കുന്ന യുവാക്കളെയും ഞങ്ങളെയും കാഴ്ചയിൽ താരതമ്യപ്പെടുത്തുക. അപ്പോൾ കാണുന്നതനുസരിച്ച് അടിയങ്ങളോടു ചെയ്തുകൊണ്ടാലും.”

[14] അങ്ങനെ ഈ കാര്യത്തിൽ അവരുടെ അപേക്ഷകേട്ട് അദ്ദേഹം പത്തുദിവസം അവരെ പരീക്ഷിച്ചുനോക്കി.

[15] പത്തുദിവസം കഴിഞ്ഞശേഷം അവർ കാഴ്ചയിൽ ആരോഗ്യമുള്ളവരായി അദ്ദേഹം കണ്ടു. രാജഭോജനം കഴിച്ചിരുന്ന മറ്റ് യുവാക്കളെക്കാൾ പുഷ്ടിയുള്ളവരായി അവർ കാണപ്പെട്ടു.

[16] അതുകൊണ്ട് ആ സേവകൻ തുടർന്നും അവരുടെ രാജഭോജനവും അവർ കുടിക്കേണ്ടിയിരുന്ന വീഞ്ഞും നീക്കി അവർക്കു സസ്യഭോജനം നൽകി.

[17] ഈ നാലു യുവാക്കൾക്ക് ദൈവം എല്ലാ സാഹിത്യ, വിജ്ഞാനശാഖകളിലും അറിവും നൈപുണ്യവും കൊടുത്തു. എല്ലാ ദർശനങ്ങളും സ്വപ്നങ്ങളും വിവേചിക്കാനുള്ള കഴിവും ദാനീയേലിന് ഉണ്ടായിരുന്നു.

[18] അവരെ രാജസന്നിധിയിൽ കൊണ്ടുചെല്ലാൻ രാജാവു നിശ്ചയിച്ചിരുന്ന കാലാവധി ആയപ്പോൾ, ഉദ്യോഗസ്ഥമേധാവി അവരെ നെബൂഖദ്നേസരിന്റെ മുമ്പിൽ ഹാജരാക്കി.

[19] രാജാവ് അവരോടു സംസാരിച്ചു; അവരിൽ ഒരാൾപോലും ദാനീയേൽ, ഹനന്യാവ്, മീശായേൽ, അസര്യാവ് എന്നിവർക്കു തുല്യരായി കാണപ്പെട്ടില്ല; അതുകൊണ്ട് അവർ രാജസേവനത്തിൽ പ്രവേശിച്ചു.

[20] രാജാവ് അവരോടു ചോദിച്ച എല്ലാ ജ്ഞാനവിജ്ഞാനങ്ങളിലും അവർ തന്റെ രാജ്യത്തെങ്ങുമുള്ള ആഭിചാരകരിലും മാന്ത്രികരിലും പതിന്മടങ്ങു മെച്ചമുള്ളവരെന്ന് അദ്ദേഹത്തിനു ബോധ്യമായി.

[21] കോരെശ് രാജാവിന്റെ ഭരണത്തിന്റെ ഒന്നാംവർഷംവരെ ദാനീയേൽ അവിടെ സേവനത്തിൽ തുടർന്നു.

ദാനീയേലിന്റെ പ്രവചനം — Chapters